ഇന്ത്യന്‍ വിപണിക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി മൈന്‍ഡ്ട്രീ

ഇന്ത്യന്‍ വിപണിക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി മൈന്‍ഡ്ട്രീ

ചെന്നൈ: ബെംഗളൂരു ആസ്ഥാനമായി പ്രര്‍ത്തിക്കുന്ന ഐടി കമ്പനിയായ മൈന്‍ഡ്ട്രീ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനൊരുങ്ങുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ മൈന്‍ഡ്ട്രീ ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഡിജിറ്റല്‍ ടെക്‌നോളജി, സിസ്റ്റം ആന്‍ഡ് എന്‍ജിനീയറിംഗ് സേവനങ്ങള്‍ നല്‍കുന്നുണ്ട്.

2012 മുതല്‍ 2016 വരെ യുഎസ്, യൂറോപ്പ് വിപണികള്‍ക്കാണ് സ്ഥാപനം പ്രാധാന്യം നല്‍കിയിരുന്നത്. ആഗോള വിപണിയിലെ മത്സരം വര്‍ധിച്ചതും ഇന്ത്യന്‍ സര്‍ക്കാര്‍ ഡിജിറ്റല്‍ ടെക്‌നോളജിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും ആഭ്യന്തര കമ്പനികള്‍ അതിവേഗത്തില്‍ ടെക്‌നോളജി സേവനങ്ങള്‍ സ്വീകരിക്കുന്നതും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയെ കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ടെന്ന് മൈന്‍ഡ്ട്രീ ഇന്ത്യന്‍ ബിസിനസ് മേധാവി കൗശിക് രമാനി പറഞ്ഞു. സര്‍ക്കാര്‍തലം, പൊതുമേഖല സ്ഥാപനങ്ങള്‍, സ്വകാര്യ വന്‍കിട സംരംഭങ്ങള്‍, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ എന്നീ നാലു മേഖലകളാണ് ഏറ്റവും ശക്തമായി ടെക്‌നോളജിയെ സ്വീകരിച്ചിട്ടുള്ളത്. വലിയ സംരംഭങ്ങളിലും ചെറുകിട, ഇടത്തരം സംരംഭങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ചാല്‍ കമ്പനിക്ക് 5,000 ഓളം ഉപഭോക്താക്കളെ നേടാനാകും. സംയുക്തമായി സേവനങ്ങള്‍ വികസിപ്പിക്കുന്നതിന് മൈക്രോസോഫ്റ്റ്, സാപ്, സെയില്‍സ്‌ഫോഴ്‌സ് എന്നിവരുമായി മൈന്‍ഡ്ട്രാ ചര്‍ച്ച നടത്തിവരികയാണ്. – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിനായി ഭുവനേശ്വറിലെ കലിംഗയിലുള്ള സൗകര്യത്തെ ലോ കോസ്റ്റ് സെന്ററായി ഉപയോഗിക്കാനും ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം രണ്ടു വര്‍ഷത്തിനുള്ളില്‍ 150 ല്‍ നിന്ന് 500 ആയി ഉയര്‍ത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ മൂന്നു നാലു വര്‍ഷങ്ങളിലായി ഇന്ത്യയിലെ ഉപഭോക്താക്കളുടെ ടെക്‌നോളജി ബൈയിംഗ് രീതി കാര്യമായി മാറിയിട്ടുണ്ട്. തീരുമാനമെടുക്കുമ്പോള്‍ ചെലവിന് നല്‍കിയിരുന്ന നിര്‍ണായക സ്ഥാനം ഇന്ന് തങ്ങള്‍ക്കു ലഭിക്കുന്ന മൂല്യത്തിനാണ് ഉപഭോക്താക്കള്‍ നല്‍കുന്നതെന്ന് കൗശിക് കൂട്ടിച്ചേര്‍ത്തു.

ആധാറിന്റെ ഘടന വികസിപ്പിച്ച മൈന്‍ഡ്ട്രീയ്ക്ക് ഇന്ത്യ പുതിയ വിപണിയല്ല. നിലവില്‍ മൈന്‍ഡ്ട്രീയുടെ 800 ദശലക്ഷം ഡോളര്‍ വരുമാനത്തില്‍ നിന്നും രണ്ടു ശതമാനം മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും ലഭിക്കുന്നത്. മൂന്നു നാലു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്നുള്ള വിഹിതം 3-5 ശതമാനം വരെ വര്‍ധിപ്പിക്കാനാകുമെന്ന് കൗശിക് വിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ 12 ഇന്ത്യന്‍ കമ്പനികള്‍ മൈന്‍ഡ്ട്രീയുടെ ഉപഭോക്താക്കായിട്ടുണ്ട്. 2020 ആകുന്നതോടെ ഇന്ത്യന്‍ ഐടി വിപണി 80 ബില്യണ്‍ ഡോളറാകുമെന്നാണ് നാസ്‌കോമിന്റെ അനുമാനം.

Comments

comments

Categories: Business & Economy