സ്റ്റാലിന്‍ഗ്രാഡ്: മിഥ്യയും യാഥാര്‍ത്ഥ്യങ്ങളും

സ്റ്റാലിന്‍ഗ്രാഡ്: മിഥ്യയും യാഥാര്‍ത്ഥ്യങ്ങളും

1941ലെ വേനല്‍ക്കാലത്താണ് നാസി ജര്‍മനി സോവിയറ്റ് യൂണിയനെ ആക്രമിക്കുന്നത്. രാജ്യത്തിന്റെ വലിയ ഭാഗം പിടിച്ചെടുത്തുവെന്നാലും ലെനിന്‍ഗ്രാഡ്, മോസ്‌കോ തുടങ്ങിയ ലക്ഷ്യങ്ങള്‍ പിടിച്ചടക്കുന്നതിലും റെഡ് ആര്‍മിയെ പൂര്‍ണമായും കീഴടക്കുന്നതിലും അവര്‍ പരാജയപ്പെട്ടു

രണ്ടാം ലോകമഹായുദ്ധത്തിലെ പ്രധാന ഏറ്റുമുട്ടലുകള്‍ അനുസ്മരിക്കുമ്പോള്‍ പാശ്ചാത്യ സഖ്യം നടത്തിയ പോരാട്ടങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നു കാണാം – ഡണ്‍കിര്‍ക്ക്, പേള്‍ ഹാര്‍ബര്‍, എല്‍ അലാമെയ്ന്‍, മിഡ്‌വേ ഐലന്‍ഡ്, ഡി – ഡേ ലാന്‍ഡിംഗ്‌സ്, ആന്‍ഹെം തുടങ്ങിയവയെല്ലാം നിരവധി പുസ്തകങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും പ്രചോദനമായിട്ടുണ്ട്. എന്നാല്‍ പൗരസ്ത്യ സഖ്യത്തിന് ഇതേ പ്രാധാന്യം ലഭിക്കുന്നത് വളരെ വിരളമാണ്. തുല്യ പ്രാധാന്യമുള്ള സംഘര്‍ഷങ്ങള്‍, പ്രത്യേകിച്ച് തെക്കന്‍ റഷ്യയിലെ വോള്‍ഗയില്‍ നടന്നത് ഉണ്ടെന്നാല്‍ പോലും പൗരസ്ത്യ മുന്നണിക്ക് അപൂര്‍വമായി മാത്രമേ പ്രാധാന്യം നല്‍കിവരുന്നുള്ളു.

രണ്ടാം ലോകമഹായുദ്ധത്തിലെ പ്രധാന വഴിത്തിരിവും ഏറ്റവും രക്തരൂക്ഷിതമായതും (രണ്ട് മില്യണ്‍ പേര്‍ കൊല ചെയ്യപ്പെട്ടു, മുറിവേറ്റു, തടവുകാരാക്കപ്പെട്ടു) ഏറ്റവും വലുതുമായ(ആറ് രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് മില്യണിലധികം സൈനികര്‍) പോരാട്ടം അവസാനിച്ചതിന്റെ 75ാം വാര്‍ഷികമാണ് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് (ഫെബ്രുവരി 2) കടന്നു പോയത്.

നാസി ജര്‍മനിയുടെ കിഴക്കന്‍ മുന്നേറ്റത്തിന്റെ ഏറ്റവും ഉന്നതമായ നിലയെ വരച്ചുകാട്ടിയ, അഞ്ച് മാസം നീണ്ടുനിന്ന സ്റ്റാലിന്‍ഗ്രാഡ് യുദ്ധം ധൈര്യത്തിന്റെയും ഭീരുത്വത്തിന്റെയും ക്രൂരതയുടെയും പിന്മാറ്റത്തിന്റെയും അതിമോഹത്തിന്റെയും മര്‍ക്കടമുഷ്ടിയുടെയും സമ്മിശ്രമായിക്കൊണ്ട് നഗരയുദ്ധത്തിന്റെ പര്യായമായിത്തീര്‍ന്നു.

പുസ്തകങ്ങളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും മാത്രമല്ല, സംഗീതം (ക്ലാസിക്കല്‍ മുതല്‍ ഹെവി വരെ), കവിത, വീഡിയോ ഗെയിമുകള്‍, അതുപോലെ തന്നെ പങ്കെടുത്തവരുടെയും വിശകലനവിദഗ്ധരുടെയും സ്മരണകളിലൂടെയും ഈ യുദ്ധത്തിന് സാംസ്‌കാരികമായ ചിത്രീകരണങ്ങളുമുണ്ടായി. ഇവ എത്രത്തോളം ആധികാരികമാണ്? എന്നാല്‍ അതിലേക്ക് കണ്ണോടിക്കുന്നതിനു മുന്‍പ് യുദ്ധത്തിലേക്ക് നയിച്ചത് എന്താണെന്നും അതിന്റെ വിശാലമായ അതിരുകളെ കുറിച്ചും ചെറിയ അറിവ് നേടിയെടുക്കാം.

1941ലെ വേനല്‍ക്കാലത്താണ് നാസി ജര്‍മനി സോവിയറ്റ് യൂണിയനെ ആക്രമിക്കുന്നത്. രാജ്യത്തിന്റെ വലിയ ഭാഗം പിടിച്ചെടുത്തുവെന്നാലും ലെനിന്‍ഗ്രാഡ്, മോസ്‌കോ തുടങ്ങിയ ലക്ഷ്യങ്ങള്‍ പിടിച്ചടക്കുന്നതിലും റെഡ് ആര്‍മിയെ പൂര്‍ണമായും കീഴടക്കുന്നതിലും അവര്‍ പരാജയപ്പെട്ടു. കൊക്കേഷ്യന്‍ എണ്ണപ്പാടങ്ങളും കിഴക്കന്‍ യുക്രെയ്‌നും പിടിച്ചടക്കാന്‍ തൊട്ടടുത്ത വര്‍ഷം ജൂണില്‍ ജര്‍മനിയുടെ ആര്‍മി ഗ്രൂപ്പ് സൗത്ത് ” കേസ് ബ്ലൂ” വുമായി രംഗത്തെത്തി. കൊക്കേഷ്യ പിടിച്ചടക്കാനും സ്റ്റാലിന്‍ഗ്രാഡിനു സമീപമുള്ള അവരുടെ സേനാപാര്‍ശ്വത്തെ സംരക്ഷിക്കാനും ആര്‍മി ഗ്രൂപ്പ് സൗത്തിനെ എ, ബി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചു. ഓഗസ്റ്റ് 23ന് ഇവര്‍ സ്റ്റാലിന്‍ഗ്രാഡിന്റെ പ്രാന്തപ്രദേശങ്ങളിലെത്തിച്ചേരുകയും നഗരത്തെ കീഴടക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇതോടുകൂടി നഗരത്തില്‍ യുദ്ധം ആരംഭിച്ചു. ഭക്ഷ്യ ശേഖരവും കഴിയാവുന്നത്ര ആയുധങ്ങളും സോവിയറ്റുകള്‍ നഗരത്തില്‍ നിന്ന് നീക്കം ചെയ്തു. എന്നാല്‍ പ്രദേശവാസികളെ വിട്ടുപോകുന്നതില്‍ നിന്നു വിലക്കി.

അഞ്ചു മാസവും പത്തു ദിവസവും ഈ പോരാട്ടം നീണ്ടുനിന്നു. വീടുകളായ വീടുകളും തെരുവുകളായ തെരുവുകളും യുദ്ധത്തിന്റെ പിടിയിലമര്‍ന്നു, ഹിറ്റ്‌ലര്‍ പിന്മാറാന്‍ അനുമതി നല്‍കാത്ത ജര്‍മന്‍ സൈനികര്‍ ചെറിയ ചെറിയ മേഖലകളിലേക്ക് ചുരുങ്ങുന്നതിനും പരസ്പര ബന്ധം നഷ്ടപ്പെട്ട് ചിതറുന്നതിനും മുന്‍പ്. ഒടുവില്‍ ഫീല്‍ഡ് മാര്‍ഷല്‍ ഫ്രെഡറിക് പോളസ് നയിച്ച ജര്‍മന്‍ സൈന്യം 1943 ഫെബ്രുവരി രണ്ടിന് കീഴടങ്ങി.

റഷ്യന്‍, ജര്‍മന്‍ രചനകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഇംഗ്ലീഷിലും മറ്റുമുള്ള സൃഷ്ടികളില്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ ആകെ ചരിത്രത്തില്‍ നിന്ന് കുറെയേറെ ഏടുകള്‍ വിട്ടുപോയിട്ടുണ്ടെന്നു തോന്നാം. റഷ്യയില്‍ ജനിച്ച ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ അലക്‌സാണ്ടര്‍ വെര്‍ത്തിന്റെ ” റഷ്യ അറ്റ് വാര്‍ 1941 -1945” (1946) എന്ന കിഴക്കന്‍ മുന്നണിക്കു വേണ്ടി സമര്‍പ്പിതമായ രചന ഏറെക്കുറെ സമഗ്രമാണെന്നു പറയാം. മോസ്‌കോ മുതല്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്തയാളെന്നതിനാലും യുദ്ധാനന്തരം സ്റ്റാലിന്‍ഗ്രാഡ് സന്ദര്‍ശിച്ച ആദ്യ പാശ്ചാത്യമാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലും വെര്‍ത്തിന്റെ ” ദി ഇയര്‍ ഓഫ് സ്റ്റാലിന്‍ഗ്രാഡ്: ആന്‍ ഹിസ്റ്റോറിക്കല്‍ റെക്കോര്‍ഡ് ആന്‍ഡ് എ സ്റ്റഡി ഓഫ് റഷ്യന്‍ മെന്റാലിറ്റി, മെത്തേഡ്‌സ് ആന്‍ഡ് പോളിസീസ് ” (1946) എന്ന രചനയും യുദ്ധത്തിന്റെ തികഞ്ഞ അസ്വസ്ഥമായ ചിത്രം നല്‍കുന്നുണ്ട്.

ഹീറോ ഓഫ് സോവിയറ്റ് യൂണിയന്‍ പദവി രണ്ടു തവണ ലഭിച്ച മാര്‍ഷല്‍ വസീലി ചുയ്‌കോവിന്റെ വിവര്‍ത്തനം ചെയ്ത സ്മരണകള്‍- ‘ ദി ബിഗിനിംഗ് ഓഫ് ദി റോഡ്: ദി സ്‌റ്റോറി ഓഫ് ദി ബാറ്റില്‍ ഫോര്‍ സ്റ്റാലിന്‍ഗ്രാഡി (1963) ന്റെ പ്രസിദ്ധീകരണത്തിനു ശേഷമാണ് കൂടുതല്‍ പാശ്ചാത്യ താല്‍പര്യങ്ങള്‍ ഉണര്‍ത്തപ്പെട്ടത്. യുദ്ധത്തില്‍ 62ാം ആര്‍മിയെ നിയന്ത്രിച്ചിരുന്ന ചുയ്‌കോവ് നഗരത്തിലുണ്ടായിരുന്നു. ജര്‍മന്‍ സൈന്യത്തിന്റെ മികച്ച ആയുധങ്ങളും വ്യോമയുദ്ധത്തിലെ ശക്തിയും കുറയ്ക്കുന്നതിനായി അവരോട് അടുത്ത സാന്നിധ്യം പുലര്‍ത്തുന്ന ‘ഹഗിംഗ് ദി എനിമി’ പോലുള്ള ഏതാനും നൂതന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ട് യുദ്ധത്തില്‍ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചിരുന്നു.

ഡോണ്‍ ഫ്രണ്ടിന്റെ കമാന്‍ഡറായിരുന്ന മാര്‍ഷല്‍ കെ കെ റൊകോസോവ്‌സ്‌കിയുടെ ദി ഗ്രേറ്റ് വിക്റ്ററി ഓഫ് വോള്‍ഗ എന്ന മിലിറ്ററി പഠനവും രണ്ടാം ലോക മഹായുദ്ധ കാലം പ്രതിപാദിക്കുന്ന രചനകളിലുണ്ട്. സ്റ്റാലിന്‍ഗ്രാഡിനെ കുറിച്ചുള്ള പിന്നീടുവന്ന പുസ്തകങ്ങളെ സ്വാധീനിച്ചത് ചുയ്‌കോവിന്റെ ഓര്‍മക്കുറിപ്പുകള്‍ തന്നെയാണ്. വില്യം ക്രെയ്ഗിന്റെ എനിമി അറ്റ് ദ ഗേറ്റ്‌സ്: ദി ബാറ്റില്‍ ഫോര്‍ സ്റ്റാലിന്‍ഗ്രാഡ് (1973) ആദ്യ കാല സൃഷ്ടികളില്‍പ്പെടുന്നു. റഷ്യന്‍ ഒളിപ്പോരാളി വാസിലി സെയിറ്റ്‌സേവും പേരില്ലാത്ത ജര്‍മന്‍ എതിരാളിയും തമ്മിലെ മുഖാമുഖത്തെ കുറിച്ച് ഈ പുസ്തകത്തിലെ മൂന്നു പേജുകളില്‍ പറയുന്നുണ്ട്. 2001ല്‍ ജൂഡ് ലാ അഭിനയിച്ച എനിമി അറ്റ് ദ ഗേറ്റ്‌സ് എന്ന സിനിമയ്ക്ക് പ്രചോദനമായതും പുസ്തകത്തിലെ ആ ഭാഗം തന്നെ.
സാമൂഹ്യചിത്രം വരച്ചിടുന്ന, ബ്രിട്ടീഷ് ചരിത്രകാരനായ ആന്റണി ബീവോറിന്റെ കൃതി സ്റ്റാലിന്‍ഗ്രാഡ് (1998), ജിയോഫ്രി റോബര്‍ട്ട്‌സിന്റെ വിക്റ്ററി അറ്റ് സ്റ്റാലിന്‍ഗ്രാഡ്: ദ ബാറ്റില്‍ ദാറ്റ് ചേഞ്ച്ഡ് ഹിസ്റ്ററിയും ഇക്കൂട്ടത്തില്‍ ഇടംപിടിക്കുന്നു.

മൈക്കിള്‍ കെ ജോണ്‍സിന്റെ ” സ്റ്റാലിന്‍ഗ്രാഡ്: ഹൗ ദ റെഡ് ആര്‍മി സര്‍വൈവ്ഡ് ദ ജര്‍മന്‍ ഓണ്‍സ്ലാട്ട്
(2007) എന്ന രചന സംഭവത്തെ കുറിച്ചുള്ള ഒരു പുതിയ വീക്ഷണമാണ് നല്‍കുന്നത്. പുതുതായി പുറത്തിറക്കിയ ചരിത്രരേഖാ ശേഖരങ്ങള്‍, യുദ്ധത്തെ അതിജീവിച്ചവരുടെയും അവരുടെ കുടുംബങ്ങളുടെയും അഭിമുഖങ്ങള്‍ എന്നിവ വിശദമായി ഇതില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സോവിയറ്റ് അനുഭവങ്ങളിലും പ്രവര്‍ത്തനപരമായ കലയിലും കേന്ദ്രീകരിച്ചുള്ള പ്രത്യേക പുസ്തകങ്ങളുടെ ഒരു നിരതന്നെ അമേരിക്കന്‍ സൈനിക ചരിത്രകാരനായ ഡേവിഡ് എം ഗ്ലാന്‍ഡ്‌സിന്റെ പക്കലുണ്ട്. ചുയ്‌കോവിന്റെ ഓര്‍മക്കുറിപ്പുകളെ അമിതമായി അവലംബിക്കുന്ന തരത്തിലുള്ളതാണ് നേരത്തെയുള്ള പുസ്തകങ്ങളെന്ന് ഗ്ലാന്‍ഡ്‌സ് വാദിക്കുന്നു.

നേരെമറിച്ച് നിങ്ങള്‍ ഫിക്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ റെഡ് ആര്‍മി മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വാസ്‌ലി ഗ്രോസ്മാന്റെ ‘ ലൈഫ് ആന്‍ഡ് ഫേറ്റ്’, അദ്ദേഹത്തിന്റെ ജര്‍മന്‍ പ്രതിരൂപമായ ഹെയ്ന്‍സ് ജി കൊന്‍സാലികിന്റെ ‘ ഡോക്റ്റര്‍ ഓഫ് സ്റ്റാലിന്‍ഗ്രാഡ്”, കനേഡിയന്‍ എഴുത്തുകാരനായ ജോണ്‍ വില്‍സണിന്റെ ‘ ഫോര്‍ സ്‌റ്റെപ്‌സ് ടു ഡെത്ത് ‘ (2005) എന്നിവയാണ് മികച്ചത്.

വായിക്കുന്നതെന്തുമായിക്കൊള്ളട്ടെ, ഫിക്ഷനോ നോണ്‍ ഫിക്ഷനോ, ജര്‍മനോ റഷ്യനോ ആയിക്കൊള്ളട്ടെ സന്ദേശം സമാനം തന്നെയാണ് – യുദ്ധം നരകമാണ്. ഇത് നമ്മുടെ മനസിലേക്ക് അരിച്ചിറങ്ങിയാല്‍ സ്റ്റാലിന്‍ഗ്രാഡിന്റെ പ്രാധാന്യം ഉറപ്പാക്കപ്പെടും.

കടപ്പാട്: ഐഎഎന്‍എസ്

 

Comments

comments

Categories: Slider, World