സംരംഭങ്ങളുടെ പുതുവര്‍ഷ ചിന്തകള്‍ എങ്ങനെ?

സംരംഭങ്ങളുടെ പുതുവര്‍ഷ ചിന്തകള്‍ എങ്ങനെ?

പുതുവര്‍ഷപ്രതിജ്ഞകള്‍ ചിലര്‍ക്കെങ്കിലും വ്യക്തിപരമായ പുരോഗതി ആര്‍ജിക്കാന്‍ അവസരമൊരുക്കാറുണ്ട്. എന്നാല്‍ സ്വകാര്യനേട്ടത്തിനപ്പുറം, ഇത്തരം പ്രതിജ്ഞകള്‍ എടുക്കുന്നത് ബിസിനസിലും നേട്ടം സാധ്യമാക്കും

പുതുവര്‍ഷാരംഭത്തില്‍ മിക്കവാറും ആളുകള്‍ പ്രതിജ്ഞയെടുക്കാറുണ്ട്. പഴയ ശീലങ്ങള്‍ ഉപേക്ഷിച്ച് പുതിയ കാര്യങ്ങള്‍ക്കു തുടക്കമിടാനാണ് പലരും ശ്രമിക്കാറുള്ളത്. പുതുതായി ആരംഭിക്കുന്നതിനുള്ള പ്രതീകാത്മക അവസരമായി പുതുവര്‍ഷത്തെ ആളുകള്‍ കാണുന്നു. പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു, ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നു, സ്വയം നല്ല വ്യക്തിയാകുമെന്ന് മനസിലുറപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ പേര്‍ എടുക്കാറുള്ള പുതുവര്‍ഷപ്രതിജ്ഞ ആരോഗ്യവുമായി ബന്ധപ്പെട്ടതായിരിക്കും. മുടങ്ങാതെ വ്യായാമം ചെയ്യുക, അമിതവണ്ണം കുറയ്ക്കുക, ഭക്ഷണത്തില്‍ മിതവ്യയം പാലിക്കുക തുടങ്ങിയ കാര്യങ്ങളാണ് ദൃഢപ്രതിജ്ഞയുടെ സാധാരണ വിഷയങ്ങള്‍. ജോലിയെയും വ്യക്തിബന്ധത്തെയും ബാധിക്കുന്ന പല സഗൗരവപ്രതിജ്ഞകളെടുക്കാനും പുതുവര്‍ഷത്തെ അവസരമാക്കാറുണ്ട്. എന്നാല്‍ ബിസിനസിലും ഇത്തരം പ്രതിജ്ഞകളെടുക്കാന്‍ സാധിക്കുമോ? വ്യക്തിപരമായ കാര്യങ്ങളില്‍ പ്രതിജ്ഞകളെടുക്കാനും പാലിക്കാനും കഴിയുമെങ്കില്‍ ബിസിനസിനു വേണ്ടിയും അതു കഴിയുമെന്നതാണ് വാസ്തവം. ബിസിനസിനെ സംബന്ധിക്കുന്ന ഏതാനും കാര്യങ്ങളില്‍ പുതിയ ശീലങ്ങള്‍ കൊണ്ടുവരാനാകും.

ജീവനക്കാരുടെ ആവശ്യങ്ങള്‍ കേള്‍ക്കുക

ജോലിയില്‍ നിന്ന് അല്‍പ്പസമയം മാറി നില്‍ക്കുന്നത് ആളുകളില്‍ നല്ല മാറ്റം ഉണ്ടാക്കാറുണ്ട്. ഇത് അവരുടെ ജോലിയില്‍ മികച്ച രീതിയിലാണു പ്രതിഫലിക്കാറുള്ളത്. പുതുവര്‍ഷം പോലുള്ള ആഘോഷവേളകളിലാണ് ബന്ധുക്കളും കുടുംബാംഗങ്ങളും തൊഴില്‍ജീവിതത്തെക്കുറിച്ച് ആരായാറ്. ഇത് ആളുകളെ ഇരുത്തി ചിന്തിപ്പിക്കാറുണ്ട്. റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സി ആസ്പയറിന്റെ ചെയര്‍മാന്‍ പോള്‍ ഫാററിന്റെ കാഴ്ചപ്പാടില്‍ വര്‍ഷാവസാന ബോണസുകള്‍ വെട്ടിക്കുറയ്ക്കുകയോ റദ്ദാക്കുകയോ ചെയ്താല്‍ അതു മാറ്റത്തിനുള്ള പ്രേരണയാകുന്നു. മറിച്ച്, ഉയര്‍ന്ന ബോണസ് ലഭിക്കുകയാണെങ്കില്‍ ജീവനക്കാര്‍ക്ക് വായ്പകള്‍ അടയ്ക്കാനും തൊഴില്‍രംഗത്തെക്കുറിച്ച് പര്യാലോചന നടത്താനും അത് അവസരം നല്‍കുകയാണു ചെയ്യുന്നത്. സാമ്പത്തികനേട്ടത്തിനും പ്രതിഫലവര്‍ധനവിനും അവര്‍ വലിയ പ്രാധാന്യം കൊടുക്കാക്കാറില്ല. പുതുവര്‍ഷദിനത്തില്‍ റിക്രൂട്ടിമെന്റ് വെബ്‌സൈറ്റുകളില്‍ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. പുതിയ ജോലി അന്വേഷിക്കുന്നവരാണ് തിരക്കുണ്ടാക്കുന്നത്. എന്നാല്‍ രണ്ടാഴ്ച കഴിയുന്നതോടെ നിരവധി പേര്‍ രാജിവെച്ചു പോയതായും ഒരുപാട് ഒഴിവുകളുള്ളതായും ഇതേ വെബ് സൈറ്റുകളില്‍ കാണാം.

ജീവനക്കാരെ പ്രോല്‍സാഹിപ്പിക്കാനും അവരെ സന്തോഷവാന്മാരാക്കാനുമാണ് ഒരു സംരംഭകന്‍ ഈ അവസരം ഉപയോഗപ്പെടുത്തേണ്ടത്. പല കമ്പനികളും കൃത്യമായ ശമ്പളവര്‍ധനവും ആനുകൂല്യങ്ങളും കൊടുക്കാറില്ല. ജീവനക്കാരുടെ വളര്‍ച്ച തടയുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും കുറവല്ല. ബ്രിട്ടണിലെ ജീവനക്കാരില്‍ 30 ശതമാനം പേര്‍ക്ക് അവരുടെ വ്യക്തിഗത വികസനത്തിന് അവസരമില്ല. 37 ശതമാനത്തിന് മാത്രമാണ് വര്‍ഷത്തില്‍ ഇത്തരം ഒരു യോഗത്തിലെങ്കിലും പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. നാലില്‍ മൂന്നു ജീവനക്കാരും വ്യക്തിത്വവികസനത്തിന്റെ മൂല്യം മനസിലാക്കുന്നവരാണ്. ഇതിന് അവരെ സഹായിക്കുകയെന്നത് അത്യന്താപേക്ഷിതമാണ്.

സംരംഭത്തിന്റെ ആരോഗ്യപരിശോധന

വര്‍ഷാരംഭത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആരോഗ്യസംബന്ധമായ പ്രതിജ്ഞകളാണെടുക്കുന്നതെന്ന് വ്യക്തമായല്ലോ. ഇത് സംരംഭങ്ങള്‍ക്കും ബാധകമാക്കാം. നിങ്ങളുടെ പണമിടപാട് ഒരു വര്‍ഷത്തില്‍ വിചാരിച്ച പോലെ മെച്ചപ്പെട്ടിരിക്കില്ല. ഒരുപക്ഷെ, കമ്പനിയില്‍ തിരികെ നിക്ഷേപിക്കാന്‍ മൂലധനസമാഹരണത്തിന് സംരംഭകന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാകാം. അല്ലെങ്കില്‍ പ്രതിദിന സാമ്പത്തികവിനിമയങ്ങള്‍ പ്രവചനാതീതമായിരിക്കാം. ഇതില്‍ ഏതു സാഹചര്യമായാലും അപകടസാധ്യത മനസിലാക്കി ഭാവിയില്‍ സ്ഥാപനത്തെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനു സഹായിക്കുന്ന തരത്തിലുള്ള ആഴത്തിലുള്ള സാമ്പത്തിക അപഗ്രഥനത്തിനു തയാറായിരിക്കണം. 82 ശതമാനം സ്റ്റാര്‍ട്ടപ്പുകളും പരാജയപ്പെടാന്‍ കാരണം പണം മോശമായി കൈകാര്യംചെയ്തതിനാലാണെന്നു യുഎസ് ബാങ്ക് വ്യക്തമാക്കുന്നു. ജീവനക്കാരുടെ തെരഞ്ഞെടുപ്പിലാണ് സംരംഭകന്‍ പ്രാധാന്യം കൊടുക്കുന്നതെങ്കില്‍ ഒരു തൊഴിലാളി സര്‍വേ നടത്തുന്നതാണ് ഏറ്റവും ഉചിതം. കമ്പനിയില്‍ തുടരാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നതെന്തായിരിക്കും, ബിസിനസ് വിപുലീകരണം എങ്ങനെയായിരിക്കണമെന്നാണ് അവര്‍ ചിന്തിക്കുന്നത്, നിങ്ങള്‍ വ്യത്യസ്തമായി എന്തു ചെയ്യുന്നുവെന്നാണ് അവര്‍ വിശ്വസിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ സംരംഭകനാകണം.

ഉപയോക്താവില്‍ നിന്ന് പഠിക്കാനേറെ

വിപണി ഗവേഷണം നടത്തുന്നത് സംരംഭം തുടങ്ങാന്‍ ഏറെ ഗുണം ചെയ്യും. നിങ്ങളുടെ വാര്‍ഷികലക്ഷ്യം നേടിയെടുക്കാന്‍ ഉപയോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലൂടെയോ അവരെ നന്നായി മനസിലാക്കിക്കൊണ്ടോ മികച്ച രീതിയില്‍ സാധ്യമാകും. പുതിയ ഒരു ഉല്‍പ്പന്നമോ സേവനമോ അവതരിപ്പിക്കുമ്പോള്‍ മല്‍സരസജ്ജമാക്കുന്നതിനോ നിര്‍ണായകവിവരം നേടുന്നതിനോ ഇത് നിങ്ങളെ സഹായിക്കുന്നു. ഉപയോക്താവിന്റെ ആവശ്യങ്ങളറിഞ്ഞു പെരുമാറുന്ന ഇങ്ങനെയുള്ള ബിസിനസിന് ഉദാഹരണമാണ് കിഴക്കന്‍ ലണ്ടനിലെ യോഗാ സ്റ്റുഡിയോ സ്‌ട്രെച്ച്. ഭൂരിഭാഗം ജിമ്മുകളും യോഗാ സെന്ററുകളും ക്രിസ്മസ് കാലത്ത് ഹ്രസ്വകാല ഇളവുകള്‍ പ്രഖ്യാപിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കുമ്പോള്‍, സ്‌ട്രെച്ച് ദീര്‍ഘകാല വാഗ്ദാനങ്ങളാണ് നല്‍കുന്നത്. ഏഴു മുതല്‍ 15 മാസക്കാലത്തേക്കുള്ള അംഗത്വത്തിന് ഇളവ് നല്‍കുന്നത് ഉപയോക്താക്കള്‍ക്കും ഗുണകരമാണ്.

ഇത്തരം വാഗ്ദാനങ്ങളിലൂടെ ജനങ്ങള്‍ക്ക് വരും വര്‍ഷത്തേക്കു കൂടി സൗകര്യങ്ങള്‍ ഉപയോഗിക്കാനാകുമെന്ന് സ്‌ട്രെച്ച് സ്ഥാപക സോഫി വിപ്പി ചൂണ്ടിക്കാട്ടുന്നു. ഇത് ജനുവരിയിലെ ആരംഭശൂരത്വം മാത്രമായി ഒതുങ്ങില്ല, ഒരു കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ അവരെ പ്രാപ്തരാക്കും. ന്യായമായ ഫീസ് മുടക്കി ഇവിടെ വരാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും ചെലവേറിയ പട്ടണമായ ലണ്ടനില്‍ എത്ര വലിയ ഫീസും ചുമത്താന്‍ സാധിക്കും. എന്നാല്‍ നല്ലതേത് തട്ടിപ്പ് ഏത് എന്നറിയാവുന്ന ഉപയോക്താക്കളാണ് ഇവിടെയുള്ളതെന്ന് അവര്‍ പറയുന്നു. സ്‌ട്രെച്ചിന്റെ ഉപയോക്താക്കളില്‍ 70 ശതമാനം പേരും സ്ഥിരം വരുന്നവരാണ്. ജനുവരിയിലും സ്ഥിരം വരിക്കാര്‍ ഇതേ നിലയില്‍ എത്താറുണ്ട്. മൂന്നില്‍ രണ്ടു പേര്‍ തുടക്കക്കാരാണ്. 65 ശതമാനം വരുന്ന തുടക്കക്കാര്‍ വീണ്ടും വരുന്നതായാണ് അനുഭവം.

ഓണ്‍ലൈന്‍ സാന്നിധ്യം സജീവമാക്കുക

സമൂഹമാധ്യമങ്ങളില്‍ കൃത്യമായി അപ്‌ഡേറ്റ് വരുത്തുകയാണ് ഓണ്‍ലൈനില്‍ സജീവമായിരിക്കുന്നതിനുള്ള മാര്‍ഗം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയിലെല്ലാം നിറസാന്നിധ്യമാകുക. വെബ്‌സൈറ്റ്, മൊബീല്‍സൗഹാര്‍ദപരമാക്കി മാറ്റുക. കെറ്റെല്‍ബില്‍ കിച്ചണ്‍ പോലുള്ള പോഷകഭക്ഷണ സംരംഭങ്ങള്‍ ബിസിനസിലെ സമൂഹമാധ്യമങ്ങളുടെ പങ്ക് തിരിച്ചറിഞ്ഞ് മികച്ച രീതിയില്‍ നേട്ടം കൊയ്യുന്നവരാണ്. ഇന്‍സ്റ്റഗ്രാമാണ് അവരുടെ പ്രധാന മാധ്യമം. ക്രിസ്മസ് കാലത്ത് തികച്ചും സംശുദ്ധമായ ഒരു മെനു പുറത്തിറക്കിക്കൊണ്ടാണ് അവര്‍ പുതിയ സ്റ്റോര്‍ തുടങ്ങിയത്. പുതുവര്‍ഷത്തില്‍ പുതിയ വ്യക്തി എന്ന പരസ്യവാചകത്തിലൂടെയാണ് അവര്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചത്. ഈ വര്‍ഷം കൂടുതല്‍ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ലക്ഷ്യമെന്ന് ഉടമ കാര്‍ലി ജോണ്‍സ് വ്യക്തമാക്കുന്നു. ഗ്രേറ്റ് ആന്‍കോട്‌സ് സ്ട്രീറ്റിലുള്ള പുതിയ ഷോപ്പിലൂടെ മാര്‍ക്കറ്റിംഗ് സംഘം നിലവിലുണ്ടായിരുന്ന ഉപഭോക്താക്കളെത്തന്നെയാണ് ലക്ഷ്യമിടുന്നത്. ആദ്യതവണ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ശരിക്ക് ആസ്വദിക്കാന്‍ കഴിയാത്തവരെ തിരികെ കൊണ്ടുവരാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

വിപണന തന്ത്രങ്ങള്‍ മെച്ചപ്പെടുത്തുക

സംരംഭത്തിന്റെ കാലപ്പഴക്കത്തിനനുസരിച്ച് വിപണനം നിങ്ങളുടെ പ്രഥമ പരിഗണനാപട്ടികയില്‍ ഉണ്ടായിരിക്കണമെന്നില്ല. എന്നാല്‍ അത് അവഗണിക്കുന്നതോടെ നിങ്ങള്‍ ഒരുപാട് അലഞ്ഞു കഷ്‌പ്പെടുമെന്നു മനസിലാക്കണം. ഒരു വിപണനപദ്ധതി തയാറാക്കുകയാണ് ആദ്യം വേണ്ടത്. ശേഷം ഒരു ഇ-മെയില്‍ പട്ടിക സൃഷ്ടിക്കുക. അടുത്തതായി ഒരു മാര്‍ക്കറ്റിംഗ് വിദഗ്ധന്റെ സേവനം തേടുക. സെവന്‍ കരിയര്‍ കോച്ചിംഗ് പുതുവല്‍സരത്തെ മാര്‍ക്കറ്റിംഗ് ഗെയിമുകള്‍ക്കുള്ള അവസരമാക്കി മാറ്റുകയാണു ചെയ്തത്. തങ്ങള്‍ വിപണനപ്രചാരണങ്ങള്‍ തയാറാക്കിയത് കരിയര്‍, എക്‌സിക്യുട്ടിവ്, ലൈഫ് കോച്ചിംഗ് പദ്ധതി എന്നിവ മുന്നില്‍ക്കണ്ടാണെന്ന് സെവന്‍ കരിയര്‍ കോച്ചിംഗിന്റെ പരിശീലകന്‍ ഏലി ബോമോണ്ട് വ്യക്തമാക്കുന്നു. ഇപ്പോഴല്ലെങ്കില്‍ പിന്നെയെപ്പോഴാണ് എന്ന ടാഗ് ലൈനാണ് കാംപെയ്‌നിന് ഉപയോഗിച്ചത്.

കമ്പനിയുടെ വര്‍ഷാരംഭ പ്രചാരണത്തിനു വേണ്ടി വിജയം നേടിയ മുന്‍വര്‍ഷത്തെ ഉപയോക്താക്കളുടെ വിശദാംശങ്ങളും ഉപയോഗിച്ചു. നിങ്ങളുടെ സ്ഥാപനത്തിലേക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വെറും വായ്ത്താരികള്‍ പോരാ, പകരം നിങ്ങളുടെ പ്രവര്‍ത്തനഫലങ്ങള്‍ അവരോടു സംസാരിക്കട്ടെയെന്ന് അദ്ദേഹം പറയുന്നു. നിങ്ങളുടെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്താന്‍ മുന്‍ ഉപയോക്താക്കളോട് അനുഭവം പങ്കിടാന്‍ ആവശ്യപ്പെടുന്നതാണ് മികച്ച വിപണനതന്ത്രം. ഇത് നിങ്ങളുടെ സ്ഥാപനത്തിലേക്കുള്ള ഉപയോക്താക്കളുടെ ഒഴുക്കു കൂട്ടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സ്ഥിരതയുള്ള ദീര്‍ഘകാല വളര്‍ച്ചയ്ക്ക് പദ്ധതിയിടുക

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എത്ര കുഴപ്പം പിടിച്ചതാണെങ്കിലും ദീര്‍ഘവീക്ഷണമില്ലാത്ത നിലപാടുമായി ഒരു സംരംഭം വളര്‍ത്തിയെടുക്കാനാകില്ല. വര്‍ഷം മുഴുവന്‍ പതിവായി അവസരങ്ങള്‍ ലഭിക്കുന്ന രീതിയില്‍ പട്ടിക തിരിച്ച് ബിസിനസ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക. ഇത് പ്രതിമാസമെന്ന കണക്കിലോ ത്രൈമാസികമോ വാര്‍ഷികമോ എങ്ങനെയുമാകാം. പക്ഷേ, കൃത്യമായ ഇടവേള തിരിച്ചാകണമെന്നു മാത്രം. വര്‍ഷാരംഭത്തില്‍ നിങ്ങളുടെ മേഖലയില്‍ ഫലമുറപ്പാകുന്ന സമയമാണെങ്കില്‍ പിന്നീടു വരുന്ന മാസങ്ങളിലും ഇതു പോലൊന്ന് ആസൂത്രണം ചെയ്യാന്‍ ശ്രമിക്കുക.

പല ജിമ്മുകളെയും പോലെ പുതുവര്‍ഷ സീസണെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്നതല്ല കിഴക്കന്‍ ലണ്ടനിലെ ബ്ലോക്. തങ്ങളുടെ ഫീസ് വര്‍ഷം മുഴുവന്‍ മല്‍സരാധിഷ്ഠിതമാക്കി വെക്കുകയാണു ചെയ്യുന്നതെന്ന് സ്ഥാപക റീമ സ്റ്റാന്‍ബറി വ്യക്തമാക്കുന്നു. തങ്ങള്‍ വിവിധ പായ്‌ക്കെജുകള്‍ അവതരിപ്പിക്കാറുണ്ട്. എന്നാല്‍ അധികം ഉപയോക്താക്കളെ ലക്ഷ്യമാക്കിയുള്ള മിന്നല്‍ വില്‍പ്പനയിലും നിശ്ചിതസമയത്തിനകം വന്‍വാഗ്ദാനങ്ങള്‍ ഉപയോക്താക്കള്‍ക്കു നല്‍കിക്കൊണ്ടുള്ള വമ്പന്‍ ഡീലുകളിലുമല്ല തങ്ങള്‍ വിശ്വസിക്കുന്നത്. വിലഘടനയില്‍ ഉപയോക്താക്കള്‍ക്ക് ഇണങ്ങുന്ന മാറ്റം വരുത്തിയുള്ള വിലവിന്യാസത്തിലൂടെയാണ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതെന്നു റീമ അറിയിക്കുന്നു. ഒരു ഉപഭോക്താവിന് ഞങ്ങളുടെ ഉല്‍പ്പന്നം വാങ്ങാന്‍ അടുത്ത ഫഌഷ് സെയിലിനായി കാത്തു നില്‍ക്കേണ്ടി വരുന്നില്ല. അവര്‍ക്ക് പറ്റുന്ന ഏറ്റവും മികച്ച വിലയ്ക്ക് ലഭിക്കുമോയെന്ന് പരിശോധിച്ചാല്‍ മതി. വര്‍ഷം മുഴുവന്‍ സ്ഥിരതയര്‍ജിച്ച വളര്‍ച്ച നേടാനാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നതെന്ന് അവര്‍ നിലപാടു വ്യക്തമാക്കുന്നു.

Comments

comments

Categories: Business & Economy, Slider