ഐഐഎം അഹമ്മദാബാദിന്റെ എക്‌സ്റ്റെന്‍ഷന്‍ സെന്റര്‍ ദുബായില്‍

ഐഐഎം അഹമ്മദാബാദിന്റെ എക്‌സ്റ്റെന്‍ഷന്‍ സെന്റര്‍ ദുബായില്‍

ദുബായ്: ഐഐഎം അഹമ്മദാബാദും യുഎഇയിലെ ബിആര്‍എസ് വെഞ്ച്വേഴ്‌സും പുതിയ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇന്ത്യയിലെ പ്രീമിയര്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനമായ ഐഐഎം അഹമ്മദാബാദിന്റെ ആദ്യ ഓവര്‍സീസ് എക്‌സ്‌റ്റെന്‍ഷന്‍ കേന്ദ്രം ദുബായില്‍ തുടങ്ങുന്നതിന് വേണ്ടിയാണിത്.

വരുന്ന ജൂണില്‍ പുതിയ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങും. യുഎഇയിലെ ബിസിനസ് മേഖലയ്ക്ക് അനുയോജ്യമായ തരത്തിലുള്ള എക്‌സിക്യൂട്ടിവ് എജുക്കേഷന്‍ പ്രോഗ്രാമുകളാണ് കേന്ദ്രം ലഭ്യമാക്കുക. കസ്റ്റമൈസ്ഡ് ലേണിംഗ് പ്രോഗ്രാമുകള്‍ ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഐഐഎം അഹമ്മദാബാദില്‍ നിന്ന് പഠിച്ചിറങ്ങിയ നിരവധി വിദ്യാര്‍ത്ഥികള്‍ ആഗോളതലത്തില്‍ കാല്‍പ്പാടുകള്‍ പതിപ്പിച്ചിട്ടുണ്ട്. അത്തരത്തിലൊരു സ്ഥാപനം ദേശീയ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപിക്കേണ്ടതുണ്ട്. യുഎഇ അനുയോജ്യമായ ഇടമാണ്-ഐഐഎം അഹമ്മദാബാദ് ഡയറക്റ്റര്‍ ഇറോള്‍ ഡിസൂസ പറഞ്ഞു.

പുതിയ കേന്ദ്രത്തിന് അടിസ്ഥാന സൗകര്യം ഉള്‍പ്പടെയുള്ള പിന്തുണ നല്‍കുന്നത് ബിആര്‍എസ് വെഞ്ച്വേഴ്‌സ് ആയിരിക്കും. അക്കാഡമിക്, പരിശീലന തലത്തിലുള്ള സേവനങ്ങള്‍ ഐഐഎം അഹമ്മദാബാദ് പ്രദാനം ചെയ്യും.

ഐഐഎംഎ എക്‌സ്റ്റെന്‍ഷന്‍ സെന്ററിലൂടെ യുഎഇയിലെയും ഗള്‍ഫ് മേഖലയിലെയും സമ്പദ് വ്യവസ്ഥകള്‍ക്ക് ഗുണം ലഭിക്കും-ബിആര്‍എസ് വെഞ്ച്വേഴ്‌സ് ചെയര്‍മാന്‍ ബി ആര്‍ ഷെട്ടി പറഞ്ഞു.

Comments

comments

Categories: Arabia