എണ്ണ ആവശ്യകതയില്‍ 10.3 ശതമാനം വര്‍ധന

എണ്ണ ആവശ്യകതയില്‍ 10.3 ശതമാനം വര്‍ധന

മുംബൈ: ജനുവരിയില്‍ രാജ്യത്തെ എണ്ണ ആവശ്യകതയില്‍ അനുഭവപ്പെട്ടത് 10.3 ശതമാനം വര്‍ധന. തുടര്‍ച്ചയായി നാലാമത്തെ മാസമാണ് എണ്ണ ആവശ്യകത വര്‍ധിക്കുന്നത്. ഇന്ത്യയുടെ മൊത്തം എണ്ണ ഉപഭോഗം കഴിഞ്ഞ വര്‍ഷം ജനുവരിയിലെ 15.3 മില്യണ്‍ ടണ്ണില്‍ നിന്നും 16.9 മില്യണ്‍ ടണ്ണായാണ് ഉയര്‍ന്നിട്ടുള്ളത്. 14 മാസത്തിനിടെ എണ്ണ ഉപഭോഗത്തില്‍ അനുഭവപ്പെട്ട ഏറ്റവും വേഗത്തിലുള്ള വര്‍ധനയാണിത്. കേന്ദ്ര എണ്ണ മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

രാജ്യത്ത് റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം വര്‍ധിച്ചതും കാറുകളുടെയും സ്‌കൂട്ടറുകളുടെയും ഉപയോഗം വര്‍ധിച്ചതുമാണ് എണ്ണ ആവശ്യകത ഉയരാനുള്ള കാരണമായി മന്ത്രാലയം വിലയിരുത്തുന്നത്. നോട്ട് അസാധുവാക്കല്‍ നയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്ത്യയുടെ എണ്ണ ഉപയോഗത്തില്‍ ഇടിവ് നേരിട്ടിരുന്നു. 13 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തലത്തിലായിരുന്നു അന്ന് എണ്ണ ആവശ്യകത. നോട്ട് അസാധുവാക്കല്‍ നയത്തെ തുടര്‍ന്നുണ്ടായ നോട്ട് ക്ഷാമവും പ്രതിസന്ധികളുമാണ് ഇന്ത്യക്കാരുടെ എണ്ണ ഉപഭോഗം കുറച്ചത്.

അതേസമയം, 2030 ഓടെ ആഗോള എണ്ണ ആവശ്യകതയില്‍ പ്രധാന വിപണിയായി ഇന്ത്യ മാറുമെന്നാണ് അന്തരാഷ്ട്ര ഊര്‍ജ ഏജന്‍സി പറയുന്നത്. 2030ഓടെ പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗത്തില്‍ ഇരട്ടി വര്‍ധനയുണ്ടാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. രാജ്യത്തെ എണ്ണ ആവശ്യകതയില്‍ പകുതിയിലധികം പങ്കുവഹിക്കുന്നത് പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗമാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ ജിഎസ്ടി ബാധകമല്ല.

 

Comments

comments

Categories: Business & Economy