റീട്ടെയ്ല്‍ പണപ്പെരുപ്പം 5.07 ശതമാനമായി കുറഞ്ഞു

റീട്ടെയ്ല്‍ പണപ്പെരുപ്പം 5.07 ശതമാനമായി കുറഞ്ഞു

ന്യൂഡെല്‍ഹി: ചില്ലറ വില്‍പ്പന വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറിലെ 5.21 ശതമാനത്തില്‍ നിന്നും ജനുവരിയില്‍ 5.07 ശതമാനമായി കുറഞ്ഞതായി ഔദ്യോഗിക റിപ്പോര്‍ട്ട്. പഴം-പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെയും ഇന്ധന കംപോണന്റുകളുടെയും വില കുറഞ്ഞതാണ് പണപ്പെരുപ്പം കുറയാനുള്ള കാരണമായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 3.17 ശതമാനമായിരുന്നു ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം.

ഡിസംബര്‍ മാസത്തെ അപേക്ഷിച്ച് ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറഞ്ഞെങ്കിലും റിസര്‍വ് ബാങ്ക് ബാങ്ക് ഇന്ത്യ ലക്ഷ്യമിടുന്നതിനേക്കാള്‍ ഉയര്‍ന്ന തലത്തിലാണ് പണപ്പെരുപ്പം തുടരുന്നത്. റീട്ടെയ്ല്‍ പണപ്പെരുപ്പം നാല് ശതമാനത്തിനുള്ളില്‍ നിലനിര്‍ത്താനാണ് കേന്ദ്ര ബാങ്കിന്റെ ശ്രമം. ഡിസംബറിലെ പണപ്പെരുപ്പം 17 മാസത്തിനിടയിലെ ഉയര്‍ന്ന തലത്തിലായിരുന്നു. പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച നടന്ന നയപ്രഖ്യാപനത്തിലും അടിസ്ഥാന പലിശനിരക്കുകള്‍ ആര്‍ബിഐ അതേപടി നിലനിര്‍ത്തിയിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം അഞ്ച് ശതമാനത്തിനു മുകളിലായിരിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്റെ കണക്കുകൂട്ടല്‍.

ഡിസംബറില്‍ മൊത്ത വില്‍പ്പന വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറഞ്ഞത് ജനുവരിയില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്തിയേക്കുമെന്ന് വിപണി വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നു. പച്ചക്കറി വില സ്ഥിരതയാര്‍ജിച്ചതാണ് ഇതിനു കാരണമായി ഇവര്‍ പറയുന്നത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുന്‍പ് ആഗോള ഫിനാന്‍ഷ്യല്‍ സര്‍വീസസ് സംരംഭമായ മോര്‍ഗന്‍ സ്റ്റാന്‍ലിയും പണപ്പെരുപ്പം അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങുമെന്ന പ്രവചനം നടത്തിയിരുന്നു.

ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം ഡിസംബറിലെ 4.96 ശതമാനത്തില്‍ നിന്നും ജനുവരിയില്‍ 4.7 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പച്ചക്കറികളുടെ വിലക്കയറ്റം 29.13 ശതമാനത്തില്‍ നിന്നും 26.97 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പഴവര്‍ഗ്ഗങ്ങളുടെ വിലക്കയറ്റം ഡിസംബറിലെ 6.63 ശതമാനത്തില്‍ നിന്നും ജനുവരിയില്‍ 6.24 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറയുന്നു. ഇന്ധന, ഊര്‍ജ വിഭാഗത്തില്‍ ഡിസംബറില്‍ 7.90 ശതമാനമായിരുന്നു പണപ്പെരുപ്പം. ജനുവരിയിലിത് 7.73 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ഡിസംബര്‍ മാസത്തെ വ്യാവസായിക ഉല്‍പ്പാദനം സംബന്ധിച്ച കണക്കുകളും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയുടെ ഫാക്റ്ററി ഉല്‍പ്പാദനത്തില്‍ 7.1 ശതമാനത്തിന്റെ വര്‍ധനയാണ് ഡിസംബറില്‍ രേഖപ്പെടുത്തിയത്. നവംബറില്‍ 8.8 ശതമാനത്തിന്റെ വളര്‍ച്ച അനുഭവപ്പെട്ട സ്ഥാനത്താണിത്. 25 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഫാക്റ്ററി ഉല്‍പ്പാദനത്തില്‍ നവംബറിലുണ്ടായത്. അതേസമയം, 2016 ഡിസംബറില്‍ 2.4 ശതമാനമായിരുന്നു ഉല്‍പ്പാദനത്തിലെ വര്‍ധന.

Comments

comments

Categories: Business & Economy