ഇനി ഇലക്ട്രിക് യുഗം

ഇനി ഇലക്ട്രിക് യുഗം

ആഗോളതലത്തില്‍ ഓട്ടോമൊബൈല്‍ കമ്പനികള്‍ ഫോസില്‍ ഇന്ധനങ്ങളില്‍നിന്നും അകലം പാലിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. ഈ രീതി പിന്തുടരാന്‍ ഇന്ത്യയും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ നയങ്ങളിലുള്ള അവ്യക്തതയും കൃത്യമായൊരു മാര്‍ഗനിര്‍ദേശവും ഇല്ലാത്തതാണ് ഇതിനു തടസമാകുന്നത്. എങ്കിലും ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും ആവേശകരവും ഡിസ്‌റപ്റ്റീവുമായ (disruptive) കാലമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കുമെന്നും പ്രതീക്ഷയുണ്ട്.

കാലാവസ്ഥാ ആഘാതം കുറയ്ക്കുക, വായു മലിനീകരണം നിയന്ത്രിക്കുക, ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ഓട്ടോമൊബൈല്‍ മേഖലയ്ക്കുള്ളത്. ഇന്ത്യയും ഇതില്‍നിന്നും വ്യത്യസ്തമല്ല. ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗവും. മഹീന്ദ്ര ഇതിനോടകം ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിച്ചു കഴിഞ്ഞു. മറ്റ് കമ്പനികളും മാറ്റത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നത്.

പെട്രോള്‍ എഞ്ചിന്‍, ഡീസല്‍ എഞ്ചിന്‍ തുടങ്ങിയ internal combustion എഞ്ചിനുകളുള്ള വാഹനങ്ങളാണ് ഇന്നു വ്യാപകമായി ഉപയോഗിക്കുന്നത്. (ഇന്ധനം എഞ്ചിനകത്തുവച്ച് കത്തി തീരുന്ന സംവിധാനമാണ് Internal combustion എഞ്ചിനുകളുടേത്. എഞ്ചിനുകള്‍ക്കകത്ത് ഇന്ധനം കത്തുമ്പോഴുണ്ടാകുന്ന മര്‍ദ്ദം നേരിട്ടു ഗതികോര്‍ജ്ജമായി (kinetic energy) പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഈ ഗതികോര്‍ജ്ജം എഞ്ചിന്റെ ചലിക്കുന്ന ഭാഗങ്ങളിലേക്കു എത്തിക്കുന്നു). ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് പരിവര്‍ത്തനപ്പെടുത്തുകയെന്നതു വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എങ്കിലും മാറ്റം സംഭവിച്ചു തുടങ്ങിയിട്ടുണ്ടെന്നതും ഒരു യാഥാര്‍ഥ്യമാണ്. 2012-ല്‍ അനൗദ്യോഗികമായി നിര്‍മിച്ച ഇ-റിക്ഷകളാണ് ഈ കാര്യത്തില്‍ ഏറ്റവും അപ്രതീക്ഷിതമായ മുന്നേറ്റം നടത്തിയത്. സാധാരണക്കാരന്റെ വാഹനമെന്ന് അറിയപ്പെടുന്ന ഓട്ടോറിക്ഷകളെ പകരംവയ്ക്കാന്‍ പ്രാപ്തമാണ് ഇ-റിക്ഷകളെന്ന സീറോ എമിഷന്‍ വെഹിക്കിള്‍.

ഇന്ത്യയില്‍ ഇപ്പോള്‍ 0.4 ദശലക്ഷം ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും, 0.1 ദശലക്ഷം ഇ-റിക്ഷകളുമുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ഇതിനു പുറമേ ആയിരക്കണക്കിന് ഇലക്ട്രിക് കാറുകളുമുണ്ട്. EREP മാര്‍ക്കറ്റ് റിസര്‍ച്ച് സീരീസിന്റെ, 2017 ഒക്ടോബര്‍ റിപ്പോര്‍ട്ട്പ്രകാരം, 2022 ആകുമ്പോഴേക്കും ഇലക്ട്രിക് വാഹന വിപണിയിലേക്കു വേണ്ട ബാറ്ററി സ്റ്റോറേജ് ശേഷി 4.7 ജിഗാവാട്ടിന്റേതായിരിക്കുമെന്നാണ്. ഇതില്‍ 60 ശതമാനത്തിലധികവും വേണ്ടി വരിക ഇ-റിക്ഷകള്‍ക്കായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത്തരം വലിയ തോതിലുള്ള മാറ്റം വികസിത രാജ്യങ്ങളിലെ വിപണികളില്‍ പോലും സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഓട്ടോമൊബൈല്‍ രംഗത്ത് ആഗോളതലത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗത്തിനു സാധിക്കില്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇതു മനസിലാക്കി തന്നെയാണു പല കമ്പനികളും പ്രവര്‍ത്തിക്കുന്നതും. മഹീന്ദ്ര ഇതിനോടകം ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കി കഴിഞ്ഞു. ഹാച്ച്ബാക്ക്, സെഡാന്‍, ലൈറ്റ് കമേഴ്‌സ്യല്‍ വാന്‍, എസ്‌യുവി തുടങ്ങിയ വിഭാഗങ്ങളിലാണു മഹീന്ദ്ര ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. മാരുതി, ടൊയോട്ടയുമായി സഹകരിച്ചു ചെറു ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാന്‍ പോവുകയാണ്. ഹ്യൂണ്ടായ് ആകട്ടെ ഇലക്ട്രിക് പാസഞ്ചര്‍ കാറുകള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. റിനോള്‍ട്ട്, ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഇലക്ട്രിക് വാഹനം ഉടന്‍ വിപണിയിലെത്തിക്കും. 2030-ാടെ പുറത്തിറക്കുന്ന വാഹനങ്ങളില്‍ 65 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാക്കാനിരിക്കുകയാണു ഹോണ്ട. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ ലിഥിയം ഇയോണ്‍ ബാക്റ്ററി നിര്‍മിക്കുന്ന ഫാക്റ്ററി ഉടന്‍ ആരംഭിക്കും. മറ്റൊരു വാഹന നിര്‍മാണ കമ്പനിയായ നിസാന്‍ 2018-ല്‍ ഇലക്ട്രിക് ഹാച്ച്ബാക്ക് പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 2020-ാടെ മെഴ്‌സിഡസ് ബെന്‍സും ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തിക്കും. ഇതിനു പുറമേ ഫോക്‌സ്‌വാഗന്‍, വോള്‍വോ, ഔഡി, ടെസ്‌ല തുടങ്ങിയവരും 2020-ാടെ ഇലക്ട്രിക് വാഹനങ്ങളുമായി ഇന്ത്യയിലെത്തും.

ഇലക്ട്രിക് ടൂ വീലര്‍ നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക്, ലോഹിയ ഓട്ടോ, ഇലക്ട്രോ തേം, ഏവണ്‍, ഇന്‍ഡസ്, ടോര്‍ക് മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് ഏഥര്‍ എനര്‍ജി തുടങ്ങിയ കമ്പനികള്‍ ഇലക്ട്രിക് ടൂ വീലറുകള്‍ ഇപ്പോള്‍ തന്നെ വില്‍പ്പന നടത്തുന്നുണ്ട്. 2020-ാടെ ഹോണ്ട, ബജാജ് ഓട്ടോ ലിമിറ്റഡ്, ടിവിഎസ് തുടങ്ങിയവര്‍ പുതിയ ഉത്പന്നങ്ങളുമായി വിപണിയിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്. പക്ഷേ, ഇലക്ട്രിക് ടൂ വീലര്‍ വിഭാഗത്തില്‍, ഇന്ത്യയില്‍ പ്രതീക്ഷിച്ച പോലെ വില്‍പ്പനയുടെ തോത് ആശാവഹമല്ലെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക് ടൂ വീലറുകളുടെ പവറും പെര്‍ഫോമന്‍സും ഉപഭോക്താവിന്റെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയരുന്നില്ലെന്നതാണ് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇന്ന് വിപണിയിലുള്ള 24 ഇലക്ട്രിക് ടൂ വീലര്‍ മോഡലുകളില്‍ 19 എണ്ണവും വേഗത കുറഞ്ഞ (low speed) വാഹനങ്ങളാണ്. ഇവയ്ക്ക് പരമാവധി വേഗത 25 കി.മി/മണിക്കൂറാണ്. 250 വാട്ട്‌സിനും താഴെയാണ് പവര്‍.

സീറോ എമിഷന്‍ വെഹിക്കിള്‍സ് അഥവാ ഊര്‍ജ്ജ സ്രോതസില്‍നിന്നും എക്‌സ്‌ഹോസ്റ്റ് വാതകം പുറപ്പെടുവിക്കാത്ത വാഹനങ്ങള്‍

വായു മലിനീകരണം നിയന്ത്രിക്കാനും, ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താനും, കാലാവസ്ഥാ ആഘാതം കുറയ്ക്കാനും ആഗ്രഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തിയുള്ളതാണ് ഇലക്ട്രിക് വാഹനങ്ങള്‍. ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത് ഇന്ത്യയില്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് ഗതാഗതത്തിനായി ആവശ്യം വരുന്ന 64 ശതമാനം ഊര്‍ജ്ജ ആവശ്യകതകളെ നിറവേറ്റാനാകുമെന്നാണ്. അതോടൊപ്പം 2030-ാടെ കാര്‍ബണ്‍ എമിഷനുകള്‍ 37 ശതമാനം കുറച്ചു കൊണ്ടുവരാനും സാധിക്കും. ഇതിലൂടെ പെട്രോള്‍, ഡീസല്‍ ഉപഭോഗം കുറയുകയും 60 ബില്യന്‍ ഡോളര്‍ ലാഭിക്കാനും സാധിക്കും. 100 ശതമാനം ഇലക്ട്രിഫിക്കേഷനിലൂടെ ഇന്ത്യയ്ക്ക് 20 ലക്ഷം കോടി രൂപയുടെ ലാഭമുണ്ടാകുമെന്നും 1 ജിഗാ ടണ്‍ CO2 emissions ഇല്ലാതാക്കാനാകുമെന്നും സമീപകാലത്ത് നിതി ആയോഗ്, ദി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, റോക്കി മൗണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ 2020-ാടെ 6-7 ദശലക്ഷത്തിലെത്തും

ഇന്ത്യയില്‍ 2020-ാടെ 6-7 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കുകയെന്നതാണ് നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെങ്കിലും ആ ലക്ഷ്യം കൈവരിക്കുക അസാദ്ധ്യമാണ്. പക്ഷേ ലക്ഷ്യപ്രാപ്തിക്കായി സര്‍ക്കാര്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുകയാണ്. നിതി ആയോഗ് നയിക്കുന്ന ഒരു ഇലക്ട്രിക് മൊബിലിറ്റി പദ്ധതിക്കു മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇലക്ട്രിക് മൊബിലിറ്റിയെ പൊതുഗതാഗത രംഗവുമായി ബന്ധിപ്പിക്കുന്നതിനായി 2015-ല്‍ കേന്ദ്രസര്‍ക്കാര്‍ ലോഞ്ച് ചെയ്ത Faster Adoption and Manufacturing of (Hybrid and) Electric Vehicle (FAME) സ്‌കീം, പുതുക്കിയിരിക്കുകയാണ്. ഡല്‍ഹി, അഹമ്മദാബാദ്, ബെംഗളുരു, ജയ്പൂര്‍, ലക്‌നൗ, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊല്‍ക്കത്ത, ഗുവാഹത്തി, ശ്രീനഗര്‍ തുടങ്ങിയ നഗരങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളെ അടിസ്ഥാനപ്പെടുത്തിയ പൊതുഗതാഗതത്തിനു യൂണിയന്‍ മിനിസ്ട്രി ഓഫ് ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.പൊതുമേഖലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സംയുക്തസംരംഭമായ Energy Efficiency Services Limited (EESL) ഇന്ത്യയിലെ വിവിധ വാഹന നിര്‍മാതാക്കളില്‍നിന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു വേണ്ടി 10,000 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Comments

comments

Categories: Auto, Slider, Tech