ഇന്ത്യയില്‍ നിന്ന് ബില്യണ്‍ ഡോളര്‍ വരുമാനം പ്രതീക്ഷിച്ച് സ്‌കെച്ചേഴ്‌സ്

ഇന്ത്യയില്‍ നിന്ന് ബില്യണ്‍ ഡോളര്‍ വരുമാനം പ്രതീക്ഷിച്ച് സ്‌കെച്ചേഴ്‌സ്

മുംബൈ: സ്റ്റോറുകള്‍ അതിവേഗത്തില്‍ വിപുലീകരിച്ചും പുതിയ വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചും ഇന്ത്യയില്‍ നിന്ന് ഒരു ബില്യണ്‍ ഡോളര്‍ വരുമാനം നേടിയെടുക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി യുഎസ് ലൈഫ്‌സ്റ്റൈല്‍ ഫുട്‌വെയര്‍ ബ്രാന്‍ഡായ സ്‌കെച്ചേഴ്‌സ്. രാജ്യത്ത് മധ്യവര്‍ഗത്തിന്റെ വളര്‍ച്ചയിലാണ് കമ്പനി കണ്ണുവെയ്ക്കുന്നതെന്നും സ്‌കെച്ചേഴ്‌സ് സിഒഒ ഡേവിഡ് വെയിന്‍ബര്‍ഗ് പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ 100 മില്യണ്‍ ഡോളറില്‍ താഴെയാണെന്ന് വരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം 60 മുതല്‍ 70 മില്യണ്‍ ഡോളര്‍ വരെയാണ് പ്രതീക്ഷിക്കുന്നതെന്നും വെയിന്‍ബര്‍ഗ് പറഞ്ഞു.

ഇന്ത്യയില്‍ തുടക്കം അല്‍പം ബുദ്ധിമുട്ടേറിയതായിരുന്നു. എന്നാല്‍ നിലവില്‍ ബ്രാന്‍ഡിന് ഉപഭോക്താക്കള്‍ക്കിടയില്‍ സാന്നിധ്യമുണ്ട്. സ്റ്റോറുകളും മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് സ്‌റ്റോറുകളുടെ എണ്ണം വര്‍ധിപ്പിച്ചത്. ഇരട്ടയക്കത്തിലെ മികച്ച തോതിലുള്ള വര്‍ധനയായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ആദ്യമായി ഇവയെല്ലാം ലാഭത്തിലെത്തി-വെയിന്‍ബര്‍ഗ് പറഞ്ഞു.

കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭത്തിലൂടെ 2012ലായിരുന്നു സ്‌കെച്ചേഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. ഇതിനകം ബിസിനസ് ഇരട്ടിപ്പിച്ച കമ്പനി ഇവിടെ സ്വന്തം ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കാനും പുതിയ ഉല്‍പ്പന്ന വിഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും പദ്ധതിയിടുന്നുണ്ട്. വാച്ചുകള്‍, വസ്ത്രങ്ങള്‍, സോക്‌സ്, സണ്‍ഗ്ലാസുകള്‍ എന്നിവയാണ് സ്‌കെച്ചേഴ്‌സ് ആഗോള തലത്തില്‍ വില്‍ക്കുന്നത്. സ്‌റ്റോറുകളുടെ എണ്ണം 120ല്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നാലു മാസങ്ങളില്‍ 30 പുതിയ സ്റ്റോറുകളും അവര്‍ തുറന്നിരുന്നു.

Comments

comments

Categories: Business & Economy