ഊര്‍ജ്ജരംഗത്ത് 22 ബില്ല്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ ദുബായ്

ഊര്‍ജ്ജരംഗത്ത് 22 ബില്ല്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ ദുബായ്

ദുബായ്: ഊര്‍ജ്ജരംഗത്ത് വലിയ വിപ്ലവത്തിനൊരുങ്ങുകയാണ് ദുബായ് നഗരം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിവിധ ഊര്‍ജ്ജ പദ്ധതികള്‍ക്കായി 22 ബില്ല്യണ്‍ ഡോളര്‍ ചെലവിടാനാണ് സര്‍ക്കാരിന്റെ പദ്ധതി. ദുബായ് സര്‍ക്കാരിന്റെ കീഴിലുള്ള ദുബായ് ഇലക്ട്രിസിറ്റി & വാട്ടര്‍ അതോറിറ്റി (ഡെവ) ആയിരിക്കും പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുക. പുനരുപയോഗ ഊര്‍ജ്ജ സ്രോസതസ്സുകള്‍ക്കാണ് ദുബായ് പ്രാധാന്യം നല്‍കുന്നതെന്ന് ഡെവയുടെ സിഇഒ സയിദ് മൊഹമ്മദ് അല്‍ തയെര്‍ പറഞ്ഞു.

ജര്‍മനിയുടെ സീമെന്‍സിനും ഈജിപ്റ്റിലെ എല്‍ സെവെഡി പവറിനുമായി കഴിഞ്ഞ ആഴ്ച്ചയാണ് 815 മെഗാവാട്ട് ശേഷിയുള്ള ടര്‍ബൈന്‍ പദ്ധതിയുടെ കരാര്‍ ദുബായ് നല്‍കിയത്. അല്‍ അവീറിന്റെ പ്രാന്തപ്രദേശങ്ങളിലായാണ് പദ്ധതി. ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പാര്‍ക്കും ദുബായില്‍ ഒരുങ്ങുകയാണ്. ഇലക്ട്രിസിറ്റിയുടെ പ്രധാന സ്രോതസ്സായി സൗരോര്‍ജ്ജത്തെ മാറ്റുകയെന്നതാണ് ദുബായ് സര്‍ക്കാരിന്റെ പദ്ധതി. ഇത് മുന്‍കൂട്ടിക്കണ്ടാണ് ഏറ്റവും വലിയ സൗരോര്‍ജ്ജ പാര്‍ക്ക് ദുബായ് നിര്‍മിക്കുന്നത്. വൈദ്യുതോര്‍ജ്ജത്തിനായി പ്രകൃതി വാതകത്തെ ആശ്രയിക്കുന്ന അവസ്ഥയ്ക്ക് കുറവ് വരുത്തുകയാണ് ഉദ്ദേശ്യം.

2050 ആകുമ്പോഴേക്കും ആവശ്യകതയുടെ 70 ശതമാനവും പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നാക്കാനാണ് ഞങ്ങളുടെ പദ്ധതി. 2020 ആകുമ്പോഴേക്കും ഞങ്ങള്‍ക്ക് 9 ശതമാനമെങ്കിലും ഈ നേട്ടം കരസ്ഥമാക്കാന്‍ സാധിക്കും. നേരത്തെ ഏഴ് ശതമാനമായിരുന്നു പദ്ധതിയിട്ടത്. അതിനേക്കാള്‍ കൂടുതല്‍ നേടാന്‍ സാധിക്കും-അല്‍ തയെര്‍ പറഞ്ഞു.

250 മെഗാവാട്ട് ശേഷിയുള്ള മേഖലയിലെ ആദ്യ ഹൈഡ്രോഇലക്ട്രിക് പമ്പ്ഡ് സ്റ്റോറേജ് പ്ലാന്റും ഡെവ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മൊത്തത്തില്‍ സ്മാര്‍ട്ട് ആകാനാണ് ദുബായ് സര്‍ക്കാരിന്റെ തീരുമാനം. അതിന് പ്രകൃതിയോട് ഏറ്റഴും ഇണങ്ങിയുള്ള സമീപനമാണ് അവര്‍ സ്വീകരിക്കുന്നത്.

Comments

comments

Categories: Arabia