1,500 കോടി രൂപ സ്വരൂപിക്കാനൊരുങ്ങി റിലയന്‍സ് നിപ്പോണ്‍ ലൈഫ്

1,500 കോടി രൂപ സ്വരൂപിക്കാനൊരുങ്ങി റിലയന്‍സ് നിപ്പോണ്‍ ലൈഫ്

മുംബൈ: അനില്‍ അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്‌മെന്റ് 1,500 കോടി രൂപയുടെ നിക്ഷേപ സമാഹരണത്തിനൊരുങ്ങുന്നു. ഇതിനായി മൂന്ന് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സ്‌കീമുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. നിക്ഷേപ സമാഹരണത്തിലൂടെ ഇന്ത്യയുടെ റിയല്‍റ്റി, ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലകളിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് കമ്പനി നോക്കുന്നത്.

നിക്ഷേപ കാലയളവ് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയാണ്. സിംഗിള്‍ സ്റ്റോക്ക് നിക്ഷേപത്തിനുള്ള അവസരവും കമ്പനി നല്‍കുന്നുണ്ട്. കുറഞ്ഞത് ഒരു കോടി രൂപയുടെ നിക്ഷേപത്തോടൊപ്പം ധനികരായ നിക്ഷേപകരെയും കുടുംബ ബിസിനസുകളെയും ആകര്‍ഷിക്കാനാണ് റിലയന്‍സ് നിപ്പോണ്‍ തങ്ങളുടെ പുതിയ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളിലൂടെ ലക്ഷ്യമിടുന്നത്. സമ്പന്നരായ നിക്ഷേപകര്‍ ഇത്തരം ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളുടെ പ്രയോജനം മനസിലാക്കി തുടങ്ങിയിട്ടുണ്ടെന്നും അതുകൊണ്ട് തങ്ങളുടെ സ്‌കീമുകള്‍ക്ക് നിക്ഷേപകര്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിലയന്‍സ് നിപ്പോണ്‍ അസറ്റ് മാനേജ്‌മെന്റിലെ പിഎംഎസ് ഓള്‍ട്ടര്‍നേറ്റീവ് അസറ്റ് വിഭാഗം മേധാവി ഷാഹ്‌സദ് മാഡന്‍ പറഞ്ഞു.

രാജ്യത്തെ ഉപഭോക്തൃ, ഫിനാന്‍ഷ്യല്‍, ഹൗസിംഗ് മേഖലകളില്‍ വലിയ വളര്‍ച്ചാ സാധ്യതകളാണുള്ളതെന്നും സാമ്പത്തികമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ യുവജനതയെ ആകര്‍ഷിക്കുന്നതിന് പരിശ്രമിക്കുമെന്നും മാഡന്‍ പറഞ്ഞു. റിലയന്‍സ് യീല്‍ഡ് മാക്‌സിമൈസര്‍ എഐഎഫ്-സ്‌കീം 4, റിലയന്‍സ് ഇക്വിറ്റി ഓപ്പര്‍ച്ചുനിറ്റീസ് എഐഎഫ്-സ്‌കീം 2, റിലയന്‍സ് ഇക്വിറ്റി ഓപ്പര്‍ച്ചുനിറ്റീസ് എഐഎഫ്-സ്‌കീം 3 എന്നിവയാണ് പുതിയ പദ്ധതികള്‍. റിയല്‍റ്റി വിഭാഗത്തില്‍ നിക്ഷേപം നടത്തുന്നതിനായാണ് റിലയന്‍സ് യീല്‍ഡ് മാക്‌സിമൈസര്‍ എഐഎഫ്-സ്‌കീം 4 ലക്ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ്, ബാങ്കിംഗ് തുടങ്ങിയ ധനകാര്യ സേവനങ്ങള്‍ നല്‍കുന്ന ബിസിനസ് സ്‌റ്റോക്കുകളിലായിരിക്കും ഇക്വിറ്റി ഓപ്പര്‍ച്ചുനിറ്റീസ് എഐഎഫ്-സ്‌കീം 2 നിക്ഷേപം നടത്തുക.

Comments

comments

Categories: Business & Economy