രാജ്യം ജലക്ഷാമം നേരിടും; കേന്ദ്ര വാട്ടര്‍ കമ്മീഷന്റെ മുന്നറിയിപ്പ്

രാജ്യം ജലക്ഷാമം നേരിടും; കേന്ദ്ര വാട്ടര്‍ കമ്മീഷന്റെ മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: ജലസംഭരണികളില്‍ ലഭ്യമായ വെള്ളം വിവേകപൂര്‍വം ഉപയോഗിക്കുന്നതിനുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആസൂത്രണം ചെയ്തില്ലെങ്കില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഗുജറാത്തില്‍ ജലക്ഷാമം നേരിടുമെന്ന് കേന്ദ്ര വാട്ടര്‍ കമ്മീഷന്റെ (സിഡബ്ല്യുസി) മുന്നറിയിപ്പ്. വേനല്‍ കടുക്കുന്നതോടെ ജലസംഭരണികളില്‍ ജലനിരപ്പ് താഴുന്നത് പശ്ചിമേന്ത്യയിലും മധ്യേന്ത്യയിലും ധാന്യവര്‍ഗങ്ങള്‍, പരുത്തി, നെല്ല്, ചോളം തുടങ്ങിയവയുടെ കൃഷി വൈകുന്നതിന് കാരണമാകുമെന്നും കേന്ദ്ര വാട്ടര്‍ കമ്മീഷന്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ റിസര്‍വോയറുകളിലുള്ള ജലനിരപ്പ് താരതമ്യേന കുറവാണ്. ഒരു വര്‍ഷം മുന്‍പുള്ള സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ജലസംഭരണികളിലെ ജല ശേഖരത്തില്‍ നിലവില്‍ 11 ശതമാനത്തിന്റെ കുറവാണുള്ളത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്‍പത് ശതമാനത്തിന്റെ കുറവാണ് വന്നിട്ടുളളതെന്നും സിഡബ്ല്യുസി വ്യക്തമാക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് മുന്‍കാലങ്ങളില്‍ ചെയ്തത് പോലെ സംഭരണികളിലെ വെള്ളത്തിന്റെ വിവേകപരമായ ഉപയോഗം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികള്‍ ആസുത്രണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ എസ് മസൂദ് ഹുസൈന്‍ പറഞ്ഞു.

ഗുജറാത്ത് ജലക്ഷാമം നേരിടുന്നുണ്ടെന്നാണ് ഹുസൈന്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മതിയായ തോതില്‍ മഴ ലഭിക്കാത്തത് കാരണം സംസ്ഥാനത്തെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അണക്കെട്ടില്‍ നിന്നും വെള്ളമെടുക്കാന്‍ നര്‍മദാ നിയന്ത്രണ അതോറിറ്റി സംസ്ഥാനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അണക്കെട്ടിലെ ജലനിരപ്പ് മതിയായ അളവിലും താഴെയാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി മറിച്ചല്ല.

കേന്ദ്ര വാട്ടര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ഫെബ്രുവരി എട്ടാം തീയതി വരെ രാജ്യത്ത് 85 ശതമാനം മഴ ലഭിച്ചു. രാജ്യത്ത് സാധാരണ ലഭിക്കുന്ന മഴയേക്കാള്‍ കുറവാണിത്. 66.731 ബില്യണ്‍ ക്യുബിക് മീറ്റര്‍ ജലമാണ് രാജ്യത്തെ ജലസംഭരണികളില്‍ ഇപ്പോഴുള്ളത്.

 

Comments

comments

Categories: More