ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ വെട്ടിച്ചുരുക്കുമെന്ന് യൂണിലിവര്‍

ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ വെട്ടിച്ചുരുക്കുമെന്ന് യൂണിലിവര്‍

ലണ്ടന്‍: ഫേസ്ബുക്ക്, ഗൂഗിള്‍ പോലുള്ള മുന്‍നിര ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കു നല്‍കുന്ന പരസ്യങ്ങള്‍ വെട്ടിച്ചുരുക്കുമെന്ന മുന്നറിയിപ്പുമായി യൂണിലിവര്‍ രംഗത്ത്. സമൂഹത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കുകയോ കുട്ടികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തില്‍ പരസ്യങ്ങള്‍ക്കുള്ള നിക്ഷേപം പിന്‍വലിക്കുമെന്നാണ് യൂണിലിവര്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ പരസ്യദാതാക്കളുടെ നിരയിലുള്ള യൂണിലിവറിന്റെ നിലപാട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നതാണ്.

കാലിഫോര്‍ണിയയില്‍ അടുത്തയാഴ്ച നടക്കുന്ന ഇന്ററാക്റ്റീവ് അഡ്വര്‍ടൈസിംഗ് ബ്യൂറോ കോണ്‍ഫറന്‍സില്‍ കമ്പനിയുടെ പദ്ധതികള്‍ യൂണിലിവറിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ കെയ്ത് വീഡ് പ്രഖ്യാപിക്കും. വ്യാജവാര്‍ത്തകളും വിഷലിപ്തമായ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളും പ്രചരിക്കുന്ന ഈ കാലഘട്ടത്തില്‍ സുതാര്യതയും ഉപഭോക്തൃ വിശ്വാസവും മെച്ചപ്പെടുത്താന്‍ ടെക്‌നോളജി ഇന്‍ഡസ്ട്രിയോട് വീഡ് ആഹ്വാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിശ്വസ്ത പരസ്യസേവനദാതാക്കളാണ് യൂണിലിവര്‍. സമൂഹത്തിന് പ്രയോജനകരമായ സംഭാവനകള്‍ നല്‍കാത്ത പ്ലാറ്റ്‌ഫോമുകളില്‍ പരസ്യം നല്‍കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല- സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ വീഡ് തയാറാക്കിയ കുറിപ്പില്‍ ഇങ്ങനെ പറയുന്നതായി സൂചനയുണ്ട്.

മൂന്നാം കക്ഷിയുടെ പരിശോധനകള്‍ ഉപഭോക്താക്കള്‍ കാര്യമായി എടുക്കാറില്ല. ഉപഭോക്താക്കള്‍ വ്യാജവാര്‍ത്തകളിലും വഞ്ചനാപരമായ കാര്യങ്ങളിലുമാണ് ശ്രദ്ധകൊടുക്കുന്നത്. പരസ്യദാതാക്കളുടെ മൂല്യത്തിലും അവര്‍ തല്‍പരരല്ല. എന്നാല്‍ കുട്ടികളെ ചൂഷണ ചെയ്യുന്നവരും തീവ്രവാദത്തിനം പണം നല്‍കുന്നവരും കൊടുക്കുന്ന പരസ്യങ്ങള്‍ക്കും സമീപം തങ്ങളുടെ ഇഷ്ട ബ്രാന്‍ഡിനെ കണ്ടാല്‍ അവര്‍ അതു ഗൗരവത്തിലെടുക്കും- വീഡിന്റെ വാക്കുകള്‍ ഇത്തരത്തിലായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഡോവ് ബോഡി ലോഷന്റെ ഒരു പരസ്യം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത് യൂണിലിവറിനെ തന്നെ വലിയ വിവാദക്കുരുക്കില്‍ എത്തിച്ചിരുന്നു. വംശീയതയുടെ പേരില്‍ അത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. കറുത്ത നിറമുള്ള സ്ത്രീ ഡോവിന്റെ ബോഡി ലോഷനിലൂടെ വെളുത്ത നിറത്തിലേക്ക് മാറുന്നതായി അര്‍ത്ഥം വരുന്ന രീതിയിലായിരുന്നു പരസ്യം. പിന്നീട് യൂണിലിവര്‍ ഇതിന് നിരുപാധികം ക്ഷമാപണം നടത്തുകയാണുണ്ടായത്.

പരസ്യങ്ങളില്‍ ലിംഗഭേദം കര്‍ശനമായി കൈകാര്യം ചെയ്യാന്‍ പ്രതിജ്ഞാബദ്ധമാണെന്നും മെച്ചപ്പെട്ട ഡിജിറ്റല്‍ പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള സംഘടനകളുമായും സ്ഥാപനങ്ങളുമായും മാത്രമായിരിക്കും തുടര്‍ന്നുള്ള സഹകരണമെന്നും യൂണിലിവര്‍ അടിവരയിടുന്നു.

Comments

comments

Categories: Business & Economy