ലോകമെമ്പാടുമുള്ള കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടമാണ് അന്നും ഇന്നും എന്നും ടെഡി ബെയര്‍. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ചിഹ്നമായും ഇത് പരിഗണിക്കപ്പെടുന്നു. എന്നാല്‍ 1903 ഫെബ്രുവരി 15ന് അമേരിക്കന്‍ ബിസിനസുകാരനായ മോറിസ് മിക്ടോം തന്റെ കടയില്‍ ആദ്യമായി അവതരിപ്പിച്ച ടെഡി ബെയര്‍ എന്നു പേരുള്ള പുതിയ കളിപ്പാട്ടവും അമേരിക്കന്‍ പ്രസിഡന്റ് തിയോഡോര്‍ റൂസ്വെല്‍റ്റും തമ്മില്‍ എന്താണ് ബന്ധം? അതിനു പിന്നില്‍ രസകരമായ ഒരു സംഭവമുണ്ട്. ടെഡി എന്ന വിളിപ്പേരുള്ള റൂസ്വെല്‍റ്റ് മിസിസ്സിപ്പിയില്‍ നടത്തിയ ഒരു കരടിവേട്ടയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് നാം ഇന്നു കാണുന്ന ടെഡി ബെയറിന്റെ സൃഷ്ടിക്ക് പ്രചോദനമായത്. വേട്ടയ്ക്കിടെ തന്റെ സഹായികള്‍ വരിഞ്ഞു മുറുക്കി മരത്തില്‍ കെട്ടിയയിട്ട ഒരു ഒരു വയസന് കരടിക്ക് സമീപത്തേക്ക് അദ്ദേഹം എത്തി.
കരടിയെ അതനുഭവിക്കുന്ന പീഢകളില്‍ നിന്നു രക്ഷിക്കാന്‍ ദയാവധമെന്ന നിലയില്‍ അദ്ദേഹം വെടിവച്ചു കൊന്നുവെന്നും കരടിയെ സ്വതന്ത്രമാക്കിയെന്നുമുള്ള വാദങ്ങളുണ്ട്. എന്നിരുന്നാലും പുറത്തു കാണുന്ന റൂസ്വെല്‍റ്റിന്റെ കാര്‍ക്കശ്യം നിറഞ്ഞ പ്രതിച്ഛായയ്ക്കുള്ളില്‍ മൃദുലവും ലോലവുമായ മനസുണ്ടെന്നു കാണിക്കാന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ കരടിയെ കരടിക്കുട്ടിയായി ചിത്രീകരിച്ചു. ഇത്തരത്തില്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ക്ലിഫോര്‍ഡ് ബെറിമാന്റെ കാര്‍ട്ടൂണാണ് മോറിസ് മിക്ടോമിന് ഒരു പുതിയ കളിപ്പാട്ടമുണ്ടാക്കാന് പ്രചോദനമായത്. ടെഡിയെന്ന ഓമനപ്പേര് തന്റെ ഉല്‍പ്പന്നത്തിന് ഉപയോഗിക്കാനുള്ള അനുമതിക്കായി മിക്ടോം റൂസ്വെല്‍റ്റിന് അപേക്ഷ നല്‍കിയിരുന്നു. അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തു. മിക്ടോമിന്റെ ഈ കരടിക്കുട്ടികളാണ് ലോകമെമ്പാടും ഇന്നും ടെഡി ബെയറുകള്‍ എന്ന പേരില്‍ വില്‍ക്കപ്പെടുന്നത്.