ഇരു കൊറിയകളും അടുക്കുമ്പോള്‍

ഇരു കൊറിയകളും അടുക്കുമ്പോള്‍

ബന്ധം മെച്ചപ്പെടുത്താന്‍ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും നടത്തുന്ന അസാധാരണ നീക്കങ്ങളാണ് കാണുന്നത്. ഇത് ഒരേ സമയം പ്രതീക്ഷയും ആശങ്കയുമാണ് സമ്മാനിക്കുന്നത്

ലോകത്തിന് വലിയ ഭീഷണിയായി നിലനില്‍ക്കുന്ന നേതാവാണ് ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോംഗ് ഉന്‍. അതില്‍ സംശയത്തിനോ ചര്‍ച്ചയ്‌ക്കോ വകയില്ല. ഒരു സമൂഹത്തെയാകെ ഇരുട്ടിലടച്ച്, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനോ മനുഷ്യാവകാശങ്ങള്‍ക്കോ വിലയില്ലാതെ നടത്തുന്ന ഏകാധിപത്യ ഭരണം ഉത്തര കൊറിയയെ പ്രാകൃത സംസ്‌കൃതിയിലേക്കാണ് നയിക്കുന്നത്. എന്നാല്‍ ഉത്തര കൊറിയയുടെ ഏറ്റവും വലിയ ശത്രുരാജ്യങ്ങളിലൊന്നായ ദക്ഷിണ കൊറിയ ഇന്നൊവേഷനിലും സംരംഭകത്വത്തിലും അധിഷ്ഠിതമായി വലിയ മുന്നേറ്റമാണ് നടത്തിയത്. കൊറിയന്‍ യുദ്ധത്തോടെ വേര്‍പാടിലകപ്പെട്ട കുടുംബങ്ങള്‍ക്ക് ഒത്തുചേരാന്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കുമെന്ന് തീരുമാനിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയ. പരമ്പരാഗത ശത്രുക്കള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇരു രാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ മഞ്ഞുരുകുന്ന കാഴ്ച്ചയാണുണ്ടാകുന്നത്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല യോഗത്തിനും അവസരമൊരുങ്ങുകയാണ്.

കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ് ഉള്‍പ്പെടെ ഒരു പ്രത്യേക സംഘം അടുത്തിടെ ദക്ഷിണ കൊറിയ സന്ദര്‍ശിച്ച് മടങ്ങുകയും ചെയ്തിരുന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യം ഇവര്‍ ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിനെ ഉത്തര കൊറിയയിലേക്ക് കൂടിക്കാഴ്ച്ചയ്ക്കായി ക്ഷണിച്ചു എന്നതാണ്.

ഇരു കൊറിയകളുടെയും ഭരണാധികാരികള്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയാല്‍ അത് വലിയ മാറ്റത്തിനാകും തിരികൊളുത്തുക. 2007ലാണ് അവസാനമായി ഇത്തരത്തില്‍ കൊറിയയുടെ നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയത്. ഉത്തര കൊറിയയുടെ ശത്രുപട്ടികയിലെ പ്രധാനികളായ ജപ്പാനും യുഎസും ഈ കൂടിക്കാഴ്ച്ചയെയും സഹകരണത്തെയും അതീവ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കുന്നത്. ആത്മാര്‍ത്ഥമായി മാറണമെന്നുള്ള ആഗ്രഹത്തോടെ ഉത്തര കൊറിയ നിലപാടുകളില്‍ മയപ്പെടുത്തല്‍ വരുത്തുന്നത് നല്ലതാണ്. അതില്‍ യാതൊരുവിധ സംശയവുമില്ല. എന്നാല്‍ നിലവിലെ അവസ്ഥയില്‍ ലോകത്തിന് ഭീഷണിയായി നിന്നുകൊണ്ട് തന്നെ ദക്ഷിണ കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് ഒട്ടും ഗുണം ചെയ്യില്ല. ബദ്ധവൈരികളായ ദക്ഷിണ കൊറിയ അതിന് തയാറാകാനും സാധ്യതയില്ല. നിലവിലെ സഹകരണം കൊറിയന്‍ യുദ്ധത്തില്‍ ബാധിക്കപ്പെട്ടവരുടെ സമാശ്വാസത്തിനായി കൈക്കൊള്ളുന്ന നടപടിയായി കണക്കാക്കണമെന്ന വാദവുമുണ്ട്. അതിനപ്പുറത്തേക്ക് ഈ സഹകരണം ശക്തി പ്രാപിച്ചാല്‍ മേഖലയിലെ രസതന്ത്രം തന്നെ തെറ്റും.

എന്ത് നിലപാടെടുക്കണം എന്ന കാര്യത്തില്‍ അമേരിക്കയ്ക്കും ജപ്പാനും പോലും ഒരുപക്ഷേ വ്യക്തത വന്നെന്നു വരില്ല. എന്നാല്‍ ഇരുളടഞ്ഞ ഒരു രാജ്യത്തെ പിന്തുണച്ച് അത്തരമൊരു സാഹസത്തിന് ദക്ഷിണ കൊറിയ മുതിരാനുള്ള സാധ്യതയേ ഇല്ല എന്നുവേണം കരുതാന്‍. ഉത്തര കൊറിയയുടെ ആണവ ഭീഷണി ഇല്ലാതാക്കാനായിരിക്കണം ദക്ഷിണ കൊറിയ പുതിയ സഹകരണത്തിലൂടെ ശ്രമിക്കേണ്ടത്. ഏകാധിപത്യത്തില്‍ മാത്രം വിശ്വസിക്കുന്ന ഉന്നിനെ എത്രമാത്രം വിശ്വാസത്തിലെടുക്കാനും ബോധ്യപ്പെടുത്താനും ദക്ഷിണ കൊറിയയ്ക്ക് സാധിക്കുമെന്നത് വേറെ കാര്യം. എന്തായാലും രാജ്യങ്ങള്‍ തമ്മിലുള്ള ഇടപെടലുകള്‍ നല്ലത് തന്നെയാണ്. സഹവര്‍ത്തിത്വമാണ് സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നത്. സഹകരണത്തിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായി മാത്രമേ മനുഷ്യര്‍ക്ക് മുന്നോട്ട് പോകാനും സാധിക്കൂ. ദക്ഷിണ കൊറിയയുടെ ഭാഗത്തു നിന്നുണ്ടായ ക്രിയാത്മക നീക്കമായി ഇതിനെ കാണാം. ചര്‍ച്ചകളിലൂടെയും സന്ധി സംഭാഷണങ്ങളിലൂടെയും ഉന്നിനെ മാറ്റാന്‍ സാധിക്കുമെന്ന അമിത പ്രതീക്ഷയൊന്നും വെച്ചു പുലര്‍ത്തേണ്ട കാര്യമില്ല. എങ്കിലും ഉത്തര കൊറിയയിലെ ജനങ്ങളില്‍ പുതുപ്രതീക്ഷയും പുതുജീവനും പകരാന്‍ ഇത്തരം സഹകരണങ്ങളിലൂടെ സാധിക്കും. സംഘര്‍ഷാത്മക സാഹചര്യങ്ങള്‍ക്ക് അയവ് വരുകയും ചെയ്യും.

Comments

comments

Categories: Editorial, World