പ്രതിരോധം തീര്‍ക്കാന്‍ ജൈവപ്ലാസ്റ്റിക്ക്

പ്രതിരോധം തീര്‍ക്കാന്‍ ജൈവപ്ലാസ്റ്റിക്ക്

ഭൂമി പ്ലാസ്റ്റിക്ക് ചവറ്റുകൊട്ടയായി മാറുമ്പോള്‍ ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ രക്ഷയില്ലെന്നു വിദഗ്ധര്‍

ഭൂമിയിലെ ഏറ്റവും വലിയ തിന്മ പ്ലാസ്റ്റിക്ക് മാലിന്യമായി മാറിയിരിക്കുന്നു. ഭൂമിയിലും ജലാശയങ്ങളിലും കടലിലും കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക്ക് മാലിന്യം പരിസ്ഥിതിക്ക് ഏറ്റവും വലിയ ഭീഷണി സൃഷ്ടിച്ചിരിക്കുന്ന കാലമാണിത്. കരയും കടലും പ്ലാസ്റ്റിക്കിനാല്‍ നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. പുനചംക്രമണ നീക്കങ്ങളാകട്ടെ വേണ്ടത്ര വിജയിക്കുന്നുമില്ല. വെറും ഒമ്പത് ശതമാനം പ്ലാസ്റ്റിക്ക് മാലിന്യമാണ് റീസൈക്കിള്‍ ചെയ്യപ്പെടുന്നത്. പ്ലാസ്റ്റിക്ക് കത്തിച്ചാല്‍ അന്തരീക്ഷമലിനീകരണവും ആഗോളതാപനവും വര്‍ധിക്കാനിടയാകുന്നു. ജൈവപ്ലാസ്റ്റിക്ക് ഉല്‍പ്പാദനവും മികച്ച രീതിയിലുള്ള പുനചംക്രമണവുമാണ് ഇതിനുള്ള ഉചിത മറുപടി. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനത്തിനു നൂതനമാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നു.

പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് നാടുനീളെ ബോധവല്‍ക്കരണവും ആണ്ടോടാണ്ട് പ്രചാരണവും നടക്കുമ്പോഴും പാതയോരങ്ങളിലും ജലാശയങ്ങളിലും മാലിന്യക്കുഴികളിലും പ്ലാസ്റ്റിക് അടിഞ്ഞുകൂടുന്നു. ടണ്‍ കണക്കിനു പ്ലാസ്റ്റിക്കാണ് മാലിന്യമായും നിയമവിരുദ്ധമായി നിര്‍മ്മിച്ചുകൊണ്ടുമിരിക്കുന്നത്. നിരോധനഉത്തരവുകള്‍ക്കും ബോധവല്‍ക്കരണത്തിനുമപ്പുറം പ്ലാസ്റ്റിക്ക് ഉപയോഗം കുറച്ചുകൊണ്ടു വരാന്‍ സാങ്കേതികവിദ്യ വ്യാപകമാക്കുകയാണ് പോംവഴിയെന്ന വസ്തുതയിലേക്കാണ് സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

പ്ലാസ്റ്റിക്ക് കവറുകളില്‍ പൊതിഞ്ഞ് ഭക്ഷണം പൊതുനിരത്തിലും കുപ്പയിലും തള്ളുന്നതും വലിയ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്നു. അറവ്, അടുക്കള മാലിന്യങ്ങളും പ്ലാസ്റ്റിക്ക് ഉറകളില്‍ കെട്ടി ഉപേക്ഷിക്കാറുണ്ട്. നിരത്തില്‍ അലഞ്ഞു തിരിയുന്ന മാടുകളും നായ്ക്കളും ഭക്ഷണപ്പൊതിക്കൊപ്പം പ്ലാസ്റ്റിക് അകത്താക്കുകയും ചത്തുവീഴുകയും ചെയ്യുന്നു. പ്ലാസ്റ്റിക് നിരോധിച്ച വന്യജീവി സങ്കേതങ്ങളിലും ഇവയുടെ സാന്നിധ്യം കാണാം. ജീര്‍ണിക്കാത്ത ഇവ കത്തിച്ചു കളയുന്നത് കുപ്പയില്‍ തള്ളുന്നതിനേക്കാള്‍ അപകടകരമാണ്. അന്തരീക്ഷമലിനീകരണത്തിനും ആളുകളില്‍ ശ്വാസകോശരോഗങ്ങള്‍, കാന്‍സര്‍ പോലുള്ള മാരക അസുഖങ്ങള്‍ എന്നിവയ്ക്കും ഓസോണ്‍ പാളിയുടെ വിള്ളലിനു വരെയും കാരണമാകുന്നു.

പെട്രോളിയത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ സ്ഥാനത്ത് ചെടിയില്‍ നിന്നുല്‍പ്പാദിപ്പിച്ച ജൈവപ്ലാസ്റ്റിക്ക് ഉപയോഗിക്കാനാകും. ഇന്ന് നിരവധി കമ്പനികളും ഗവേഷണസ്ഥാപനങ്ങളും ജൈവപ്ലാസ്റ്റിക്ക് ഉല്‍പ്പാദനത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. സാധാരണ പ്ലാസ്റ്റിക്കിന്റെ ഈടും ഉറപ്പും ഇലാസ്തികതയും ജൈവ പ്ലാസ്റ്റിക്കിനും ഉണ്ട്

പ്ലാസ്റ്റിക്ക് സൃഷ്ടിക്കുന്ന ദ്രോഹങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടക്കുമ്പോള്‍ത്തന്നെ അതിലുള്ള ആശ്രിതത്വം കുറയ്ക്കാന്‍ നമുക്കാവുന്നില്ലെന്നതാണു സത്യം. ഈടും ഒരുപാട് രീതിയില്‍ ഉപയോഗിക്കാമെന്നതുമാണ് ഇതിന്മേലുള്ള സാമ്പത്തിക ആശ്രിതത്വത്തിനു കാരണം. വര്‍ത്തമാനകാലത്തെ നിരവധി ഉപയോഗങ്ങള്‍ക്ക് പ്ലാസ്റ്റിക്കിന് ശരിയായ ബദല്‍ കണ്ടെത്താനാകുന്നില്ലെന്നതും വസ്തുതയാണ്. ശീതളപാനീയങ്ങള്‍ കുടിക്കാനുപയോഗിക്കുന്ന സ്‌ട്രോ തന്നെ ഉദാഹരണം. പ്ലാസ്റ്റിക്ക് സ്‌ട്രോയ്ക്ക് പരിസ്ഥിതി സൗഹൃദ ബദല്‍ കണ്ടെത്താന്‍ നൂറിരട്ടി പണം ചെലവാക്കേണ്ടി വരുമെന്നാണ് സ്‌ട്രോ നിര്‍മാണ കമ്പനി പ്രൈമപ്ലാസ്റ്റ് അധികൃതര്‍ പറയുന്നത്.

ഡിസ്‌പോസബിള്‍ ഗ്ലാസുകളാണ് മറ്റൊരു ഉദാഹരണം. 2.5 ബില്യണ്‍ ഡിസ്‌പോസബിള്‍ കപ്പുകളാണ് ബ്രിട്ടണില്‍ മാത്രം ഉപയോഗശേഷം വലിച്ചെറിയുന്നത്. ഇത്തരം കപ്പുകള്‍ പുനചംക്രമണം ചെയ്ത് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കാമെന്നു വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ റീസൈക്കില്‍ ചെയ്യാനാകുന്നവയല്ല ഇവയെന്നതാണ് വാസ്തവം. ഇവയെ വെള്ളം കടക്കാതെ സൂക്ഷിക്കുന്ന പോളിത്തിലീന്‍ അടരുകള്‍ ഉള്ളതിനാല്‍ ഇത് നശിപ്പിച്ചു കളയുകയേ നിര്‍വ്വാഹമുള്ളൂ.

പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി അനുകൂല കപ്പുകളെന്ന ബദല്‍ ആശയവുമായി ഈ രംഗത്തേക്കു കടന്നു വരുന്ന നിരവധി സംരംഭങ്ങളുണ്ട്. ബയോം ബയോപ്ലാസ്റ്റിക്‌സ് എന്ന കമ്പനി മുഴുവനായി മണ്ണില്‍ അലിയുന്ന പ്രകൃതിജന്യ കപ്പുകളുണ്ടാക്കി വരുന്നു. ഉരുളക്കിഴങ്ങ്, ചോളം എന്നിവയുടെ കുഴമ്പ്, ചെടികളുടെ കോശഭിത്തിയിലുള്ള സെല്ലുലോസ് എന്നിവ കൊണ്ടാണ് ഈ ജൈവ പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്നത്. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നാണ് പരമ്പരാഗതമായി പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്നത്.

ഭൂരിഭാഗം ഉപയോക്താക്കളും കടലാസ് കപ്പുകള്‍ വാങ്ങുന്നത് പരിസ്ഥിതി സംരക്ഷണം എന്ന നല്ല ആശയത്തില്‍ വിശ്വസിച്ചാണ്. എന്നാല്‍ ഉപയോഗിച്ച് ഉപേക്ഷിക്കാനുള്ള ഇത്തരം കപ്പുകളില്‍ കാര്‍ഡ്‌ബോര്‍ഡിനൊപ്പം പ്ലാസ്റ്റിക്ക് കൂടി ഉപയോഗിക്കുന്നു. നിര്‍മാണത്തിന് പോളിസ്റ്റിറിന്‍ ഉപയോഗിച്ചതിനാല്‍ ഇത് പുനചംക്രമണം ചെയ്യാന്‍ പറ്റില്ല. എന്നാല്‍ ചെടികളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പൂര്‍ണമായി ജീര്‍ണിക്കുന്ന ബയോപ്ലാസ്റ്റിക്കാണ് ബയോം ബയോപ്ലാസ്റ്റിക്‌സ് നിര്‍മിക്കുന്നത്. ഇത് പുനചംക്രമണത്തില്‍ ഉപയോഗിക്കുകയോ ഭക്ഷണത്തോടൊപ്പം മാലിന്യത്തൊട്ടിയില്‍ കളയുകയോ ചെയ്യാം.

ഒറ്റത്തവണ ഉപയോഗത്തിനുള്ള കപ്പുകളുടെ നിര്‍മാണത്തിന് ആദ്യമായാണ് ജൈവ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത്. ചൂടുള്ള ദ്രാവകങ്ങള്‍ ഉപയോഗിച്ചാലും ഉരുകില്ലെന്ന ഗുണവുമുണ്ട് ഇതിന്. എളുപ്പത്തില്‍ മണ്ണില്‍ അലിയുകയും പുനചംക്രമണത്തിന് വിധേയമാക്കാന്‍ കഴിയുകയും ചെയ്യുന്നു എന്നതാണ് അടുത്ത ഗുണം. ഈ കപ്പുകള്‍ വ്യാവസായികമായി വിപണിയിലിറക്കാനുള്ള ചര്‍ച്ചകളുമായി മുമ്പോട്ടു പോകുകയാണു കമ്പനി.

അപ്പോഴും സാദാ പ്ലാസ്റ്റിക്കിനെ പൂര്‍ണമായും ഒഴിവാക്കാന്‍ പറ്റില്ലെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടിവ് പോള്‍ മൈന്‍സ് സമ്മതിക്കുന്നു. എന്നാല്‍ പെട്രോളിയത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ സ്ഥാനത്ത് ചെടിയില്‍ നിന്നുല്‍പ്പാദിപ്പിച്ച ജൈവപ്ലാസ്റ്റിക്ക് ഉപയോഗിക്കാനാകും. ഇന്ന് നിരവധി കമ്പനികളും ഗവേഷണസ്ഥാപനങ്ങളും ജൈവപ്ലാസ്റ്റിക്ക് ഉല്‍പ്പാദനത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഫുള്‍ സൈക്കിള്‍ ബയോപ്ലാസ്റ്റിക്‌സ്, എല്‍ക്ക് പായ്‌ക്കെജിംഗ്, വിടിടി ടെക്‌നിക്കല്‍ റിസര്‍ച്ച് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് ഇതില്‍ പ്രമുഖം. സാധാരണ പ്ലാസ്റ്റിക്കിന്റെ ഈടും ഉറപ്പും ഇലാസ്തികതയും ജൈവ പ്ലാസ്റ്റിക്കിനും ഉണ്ട്.

കാലിഫോര്‍ണിയയിലെ സാന്‍ജോസിലുള്ള ജിയാന്നി യാവോയും മിറാന്‍ഡ വാംഗും പുനചംക്രമണം ചെയ്യാനാകാത്ത പ്ലാസ്റ്റിക്ക് സഞ്ചികളും പൊതികളും എങ്ങനെ കൈകാര്യം ചെയ്യാമെന്ന കാര്യത്തിലാണു ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ബയോകളക്ഷന്‍ എന്ന സ്റ്റാര്‍ട്ടപ്പ് ഇതിനു വേണ്ടി അവര്‍ ആരംഭിച്ചു. ഇത്തരം പ്ലാസ്റ്റിക്കുകള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് സംസ്‌കരിച്ച് സ്‌കൈ ജാക്കറ്റുകള്‍, കാറിന്റെ ഭാഗങ്ങള്‍ തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങളുടെ അസംസ്‌കൃതവസ്തുക്കളാക്കി മാറ്റുകയാണ് ബയോകളക്ഷന്‍ ചെയ്യുന്നത് [/blockquote]

ടോബി മക്കാര്‍ട്‌നിയുടെ മക്‌റെബര്‍ എന്ന സ്ഥാപനം റോഡ് പാകാന്‍ വേണ്ടി പുനചംക്രമണം ചെയ്ത പ്ലാസ്റ്റിക്ക് കൊണ്ടുള്ള ആസ്ഫല്‍റ്റ് മിശ്രിതവും പെല്ലെറ്റുകളും നിര്‍മിച്ചിട്ടുണ്ട്. പെട്രോളിയത്തില്‍ നിന്നുണ്ടാക്കുന്ന ബിറ്റുമിനു പകരമായി റോഡ് നിര്‍മാണത്തില്‍ ഈ മിശ്രിതം ഉപയോഗിക്കാനാകും. ഒരു വെടിക്ക് രണ്ടു പക്ഷിയെന്ന പോലെ ലോകം അഭിമുഖീകരിക്കുന്ന രണ്ടു പ്രധാന പ്രശ്‌നങ്ങള്‍ക്കാണ് ഇതിലൂടെ പ്രതിവിധി കണ്ടെത്താന്‍ കഴിഞ്ഞിരിക്കുന്നത്. പ്ലാസ്റ്റിക്ക് മാലിന്യവും കുണ്ടും കുഴിയും നിറഞ്ഞ പാതകളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഇതുവഴി ഒറ്റയടിക്ക് അവസാനിപ്പിക്കാനാകും. ബ്രിട്ടണിലെ റോഡുകളില്‍ ഇവ പരീക്ഷണാര്‍ത്ഥത്തില്‍ ഉപയോഗിച്ച് ഗുണമേന്മ മനസിലാക്കിയതുമാണ്.

പരിസ്ഥിതി നാശത്തിനു പുറമെ ജീവികളുടെ ജീവനാശത്തിനും മാരകരോഗങ്ങള്‍ക്കും പ്ലാസ്റ്റിക്ക് കാരണമാകുന്നു. ജലാശയങ്ങളില്‍ വ്യവസായ മാലിന്യങ്ങള്‍ക്കൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും കുമിഞ്ഞുകൂടുന്നത് ഒഴുക്കു തടസപ്പെടുത്തുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകും പെറ്റു പെരുകുന്നു എന്നതാണു മെച്ചം. ഡെംഗു, മലേറിയ, ചിക്കുന്‍ഗുനിയ തുടങ്ങിയ മാരക പകര്‍ച്ചവ്യാധികള്‍ ഒരുപാട് ആളുകളുടെ ജീവനെടുക്കുന്നു. ഒപ്പം ജലത്തിലെ ഓക്‌സിജന്റെ കുറവ് മീനുകളുടെ വംശനാശത്തിനും കാരണമാകുന്നു. ഇത് വലിയൊരു വിഭാഗത്തിന്റെ ജീവനോപാധിയെത്തനെനയാണ് ബാധിക്കുന്നത്. നദീതീരങ്ങളില്‍ വേലിയേറ്റസമയത്ത് വലിയ തോതില്‍ പ്ലാസ്റ്റിക്ക് നിക്ഷേപം അടിയുന്നത് സ്ഥിരം കാഴ്ചയാണ്.

പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ പ്രശ്‌നങ്ങള്‍ രൂക്ഷമായി അനുഭവപ്പെടുന്നത് സമുദ്രത്തിലാണ്. അതിലോലമായ പ്ലാസ്റ്റിക് കവറുകള്‍ ജീര്‍ണിക്കാന്‍ കുറഞ്ഞത് 100 വര്‍ഷവും വലിയ കനമുള്ളവ ജീര്‍ണിക്കാന്‍ 400 വര്‍ഷവുമാണ് എടുക്കുന്നത്. അഞ്ചു ട്രില്യണിലധികം പ്ലാസ്റ്റിക്ക് ആണ് സമുദ്രത്തില്‍ ഒഴുകി നടക്കുന്നത്. ഇവ ജീര്‍ണിക്കാന്‍ ആയിരം വര്‍ഷമെങ്കിലും എടുക്കുമെന്നു കണക്കാക്കപ്പെടുന്നു. ഇത് വിഘടിച്ച് ചെറുകഷ്ണങ്ങളാകുമ്പോള്‍ കടലിലെ സൂക്ഷ്മജീവികള്‍ ഇവ ഭക്ഷണമാക്കാന്‍ തുടങ്ങുന്നു. സ്രാവുകള്‍, തിമിംഗലങ്ങള്‍ തുടങ്ങിയ വന്‍ ജീവികള്‍ക്കും പ്ലാസ്റ്റിക്ക് ഭീഷണിയാണ്. പ്ലാസ്റ്റിക്കില്‍ അടങ്ങിയ വിഷവസ്തുക്കള്‍ അവയ്ക്കു വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നു. കടലില്‍ ചത്തു പൊന്തിയ പല ജീവികളുടെയും ആന്തരികാവയവങ്ങളില്‍ പ്ലാസ്റ്റിക്ക് അംശം കണ്ടെത്തിയത് പ്ലാസ്റ്റിക് വ്യാപനത്തിന്റെ ഇരകളാണവ എന്നു തെളിയിക്കുന്നു.

പൊതുവെ മാലിന്യങ്ങള്‍ കുറവായിരുന്ന ശാന്ത സമുദ്രത്തിലേക്കും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ പ്രവാഹം കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സര്‍ക്കാരും ബിസിനസ് സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. 2042 ആകുമ്പോഴേക്കും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനാണ് ബ്രിട്ടണ്‍ തീരുമാനിച്ചിരിക്കുന്നത്. ഫ്രാന്‍സ് ആകട്ടെ, ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക്ക് സഞ്ചികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നു. നോര്‍വേയില്‍ ഒരു ദശകമായി ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികള്‍ തിരികെ വാങ്ങി പണം നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കുപ്പികള്‍ കളക്ഷന്‍ മെഷീനില്‍ നിക്ഷേപിച്ചാല്‍ ഒരു ക്രോണ്‍ ഷോപ്പുടമകള്‍ നല്‍കും. ബ്രിട്ടണിലും ഈ പദ്ധതി തുടങ്ങാനിരിക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്ലാസ്റ്റിക്ക് പൊതികള്‍ ഉപേക്ഷിക്കാനൊരുങ്ങുന്നു. ടെസ്‌കോ അവരുടെ പൊതികളെല്ലാം പരിസ്ഥിതി സൗഹൃദമോ പുനചംക്രമണത്തിന് ഉപയുക്തമോ ആക്കാനാണു തീരുമാനിച്ചിട്ടുള്ളത്.

എന്നാല്‍ ഒരുപാട് ഇനം പ്ലാസ്റ്റിക്കുകള്‍ പുനചംക്രമണം ചെയ്യാന്‍ പറ്റില്ലെന്ന കുഴപ്പമുണ്ട്. കാലിഫോര്‍ണിയയിലെ സാന്‍ജോസിലുള്ള ജിയാന്നി യാവോയും മിറാന്‍ഡ വാംഗും ഇത്തരത്തിലുള്ള പുനചംക്രമണം ചെയ്യാനാകാത്ത പ്ലാസ്റ്റിക്ക് സഞ്ചികളും പൊതികളും എങ്ങനെ കൈകാര്യം ചെയ്യാമെന്ന കാര്യത്തിലാണു ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ബയോകളക്ഷന്‍ എന്ന സ്റ്റാര്‍ട്ടപ്പ് ഇതിനു വേണ്ടി അവര്‍ ആരംഭിച്ചു. ഇത്തരം പ്ലാസ്റ്റിക്കുകള്‍ ഏറെ മലിനപ്പെട്ടതും പുനചംക്രമണം ചെയ്യാനാകാത്തരീതിയിലെത്തിയവയുമായിരിക്കുമെന്ന് വാംഗ് ചൂണ്ടിക്കാട്ടുന്നു. ഇവ രാസവസ്തുക്കള്‍ ഉപയോഗിച്ച് സംസ്‌കരിച്ച് സ്‌കൈ ജാക്കറ്റുകള്‍, കാറിന്റെ ഭാഗങ്ങള്‍ തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങളുടെ അസംസ്‌കൃതവസ്തുക്കളാക്കി മാറ്റുകയാണ് ബയോകളക്ഷന്‍ ചെയ്യുന്നത്.

പ്ലാസ്റ്റിക്ക് ശൃംഖല ഭേദിച്ച് സമര്‍ത്ഥമായ രാസമാറ്റത്തിനു സാധ്യമാക്കുന്ന ഒരു ആയുധം തങ്ങള്‍ക്കു തിരിച്ചറിയാനായെന്ന് വാംഗ് പറയുന്നു. പോളിമര്‍ 10 കാര്‍ബണ്‍ ആറ്റങ്ങളേക്കാള്‍ കുറഞ്ഞ വലുപ്പത്തില്‍ വിഘടിക്കപ്പെട്ടാല്‍ വായുവില്‍ നിന്ന് ഓക്‌സിജന്‍ സ്വീകരിച്ച് ഒരുതരം ജൈവാമ്ലം രൂപീകരിക്കപ്പെടുന്നു. അത് ശുദ്ധീകരിച്ച് ആവശ്യമായ ഉല്‍പ്പന്നം നിര്‍മിക്കാനാകുന്നു. ഇതാണ് അവരുടെ പ്രവര്‍ത്തനതത്വം. എളുപ്പം പുനചംക്രമണം സാധ്യമാകുന്ന, നിറം കുറഞ്ഞ പ്ലാസ്റ്റിക്കുകളാണു പ്രോല്‍സാഹിപ്പിക്കേണ്ടതെന്ന് വേസ്റ്റ് റീസൈക്കിളിംഗ് ആക്ഷന്‍ പ്രോഗ്രാമിന്റെ ഹലന്‍ ബേഡ് പറയുന്നു. വൃത്തിയുള്ള പ്ലാസ്റ്റിക്ക് പുനചംക്രമണം ചെയ്യാനും പായ്ക്കിംഗിന് ഉപയോഗിക്കാനും എളുപ്പമാണ്.

പുനരുപയോഗിക്കാവുന്ന പായ്‌ക്കെജിംഗ് ഉപയോഗിക്കാനും ഉപയോക്താക്കള്‍ക്ക് വ്യക്തമായി ലേബല്‍ ചെയ്തു കൊടുക്കാനും ബിസിനസുകളെ പ്രോല്‍സാഹിപ്പിക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. ഉപയോഗിച്ചു വലിച്ചെറിയുന്നതു ശീലിച്ച സമൂഹത്തില്‍ പ്ലാസ്റ്റിക്കിനു ബദല്‍ പരിസ്ഥിതിയനുകൂല ഉല്‍പ്പന്നങ്ങള്‍ക്ക് അധികം സാമ്പത്തിക ആനുകൂല്യങ്ങളും കിട്ടാനിടയില്ല. നാം ക്രൂഡ്ഓയില്‍ അധിഷ്ഠിത പ്ലാസ്റ്റിക്കില്‍ നിന്ന് ഉടന്‍ മോചിതരാകുമെന്നത് ഗംഭീര ആശയമാണെന്ന് വിദഗ്ധരും സമ്മതിക്കുന്നു.

അടുത്ത ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ആഗോളാടിസ്ഥാനത്തില്‍ മധ്യവര്‍ഗം ഇരട്ടിയാകാന്‍ പോകുന്നുവെന്നാണ് വാംഗ് പറയുന്നത്. കൂടുതല്‍ അളവ് ജൈവ പ്ലാസ്റ്റിക്കുകള്‍ വികസിപ്പിക്കാനാകുമെങ്കിലും പ്ലാസ്റ്റിക്ക് ഉപയോഗം പൂര്‍ണമായി അവസാനിപ്പിക്കാന്‍ നമുക്കാവില്ല. കാരണം അവയ്ക്കു പകരം വെക്കാവുന്ന യാതൊരു വസ്തുക്കളുമില്ല. പ്ലാസ്റ്റിക്ക് മാലിന്യത്തെക്കുറിച്ച് അവബോധം വളരുന്നുണ്ടെങ്കിലും ഇതിന് എളുപ്പത്തില്‍ ഉത്തരം കണ്ടെത്താനാകുമെന്ന് ആരും അവകാശപ്പെടുന്നില്ല. എങ്ങനെയാണ് സംരംഭങ്ങള്‍ കൂടുതല്‍ സുസ്ഥിര പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്കു വേണ്ടി സര്‍ക്കാരും സമൂഹവും അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുകയെന്ന് ബിസിനസ് സങ്കേതങ്ങള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.

Comments

comments

Categories: Slider, Top Stories