‘യൂണിവേഴ്‌സിറ്റി ബിരുദമുണ്ടെങ്കില്‍ പോലും ഇന്ത്യയില്‍ ജോലി കിട്ടണമെന്നില്ല’

‘യൂണിവേഴ്‌സിറ്റി ബിരുദമുണ്ടെങ്കില്‍ പോലും ഇന്ത്യയില്‍ ജോലി കിട്ടണമെന്നില്ല’

എക്കൗണ്ടിംഗ് മേഖലയില്‍ മികച്ച നൈപുണ്യ വികസനത്തിന് വഴിയൊരുക്കുന്ന പരിശീലന കേന്ദ്രങ്ങളാണ് ഐഎബി, ഐഎഎപി എന്നീ സ്ഥാപനങ്ങള്‍. അംഗീകൃത പരിശീലന സ്ഥാപനങ്ങളിലൂടെ കേരളത്തില്‍ അന്‍പതിനായിരത്തില്‍ പരം എക്കൗണ്ട് പ്രൊഫഷണല്‍സിനെ കേരളത്തില്‍ സൃഷ്ടിച്ചതായി ഐഎബി, ഐഎഎപിയുടെ മുന്‍കാല സിഇഒയും ഡയറക്റ്റര്‍ ബോര്‍ഡിന്റെ നിലവിലെ പോളിസി അഡൈ്വസറുമായ മാല്‍കം ട്രോട്ടര്‍ ഫ്യൂച്ചര്‍ കേരളയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്കൗണ്ടിംഗ് മേഖലയിലെ നോണ്‍ പ്രോഫിറ്റ് ട്രെയിനിംഗ് ഓര്‍ഗനൈസേഷനുകളാണ് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ബുക്ക് കീപ്പേഴ്‌സ് (ഐഎബി), ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്കൗണ്ടിങ് പ്രൊഫഷണല്‍സ് (ഐഎഎപി) എന്നിവര്‍. 2007 മുതല്‍ കേരളത്തില്‍ ഐഎബിയും ഐഎഎപിയും അംഗീകൃത പരിശീലന സ്ഥാപനങ്ങളിലൂടെ അരലക്ഷത്തില്‍ പരം ഉദ്യോഗാര്‍ത്ഥികളെ ആഗോള നിലവാരം പുലര്‍ത്തുന്ന പ്രൊഫഷണല്‍സ് ആക്കി മാറ്റിയിട്ടുണ്ട്. എക്കൗണ്ടിംഗ് മേഖലയിലെ നൈപുണ്യ വികസനത്തിന് ഇരുപത്തിയഞ്ചില്‍ പരം രാജ്യങ്ങളില്‍ ലോകനിലവാരമുള്ള ഹ്രസ്വകാല പ്രോഗ്രാമുകള്‍ നടത്തുന്നു ഈ ആഗോള സ്ഥാപനങ്ങള്‍ ഒരു ഭരണസമിതിക്ക് കീഴില്‍ സാങ്കേതികപരമായും നിയമപരമായും രണ്ട് ഘടകങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. ഐഎബി, ഐഎഎപിയുടെ മുന്‍കാല സിഇഒയും ഡയറക്റ്റര്‍ ബോര്‍ഡിന്റെ നിലവിലെ പോളിസി അഡൈ്വസറുമായ മാല്‍കം ട്രോട്ടര്‍ തന്റെ പ്രവര്‍ത്തന മേഖലയെ പറ്റി സംസാരിക്കുന്നു

കേരളത്തില്‍ ഇങ്ങനെയൊരു പരിശീലനത്തിന് മുന്‍കൈയെടുക്കാന്‍ കാരണം?

ലോകത്തില്‍ വളര്‍ച്ചയുടെ പാതയിലുള്ള സാമ്പത്തിക ശക്തികളെ സാമ്പത്തികവും വ്യാവസായികവുമായി നൈപുണ്യ വികസനത്തിന് സഹായിക്കുക എന്നത് ഒര്‍ഗനൈസേഷന്റെ ഒരു മിഷന്‍ സ്‌റ്റേറ്റുമെന്റാണ്. കൂടാതെ ഹ്രസ്വകാല കോഴ്‌സുകള്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാതലാണ്. കാരണം, ഇന്ന് ഇന്ത്യയിലെ സ്ഥിതി പരിശോധിച്ചാല്‍, സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളും നിയമ വ്യവസ്ഥകളും ഒരു കാലത്ത് കുറ്റമറ്റതായി മെനഞ്ഞെടുത്ത സര്‍വകലാശാല കോഴ്‌സുകളെ ഉപയോഗശൂന്യവും അപ്രസക്തവും ആക്കിത്തീര്‍ക്കുന്നു. ഒരു വിദ്യാര്‍ത്ഥി തന്റെ പഠനം പൂര്‍ത്തിയാക്കുമ്പോഴേക്കും അതുവരെ പഠിച്ചതും, മാറിയ തൊഴില്‍ രീതികളും അതിനാവശ്യമായ വൈദഗ്ധ്യവും തമ്മില്‍ അറിവിന്റെ ഒരു വിടവ് സൃഷ്ടിക്കുന്നു. ഈ വിടവാണ് ഹ്രസ്വകാല കോഴ്‌സുകളിലൂടെ നികത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ ഐഎബിയുടെയും ഐഎഎപിയുടെയും സിലബസ് എല്ലാ വര്‍ഷവും നവീകരിച്ചുകൊണ്ടിരിക്കും. അതോടൊപ്പം ഫാക്കല്‍റ്റികള്‍ക്കും ആറുമാസം കൂടുമ്പോള്‍ പരിശീലനം നല്‍കും. ജിഎസ്ടി നടപ്പാക്കിയതു മൂലമുണ്ടായ എക്കൗണ്ടിംഗിലെ മാറ്റങ്ങള്‍ പലരെയും കുഴപ്പത്തിലാക്കി. പലര്‍ക്കും ഇപ്പോഴും ഇതേപ്പറ്റി ധാരണ ഇല്ല. ജിഎസ്ടിക്കു വേണ്ടി പല സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും നടത്തി.

ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ചുള്ള അഭിപ്രായം?

ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെപ്പറ്റി തെറ്റായ അഭിപ്രായമില്ല. അതേസമയം യുകെയില്‍ തൊഴിലധിഷ്ഠിതവും നൈപുണ്യ വികസനവും അടിസ്ഥാനപ്പെടുത്തിയുള്ള പരിശീലനം ഒരാളെ ജോലി ചെയ്യാന്‍ സജ്ജനാക്കുന്നു. ഇവിടെ ഒരുപക്ഷേ സര്‍വകലാശാല ബിരുദമുണ്ടെങ്കില്‍ പോലും ജോലി കിട്ടണമെന്നില്ല. അതാണ് വ്യത്യാസം. ഒരു കമ്പനിയില്‍ ജോലിക്കെടുക്കുന്ന ആളെ കമ്പനിയുടെ രീതികള്‍ക്കനുസരിച്ച് പരിശീലിപ്പിക്കാന്‍ ധാരാളം പണവും സമയവും ചെലവഴിക്കേണ്ടി വരുന്നു. ഇത്തരം ഹ്രസ്വകാല കോഴ്‌സുകള്‍ ഈ ഭാരം കുറയ്ക്കുന്നു.

കേരളത്തില്‍ ജി-ടെക് പോലുള്ള 24 ല്‍ പരം അംഗീകൃത സെന്ററുകള്‍ വഴിയാണ് ഐഎബി പരിശീലനം നല്‍കുന്നത്. ഐഎബി ടെക്‌നിക്കല്‍ കോഴ്‌സുകളാണ് നല്‍കുന്നത്. ഐഎഎപി കോഴ്‌സുകള്‍ യുകെയിലെ ലെവല്‍ 3 പ്രോഗ്രാമുകള്‍ക്കു തുല്യമാണ്

മാല്‍കം ട്രോട്ടര്‍

പോളിസി അഡൈ്വസര്‍- ഡയറക്റ്റര്‍ ബോര്‍ഡ്, മുന്‍ സിഇഒ ഐഎബി, ഐഎഎപി

പല രാജ്യങ്ങളില്‍ നിന്നുമുള്ള അനുഭവത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളെ എങ്ങനെ വിലയിരുത്തുന്നു?

കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ അര്‍പ്പണബോധം മറ്റെവിടെയും കാണാന്‍ സാധിക്കില്ല. കുട്ടികള്‍ മാത്രമല്ല, കുട്ടികളേക്കാള്‍ ഒരുപക്ഷെ മാതാപിതാക്കളാണ് പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. തന്റെ കുട്ടിക്ക് ലഭ്യമായതില്‍ വച്ചേറ്റവും നല്ല വിദ്യാഭ്യാസം നല്‍കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഒരുപക്ഷേ ഇത്രയും ഇല്ലെങ്കിലും ഇതേ പ്രവണത ഗുജറാത്തിലും കണ്ടിട്ടുണ്ട്. എല്ലാവരും ജോലിയുടെ കാര്യത്തില്‍ രാജ്യത്തിനു പുറത്തു പോകാന്‍ ആഗ്രഹിക്കുന്നവരാണ്.

ഇതുവരെ എത്ര പേര്‍ ഐഎബി, ഐഎഎപി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയിട്ടുണ്ട്?

ആഗോളതലത്തില്‍ രണ്ടര ലക്ഷത്തില്‍ പരവും കേരളത്തില്‍ തന്നെ അന്‍പതിനായിരത്തില്‍ പരം ആളുകളും സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. വിശ്വാസയോഗ്യമായ ആഗോളതലത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ഞങ്ങള്‍ നല്‍കുന്നത്. വിജയികളെല്ലാം ഇതിന്റെ ആഗോളതല അംഗീകാരവും ഗുണവും അനുഭവിച്ചറിഞ്ഞവരാണ്. ഓണ്‍ലൈന്‍ ടെസ്റ്റും അസൈന്‍മെന്റെും വഴിയാണ് അര്‍ഹതയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. യുകെയില്‍ തയാറാക്കി പോസ്റ്റല്‍ വഴി അയക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ വ്യാജന്‍മാരെ അറിയാന്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലുമുണ്ട്.

കേരളത്തില്‍ എങ്ങനെയാണ് കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നത്?

കേരളത്തില്‍ ജി-ടെക് പോലുള്ള 24 ല്‍ പരം അംഗീകൃത സെന്ററുകള്‍ വഴിയാണ് ഐഎബി പരിശീലനം നല്‍കുന്നത്. ഐഎബി ടെക്‌നിക്കല്‍ കോഴ്‌സുകളാണ് നല്‍കുന്നത്. അന്താരാഷ്ട്ര യോഗ്യതാ നിലവാരം പുലര്‍ത്തുന്നുവെന്നു ഐഎബി സാക്ഷ്യപ്പെടുത്തിയ തനതായ കോഴ്‌സ് സിലബസ് ആണ് ജി-ടെക് ഉപയോഗിക്കുന്നത്. ‘എക്‌സ്‌റ്റേണല്‍ അക്രഡിറ്റേഷന്‍’ എന്ന അംഗീകാരമാണ് ജി-ടെക് പ്രോഗ്രാമുകള്‍ക്ക് ഉള്ളത്. അതേസമയം ഐഎഎപി യൂണിവേഴ്‌സിറ്റി തലത്തിലുള്ള പ്രൊഫഷണല്‍ കോഴ്‌സുകളാണ് നല്‍കുന്നത്. ഇവ തെന്നിന്ത്യയിലെ രാജഗിരി, രാജധാനി പോലുള്ള 30 ല്‍ പരം കോളെജുകള്‍ വഴി സിലബസുകളില്‍ ആഡ്-ഓണ്‍ കോഴ്‌സുകളായാണ് പരിശീലിപ്പിക്കുന്നത്. ഐഎഎപി കോഴ്‌സുകള്‍ യുകെയിലെ ലെവല്‍ 3 പ്രോഗ്രാമുകള്‍ക്കു തുല്യമാണ്. നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആയതുകൊണ്ട് സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന തരത്തില്‍ 3000 മുതല്‍ 35,000 വരെയുള്ള ഫീസാണ് രണ്ടു മുതല്‍ എട്ടു മാസം വരെ നീണ്ടുനില്‍ക്കുന്ന കോഴ്‌സുകള്‍ക്കുള്ളത്.

കോളെജുകളിലൂടെയും മറ്റ് സ്റ്റഡീ സെന്ററുകളിലൂടെയും മാത്രമാണോ പരിശീലനം ?

നിലവില്‍ അങ്ങനെയാണ്. ഭാവിയില്‍ കെപിഎംജി ഒമാന്‍ പോലെ ഐഎബിയുടെ അപ്-സ്്കില്ലിംഗ് കോഴ്‌സുകള്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കു വേണ്ടി തുടങ്ങാന്‍ പദ്ധതിയുണ്ട്.

Comments

comments

Categories: Slider, Top Stories