ആഗോള നോട്ട്ബുക്ക് വിപണിയില്‍ എച്ച്പി ഒന്നാം സ്ഥാനത്ത്

ആഗോള നോട്ട്ബുക്ക് വിപണിയില്‍ എച്ച്പി ഒന്നാം സ്ഥാനത്ത്

സാന്‍ഫ്രാന്‍സിസ്‌കോ: ആഗോള നോട്ട്ബുക്ക് വിപണിയില്‍ 24.3 ശതമാനം വിപണി വിഹിതവുമായി കഴിഞ്ഞ വര്‍ഷവും എച്ച്പി തങ്ങളുടെ ആധിപത്യം നിലനിര്‍ത്തി. വിപണി ഗവേഷണ സ്ഥാപനമായ ട്രെന്‍ഡ്‌ഫോഴ്‌സിന്റെ കണക്കുകളനുസരിച്ച് എച്ച്പിയുടെ കഴിഞ്ഞ വര്‍ഷത്തെ നോട്ട്ബുക്ക് ഷിപ്പ്‌മെന്റ് 40 ദശലക്ഷം യൂണിറ്റ് എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 10.5 ശതമാനം കൂടുതലാണിത്.

ലെനൊവൊ ലാപ്‌ടോപ്പ് ഷിപ്പ്‌മെന്റ് മുന്‍ വര്‍ഷത്തേക്കാള്‍ 4.9 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇത് ബ്രാന്‍ഡിന്റെ വിപണി പങ്കാളിത്തം 20.2 ശതമാനം കുറയാനും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനും കാരണമായി. ഡെല്‍ കഴിഞ്ഞ തവണയും നോട്ട്ബുക്ക് വിപണിയിലെ മൂന്നാം സ്ഥാനം നിലനിര്‍ത്തി. 15.2 ശതമാനമാണ് ഡെല്ലിന്റെ വിപണിയിലെ സംഭാവന. ആപ്പിള്‍ അസൂസിനെ പിന്നിലാക്കി നാലാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. 9.6 ശതമാനമാണ് ആപ്പിളിന്റെ വിപണി പങ്കാളിത്തം. 2016 ല്‍ നിന്ന് 1.3 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മാക്ബുക്ക് പ്രോയുടെ പരിഷ്‌കരിച്ച പതിപ്പ് ഇക്കാലയളവിലെ ആപ്പിളിന്റെ ഷിപ്പ്‌മെന്റ് 18 ശതമാനത്തോളം വര്‍ധിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇത് ഒരു നോട്ട്ബുക്ക് ബ്രാന്‍ഡുകള്‍ നേടിയ ഏറ്റവും വലിയ വളര്‍ച്ച കൂടിയാണ്.

അസൂസിന്റെ വിപണി വിഹിതത്തില്‍ 9.5 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. ഏസര്‍ ക്രോംബുക്ക് വിപണിയില്‍ വലിയതോതില്‍ വികസിക്കുന്നുണ്ട്. ഏസറിന്റെ വടക്കേ അമേരിക്കയിലെ നോട്ട്ബുക്ക് വാര്‍ഷിക ഷിപ്‌മെന്റ് 0.6 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. എട്ടു ശതമാനമാണ് ഏസറിന്റെ വിപണി വിഹിതം. ഷഓമി, ഹ്വാവെയ് എന്നീ ബ്രാന്‍ഡുകള്‍ ചൈനീസ് വിപണിയില്‍ മികച്ച വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ആഗോള നോട്ട്ബുക്ക് ഷിപ്‌മെന്റ് മുന്‍ വര്‍ഷത്തേക്കാള്‍ 2.1 ശതമാന ഉയര്‍ന്ന് 164.7 ദശലക്ഷം യൂണിറ്റിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആഗോള നോട്ടബുക്ക് വിപണിയില്‍ മുന്‍നിര ബ്രാന്‍ഡുകളുടെ വിപണി വിഹിതം 89.1 ശതമാനത്തോളം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: HP, hp notebook