സോക്കര്‍ ക്ലബ്ബിന് 500 ദശലക്ഷം ഡോളര്‍ നല്‍കി അല്‍വലീദ്

സോക്കര്‍ ക്ലബ്ബിന് 500 ദശലക്ഷം ഡോളര്‍ നല്‍കി അല്‍വലീദ്

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും പ്രശസ്തനായ അന്താരാഷ്ട്ര നിക്ഷേപകന്‍ പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാല്‍ സോക്കര്‍ ക്ലബ്ബുകളിലേക്ക് വലിയ നിക്ഷേപം നടത്തുന്നു. ഏകദേശം 500 മില്ല്യണ്‍ ഡോളര്‍ ഇതിനായി ചെലവഴിക്കുമെന്ന് കമ്പനി അറിയിച്ചു. സൗദി കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ സൗദി കൈക്കൊണ്ട ശക്തമായ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി അല്‍വലീദിനെ തടങ്കലില്‍ വെച്ചിരുന്നു. രണ്ടാഴ്ച്ച മുമ്പാണ് അദ്ദേഹം സ്വതന്ത്രനായത്. ഏകദേശം മൂന്ന് മാസത്തോളമാണ് അല്‍വലീദ് സര്‍ക്കാര്‍ കസ്റ്റഡിയില്‍ കഴിഞ്ഞത്.

സൗദി സര്‍ക്കാരുമായി ഒരു ഫിനാന്‍ഷ്യല്‍ സെറ്റില്‍മെന്റില്‍ എത്തിയ ശേഷമാണ് അല്‍വലീദ് പുറത്തിറങ്ങിയതെന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഫുട്‌ബോള്‍ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഫോട്ടോ ട്വീറ്റ് ചെയ്താണ് കഴിഞ്ഞ ദിവസം താന്‍ സോക്കര്‍ ക്ലബ്ബായ എല്‍ ഹിലാല്‍ എഫ്‌സിക്ക് പിന്തുണ നല്‍കുന്നതായി അദ്ദേഹം പറഞ്ഞത്. തുര്‍ക്കി അല്‍ ഷേഖിന്റെ ആഗ്രഹപ്രകാരമാണ് താന്‍ ക്ലബ്ബിന് 500 ദശലക്ഷം ഡോളര്‍ നല്‍കുന്നതെന്നും പ്രിന്‍സ് അല്‍വലീദ് പറഞ്ഞു.

സൗദി സര്‍ക്കാരിന്റെ ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിക്ക് നേതൃത്വം നല്‍കുന്നത് അല്‍ ഷേഖാണ്. കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാനോട് വളരെ അടുപ്പമുള്ള വ്യക്തിയുമാണ് അദ്ദേഹം. അതുകൊണ്ടുതന്നെ പ്രിന്‍സ് അല്‍വലീദിന്റെ പുതിയ നീക്കങ്ങള്‍ കിരീടാവകാശിയുടെ നയങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും എന്നാണ് വ്യക്തമാകുന്നത്.

ഫോബ്‌സ് മാസികയുടെ കണക്ക് പ്രകാരം പ്രിന്‍സ് അല്‍വലീദിന്റെ ആസ്തി ഏകദേശം 17 ബില്ല്യണ്‍ ഡോളര്‍ വരും. സിറ്റി ഗ്രൂപ്പും ട്വറ്ററും ഉള്‍പ്പടെയുള്ള വന്‍ സംരംഭങ്ങളില്‍ അദ്ദേഹത്തിന് നിക്ഷേപമുണ്ട്.

Comments

comments

Categories: Arabia