സോഹോയുമായി ചേര്‍ന്ന് ഐസിഐസിഐയുടെ സോഹോബുക്ക്‌സ്

സോഹോയുമായി ചേര്‍ന്ന് ഐസിഐസിഐയുടെ സോഹോബുക്ക്‌സ്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐയും മുന്‍നിര സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ സോഹോയും ചേര്‍ന്ന് പുതിയ ഡിജിറ്റല്‍ ബാങ്കിംഗ് സേവനമായ സോഹോ ബുക്ക്‌സ്’ പുറത്തിറക്കി. സോഹോയുടെ ക്ലൗഡ് എക്കൗണ്ടിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് സോഹോ ബുക്ക്‌സ് തയ്യാറാക്കിയിരിക്കുന്നത്.

ഐസിഐസിഐ ബാങ്കില്‍ കറന്റ് എക്കൗണ്ട് ഉള്ളവര്‍ക്ക് സോഹോ ബുക്ക്‌സുമായി എക്കൗണ്ടിനെ ബന്ധിപ്പിക്കാം. ഡാറ്റാ എന്‍ട്രി കുറക്കല്‍, ഉപഭോക്താക്കള്‍ക്ക് വിവിധ പേയ്‌മെന്റ് ഓപ്ഷനുകള്‍, പ്രവര്‍ത്തന മൂലധനത്തിനുള്ള വായ്പക്കുള്ള അപേക്ഷ നല്‍കല്‍ എന്നിവക്ക് സോഹോ ബുക്ക്‌സ് സഹായകരമാണ്.

ചെറുകിട, ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് ഏറെ ഗുണകരമാണ് സോഹോ ബുക്ക്‌സ്. വന്‍കിട കമ്പനികള്‍ക്ക് മാത്രം ലഭിച്ചിരുന്ന സൗകര്യമാണ് സോഹോ ബുക്ക്‌സിലൂടെ ഐസിഐസിഐ ബാങ്ക് വിപുലമാക്കിയിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ബാങ്കിംഗ് സേവനം ലഭ്യമാക്കുന്നതിനും ഡിജിറ്റല്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിലും ബാങ്ക് ഏറെ മുന്‍പന്തിയിലാണെന്നും ഇതിന്റെ ‘ഭാഗമായാണ് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഗുണകരമാകുന്ന സോഹോ ബുക്ക്‌സ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഐസിഐസിഐ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ അനൂപ് ബാഗ്ചി പറഞ്ഞു. ഇതിന് സമാനമായ സേവനങ്ങള്‍ തുടര്‍ന്നും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വന്‍കിട കമ്പനികള്‍ക്ക് ലഭ്യമായിരുന്ന ആഡംബര സേവനങ്ങള്‍ ചെറുകിട സംരംഭങ്ങള്‍ക്ക് കൂടി ലഭ്യമാക്കിയിരിക്കുകയാണെന്ന് സോഹോ സിഇഒ ശ്രീധര്‍ വെമ്പു പറഞ്ഞു. പുത്തന്‍ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കുകയാണ് സോഹോ ബുക്ക്‌സിലൂടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാങ്കിംഗ് ഇടപാടുകള്‍ ഡാറ്റാ എന്‍ട്രി കുറക്കാനും മാനുവലായി ചെയ്യുമ്പോഴുള്ള തെറ്റുകള്‍ ഒഴിവാക്കാനും സോഹോ ബുക്ക്‌സ് സഹായിക്കും. പണമിടപാടുകളുടെ കൃത്യമായ വിവരങ്ങള്‍ യഥാസമയം ലഭ്യമാകുന്നത് കൊണ്ട് സംരംഭകര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് പെട്ടെന്നുള്ള തീരുമാനങ്ങളെടുക്കാനും സാധിക്കും.

ബാങ്കിംഗ് ഇടപാടുകളെല്ലാം സോഹോ ബുക്ക്‌സുമായി സംയോജിപ്പിക്കപ്പെടുന്നതിനാല്‍ ഇടപാടുകളുടെ വിവരങ്ങള്‍ നഷ്ടമാകാതെ സൂക്ഷിക്കാനാകും. സോഹോ ബുക്ക്‌സ് വഴി ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ ഇടപാടുകളെല്ലാം നടത്താനാകും. സോഹോ ബുക്ക്‌സ് സബ്‌സ്‌ക്രിപ്ഷന് 2499 രൂപയാണ് വാര്‍ഷിക വരിസംഖ്യ.

Comments

comments

Categories: Business & Economy