മികച്ച പ്രകടനം നടത്തി അരാമെക്‌സ്

മികച്ച പ്രകടനം നടത്തി അരാമെക്‌സ്

ദുബായ്: പ്രമുഖ ലോജിസ്റ്റിക്‌സ് സേവനദാതാവായ അരാമെക്‌സിന് നാലാം പാദത്തില്‍ മികച്ച പ്രകടനഫലങ്ങള്‍. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി 25 ശതമാനം വളര്‍ച്ചയാണ് ലാഭത്തില്‍ മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നാലാം പാദത്തിലെ ലാഭം 45 ദശലക്ഷം ഡോളറാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ലാഭം 36 മില്ല്യണ്‍ ഡോളറായിരുന്നു.

മുഴുനീള വര്‍ഷത്തെ കണക്കെടുത്താല്‍ ലാഭത്തിലുണ്ടായിരിക്കുന്നത് രണ്ട് ശതമാനത്തിന്റെ വര്‍ധനയാണ്. 118.5 ദശലക്ഷം ഡോളറാണ് ഈ വര്‍ഷത്തെ ലാഭം. വരുമാനം 1.3 ബില്ല്യണ്‍ ഡോളറും. വരുമാനത്തില്‍ 9 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്.

ഈജിപ്ഷ്യന്‍ പൗണ്ടിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനത്തിന് അനുസരിച്ചാണ് തങ്ങളുടെ പ്രവര്‍ത്തന ഫലങ്ങളിലെ മാറ്റമെന്ന് കമ്പനി അറിയിച്ചു. 2016ലെ രണ്ടാം പാദത്തിലാണ് ഈജിപ്റ്റിലെ എഎംസി ലോജിസ്റ്റിക്‌സില്‍ അരാമെക്‌സ് നിക്ഷേപം നടത്തിയത്.

മേഖലയിലെ ഇ-കൊമേഴ്‌സ് ബിസിനസിലുണ്ടായ വമ്പന്‍ കുതിപ്പാണ് തങ്ങളുടെ മികച്ച പ്രകടനത്തിന് ആധാരമെന്ന് അരാമെക്‌സ് സിഇഒ ബഷര്‍ ഒബയ്ദ് പറഞ്ഞു. ഇ-കൊമേഴ്‌സ് പ്രവര്‍ത്തനങ്ങളിലുണ്ടായ വളര്‍ച്ചയാണ് തങ്ങള്‍ക്ക് ഗുണകരമായതെന്ന് അദ്ദേഹം വ്യക്തമാക്കി. 2018ലും കമ്പനി മികച്ച വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചും ഗള്‍ഫ് മേഖലയില്‍ ഇ-കൊമേഴ്‌സ് ബിസിനസ് കൂടുതല്‍ വികസിക്കുന്ന സാഹചര്യത്തില്‍.

തങ്ങളുടെ ബിസിനസ് 2018ല്‍ കൂടുതല്‍ ടെക്‌നോളജി അധിഷ്ഠിതമാക്കുമെന്നും ബഷര്‍ ഒബയ്ദ് പറഞ്ഞു. ചെലവിന്റെ ഘടനയിലും കുറച്ച് മാറ്റങ്ങള്‍ വരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Arabia