ഒല ഓസ്‌ട്രേലിയയില്‍ സേവനമാരംഭിച്ചു

ഒല ഓസ്‌ട്രേലിയയില്‍ സേവനമാരംഭിച്ചു

ബെംഗളൂരു: ഇന്ത്യന്‍ ഓണ്‍ലൈന്‍ കാബ് സേവനദാതാക്കളായ ഒല പെര്‍ത്തില്‍ സൗജന്യ സവാരി നല്‍കിക്കൊണ്ട് ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പെര്‍ത്തിലെ യാത്രക്കാര്‍ക്ക് ആദ്യ രണ്ടു സവാരികളില്‍ ഒരു റൈഡിന് പത്ത് ഡോളര്‍ വരെ ആനുകൂല്യമാണ് കമ്പനി നല്‍കുന്നത്. ഓസ്‌ട്രേലിയയില്‍ ഡ്രൈവര്‍മാര്‍ക്ക് മികച്ച കമ്മീഷനും യാത്രക്കാര്‍ക്ക് മിതമായ നിരക്കിലുള്ള യാത്രാസൗകര്യങ്ങളുമാണ് ഒല വാഗ്ദാനം ചെയ്യുന്നത്. ഡ്രൈവര്‍മാര്‍ക്ക് 7.5 ശതമാനം കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഓഫറുകളാണ് ലോഞ്ചിനോടനുബന്ധിച്ച് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ വര്‍ഷം തന്നെ ഓസ്‌ട്രേലിയയിലെ മറ്റ് നഗരങ്ങളിലും ഒല സേവനമാരംഭിക്കും. ഇതിനോടനുബന്ധിച്ച് രാജ്യത്തെ സ്വകാര്യ വാഹന ഉടമകളുടെ സഹകരണവും ഒല തേടും. ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായും ഡ്രൈവര്‍ യൂണിയനുകളുമായി സഹകരിച്ച് കൂടുതല്‍ പ്രാദേശിക ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയയിലെ പ്രാദേശിക ഗതാഗത സേവനമേഖലയിലേക്ക് സംഭാവന നല്‍കാന്‍ കമ്പനി പദ്ധതിയിടുന്നതായി ഒല വെളിപ്പെടുത്തി.

2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഒല ഇന്ത്യയിലെ 125 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നുണ്ട്. 110 നഗരങ്ങളിലധികം പ്രവര്‍ത്തിക്കുന്ന ഒലയില്‍ ഒരു ദശലക്ഷത്തിലധികം ഡ്രൈവര്‍മാരാണുള്ളത്.

Comments

comments

Categories: Business & Economy