വലിയ അവസരങ്ങളാണ് കൃത്രിമ ബുദ്ധി തുറന്നിടുന്നത്: ഡു സിഇഒ

വലിയ അവസരങ്ങളാണ് കൃത്രിമ ബുദ്ധി തുറന്നിടുന്നത്: ഡു സിഇഒ

ദുബായ്: മഹത്തായ അവസരങ്ങളാണ് കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) തുറന്നിടുന്നതെന്ന് ടെലികോം കമ്പനിയായ ഡുവിന്റെ സിഇഒ ഒസ്മാന്‍ സുല്‍ത്താന്‍. ലോക ഗവണ്‍മെന്റ് സമ്മിറ്റില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം കൃത്രിമ ബുദ്ധിയുടെ സാധ്യതകളെക്കുറിച്ച് വാചാലനായത്. കൃത്രിമ ബുദ്ധിയുടെ നേട്ടങ്ങളെയും റിസ്‌കുകളെയുംകുറിച്ച് ശരിയായ രീതിയിലുള്ള സംവാദങ്ങളും സംഭാഷണങ്ങളുമാണ് നടക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം കൃത്രിമ ബുദ്ധി ബിസിനസിനും മനുഷ്യര്‍ക്കും ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചും അതിവേഗസാങ്കേതിക പരിണാമം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം ബോധവാനാണെന്നും വ്യക്തമാക്കി. എന്നാല്‍ കൃത്യമായ ആസൂത്രണമുണ്ടെങ്കില്‍ കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കുമെന്നും നമുക്ക് അതിനുള്ള സമയമുണ്ടെന്നും ഡു സിഇഒ ചൂണ്ടിക്കാണിച്ചു.

ദുബായ് സ്മാര്‍ട്ട്‌സിറ്റിയുടെ അഭിമാനാര്‍ഹമായ പങ്കാളിയാണ് നമ്മള്‍. കൃത്രിമ ബുദ്ധിക്ക് മാത്രമായി നമുക്കൊരു മന്ത്രിയുണ്ട്. സന്തോഷത്തിനും സഹിഷ്ണുതയ്ക്കുമായും നമുക്ക് മന്ത്രിയുണ്ട്. അതുകൊണ്ടു തന്നെ സാങ്കേതികവിദ്യയുടെ റിസ്‌ക്കുകളെയും പ്രതിസന്ധികളെയും ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കും-സുല്‍ത്താന്‍ വ്യക്തമാക്കി.

പങ്കുവെക്കപ്പെടുന്ന അപ്രവചനീയതകളുടെ, ഹൈപ്പര്‍ കണക്റ്റീവ് ലോകത്തേക്ക് നമ്മള്‍ മാറുകയാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ടെക്‌നോളജിക്കല്‍ ഇന്നൊവേഷന്‍ സംഭവിക്കുന്ന കാലത്ത് മാറ്റങ്ങളോട് ഒരു ഭയമുണ്ടാകുന്നത് സ്വാഭാവികം മാത്രമാണെന്നും ആ മാറ്റത്തിന്റെ മോശം ഫലങ്ങളെ നിയന്ത്രിക്കാവുന്നതാണെന്നും ഡു സിഇഒ പറഞ്ഞു.

മുന്‍കാലങ്ങളില്‍ നിന്ന് അല്‍പ്പം വ്യത്യാസമുണ്ട് നിലവിലെ ലോകത്തിനെന്നും അദ്ദേഹം സൂചിപ്പിച്ചു. മുമ്പ് പതുക്കെയായിരുന്നു മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് സാങ്കേതികവിദ്യയുടെ മാറ്റം അതിവേഗത്തിലും കൂടുതല്‍ ചലനാത്മകമായും ആണ്.

Comments

comments

Categories: Arabia