ഐവികാപ് വെഞ്ച്വേഴ്‌സ് 640 കോടിയുടെ ഫണ്ട് രൂപീകരിക്കും

ഐവികാപ് വെഞ്ച്വേഴ്‌സ് 640 കോടിയുടെ ഫണ്ട് രൂപീകരിക്കും

മുംബൈ: ആഭ്യന്തര വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ ഐവികാപ് വെഞ്ച്വേഴ്‌സ് ഇസ്രയേലിലെ നിക്ഷേപ സംഘവുമായി ചേര്‍ന്ന് അതിര്‍ത്തി കടന്നുള്ള ഇക്വിറ്റി ഫണ്ട് രൂപീകരിക്കാനൊരുങ്ങുന്നു. സേവനാധിഷ്ഠിത സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുള്ള ഇന്ത്യയില്‍, ഉല്‍പ്പന്ന ഇന്നൊവേഷന്‍ പ്രോല്‍സാഹിപ്പിക്കുകയാണ് 640 കോടി രൂപയുടെ ഫണ്ടിന്റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 40 ദശലക്ഷം ഡോളറിന്റെ ഇസ്രയേല്‍-ഇന്ത്യ ഇന്നൊവേഷന്‍ ഇനിഷ്യേറ്റീവ് ഫണ്ട് (ഐ4എഫ്) രൂപീകരിച്ചിരുന്നു.ശാസ്ത്ര-സാങ്കേതിക-ഇന്നൊവേഷന്‍ മേഖലകളിലെ ഗവേഷണ, വികസനപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി നിക്ഷേപം നടത്താനുള്ള ഇന്ത്യ-ഇസയേല്‍ സര്‍ക്കാരുകളുടെ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഐവികാപ്പിന്റെ ഈ പദ്ധതി. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ കഴിഞ്ഞ മാസത്തെ ഇന്ത്യ സന്ദര്‍ശനവേളയില്‍ ഈ മേഖലകളില്‍ ഇസ്രയേലിനുള്ള താല്‍പ്പര്യം അദ്ദേഹം വീണ്ടും പ്രകടമാക്കിയിരുന്നു.

ഇസ്രയേല്‍ ആസ്ഥാനമായതും ജലം, ഹെല്‍ത്ത്‌കെയര്‍, കൃഷി, സൈബര്‍സുരക്ഷ മേഖലകളില്‍ ഇന്ത്യയെ കേന്ദ്രീകരിച്ചുള്ള സൊലൂഷനുകള്‍ വികസിപ്പിക്കുന്നതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഐവികാപ് ഫണ്ട് പ്രാധാന്യം നല്‍കുന്നത്. ഇന്ത്യന്‍ വിപണിയില്‍ മികച്ച ടെക്‌നോളജി സേവനങ്ങളും ഉല്‍പ്പന്നങ്ങളും ലഭ്യമാക്കികൊണ്ട് ഇസ്രയേലി സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പരീക്ഷണത്തിനും വിപണി വികസനത്തിനുമുള്ള അവസരം ഫണ്ട് നല്‍കും. കാറ്റഗറി 2 ല്‍ ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടായി രൂപകല്‍പ്പന ചെയതിരിക്കുന്ന ഐവികാപ്പ് ഇക്വിറ്റി കമ്പനികളില്‍ ഫണ്ട് 3 -45 ദശലക്ഷം ഡോളര്‍ വരെ നിക്ഷേപം നടത്തും. ഈ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തോടെ ഫണ്ട് രൂപീകരണത്തിനുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

‘ഇസ്രയേലില്‍ സമ്പന്നമായ ഉല്‍പ്പന്ന ഇന്നൊവേഷന്‍ വൈദഗ്ധ്യമാണുള്ളത്. ഉല്‍പ്പന്ന ഉന്നൊവേഷന്‍ എന്നത് വളരെ ചെലവേറിയ ഒന്നാണ്. നിലവില്‍ ഇന്ത്യയില്‍ ഇത് മിതമായ നിരക്കിലല്ല ലഭ്യമാകുന്നത്. ഐവികാപ് പദ്ധതി വഴി ഇത് മിതമായ നിരക്കിന് ലഭ്യമാക്കാനാകും. ഇന്ത്യന്‍ വിപണിയിലെ വിജയസാധ്യതയെ അടിസ്ഥാനമാക്കി ഇസ്രയേല്‍ സംരംഭകര്‍ക്ക് അവരുടെ ടെക് സേവേനങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്കും വികസിപ്പിക്കാനും കഴിയും’ – ഐവികാപ് വെഞ്ച്വേഴ്‌സ് മാനേജിംഗ് പാര്‍ട്ണര്‍ വിക്രം ഗുപ്ത പറഞ്ഞു.

ഇന്ത്യന്‍ വിപണിക്കായി ഗുണമേന്‍മയുള്ള ടെക് സേവനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐവികാപ് ഇസ്രയേലിലെ പ്രാദേശിക ഭരണകൂടങ്ങളുമായി സഹകരിച്ച് ടെല്‍ അവീവില്‍ ഇക്യൂബേഷന്‍ പ്ലാറ്റ്‌ഫോം ആരംഭിക്കും. ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുമായി ചര്‍ച്ച നടത്തി ഈ ടെക്‌നോളജി സേവനങ്ങള്‍ അവരുടെ കോര്‍പ്പറേറ്റ് ഉല്‍പ്പന്നങ്ങളുമായി ചേര്‍ത്ത് ഇന്ത്യയിലെത്തിക്കാനും ഐവികാപ് ശ്രമിക്കും. 500 കോടി രൂപയുടെ വെഞ്ച്വര്‍ ഡെറ്റ് ഫണ്ടിനായി സെബിയുടെ അംഗീകാരം കാത്തിരിക്കുകയാണ് ഐവികാപ്.

Comments

comments

Categories: Business & Economy

Related Articles