അന്താരാഷ്ട്ര ബഹിരാകാശനിലയം സ്വകാര്യവത്കരിക്കുന്നു

അന്താരാഷ്ട്ര ബഹിരാകാശനിലയം സ്വകാര്യവത്കരിക്കുന്നു

ചാന്ദ്ര, ചൊവ്വാ പര്യവേക്ഷണങ്ങള്‍ക്ക് പ്രയോജനകരമായി പ്രവര്‍ത്തിക്കുന്ന ബഹിരാകാശ നിലയത്തിനുള്ള ഫണ്ട് വെട്ടിച്ചുരുക്കാന്‍ ഒരുങ്ങുകയാണ് ട്രംപ് ഭരണകൂടം. 2024 വരെ നിലയം പ്രവര്‍ത്തിക്കുന്നതിനുള്ള ചെലവ് വഹിക്കാമെന്ന് അമേരിക്കയും 14 രാജ്യങ്ങളും തമ്മില്‍ ഉടമ്പടിയുള്ളതിനാല്‍ ഇക്കാലം വരെയുള്ള ചെലവ് അമേരിക്ക വഹിക്കും. അതിനു ശേഷം നിലയം സ്വകാര്യ മേഖലയ്ക്കു കൈമാറാനാണു നീക്കം

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിനു (ഐഎസ്എസ്) യുഎസ് ഭരണകൂടം നല്‍കി വരുന്ന ധനസഹായം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഐഎസ്എസിനെ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യസംരംഭമായി മാറ്റാനുള്ള ശ്രമത്തിലാണ് ട്രംപെന്നും റിപ്പോര്‍ട്ട്. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയില്‍നിന്നും വാഷിംഗ്ടണ്‍ പോസ്റ്റ് ശേഖരിച്ച ആഭ്യന്തര രേഖയിലാണ് (ഇന്റേണല്‍ ഡോക്യുമെന്റ്) ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ ചെലവില്ല, പകരം സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് സംരംഭമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തെ മാറ്റാന്‍ ട്രംപ് ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ശാസ്ത്ര, മനുഷ്യ പര്യവേക്ഷണങ്ങള്‍ ലക്ഷ്യമിട്ടാണു ഐഎസ്എസ് സ്ഥാപിച്ചത്. റഷ്യയും, ജപ്പാനും, കാനഡയും, 11 യൂറോപ്യന്‍ രാജ്യങ്ങളും ചെറിയ തുക ചെലവഴിക്കുന്നുണ്ടെങ്കിലും അമേരിക്കയാണ് ഐഎസ്എസിന്റെ മുഖ്യചെലവ് വഹിച്ചു വരുന്നത്. എന്നാല്‍ പുതിയ തീരുമാനമനുസരിച്ച് 2024-നു ശേഷം യുഎസ് സര്‍ക്കാര്‍ ഫണ്ടിംഗ് അവസാനിപ്പിക്കുവാനാണു നീക്കം. 2024-വരെ നിലയത്തിന്റെ ചെലവ് വഹിച്ചു കൊള്ളാമെന്നു വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനാല്‍ 2024-വരെ ഫണ്ട് അനുവദിക്കേണ്ടി വരും. ഐഎസ്എസിനെ പൂര്‍ണമായും ഉപേക്ഷിക്കാന്‍ ട്രംപ് ഉദ്ദേശിക്കുന്നില്ലെങ്കിലും 2025-ാടെ സ്വകാര്യ മേഖലയിലേക്ക് ഈ സംരംഭത്തെ മാറ്റാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. ഇതു സംബന്ധിച്ച ബജറ്റ് പ്രൊപ്പോസല്‍ ഫെബ്രുവരി 12 തിങ്കളാഴ്ച പുറത്തുവിടുമെന്നു നേരത്തേ അറിയിച്ചിരുന്നു.

ന്യൂയോര്‍ക്ക് ടൈംസിന് ലഭിച്ച ബജറ്റ് പ്രൊപ്പോസലിന്റെ പകര്‍പ്പില്‍, യുഎസ് ഭരണകൂടം 2019 സാമ്പത്തിക വര്‍ഷത്തില്‍ 19.9 ബില്യന്‍ ഡോളര്‍ നാസയ്ക്കു വേണ്ടി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നതായിട്ടാണു സൂചിപ്പിക്കുന്നത്. 2018 വര്‍ഷത്തെ അപേക്ഷിച്ച് ഇത് 370 മില്യന്‍ ഡോളറിന്റെ വര്‍ധനയാണുള്ളത്. അതേസമയം ഭാവിയില്‍ നാസയ്ക്ക് അനുവദിക്കുന്ന സാമ്പത്തിക സഹായം വെട്ടിച്ചുരുക്കാനാണു യുഎസ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഐഎസ്എസ്, ബോയിങ് കമ്പനിക്ക് കരാര്‍ നല്‍കിയിരിക്കുകയാണ്. ഐഎസ്എസ് പ്രവര്‍ത്തിപ്പിക്കുവാന്‍ പ്രതിവര്‍ഷം മൂന്ന് മുതല്‍ നാല് ബില്യന്‍ ഡോളര്‍ വരെയാണു ചെലവ്.

ഈ തുക നാസയാണു ബോയിങ് കമ്പനിക്ക് നല്‍കുന്നത്. ഐഎസ്എസിനുള്ള സര്‍ക്കാര്‍ ഫണ്ടിംഗ് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചാല്‍ അതിനര്‍ഥം 2024-ല്‍ ബഹിരാകാശ നിലയം താഴെയിറക്കുമെന്ന് (deorbit) അല്ല. പകരം ഇതിന്റെ നിയന്ത്രണം സ്വകാര്യ കമ്പനിക്ക് കൈമാറുമെന്നാണ്. അതോടെ ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്വകാര്യ ഏജന്‍സിയുടെ മേല്‍നോട്ടത്തിലാവും. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട നയ രൂപീകരണത്തിനായി കഴിഞ്ഞ വര്‍ഷം ട്രംപ് ഭരണകൂടം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അധ്യക്ഷനായി നാഷണല്‍ സ്‌പേസ് കൗണ്‍സിലിന് രൂപം കൊടുത്തിരുന്നു. കൗണ്‍സിലിന്റെ ആദ്യ യോഗം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചേരുകയുമുണ്ടായി. ഈ മാസം വീണ്ടും യോഗം ചേരാനിരിക്കുകയുമാണ്.

അന്താരാഷ്ട്ര ബഹിരാകാശ നിലയം

അമേരിക്ക, റഷ്യ, ജപ്പാന്‍, കാനഡ, 11 യൂറോപ്യന്‍ രാജ്യങ്ങളടക്കം 15 രാജ്യങ്ങളുടെ നീണ്ട വര്‍ഷത്തെ ഭഗീരഥ പ്രയത്‌നത്തിന്റെ ഫലമായിട്ടാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) സ്ഥാപിതമായത്. 1998-ലാണ് ഇതിന്റെ നിര്‍മാണം ആരംഭിച്ചത്. 2006-ല്‍ ഭാഗികമായി പ്രവര്‍ത്തന സജ്ജമായി. 2028 വരെ ഇത് ഉപയോഗിക്കാനാകുമെന്നാണ് പറയപ്പെടുന്നത്. നാസയാണ് ഐഎസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതും ബഹിരാകാശയാത്രക്കാര്‍ക്ക് താമസിക്കാനാവുന്നതുമായ ഗവേഷണശാലയാണിത്. റഷ്യയുടെ റോക്കറ്റുകളും അമേരിക്കയുടെ സ്‌പേസ് ഷട്ടിലുകളുമാണ് ഐഎസ്എസ് നിര്‍മിക്കാന്‍ ആവശ്യമുള്ള ഭാഗങ്ങള്‍ ബഹിരാകാശത്ത് എത്തിച്ചത്.

ഭൂമിയില്‍നിന്നും നഗ്ന നേത്രങ്ങള്‍ കൊണ്ട് ഈ നിലയത്തെ കാണുവാന്‍ സാധിക്കും. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങള്‍ക്ക് ആവശ്യമായ ബഹിരാകാശവാഹനങ്ങളുടെയും ഉപകരണങ്ങളുടെയും പരിശോധന ഈ സ്റ്റേഷനില്‍ നടത്തി വരുന്നു. ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിനോളം വലുപ്പമുള്ള ഈ നിലയത്തിന് 453 മെട്രിക് ടണ്‍ ഭാരമുണ്ട്. ഭൂമിയിലെ പോലെ ഗുരുത്വാകര്‍ഷണമില്ലാത്ത ഇടമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.ഐഎസ്എസിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക പ്രധാനമായും ചെലവഴിക്കുന്നത് നാസയാണ്. മറ്റ് രാജ്യങ്ങളും ചെലവിനായി ചെറിയ തുക സംഭാവന ചെയ്യുന്നുണ്ടെങ്കിലും, അമേരിക്ക പിന്മാറുകയാണെങ്കില്‍ മറ്റ് രാജ്യങ്ങളും അമേരിക്കയുടെ പാത പിന്തുടരാനാണു സാധ്യത. ഇക്കാര്യം അവര്‍ പ്രഖ്യാപിച്ചിട്ടില്ല. ബഹിരാകാശ നിലയത്തിന്റെ 2024 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ലഭ്യമാക്കുമെന്നാണ് അമേരിക്കയും മറ്റ് രാജ്യങ്ങളും പരസ്പരം നല്‍കിയിട്ടുള്ള ഉറപ്പ്.

ട്രംപിന്റെ നീക്കം വിജയം കാണുമോ ?

ഐഎസ്എസിനു നല്‍കി വരുന്ന ധനസഹായം അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനമടങ്ങിയ ബജറ്റ് പ്രൊപ്പോസല്‍ ഫെബ്രുവരി 12 തിങ്കളാഴ്ച അമേരിക്കന്‍ നിയമനിര്‍മാണ സഭയായ കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. ഇവിടെ അനുമതി ലഭിച്ചാല്‍ മാത്രമായിരിക്കും തീരുമാനം നടപ്പിലാവുക. ഐഎസ്എസിനു ധനസഹായം നിറുത്തലാക്കാനുള്ള ട്രംപിന്റെ ആലോചനകള്‍ക്ക് കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നു സൂചനയുണ്ട്. ചന്ദ്ര ദൗത്യത്തിലേക്ക് നാസ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ട്രംപിന്റെ ആഗ്രഹം. 2020-ാടെ ചന്ദ്രനില്‍ ലാന്‍ഡിംഗ് നടത്തണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. ഇതു സാധ്യമാകണമെങ്കില്‍ വലിയ നിക്ഷേപം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ഐഎസ്എസിനു വേണ്ടി പ്രതിവര്‍ഷം മൂന്ന് മുതല്‍ നാല് ബില്യന്‍ ഡോളര്‍ വരെ ചെലവഴിക്കുന്നതിനേക്കാള്‍ ഭേദം ചാന്ദ്ര ദൗത്യങ്ങള്‍ക്കായി അനുവദിക്കുന്നതല്ലേ നല്ലതെന്നും ട്രംപ് വിചാരിക്കുന്നുണ്ട്.

 

Comments

comments

Categories: Slider, Tech