സഞ്ചാര സ്വപ്‌നങ്ങള്‍ക്ക് സുരക്ഷയുടെ സാക്ഷാല്‍ക്കാരം

സഞ്ചാര സ്വപ്‌നങ്ങള്‍ക്ക് സുരക്ഷയുടെ സാക്ഷാല്‍ക്കാരം

കേരളത്തിലെ വിനോദ സഞ്ചാരത്തെയും അനുബന്ധ സംരംഭകരെയും പ്രോല്‍സാഹിക്കുന്നതിനൊപ്പം വിനോദസഞ്ചാര സാധ്യതകള്‍ വികസിപ്പിക്കുന്നതിനായി സഹകരണ വകുപ്പിനു കീഴില്‍ രൂപീകരിക്കപ്പെട്ട സ്ഥാപനമാണ് കേരള സ്‌റ്റേറ്റ് കോ- ഓപ്പറേറ്റിവ് ടൂറിസം ഫെഡറേഷന്‍ ലിമിറ്റഡ് അഥവാ ടൂര്‍ഫെഡ്. ചെറുകിട- ഇടത്തരം സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നിരവധി പദ്ധതികളും സഞ്ചാരികള്‍ക്കായി വൈവിധ്യങ്ങളായ യാത്രാ പാക്കേജുകളും ടൂര്‍ഫെഡ് ഒരുക്കുന്നുണ്ട്

തിരക്കേറിയ ജീവിതത്തിലെ തനിയാവര്‍ത്തനങ്ങളില്‍ നിന്ന് രക്ഷതേടിയാണ് പലരും യാത്രയ്ക്കായി ഇറങ്ങിത്തിരിക്കുന്നത്. ജോലിത്തിരക്കും ഉത്തരവാദിത്വങ്ങളുടെ തലവേദനയുമെല്ലാം സൃഷ്ടിക്കുന്ന ഒച്ചപ്പാടുകളില്‍ നിന്നകന്ന് മനസിനെ ശാന്തമാക്കാനും യാത്രകള്‍ തന്നെ ജീവിതമാക്കിയവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഓരോ സഞ്ചാരങ്ങളും ഓരോരുത്തരിലും വ്യത്യസ്തമാണ്. ഏത് സ്ഥലം സന്ദര്‍ശിക്കുന്നു എന്നതിനൊപ്പം തന്നെ പ്രധാനമാണ് എങ്ങനെ സന്ദര്‍ശിക്കുന്നു എന്നത്. അവിടെയാണ് ട്രാവല്‍ ഏജന്‍സികളുടെ സാന്നിധ്യം സഹായകമാകുന്നത്.

നിരവധി ട്രാവല്‍ ഏജന്‍സികള്‍ ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കാവുന്നവ ഏതെല്ലാമാണെന്നുള്ള വേര്‍തിരിച്ചെടുക്കല്‍ അപ്രാപ്യമാണ്. ഇത്തരം ആശയക്കുഴപ്പങ്ങള്‍ക്കു പ്രതിവിധി ഒരുക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ആരംഭിച്ച ടൂറിസം സഹകരണ സംഘങ്ങളുടെ അപെക്‌സ് ബോഡിയാണ് കേരള സ്‌റ്റേറ്റ് കോ- ഓപ്പറേറ്റിവ് ടൂറിസം ഫെഡറേഷന്‍ ലിമിറ്റഡ് (ടൂര്‍ഫെഡ്). വിനോദസഞ്ചാരത്തിന്റെ ഒട്ടുമിക്ക മേഖലകളെയും കോര്‍ത്തിണക്കി യാത്രാ സേവനങ്ങളും അനുബന്ധ വിവരങ്ങളും സഞ്ചാരികള്‍ക്ക് നല്‍കുന്നതിനൊപ്പം ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിംഗ്, ടൂറിസം നിക്ഷേപങ്ങള്‍ക്കും സംരംഭങ്ങള്‍ക്കുമുള്ള പ്രോല്‍സാഹനം എന്നിവ നല്‍കാനും സഹകരണ വകുപ്പിനു കീഴില്‍ രൂപികരിക്കപ്പെട്ട ഈ സര്‍ക്കാര്‍ ഏജന്‍സി മുന്‍കൈയെടുക്കുന്നു.

ഒറ്റ ദിവസത്തില്‍ അഞ്ചു യാത്രാമാര്‍ഗങ്ങളുമായി വിസ്മയയാത്ര

ടൂറിസം രംഗത്തെ അനന്തസാധ്യതകളെ ലോകത്തിന് മുന്നില്‍ തുറന്നു കാണിക്കുന്നതിനൊപ്പം രാജ്യാന്തര തലത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ടൂര്‍ഫെഡ് യാത്രകള്‍ ഒരുക്കുന്നുണ്ട്. സര്‍ക്കാര്‍ സേവനത്തിന്റെ കൃത്യതയും സുരക്ഷിതത്വവും തന്നെയാണ് ടൂര്‍ഫെഡിന്റെ പ്രഥമ സവിശേഷത. സീസണുകള്‍ക്ക് അനുസരിച്ച് വിവിധ പദ്ധതികളും പ്രത്യേക പാക്കേജുകളുമെല്ലാം ഒരുക്കിക്കൊണ്ടാണ് ടൂര്‍ഫെഡിന്റെ പ്രവര്‍ത്തനം. അതിനൊപ്പം വിവിധ ഗ്രൂപ്പുകള്‍ക്കായി ആവശ്യാനുസരണമുള്ള യാത്രകളും സംഘടിപ്പിക്കുന്നു. ഇതിനൊപ്പം ഇതര സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായ ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ടും ടൂര്‍ഫെഡ് കരുത്ത് അറിയിക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഒരു ദിവസം കൊണ്ട് 5 തരത്തിലുള്ള യാത്രാമാര്‍ഗങ്ങളിലൂടെ കടന്നുപോകുന്ന പായ്‌ക്കേജ്.

ഉപഭോക്താക്കള്‍ക്കായി മികച്ച ആനുകൂല്യങ്ങളും മറ്റും ഒരുക്കിക്കൊണ്ടാണ് ടൂര്‍ഫെഡ് പ്രവര്‍ത്തിക്കുന്നത്. നേരത്തേ ബുക്ക് ചെയ്യുന്നവര്‍ക്ക് ഫീസില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനൊപ്പം തന്നെ ആവര്‍ത്തിച്ച് എത്തുന്ന യാത്രക്കാര്‍ക്കും മികച്ച ഇളവുകള്‍ നല്‍കുന്നു. സ്ത്രീകള്‍ക്കു വേണ്ടി മാത്രമുള്ള ടൂര്‍ പാക്കേജാണ് മറ്റൊരു ആകര്‍ഷണീയത

വിമാനം, റോഡ്, റെയ്ല്‍, കപ്പല്‍, മെട്രോ എന്നിങ്ങനെ വ്യത്യസ്തമായ അഞ്ച് തരം യാത്രകളാണ് ഇത് വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. രാവിലെ 6 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ പുറപ്പെട്ട് 7 മണിക്ക് കൊച്ചിയിലെത്തുകയും തുടര്‍ന്ന് മെട്രോ യാത്ര, കപ്പല്‍ യാത്ര, ഫോര്‍ട്ട് കൊച്ചിയിലേക്ക് ബസ് യാത്ര എന്നിവയ്ക്ക് ശേഷം വൈകിട്ട് 5.15ന്റെ ജനശതാബ്ദി എക്‌സ്പ്രസില്‍ മടക്കയാത്ര എന്നിവ ഉള്‍പ്പെടെയാണ് പാക്കേജ് സജ്ജമാക്കിയിരിക്കുന്നത്. ഒറ്റദിവസത്തില്‍ അഞ്ചു തരം യാത്രകളോടെ സഞ്ചാരികള്‍ക്ക് വ്യത്യസ്തവും പുതുമയുള്ളതുമായ അനുഭവമാണ് ഇതുവഴി ലഭ്യമാകുന്നത്.

ഒരു ദിവസത്തിനുള്ളില്‍ ഇത്രയും വ്യത്യസ്ത കാഴ്ചകള്‍ക്കിടിയിലൂടെ കടന്നു പോകുന്ന ഈ വിസ്മയ യാത്രയില്‍ ഇതിനോടകം 25000ല്‍ അധികം ആളുകള്‍ പങ്കെടുത്തു കഴിഞ്ഞു. വടക്കന്‍ കേരളത്തിലുള്ളവര്‍ക്കായി അനന്തവിസ്മയം എന്ന പേരില്‍ ഇത്തരം പാക്കേജ് ഒരുക്കിയിട്ടുണ്ട്. എറണാകുളത്ത് നിന്നും പുറപ്പെടുന്ന ഈ യാത്രയിലും വിമാനം, കര, റെയ്ല്‍, കപ്പല്‍, മെട്രോ മാര്‍ഗങ്ങളിലൂടെയുള്ള സഞ്ചാരം സാധ്യമാണ്. ഇതിന് പുറമെ പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി, വിവേകാനന്ദ പാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ഒരുക്കിയിരിക്കുന്നു. ഇതിനു പുറമെ എല്ലാ മാസവും മൂന്നാര്‍ യാത്രകളും നടത്തി വരുന്നുണ്ട്.

കൂടാതെ മൂന്ന് രാത്രിയും നാല് പകലും ഉള്‍പ്പെടുന്ന വയനാട് യാത്ര, രാത്രി താമസം ഉള്‍പ്പടെയുള്ള ഗവി യാത്ര, കുട്ടനാട് ഹൗസ്‌ബോട്ട്, വാഗമണ്‍ പാക്കേജ്, തേക്കടി പാക്കേജ്, തേക്കടി മൂന്നാര്‍ പാക്കേജ് എന്നിവയെല്ലാം ടൂര്‍ ഫെഡിന്റെ ശ്രദ്ധേയമായ പാക്കേജുകളാണ്. ഇതിനു പുറമെ കുളു-മണാലി, ആന്‍ഡമാന്‍- ലക്ഷദ്വീപ്, ഹൈദരാബാദ്-അമൃത്‌സര്‍-കശ്മീര്‍, ഡല്‍ഹി-ആഗ്ര-ജയ്പൂര്‍ എന്നിവിടങ്ങളിലേക്ക് ടൂര്‍ഫെഡ് നടത്തുന്ന പാക്കേജ് യാത്രകളും തിരക്കേറിയവയാണ്. വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകളും ടൂര്‍ഫെഡ് ഒരുക്കുന്നുണ്ട്. ദുബായ്, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങളിലേക്കാണ് ടൂര്‍ഫെഡ് യാത്രകളുടെ ശൃംഖല വിന്യസിച്ചിരിക്കുന്നത്.

ഉറപ്പുള്ള സുരക്ഷ

സഞ്ചാരികളുടെ പൂര്‍ണ സുരക്ഷിതത്വമാണ് ടൂര്‍ഫെഡ് ഉറപ്പുനല്‍കുന്നത്. പ്രാദേശിക യാത്രകളിലും വിദേശസഞ്ചാരങ്ങളിലുമെല്ലാം ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ യാത്രക്കാര്‍ക്ക് ഉണ്ടാകാതിരിക്കാന്‍ ടൂര്‍ഫെഡ് പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. കാലാകാലങ്ങളായി ആഗോള സഞ്ചാരികളുടെ സഞ്ചാരപഥത്തിലെ പ്രധാനഇടമാണ് കേരളം. മൂന്നാറും ആലപ്പുഴയും കുമരകവും തേക്കടിയുമെല്ലാം സഞ്ചാരികളുടെ മനം കൂളിര്‍പ്പിച്ച് തുടങ്ങിയിട്ട് കാലമേറെയായി. സ്വകാര്യ സ്ഥാപനങ്ങളുടെ ചൂഷണവും അമിത ഫീസും നിറഞ്ഞു നില്‍ക്കുന്ന ടൂറിസം രംഗത്ത് സഞ്ചാരികള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടുമായാണ് ടൂര്‍ഫെഡ് മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ജനങ്ങള്‍ യാത്രകള്‍ക്കായി ഇറങ്ങിത്തിരിക്കുന്നത് മാനസികമായ ഉന്മേഷത്തിനായാണ്.

എന്നാല്‍ കൃത്യമായ കൈകളിലല്ല അവര്‍ എത്തിച്ചേരുന്നതെങ്കില്‍ നിലവിലുള്ള ടെന്‍ഷന്‍ ഇരട്ടിയാവുകയേയുള്ളൂ. അതിനൊപ്പം തന്നെ വിദേശസഞ്ചാരികള്‍ക്കും മറ്റും കേരളത്തെ കുറിച്ച് അടുത്തറിയുന്നതിനും വിലയിരുത്തുന്നതിനും, ഇവിടത്തെ ട്രാവല്‍ ഏജന്‍സികളും ടൂറിസം വകുപ്പും വഹിക്കുന്ന പങ്കും ചെറുതല്ല. കാരണം അവരെ കേരളവുമായി ബന്ധിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന കണ്ണികളാണ് ഓരോ ട്രാവല്‍ ഏജന്‍സികളും. അത്തരത്തിലും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ ടൂര്‍ഫെഡിന് സാധിക്കുന്നുണ്ട്.

ടൂറിസം രംഗത്ത് കേരളത്തിന്റേതായ തനത് സവിശേഷതകളും വിഭവങ്ങളും ധാരാളമായുണ്ട്. അവയെ വ്യക്തമായി ടൂറിസം ഭൂപടത്തില്‍ വിന്യസിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ തന്നെ വരുമാനത്തിലേക്കാണ് ടൂര്‍ഫെഡ് മുതല്‍ക്കൂട്ടാവുന്നത്. 15 അംഗങ്ങളുള്ള ഡയറക്റ്റര്‍ ബോര്‍ഡാണ് ടൂര്‍ഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങളും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന 3 അംഗങ്ങളും സര്‍ക്കാര്‍ നിയമിക്കുന്ന ഒരു മാനേജിംഗ് ഡയറക്റ്ററും കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്റ്ററും ചേര്‍ന്നാണ് ഈ 15 അംഗ ഡയറക്റ്റര്‍ ബോര്‍ഡ് സൃഷ്ടിക്കപ്പെടുന്നത്.

ഓഫറുകളുടെ പെരുമഴ

ഉപഭോക്താക്കള്‍ക്കായി മികച്ച ആനുകൂല്യങ്ങളും മറ്റും ഒരുക്കിക്കൊണ്ടാണ് ടൂര്‍ഫെഡ് പ്രവര്‍ത്തിക്കുന്നത്. നേരത്തേ ബുക്ക് ചെയ്യുന്നവര്‍ക്ക് ഫീസില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനൊപ്പം തന്നെ ആവര്‍ത്തിച്ച് എത്തുന്ന യാത്രക്കാര്‍ക്കും മികച്ച ഇളവുകള്‍ നല്‍കുന്നു. ചെറുസംഘങ്ങള്‍ക്കും ചെറുപ്പക്കാര്‍ക്കും വേണ്ടിയും വിവിധ ഓഫറുകള്‍ വിവിധ തരത്തിലുള്ള സഞ്ചാരങ്ങളും ടൂര്‍ഫെഡ് ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കു വേണ്ടി മാത്രമുള്ള ടൂര്‍ പാക്കേജാണ് മറ്റൊരു ആകര്‍ഷണീയത. വനിതകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ‘വിമന്‍ ഓണ്‍ വാണ്‍ഡെര്‍ലെസ് ക്ലബ്’ എന്ന വിഭാഗം തന്നെ ഇതിനായി സജ്ജമാക്കിയിരിക്കുന്നു. കൂട്ടമായി സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന വനിതാ യാത്രികര്‍ക്കെല്ലാം മികച്ച അവസരമാണ് ഇതുവഴി ഒരുങ്ങുന്നത്.

ഇതിനു പുറമെ വയോധികര്‍ക്കായും ഇത്തരം യാത്രാ സേവനം ലഭ്യമാക്കുന്ന വിഭാഗമുണ്ട്. വിദ്യാലയങ്ങളില്‍ നിന്നും മറ്റുമുള്ള ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് പരിപാടികള്‍ക്കായി പ്രത്യേക സജ്ജീകരണങ്ങളും ടൂര്‍ഫെഡ് ഒരുക്കുന്നു. അതിനൊപ്പം വില്ലേജ്, ഫാം ടൂറിസത്തിന്റെ സാധ്യതകളിലേക്കും സഞ്ചാരികളെ കൂട്ടിക്കൊണ്ട് പോകുന്നുണ്ട്. പരിചയസമ്പന്നരായ ജീവനക്കാരും നേതൃത്വവും ടൂര്‍ഫെഡിന്റെ യാത്രകളെ പ്രശ്‌നരഹിതമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന ഘടകങ്ങളാണ്. ടൂര്‍ഫെഡിന്റെ വെബ്‌സൈറ്റ് വഴിയും ഫോണ്‍ വഴിയും യാത്രകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

 

Comments

comments

Categories: Slider, Top Stories