‘ഉപഭോക്താക്കള്‍ ഉല്‍പ്പന്നങ്ങള്‍ തേടി വരുന്നിടത്താണ് വിജയം’

‘ഉപഭോക്താക്കള്‍ ഉല്‍പ്പന്നങ്ങള്‍ തേടി വരുന്നിടത്താണ് വിജയം’

കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇന്ത്യയില്‍ സജീവമാണ് ഫോട്ടോ-കാമറ ടെക്‌നോളജി രംഗത്തെ ജപ്പാന്‍ ബ്രാന്‍ഡായ കാനന്‍. 2020 ആകുമ്പോഴേക്കും ഇന്ത്യന്‍ വിപണിയുടെ സിംഹഭാഗവും സ്വന്തമാക്കുമെന്ന് കാനന്‍ ഇന്ത്യ പ്രൊഫഷണല്‍ പ്രിന്റിംഗ് പ്രൊഡക്റ്റ്‌സ് ഡയറക്റ്റര്‍ പുനീത് ദത്ത പറയുന്നു. കാനനിന്റെ ഇങ്ക്‌ജെറ്റ് ഫോട്ടോ പ്രിന്റിംഗ് സാങ്കേതികവിദ്യയായ ഡ്രീംലാബോ 5000 ഈ രംഗത്ത് വന്‍മാറ്റങ്ങള്‍ തന്നെ സൃഷ്ടിക്കുമെന്ന് ദത്ത അഭിപ്രായപ്പെട്ടു. പരമ്പരാഗതമായി ഉപയോഗിക്കുന്ന സില്‍വര്‍ ഹാലൈഡ് സാങ്കേതിക വിദ്യക്ക് പകരമായി മികച്ച വേഗതയില്‍ ദോഷകരമായ കെമിക്കലുകള്‍ ഒന്നുമില്ലാതെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള പ്രിസിഷന്‍ പ്രിന്റിംഗ് വാഗ്ദാനം ചെയ്യുന്ന ഡ്രീം ലാബോ 5000ത്തിനെ അടിസ്ഥാനമാക്കി ദക്ഷിണേന്ത്യന്‍ വിപണി കീഴടക്കുന്നതിനായാണ് വരും വര്‍ഷങ്ങളില്‍ കാനന്‍ ശ്രമിക്കുക എന്ന് പുനീത് ദത്ത വ്യക്തമാക്കുന്നു. പുനീത് ദത്ത ഫ്യൂച്ചര്‍ കേരളയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

ഫോട്ടോ പ്രിന്റിംഗ് ടെക്‌നോളജിയുടെ ഇന്ത്യയിലെ ഭാവി സാധ്യതകള്‍ എങ്ങനെ വിലയിരുത്തുന്നു?

ഇത് ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെ കാലമാണ്. ഫോട്ടോകള്‍ കൂടുതലായാലും സോഫ്റ്റ് കോപ്പികള്‍ ആയി മാത്രം സൂക്ഷിച്ചിരുന്ന രീതിയാണ് കഴിഞ്ഞ കുറച്ചു നാളുകളായി കണ്ടു വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നും വിഭിന്നമായി പ്രിന്റിംഗിലേക്ക് കൂടി ആളുകള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതല്‍ റിയലിസ്റ്റിക് അനുഭവം പ്രദാനം ചെയ്യുന്നതിന് ഡിജിറ്റല്‍ ഫോട്ടോ പ്രിന്റിംഗ് ടെക്‌നോളജി സഹായകരമാകുന്നു എന്നതിനാലാണ് ഇത്. അതിനാല്‍ തന്നെ കാനന്‍ പോലുള്ള കമ്പനികള്‍ കൂടുതലായും ശ്രദ്ധിക്കുന്നത് ഇത്തരം മേഖലകളിലാണ്. ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള ഫോട്ടോ പ്രിന്റിംഗ് വാഗ്ദാനം ചെയ്യുന്ന ഡ്രീം ലാബോ 5000 പോലുള്ള ഇങ്ക്‌ജെറ്റ് പ്രിന്ററുകള്‍ക്ക് ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ തന്നെ കൊണ്ട് വരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഡ്രീംലാബോ 5000 എങ്ങനെയാണ് മറ്റു പ്രിന്റിംഗ് ടെക്‌നൊളജികളില്‍ നിന്നും വ്യത്യസ്തമാകുന്നത്?

കാനനിന്റെ ഏറ്റവും മികച്ച ഫോട്ടോ ഡിജിറ്റല്‍ പ്രിന്റിംഗ് ടെക്‌നോളജിയാണ് ഡ്രീംലാബോ 5000. വെഡ്ഡിംഗ് ഫോട്ടോഗ്രാഫി രംഗത്ത് വന്‍മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിനാകും എന്നാണ് പ്രതീക്ഷ. പരമ്പരാഗതമായി ഉപയോഗിക്കുന്ന സില്‍വര്‍ ഹാലൈഡ് സാങ്കേതിക വിദ്യക്ക് പകരമായി മികച്ച വേഗതയില്‍ ദോഷകരമായ കെമിക്കലുകള്‍ ഒന്നുമില്ലാതെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള പ്രിസിഷന്‍ പ്രിന്റിംഗ് വാഗ്ദാനം ചെയ്യുകയാണ് ഡ്രീം ലാബോ 5000 ചെയ്യുന്നത്. 300 എംഎം വൈഡ് പ്രിന്റിംഗ് സാധ്യമാകുന്ന ഉയര്‍ന്ന ഡെന്‍സിറ്റിയിലുള്ള പ്രിന്റിംഗ് ഹെഡ് ആണ് ഡ്രീംലാബോ 5000ത്തിന്റെ മറ്റൊരു പ്രത്യേകത. 12 ത 25 സൈസ് വരെയുള്ള രണ്ട് വശത്തുമുള്ള ഓട്ടോമാറ്റിക്ക് പ്രിന്റിംഗ് വഴി എ ഫോര്‍ സൈസ് പേജില്‍ മണിക്കൂറില്‍ ആയിരം പേജും 4ഃ6′ സൈസില്‍ മണിക്കൂറില്‍ 2300 പേജും പ്രിന്റ് ചെയ്യാന്‍ ഡ്രീംലാബോ 5000ന് സാധിക്കും. ഏഴ് നിറങ്ങളുടെ ഷേഡുകള്‍ അടിസ്ഥാനമാക്കിയുള്ള ഇങ്ക് ഉപയോഗപ്പെടുത്തുന്ന ഡ്രീംലാബോ 5000 കൂടുതല്‍ സ്മൂത്താണ്. സാധാരണ സില്‍വര്‍ ഹാലൈഡ് സാങ്കേതിക വിദ്യയെ അപേക്ഷിച്ച് കാനനിന്റെ ഇങ്ക്‌ജെറ്റ് പ്രിന്റിംഗ് ഷേഡിംഗ് മികച്ച വര്‍ണവിന്യാസത്തിന് സഹായിക്കുന്നു. ഡ്രീംലാബോ 5000 ഇന്ത്യയില്‍ ഇതുവരെ ഏഴെണ്ണമാണ് സ്ഥാപിച്ചിരിക്കുന്നത്.

കാനനിന്റെ ഇന്ത്യന്‍ വിപണിയിലെ വളര്‍ച്ചയെ എങ്ങനെ വിലയിരുത്തുന്നു?

1997ല്‍ ഇന്ത്യന്‍ വിപണിയില്‍ വേരുറപ്പിച്ചതിനു ശേഷം ഓരോ വര്‍ഷവും മികച്ച വളര്‍ച്ചയാണ് കാനന്‍ കാഴ്ചവെച്ചത്. മാറുന്ന കാലത്തിനും കാലത്തിന്റെ അനിവാര്യതകള്‍ക്കും അനുസൃതമായി മികച്ച ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് കാനനിന്റെ വിജയമാണ്. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മികച്ച വിപണി നേടിയെടുക്കാന്‍ കാനനിന് സാധിച്ചു. നോട്ട്് അസാധുവാക്കല്‍, ജിഎസ്ടി എന്നിവയുടെ പ്രത്യാഘാതങ്ങള്‍ ഉള്ളപ്പോള്‍ പോലും സ്ഥാപനത്തില്‍ നെഗറ്റിവ് വളര്‍ച്ച ഉണ്ടായിട്ടില്ല. ഇതുവരെയുള്ള നേട്ടങ്ങളെ അടിസ്ഥാനമാക്കി വരും വര്‍ഷങ്ങളില്‍ മികച്ച പദ്ധതികളാണ് കാനന്‍ ആവിഷ്‌കരിക്കുന്നത്.

കാനനിന്റെ ബ്രാന്‍ഡിംഗിനെക്കുറിച്ച്?

കാനനിന്റെ വളര്‍ച്ചയ്ക്ക് കൂടുതലും സഹായകമായിരിക്കുന്നത് ഓറല്‍ പബ്ലിസിറ്റി തന്നെയാണ്. കാനന്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ നല്‍കുന്ന ഫീഡ്ബാക്ക് ആണ് ഏറ്റവും മികച്ച പബ്ലിസിറ്റി. പ്രത്യേകിച്ച് ഡ്രീംലാബോ 5000 പോലുള്ള പ്രോജക്റ്റുകളില്‍, ഉപകരണത്തെ പറ്റി നല്‍കുന്ന പരസ്യം എത്രമാത്രം ജനങ്ങളിലേക്ക് എത്തും എന്ന് പറയാനാവില്ല. എന്നാല്‍ ഡ്രീം ലാബോയില്‍ പ്രിന്റ് ചെയ്ത ഫോട്ടോകള്‍ അതിന്റെ ഗുണമേന്മയെ പറ്റി സംസാരിക്കും. അത് തന്നെയാണ് നമുക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ബ്രാന്‍ഡിംഗും പബ്ലിസിറ്റിയും. നാം ഉപഭോക്താക്കളെ തേടി പോകുന്നിടത്തല്ല, ഉപഭോക്താക്കള്‍ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ തേടി വരുന്നിടത്താണ് ഒരു സ്ഥാപനത്തിന്റെ വിജയം.

2020ല്‍ സ്ഥാപനം ലക്ഷ്യമിടുന്ന പദ്ധതികള്‍?

2020 എന്നത് കാനന്‍ ഇന്ത്യയെ സംബന്ധിച്ച് ഒരു മികച്ച വര്‍ഷം ആയിരിക്കണം എന്ന ലക്ഷ്യത്തിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. വാണിജ്യാടിസ്ഥാനത്തില്‍ കൂടുതല്‍ മികച്ച സ്ഥാനം നേടിയെടുക്കാനുള്ള പദ്ധതികളാണ് ഇപ്പോള്‍ ആവിഷ്‌കരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഫോട്ടോ, ഡിജിറ്റല്‍ പ്രിന്റിംഗ് മേഖലയില്‍ ഒന്നാം സ്ഥാനത്തെത്തുക എന്നത് തന്നെയാണ് പ്രാഥമിക ലക്ഷ്യം.

Comments

comments

Categories: Business & Economy, Slider