പ്രണയത്തിന് വിലയേറുന്നു, ചെലവഴിക്കലിലെ 5 ട്രെന്‍ഡുകള്‍

പ്രണയത്തിന് വിലയേറുന്നു, ചെലവഴിക്കലിലെ 5 ട്രെന്‍ഡുകള്‍

പ്രണയദിനത്തിനു പ്രിയമേറുന്നതിനൊപ്പം ചെലവും വര്‍ധിക്കുന്നതായി സര്‍വേ. വാലന്റൈന്‍ ദിനത്തോടനുബന്ധിച്ച് കച്ചവടം കൊഴുപ്പിക്കാന്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വിപണികള്‍ മല്‍സരിക്കുമ്പോള്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍ക്ക് ചെലവേറുന്നതായും സര്‍വേ സൂചിപ്പിക്കുന്നു

പ്രണയിക്കുന്നവരുടെ ഇഷ്ടദിനമാണ് ഫെബ്രുവരി 14-വാലന്റൈന്‍ ദിനം. പ്രസ്തുത ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വിപണിയില്‍ കച്ചവടത്തിരക്കും ഡിസ്‌കൗണ്ട് ഓഫറുകളും സജീവമാണ്. പ്രണയത്തിനും പ്രണയദിനത്തിനും ഇത്ര വലിയ വിലയുണ്ടോ എന്ന് അതിശയിപ്പിക്കും വിധമാണ് വിപണിയിലെ കച്ചവട സൂചനകള്‍. പ്രണയത്തിലെ കച്ചവട കണക്കുകള്‍ ഇത്രകണ്ടു വര്‍ധിച്ച സാഹചര്യത്തില്‍ പ്രമുഖ ഓണ്‍ലൈന്‍ കൂപ്പണ്‍, ഡിസ്‌കൗണ്ട് ഷോപ്പിംഗ് വെബ്‌സൈറ്റായ കാഷ്‌കരോ ഇതു സംബന്ധിച്ചു നടത്തിയ സര്‍വേയില്‍ പ്രണയാഘോഷത്തിന്റെ രസകരമായ ട്രെന്‍ഡുകളും കണക്കുകളുമാണ് പുറത്തു വന്നിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ പ്രണയത്തിന് വില അല്‍പം കൂടുതലാണെന്നാണ് സര്‍വേ ഫലങ്ങള്‍.

അക്ഷരാര്‍ത്ഥത്തില്‍ പങ്കാളികള്‍ക്കായി വാലന്റൈന്‍ ദിനത്തില്‍ എത്രത്തോളം പണം ചെലവഴിക്കാം എന്നതിനെ ആശ്രയിച്ചാണ് പ്രണയത്തിന്റെ വില ആധുനിക ലോകത്ത് ഇന്നു നിര്‍ണയിക്കപ്പെടുന്നത്. വില കൂടിയ സമ്മാനങ്ങളും കാന്‍ഡില്‍ ലൈറ്റ് ഡിന്നറുകളുമായി ഒട്ടുമിക്കരും ഈ ദിനം ആഘോഷമാക്കാന്‍ താല്‍പര്യപ്പെടുന്നവരാണെന്നും സര്‍വേ പറയുന്നു.

വാലന്റൈന്‍ ദിനത്തിലെ ചെലവഴിക്കല്‍ ട്രെന്‍ഡുകള്‍ മനസിലാക്കുന്നതിനായി ഏകദേശം 2000ത്തോളം ആളുകളെ പങ്കെടുപ്പിച്ചാണ് കാഷ്‌കരോ സര്‍വേ നടത്തിയത്. 53 ശതമാനം പുരുഷന്‍മാരും 47 ശതമാനത്തോളം സ്ത്രീകളും സര്‍വേയില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞു. ഒട്ടുമിക്ക നഗരങ്ങളില്‍ നിന്നുമായി 18നും 30നും ഇടയില്‍ പ്രായമുള്ള എഴുപതു ശതമാനം ആളുകള്‍ സര്‍വേയില്‍ ഏറ്റവും കൂടുതലായി പ്രതികരിച്ചിട്ടുമുണ്ട്. സര്‍വേയിലെ പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ ചുവടെ.

വാലന്റൈന്‍ ദിനം സ്‌പെഷലാണ്

പ്രണയജോഡിയെന്നോ വിവാഹിതരെന്നോ വ്യത്യാസമില്ലാതെ വാലന്റൈന്‍ ദിനം എവര്‍ക്കും പ്രത്യേകതയുള്ളതായാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കിയത്. വിവാഹിതരായാലും വിവാഹ നിശ്ചയം കഴിഞ്ഞാലും ഡേറ്റിംഗ് ആയാലും പങ്കാളികള്‍ക്കായി എന്തെങ്കിലും സമ്മാനം വാങ്ങുന്നവരാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകളും. പൂക്കള്‍, കാര്‍ഡ്, മറ്റു സമ്മാനങ്ങള്‍ എന്നിവയ്ക്കായി 1500 മുതല്‍ 3000 രൂപ വരെ ചെലവഴിക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

പ്രണയദിനം കൂടുതല്‍ ആഘോഷമാക്കുന്നത് കൗമാരക്കാര്‍

പ്രണയദിനത്തില്‍ ചെലവാക്കലില്‍ മുന്‍പന്തിയിലുള്ളവര്‍ 16നും 24നും ഇടയില്‍ പ്രായമുള്ളവരാണ്. കുറഞ്ഞത് 2000 രൂപ എങ്കിലും ഇക്കൂട്ടര്‍ പ്രണയദിനത്തിനായി ചെലവാക്കുമെന്നാണ് സര്‍വേ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. മാത്രമല്ല ഈ വിഭാഗത്തില്‍ നിന്നും സര്‍വേയില്‍ പങ്കെടുത്തവരില്‍ 79ശതമാനം ആളുകളും പ്രണയദിനത്തില്‍ സമ്മാനങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്നും പ്രതികരിച്ചിട്ടുണ്ട്.

വിവാഹിതരില്‍ ഡിന്നര്‍ ഡേറ്റുകള്‍ക്ക് മുന്‍ഗണന

വാലന്റൈന്‍ ദിനത്തില്‍ വിവാഹിതരില്‍ ഭൂരിഭാഗം ആളുകളും ഔട്ട്‌ഡോര്‍ ഡിന്നര്‍ ഡേറ്റുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ വിവാഹിതരായ പകുതിയില്‍ കുറവ് ആളുകള്‍ മാത്രമാണ് സമ്മാനങ്ങള്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയത്.

പ്രണയദിനത്തില്‍ ചെലവേറെയും പുരുഷന്‍മാര്‍ക്ക്

സര്‍വേയില്‍ പങ്കെടുത്തവരില്‍ (സ്ത്രീകളും പുരുഷന്‍മാരും) ഭൂരിഭാഗം ആളുകളും ഡേറ്റിംഗിലും മറ്റുമായി പുരുഷന്‍മാര്‍ ബില്ല് അടയ്ക്കണം എന്നതിനാണ് മുന്‍തൂക്കം നല്‍കിയത്. 77ശതമാനം പുരുഷന്‍മാരും ഇതു ശരിവെക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ക്കായി കൂടുതല്‍ ചെലവാക്കുന്നതും മറ്റും നഗരങ്ങളിലും അര്‍ധ നഗരപ്രദേശങ്ങളിലും മാത്രമായി ഒതുങ്ങുന്നതായും സര്‍വേ സൂചിപ്പിക്കുന്നു.

ഓണ്‍ലൈന്‍ സമ്മാനങ്ങള്‍ക്ക് പ്രിയമേറുന്നു

വാലന്റൈനുകള്‍ക്കായി ഓണ്‍ലൈന്‍ വിപണിയില്‍ നിന്നും സമ്മാനങ്ങള്‍ വാങ്ങാനാണ് ഇന്നു പ്രിയമേറുന്നത്. ഓഫ്‌ലൈന്‍ വിപണികളെ ആശ്രയിക്കുന്നവരുടെ തോത് 19 ശതമാനമായി ചുരുങ്ങിയെന്നും കാഷ്‌കരോ സര്‍വേ വെളിപ്പെടുത്തുന്നു. സര്‍വേയില്‍ പങ്കെടുത്ത 78ശതമാനം ആളുകളും വിവിധ ഓണ്‍ലൈന്‍ വിപണികളില്‍ നിന്നുള്ള ഡിസ്‌കൗണ്ട് ഓഫറിനായി കാത്തിരിക്കുന്നവരാണ്.

Comments

comments

Categories: Slider, Top Stories

Related Articles