മാലദ്വീപ്: ഇന്ത്യയുടെ അസ്വസ്ഥതകളും ആശങ്കകളും

മാലദ്വീപ്: ഇന്ത്യയുടെ അസ്വസ്ഥതകളും ആശങ്കകളും

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുത്തുമാല പോലെയാണ് മാലദ്വീപിന്റെ കിടപ്പ്. ചരടില്‍ പവിഴമുത്തുകള്‍ കോര്‍ത്തിണക്കിയുള്ള മാല എങ്ങനെയാണോ രൂപംകൊണ്ടിരിക്കുന്നത് അതേപോലെയാണ് മാലദ്വീപ് എന്ന ദ്വീപസമൂഹരാഷ്ട്രവും രൂപപ്പെട്ടിരിക്കുന്നത്. പവിഴപ്പുറ്റുകളുടെ സാന്നിധ്യം മൂലം ഏറെ ആകര്‍ഷകമാണ് 1200 ഓളം ദ്വീപുകളുടെ കൂട്ടായ്മയായ ഈ ദക്ഷിണേഷ്യന്‍ രാഷ്ട്രം. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണെങ്കിലും കഴിഞ്ഞ ഏതാനും നാളുകളായി അവിടെ നിന്നു വരുന്ന വാര്‍ത്തകള്‍ സമാധാനകാംക്ഷികളായ ജനാധിപത്യവിശ്വാസികള്‍ക്ക് ഒട്ടും ആശ്വസിക്കാന്‍ വകനല്‍കുന്നതല്ല.

2008 ല്‍ ബഹുകക്ഷി സമ്പ്രദായത്തിലൂടെ ആദ്യമായി അധികാരത്തിലേറിയ മുഹമ്മദ് നഷീദ് എന്ന ചെറുപ്പക്കാരന്‍ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു. നഷീദിന്റെ എംഡിപി (മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി) മുപ്പത് വര്‍ഷത്തെ ഗയൂം ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ചാണ് അധികാരത്തിലേറിയത്. എന്നാല്‍ 2013ലെ തെരഞ്ഞെടുപ്പില്‍ നിസാര വോട്ടുകള്‍ക്ക് നഷീദിന് അദ്ദേഹത്തിന്റെ എതിരാളിയായ അബ്ദുള്ള യമീന് അധികാരം കൈമാറേണ്ടിവന്നു. പിന്നീട് വളരെ പ്രതികാര ചിന്തയോടെ നഷീദിനോട് പെരുമാറിയ യമീന്‍ ഗവണ്‍മെന്റ് തീവ്രവാദക്കുറ്റം ആരോപിച്ച് അദ്ദേഹത്തെ പതിമൂന്ന് വര്‍ഷം തടവിലാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ചികില്‍സാര്‍ത്ഥം 2015ല്‍ ബ്രിട്ടനില്‍ രാഷ്ട്രീയാഭയം പ്രാപിച്ച നഷീദ് അവിടെ നിന്നും സമരം നയിക്കുകയും യമീന്‍ സര്‍ക്കാരിനെതിരെ നിരന്തരം പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇതിനിടെ യമീന്‍ ക്യാമ്പിലും പ്രതിസന്ധി മൂര്‍ച്ഛിക്കുന്നുണ്ടായിരുന്നു. മുന്‍ ഏകാധിപതി ഗയൂമിന്റെ അര്‍ധസഹോദരന്‍ കൂടിയായ യമീന് തുടക്കത്തില്‍ അദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ഗയൂം പതിയെ നഷീദിനോട് ചേര്‍ന്ന് യമീനെതിരെ തിരിഞ്ഞപ്പോള്‍ എട്ട് പാര്‍ലമെന്റ് അംഗങ്ങളെ അയോഗ്യരാക്കിക്കൊണ്ടാണ് തിരിച്ചടിച്ചത്. ഈ എട്ടു പേരുടെ അയോഗ്യതയും നഷീദ് അടക്കമുള്ളവരുടെ ക്രിമിനല്‍ കുറ്റങ്ങളും കോടതി റദ്ദാക്കിയതോടെയാണ് ഇപ്പോഴത്തെ രാഷ്ട്രീയ അസ്ഥിരത ഉടലെടുത്തത്. കോടതി ഉത്തരവ് പാലിക്കുകയാണെങ്കില്‍ യമീന് നിയമനിര്‍മാണ സഭയായ മജ്‌ലിസില്‍ ഭൂരിപക്ഷം നഷ്ടപ്പെടും.

അതുകൊണ്ട് സൈന്യത്തെ കൂട്ടുപിടിച്ച് രാജ്യത്ത് 15 ദിവസത്തെ അടിയന്തരാവസ്ഥയാണ് പ്രസിഡന്റ് യമീന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ ശ്രീലങ്കയിലുള്ള പ്രതിപക്ഷ നേതാവ് നഷീദ് ഇന്ത്യയോട് സൈനിക ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനു മുന്‍പ് 1988ല്‍ ഗയൂമിനെ അട്ടിമറിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടപ്പോള്‍ ഓപ്പറേഷന്‍ കാക്റ്റസ് എന്ന പേരില്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ മാലദ്വീപില്‍ സൈനിക ഇടപെടല്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ചൈനയുമായി വളരെയേറെ അടുത്ത യമീന്‍ സര്‍ക്കാര്‍ അവരുടെ അചഞ്ചല പിന്തുണ ഉറപ്പാക്കിയതാണ് ഇപ്പോള്‍ ഇന്ത്യയെ കുഴയ്ക്കുന്നത്. നഷീദാകട്ടെ അറിയപ്പെടുന്ന ഇന്ത്യന്‍ പക്ഷവാദിയും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയും സന്ദര്‍ശനം നടത്താത്ത ഏക ദക്ഷിണേഷ്യന്‍ രാഷ്ട്രം മാലദ്വീപാണ്. ചൈനയാകട്ടെ അവരുടെ ഒബിഒആര്‍ പദ്ധതിയിലും മാരിടൈം സില്‍ക്ക് റോഡ് പദ്ധതിയിലും മാലദ്വീപിനെ അവിഭാജ്യ ഘടകമായാണ് കണക്കാക്കിയിരിക്കുന്നത്. സൗദി അറേബ്യയും ചൈനയും യമീനെ ഏതറ്റം വരെയും പോയി സംരക്ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ശ്രീലങ്കയിലെ ഹമ്പന്‍ടോട്ടയിലും ആഫ്രിക്കയിലെ ജിബൂട്ടിയിലും സൈനികതാവളങ്ങള്‍ തുറന്ന ചൈനയ്ക്ക് ഇന്ത്യയെ വരിഞ്ഞുമുറുക്കാന്‍ മാലദ്വീപ് എന്ന ഘടകം അത്യന്താപേക്ഷിതമാണ്. കൂടാതെ അന്തര്‍ദേശീയ കപ്പല്‍ ഗതാഗത റൂട്ടിലെ അവിഭാജ്യമായ ഇടനാഴിയും മാലദ്വീപ് സമുദ്രത്തിലൂടെയാണ് കടന്നുപോകുന്നത്. സമ്പൂര്‍ണ സുന്നി മുസ്ലീം രാജ്യമായ മാലദ്വീപില്‍ നിന്നാണ് ശതമാനക്കണക്കില്‍ ഏറ്റവുമധികം ചെറുപ്പക്കാര്‍ ഐഎസിന്റെ ഭാഗമായി സിറിയന്‍ മേഖലയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ഇന്ത്യക്കും സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന ഘടകമാണ്.

നാലര ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള മാലദ്വീപില്‍ 25000ത്തിലധികം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിപക്ഷവും മലയാളികളും. വിനോദസഞ്ചാരം മുഖ്യ വരുമാനമാര്‍ഗമായ മാലദ്വീപിലേക്കുള്ള സഞ്ചാരികളില്‍ ബഹുഭൂരിപക്ഷവും വരുന്നത് ചൈനയില്‍ നിന്നാണ്. ആറു ശതമാനം സഞ്ചാരികള്‍ ഇന്ത്യയില്‍ നിന്നും. അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടര്‍ന്ന് വിനോദസഞ്ചാര മേഖല സ്തംഭിച്ചുവെന്നു മാത്രമല്ല സഞ്ചാരികള്‍ ബാലി, മൗറീഷ്യസ് തുടങ്ങിയ മാലദ്വീപിനോട് സമാനമായ കടല്‍തീരങ്ങളുള്ള സ്ഥലങ്ങളിലേക്ക് ടൂര്‍ മാറ്റി വിടുന്നതും ദീര്‍ഘകാലയളവില്‍ മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

വിദ്യാഭ്യാസം, ചികില്‍സ, വിനോദം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ നൂറുകണക്കിന് മാലദ്വീപുകാരാണ് ഇന്ത്യയില്‍ വരുന്നത്. ഇതിന്റെ പ്രധാനഗുണഭോക്താവാകട്ടെ കേരളവും. മാലദ്വീപ് സമ്പദ് വ്യവസ്ഥയിന്മേലുള്ള ഏതൊരു തിക്താനുഭവവും നമ്മളെയും നേരിട്ട് ബാധിക്കുമെന്നുറപ്പാണ്.

മാലദ്വീപ് ചീഫ് ജസ്റ്റിസ് അബ്ദുള്ള സയീദ്, മുന്‍ ഏകാധിപതി മൈമൂന്‍ ഗയൂം എന്നിവരെയൊക്കെ തടവിലാക്കി എത്രകാലം യമീന്‍ മുന്നോട്ടുപോകുമെന്നാണ് നിരീക്ഷകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ഒന്‍പത് സര്‍ക്കാര്‍ വിമതരെയും പന്ത്രണ്ട് പാര്‍ലമെന്റ് അംഗങ്ങളെയും സ്വതന്ത്രരാക്കാനുള്ള കോടതിവിധി മാനിക്കാതെ ചൈനയെ മാത്രം വിശ്വസിച്ച് മുന്നോട്ടു നീങ്ങിയാല്‍ അബ്ദുള്ള യമീന് കാലം തിരിച്ചടി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

85 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായ യമീന്‍ അറ്റോര്‍ണി ജനറല്‍ മൊഹമ്മദ് അനിലിനെ വച്ചുകൊണ്ട് വലിയൊരു രാഷ്ട്രീയ നാടകം കളിക്കുകയാണ്. രാജ്യത്തിന്റെ ജിഡിപിയുടെ പകുതിയിലധികവും വരുന്നത് വിനോദസഞ്ചാരത്തിലൂടെയാണ്. 2017ല്‍ പതിനാല് ലക്ഷം വിദേശികള്‍ മാലദ്വീപ് സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിന്റെ 30 ശതമാനവും ചൈനയില്‍ നിന്നുള്ളവരാണ്. മല്‍സ്യബന്ധനവും നാളികേര കൃഷിയും പരമ്പരാഗത വ്യവസായമായി നിലനിന്നിരുന്ന മാലദ്വീപ് എന്ന ദ്വീപ് രാഷ്ട്രത്തെ വിനോദസഞ്ചാരം തന്നെയാണ് മാറ്റിമറിച്ചത്.

2011 മുതലാണ് ചൈനയുടെ മാലദ്വീപ് ബന്ധം തുടങ്ങുന്നത്. 1887 മുതല്‍ 1965 വരെ ബ്രിട്ടന്റെ കോളനിയായിരുന്ന മാലദ്വീപ് പിന്നീട് സ്വാതന്ത്ര്യം പ്രാപിക്കുകയായിരുന്നു. 1968ല്‍ റിപ്പബ്ലിക്കായി മാറിയ മാലദ്വീപിനെ 1978 മുതല്‍ 2008 വരെ അടക്കി ഭരിച്ച ഗയൂമിന്റെ കാലത്ത് രാഷ്ട്രീയ അച്ചടക്കം ഉണ്ടായിരുന്നു. 2008ല്‍ ബഹുകക്ഷി സമ്പ്രദായം അനുവദിച്ചതോടെ ഈ കൊച്ചുരാജ്യം അതിന്റെ ജനാധിപത്യ അപക്വതയും പ്രകടിപ്പിക്കാന്‍ തുടങ്ങി. 230 ദ്വീപുകളില്‍ മാത്രമേ ആള്‍ത്താമസമുള്ളു. ഇതില്‍ത്തന്നെ 1/3 ജനങ്ങളും താമസിക്കുന്നത് തലസ്ഥാനമായ മാലെയിലാണ്.

അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തില്‍ മാലദ്വീപിന് നിര്‍ണായക സ്ഥാനമാണുള്ളത്. കടല്‍ക്കൊള്ളക്കാരെ തുരത്താന്‍ ഇന്ത്യക്കും ചൈനയ്ക്കും മാലദ്വീപിനെ ആവശ്യമുണ്ട്. വംശീയമായും സാംസ്‌കാരികമായും മതപരമായും വാണിജ്യപരമായും ഏറെ പ്രാധാന്യം ഈ സാര്‍ക്ക് രാജ്യത്തിനുണ്ട്. നൂറുകണക്കിന് ഇന്ത്യന്‍ അധ്യാപകരും നഴ്‌സുമാരും മാലദ്വീപില്‍ ജോലി ചെയ്യുന്നുണ്ട്. തിരിച്ച് ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് ദ്വീപുകാര്‍ ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. കേരളമാണ് ഇതിന്റെയെല്ലാം വലിയൊരു ഗുണഭോക്താവും. ദക്ഷിണേഷ്യയിലെ ഈ ചെറു ദ്വീപ് രാജ്യത്തിലുണ്ടാകുന്ന ഏതൊരു അസ്വസ്ഥതയും നമുക്കു തലവേദനയായി മാറാം. പവിഴമാലകള്‍ കെട്ടുറപ്പോടെ നിലനില്‍ക്കുന്നതു തന്നെയാണ് നമുക്ക് അഭികാമ്യവും.

 

Comments

comments

Categories: Slider, World

Related Articles