ഇന്ത്യക്കാരുടെ ബിസിനസ് ആത്മവിശ്വാസം വര്‍ധിച്ചതായി എന്‍സിഎഇആര്‍

ഇന്ത്യക്കാരുടെ ബിസിനസ് ആത്മവിശ്വാസം വര്‍ധിച്ചതായി എന്‍സിഎഇആര്‍

ന്യൂഡെല്‍ഹി: ഇന്ത്യക്കാരുടെ ബിസിനസ് ആത്മവിശ്വാസം വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. 2017 ഒക്‌റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തിനിടെ ഇന്ത്യയുടെ ബിസിനസ് ആത്മവിശ്വാസ സൂചിക 9.1 ശതമാനം ഉയര്‍ന്നിട്ടുണ്ടെന്നാണ് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യക്കാരുടെ ബിസിനസ് വികാരം നിലവില്‍ മെച്ചപ്പെട്ട തലത്തിലാണെന്നും സര്‍വേയില്‍ പറയുന്നു. ന്യൂഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്ക്‌ണോമിക് റിസര്‍ച്ച് (എന്‍സിഎഇആര്‍) ആണ് ഇതു സംബന്ധിച്ച സര്‍വേ സംഘടിപ്പിച്ചത്.

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ത്രൈമാസ കാലയളവില്‍ ബിസിനസ് ആത്മവിശ്വാസ സൂചിക 12.9 ശതമാനം താഴ്ന്നിരുന്നു. ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും അനിശ്ചിതത്വങ്ങളും ബിസിനസ് വികാരത്തെ സ്വാധീനിച്ചതാണ് സെപ്റ്റംബര്‍ പാദത്തില്‍ ബിസിനസ് ആത്മവിശ്വാസ സൂചികയില്‍ ഇടിവുണ്ടാകാനുള്ള കാരണമായി നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് വിലയിരുത്തുന്നത്. പുതിയ നികുതി സംവിധാനവുമായി സമ്പദ്‌വ്യവസ്ഥ ഇപ്പോഴും പൊരുത്തപ്പെട്ടിട്ടില്ലെന്നും എന്‍സിഎഇആര്‍ ചൂണ്ടിക്കാട്ടി.

ഉല്‍പ്പാദനം, ആഭ്യന്തര വില്‍പ്പന, കയറ്റുമതി, അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി, നികുതിക്ക് മുന്‍പുള്ള വരുമാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ബിസിനസുകാരുടെ മൊത്തം പ്രതീക്ഷയില്‍ ജൂലൈ-സെപ്റ്റംബര്‍ പാദത്തെ അപേക്ഷിച്ച് ഡിസംബര്‍ പാദത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. എല്ലാ മേഖലകളിലും ഇവര്‍ക്ക് ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഭാവി തൊഴിലവസരങ്ങളും വേതനവും സംബന്ധിച്ച ശുഭാപ്തിവിശ്വാസം വര്‍ധിച്ചതായും നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Business & Economy