മായാ വിശ്വകര്‍മ-പാഡ് വുമണ്‍ ഓഫ് ഇന്ത്യ

മായാ വിശ്വകര്‍മ-പാഡ് വുമണ്‍ ഓഫ് ഇന്ത്യ

തമിഴ്‌നാട്ടില്‍ മുരുഗാനന്ദന്‍ തുടക്കമിട്ട നാപ്കിന്‍ വിപ്ലവം രണ്ടു വര്‍ഷംകൊണ്ടു മധ്യപ്രദേശിലെ ഗ്രാമീണ മേഖലയില്‍ വ്യാപിപ്പിച്ച് പാഡ്‌വുമണ്‍ എന്ന പേരില്‍ ശ്രദ്ധേയമാവുകയാണ് മായ വിശ്വകര്‍മ്മ. നിര്‍ധനരായ സ്ത്രീകളെ സുകര്‍മ്മ എന്ന തന്റെ പ്രസ്ഥാനത്തിലൂടെ ആര്‍ത്തവശുചിത്വബോധം നല്‍കി കൈപിടിച്ചുയര്‍ത്തുകയാണിവര്‍

പാഡ്മാന്‍ എന്ന ഹിന്ദി ചലച്ചിത്രം പുറത്തിറങ്ങിയപ്പോഴാണ് നമ്മളില്‍ പലരും തമിഴ്‌നാട്ടിലെ അരുണാചലം മുരുഗാനന്ദന്‍ എന്ന വ്യക്തിയെ കുറിച്ച് കൂടുതലായി അറിയുന്നത്. സാനിറ്ററി നാപ്കിന്‍ നിര്‍മിച്ച് സ്ത്രീകള്‍ക്ക് സൗജന്യമായി വിതരണം ചെയ്തുകൊണ്ട് ഇന്ത്യയില്‍ സാനിറ്ററി നാപ്കിന്‍ വിപ്ലവം സൃഷ്ടിച്ച മുരുഗാനന്ദന്റെ ജീവിതം അഭ്രപാളിയിലും ശ്രദ്ധേയമായി. പാഡ്മാന്‍ മാത്രമല്ല ഇന്ത്യക്ക് സ്വന്തമായി ഒരു പാഡ് വുമണ്‍ കൂടിയുണ്ടെന്നു ഇനി നാം അറിയേണ്ടിയിരിക്കുന്നു. അമേരിക്കയിലെ ഉയര്‍ന്ന വേതനമുള്ള ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിലെ നിര്‍ധനരായ സ്ത്രീകളെ സഹായിക്കാന്‍ ജീവിതം തന്നെ സമര്‍പ്പിച്ചിരിക്കുന്ന മായാ വിശ്വകര്‍മയാണ് ഈ യുവതി.

ലോകോത്തര രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയില്‍ എത്രകണ്ട് വികസനം സംഭവിച്ചിട്ടും, പരമ്പരാഗത വിശ്വാസങ്ങളെ ആധാരമാക്കി കേട്ടാല്‍ വിശ്വസിക്കാന്‍ കഴിയാത്തതും ഭയപ്പെടുത്തുന്നതുമായ ആര്‍ത്തവ ശുചിത്വബോധമാണ് മിക്ക സ്ത്രികളും ഇന്നും അനുവര്‍ത്തിക്കുന്നത്. ശരിയായ ആര്‍ത്തവ ശുചിത്വത്തെ കുറിച്ചുള്ള അവബോധമില്ലായ്മ അവരെ നയിക്കുന്നത് ഗര്‍ഭാശയ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നനങ്ങളിലേക്കാണെന്നതും വൈകി മാത്രമേ സ്ത്രീകള്‍ മനസിലാക്കൂ.

അറിവില്ലായ്മ മാത്രമല്ല ആര്‍ത്തവ സമയത്ത് സാനിറ്ററി നാപ്കിനുകളും മറ്റും യഥേഷ്ടം ലഭ്യമാകുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ടും കൂടിയാണ് സ്ത്രീകളെ ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. സ്ത്രീ ശാക്തീകരണം കെട്ടിഘോഷിക്കുമ്പോഴും മിക്ക ഇടങ്ങളിലും അടിസ്ഥാന ആവശ്യങ്ങള്‍പോലും സ്ത്രീകള്‍ക്കു ലഭ്യമാകുന്നില്ല എന്നതാണ് വാസ്തവം. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് തന്നാലാവുന്ന പരിഹാരം കാണാനാണ് മായയുടെ ശ്രമങ്ങള്‍. സുകര്‍മ്മ ഫൗണ്ടേഷന്‍ എന്ന പേരില്‍ മായ രൂപംനല്‍കിയ പ്രസ്ഥാനം വഴിയാണ് സ്ത്രീകള്‍ക്ക് സഹായം ലഭിക്കുന്നത്.

നാട്ടുകാരുടെ സ്വന്തം പാഡ് ജീജി

മധ്യപ്രദേശ് സ്വദേശിനിയായ ഈ മുപ്പത്തിയാറുകാരി വര്‍ഷങ്ങളായി വിദേശത്തായിരുന്നുവെങ്കിലും ഇന്ന് നാട്ടുകാരുടെ സ്വന്തം പാഡ് ജീജി (പാഡ് സഹോദരി) എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. സ്ത്രീകളുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ആര്‍ത്തവ ശുചിത്വത്തെ കുറിച്ച് ഗ്രാമീണ സ്ത്രീകള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതോടൊപ്പം ചെലവു കുറഞ്ഞ രീതിയില്‍ പാഡുകള്‍ നിര്‍മിക്കുന്നതിനും അത് ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകമായ പ്രവര്‍ത്തനങ്ങളാണ് ഈ പേര് മായയ്ക്കു നേടിക്കൊടുത്തത്.

സ്ത്രീകള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ മികച്ച അവബോധം കൊടുക്കേണ്ടതിന്റെ ആവശ്യകതയും മറ്റും മായ കണ്ടു മനസിലാക്കിയതല്ല, സ്വന്തം ജീവിതാനുഭവങ്ങളിലൂടെ തന്നെ തിരിച്ചറിഞ്ഞ വ്യക്തിയാണവര്‍. മധ്യപ്രദേശിലെ നര്‍സിംഗ്പുര്‍ ജില്ലയില്‍ ജനിച്ച മായ, തന്റെ 26ാം വയസുവരെ സാനിറ്ററി നാപ്കിന്‍ എന്ന വാക്കുപോലും കേട്ടിരുന്നില്ല എന്നതാണ് മറ്റൊരു വസ്തുത.

അതുവഴി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിരുന്ന അവര്‍ പത്തു വര്‍ഷത്തിനുശേഷം ഇന്ന് ഒരു സ്ത്രീക്കുപോലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്ന രീതിയില്‍ നാപ്കിനുകള്‍ ചെലവു കുറഞ്ഞ രീതിയില്‍ നിര്‍മിക്കാനും അതു താങ്ങാവുന്ന വിലയില്‍ സ്ത്രീകള്‍ക്കു ലഭ്യമാക്കാനും ശ്രമിക്കുന്നു. തന്റെ അനുഭവങ്ങള്‍ തന്നെയാണ് ഈ മേഖലയിലേക്ക് ഇറങ്ങിത്തിരിക്കാനുള്ള പ്രചോദനം നല്‍കിയതെന്നും മായ പറയുന്നു. കാലിഫോര്‍ണിയയില്‍ കാന്‍സര്‍ ഗവേഷകയായ ജോലി ചെയ്തിരുന്ന മായ ആ ജോലി ഉപേക്ഷിച്ചാണ് ഇന്ന് ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

സുകര്‍മ്മയുടെ തുടക്കം

വിദേശത്തു നിന്നും തിരികെയെത്തിയ മായ സ്വന്തം നാട്ടിലെ സ്ത്രീകള്‍ ഇക്കാലത്തും അനുഭവിക്കുന്ന ശുചിത്വമില്ലായ്മ കണ്ടറിഞ്ഞാണ് മേഖലയിലേക്ക് ചുവടുവെക്കാന്‍ തീരുമാനിച്ചത്. രണ്ടു വര്‍ഷം മുമ്പാണ് സുകര്‍മ്മയ്ക്കു തുടക്കമിട്ടത്. ആര്‍ത്തവം സംബന്ധിച്ച് സ്ത്രീകള്‍ വെച്ചുപുലര്‍ത്തിയ അന്ധവിശ്വാസങ്ങള്‍ മാറ്റാനും സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിച്ചു തുടങ്ങാനുമുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്കാണ് തുടക്കത്തില്‍ അവര്‍ മുന്‍തൂക്കം നല്‍കിയിത്. പിന്നീട് താങ്ങാവുന്ന നിരക്കില്‍ സ്ത്രീകള്‍ക്ക് അവ ലഭ്യമാക്കുകയായി അടുത്ത ലക്ഷ്യം.

ഇതിന്റെ ഭാഗമായി നാപ്കിനുകള്‍ ചെലവുകുറഞ്ഞ രീതിയില്‍ നിര്‍മിക്കുന്ന ഒരു മെഷീന്‍ സുകര്‍മ്മയിലൂടെ അവര്‍ സ്വന്തമാക്കി. സ്വന്തം കീശയില്‍ നിന്നുള്‍പ്പെടെ കാലിഫോര്‍ണിയ ഫൗണ്ടേഷന്‍, സുകര്‍മ്മ ഫൗണ്ടേഷന്‍ എന്നിവ വഴി നിക്ഷേപം സമാഹരിച്ച് 5 ലക്ഷം രൂപയ്ക്ക് സാനിറ്ററി പാഡ് നിര്‍മാണത്തിനായുള്ള മെഷീനും അനുബന്ധ സാമഗ്രികളും വാങ്ങിയാണ് ഈ പാഡ്‌വുമണ്‍ മധ്യപ്രദേശില്‍ നാപ്കിന്‍ വിപ്ലവത്തിന് നേത്യത്വം നല്‍കിവരുന്നത്. പ്രസ്ഥാനം തുടങ്ങി ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ പ്രദേശവാസികളില്‍ കൃത്യതയാര്‍ന്ന ബോധവല്‍ക്കരണം നടത്താനും 2000ല്‍ പരം സ്ത്രീകളുടെ ജീവിതത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്താനും സുകര്‍മ്മയ്ക്കു കഴിഞ്ഞിട്ടുണ്ട്.

ആര്‍ത്തവ ശുചിത്വത്തിനായ് ബോധവല്‍ക്കരണം

സുകര്‍മ്മ ഫൗണ്ടേഷന്‍ വഴി നര്‍സിംഗ്പുറിലെ ദെദ്‌വാര വില്ലേജിലാണ് മായ സാനിറ്ററി പാഡ് നിര്‍മാണ യൂണിറ്റ് സ്ഥാപിച്ചത്. ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങിയ യൂണിറ്റില്‍ പ്രദേശവാസികളായ സ്ത്രീകള്‍ക്കുമാത്രമാണ് ജോലി നല്‍കിയത്. 20 രൂപ നിരക്കില്‍ പ്രതിമാസം 1000 സാനിറ്ററി പാഡുകളാണ് യൂണിറ്റില്‍ ഇപ്പോള്‍ നിര്‍മിക്കപ്പെടുന്നത്. ഓരോ പാഡ് നിര്‍മാണത്തിനും വേണ്ടിവരുന്ന ചെലവ് പരമാവധി കുറച്ച് നിര്‍മാണം ഇരട്ടിയാക്കാനാണ് യൂണിറ്റിന്റെ ശ്രമം. പാഡ്മാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വെട്ടിത്തെളിച്ച വഴി ഇന്ത്യയില്‍ പ്രത്യേകിച്ചും ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് പാഡ്‌വുമണിന്റെ ലക്ഷ്യം.

കോയമ്പത്തൂരില്‍ മുരുഗാനന്ദന്റെ സാനിറ്ററി പാഡ് നിര്‍മാണ യൂണിറ്റ് സന്ദര്‍ശിച്ചിരുന്ന മായയ്ക്ക് അദ്ദേഹം എല്ലാവിധ പിന്തുണയും അറിയിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ആദിവാസി ഗ്രാമങ്ങളില്‍ ആര്‍ത്തവ ശുചിത്വത്തെ കുറിച്ച് ഒരു ബോധവല്‍ക്കരണ റാലി സംഘടിപ്പിക്കാനും മായ പദ്ധതിയിട്ടിട്ടുണ്ട്. നര്‍സിംഗ്പൂര്‍- അലിരാജ്പുര്‍, സിന്ധി- സിന്‍ഗ്രോലി, ബാലാഘട്ട്- ഖ്വാണ്ഡ്വ എന്നിവിടങ്ങളില്‍ റാലി സംഘടിപ്പിക്കാനാണ് ആലോചന. 21ഓളം ജില്ലകളിലായി 450ല്‍പ്പരം പെണ്‍കുട്ടികള്‍ക്ക് സുരക്ഷിത ആര്‍ത്തവത്തിന്റെ ആരോഗ്യവശങ്ങളും അതിന്റെ പ്രാധാന്യങ്ങളും മറ്റ് പഠിപ്പിക്കാനുമാണ് സുകര്‍മ്മ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

Comments

comments