വനിതകളെ സ്വയംപര്യാപ്തതയിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യവുമായി 1988 ഫെബ്രുവരി 22ന് പ്രവര്‍ത്തനമാരംഭിച്ച പ്രസ്ഥാനമാണ് കേരള സംസ്ഥാന വനിതാ വികസന കോര്പ്പറേഷന്. സ്ത്രീശാക്തീകരണം പ്രഥമ കര്‍ത്തവ്യ മേഖലയാക്കി പ്രവര്‍ത്തിക്കുന്ന കോര്പ്പറേഷന്, നിരവധി സഹായ പദ്ധതികളും മറ്റും നടപ്പിലാക്കിക്കൊണ്ടാണ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത്. വിവിധ മേഖലകളില്‍ വിവിധ വിഭാഗങ്ങളിലായി നടപ്പിലാക്കിയ നിരവധി നവീന പദ്ധതികള്‍ മാറ്റി മറിച്ചത് സംസ്ഥാനത്തെ വനിതകളുടെ ജീവിത നിലവാരം തന്നെയായിരുന്നു
കാലഘട്ടത്തിനനുസൃതമായ പുത്തന്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് കേരള സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് കാലമിത്രയും പ്രവര്‍ത്തിച്ചത്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വനിതകളെ ഉയര്ത്തിക്കൊണ്ടുവരുന്നതിലേക്കായി മികച്ച സംഭാവന നല്കാന് ഈ പദ്ധതികള്‍ക്ക് സാധിച്ചിട്ടുണ്ട്. വായ്പാ
പദ്ധതികളാണ് ഇക്കൂട്ടത്തില്‍ പ്രഥമ സ്ഥാനത്തുള്ളത്. സംരംഭങ്ങള്‍ക്കും മറ്റുമായി മികച്ച ആശയങ്ങള്‍ മനസിലുണ്ടെങ്കിലും മുതല്‍മുടക്ക് കണ്ടെത്താനാവാതെ പിന്വലിയുന്നവര്ക്ക് വളരെ വലിയ കൈത്താങ്ങാണ് ഈ വായ്പാ പദ്ധതികള്‍.
2017-18 കാലഘട്ടത്തില്‍ 2731 സ്ത്രീകള്‍ക്കായി 82 കോടിയോളം രൂപയാണ് കോര്പ്പറേഷന് വായ്പയായി നല്‍കിയത്. ഇത്രനാള്‍ പ്രതിവര്‍ഷം പരമാവധി 4 കോടി രൂപയായിരുന്നു കോര്പ്പറേഷന് വായ്പയായി അനുവദിച്ച് നല്‍കിയിരുന്നത്. അടുത്ത പടിയായി ഇത് 100 കോടിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് വരികയാണ്. ഇത് കൂടി നടപ്പിലാക്കിയാല്‍ കൂടുതല്‍ സ്ത്രീകളിലേക്ക് കൂടി സഹായമെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോര്പ്പറേഷന്.
പ്രധാനപ്പെട്ട മൂന്ന് ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെ ചാനലൈസിംഗ് ഏജന്‍സിയായാണ് കോര്പ്പറേഷന് പ്രവര്‍ത്തിക്കുന്നത്. ഇതിനൊപ്പം തന്നെ സ്ത്രീകള്‍ അടങ്ങുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സാമ്പത്തിക സഹായത്താല്‍ ലളിതമായ തവണ വ്യവസ്ഥകളോടെ സ്വയംതൊഴില്‍ വായ്പ, മൈക്രോ ഫിനാന്‍സ് വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവയും നല്കിവരുന്നു. ഇതിന് പുറമെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള വായ്പകളും നല്‍കുന്നുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 18.85 ലക്ഷം രൂപയാണ് കോര്പ്പറേഷന് വായ്പയായി നല്‍കിയത്. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലേക്കും കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും പദ്ധതികളെ പറ്റി വനിതകളെ ബോധവല്‍കരിക്കുന്നതിനും മറ്റുമായി വിവിധ പ്രദേശങ്ങളില്‍ വായ്പാ മേളകള്‍ വരെ കോര്പ്പറേഷന് സംഘടിപ്പിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ വര്‍ഷം 5 ജില്ലകളിലാണ് ഇത്തരത്തില്‍ മേളകള്‍ സംഘടിപ്പിച്ചത്. ഇതിന് പുറമെ കഴിഞ്ഞ വര്‍ഷം കോര്പ്പറേഷന് നടപ്പിലാക്കിയ മറ്റൊരു പ്രധാന പരിപാടിയായിരുന്നു വിധവകള്‍ക്കായുള്ള സംരംഭകത്വ വികസന പരിശീലനം. ആധുനികതയിലെത്തി എന്നവകാശപ്പെടുന്ന ഇക്കാലത്തും വിധവകളോടുള്ള സമൂഹത്തിന്റെ ചിന്താഗതികള്‍ക്ക് കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇവിടെയും പ്രതിവിധിയായി കോര്പ്പറേഷന് എത്തുന്നുണ്ട്. ഇതിനായി സംരംഭകത്വ പരിശീലനത്തിന് പുറമെ ജീവിത സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിനും സ്വയം തീരുമാനമെടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അവരെ പ്രാപ്തരാക്കുന്ന തരത്തിലുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കും നിലവില്‍ തൊഴില്‍ ഇല്ലാത്തവര്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നത്. മൂന്ന് ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്കായി ആയിരം രൂപ വീതം സ്റ്റൈപ്പന്റും നല്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍, ഇടുക്കി ജില്ലകളിലായി 250ഓളം വിധവകളാണ് ഇക്കഴിഞ്ഞ വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കിയത്. സ്വന്തം സംരംഭം തുടങ്ങുന്നതിനും അത് മികച്ച രീതിയില്‍ എത്തിക്കുന്നതിനുമായി സാധ്യമായ പിന്തുണകള്‍ എല്ലാംതന്നെ കോര്പ്പറേഷന് നടപ്പിലാക്കി വരുന്നുണ്ട്.
ധനകാര്യ രംഗത്ത് മാത്രമല്ല, നിത്യജീവിതത്തിലും സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ ഏറെയാണ്. പ്രാഥമിക ആവശ്യങ്ങള്‍ക്കായുള്ള സജ്ജീകരണങ്ങള്‍ തന്നെയാണ് അതില്‍ പ്രധാനപ്പെട്ടത്. യാത്രകള്‍ ചെയ്യുന്ന സാഹചര്യങ്ങളിലും മറ്റും ടോയ്ലറ്റ് സൗകര്യങ്ങളുടെ അഭാവം ആരോഗ്യപരമായ പ്രശ്നങ്ങളിലേക്ക് വരെ അവരെ കൊണ്ടെത്തിക്കുന്നുണ്ട്. ഇതിന് മികച്ച പ്രതിവിധിയായാണ് കോര്പ്പറേഷന് ഷീ ടോയ്ലറ്റ് എന്ന വിപ്ലവത്തിന് തന്നെ തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 58 ഇലക്ട്രോണിക് ഷീ ടോയ്ലറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ടോയ്ലറ്റ് വൃത്തിയാക്കലിന്റെയും അറ്റകുറ്റപ്പണികളുടെയും സാമ്പത്തിക ചെലവ് വഹിക്കുന്നതും കോര്പ്പറേഷന് തന്നെയാണ്. ഈ വര്‍ഷം പുതിയ 15 ടോയ്ലറ്റുകള് കൂടി തയാറാക്കാനാണ് കോര്പ്പറേഷന് ലക്ഷ്യമിടുന്നത്.
തൊഴിലവസരങ്ങളിലേക്ക് കൈപിടിച്ച് ഫിനിഷിംഗ് സ്കൂള്‍
സാമൂഹിക-സംരംഭക രംഗത്തേക്ക് സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യവുമായി കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് റിസോഴ്സ് എന്‍ഹാന്‍സ്മെന്റ് അക്കാഡമി ഫോര്‍ കരിയര്‍ ഹൈറ്റ്സ് (REACH). സംസ്ഥാനത്ത് തിരുവനന്തപുരത്തും കണ്ണൂരിലെ പിലാത്തറയിലുമായി രണ്ട് കേന്ദ്രങ്ങളിലായാണ് റീച്ച് പ്രവര്‍ത്തിക്കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കായി 70 ശതമാനം സീറ്റുകളാണ് ഇവിടെ സംവംരണം ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവര്‍ക്കായി ചെറിയ ഫീസും ഈടാക്കുന്നു. പരിശീലനത്തിന് ശേഷം സംരംഭ, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മികച്ച രീതിയില്‍ അവയെ നിലനിര്‍ത്തിപ്പോരുന്നതിനും എല്ലാവിധ പിന്തുണയും കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കും. ആദ്യകാലങ്ങളില്‍ വളരെ കുറച്ച് മേഖലകള്‍ മാത്രമായിരുന്നു റീച്ച് കൈകാര്യം ചെയ്തിരുന്നത്. സോഫ്റ്റ്സ്കില്‍, കമ്യൂണിക്കേഷന്‍, ഐടി സേവനങ്ങള്‍ തുടങ്ങിയവയായിരുന്നു അക്കാലത്ത് നടപ്പിലാക്കിയ പരിശീലന വിഷയങ്ങള്‍.
പിന്നീട് കാലാനുസൃതമായ മാറ്റങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് റീച്ച് കൂടുതല്‍ മേഖലകളിലേക്ക് വിന്യസിക്കപ്പെടുകയായിരുന്നു. ഇന്ന് റൂട്രോണിക്സ്, നാസ്കോം തുടങ്ങിയ വന്‍കിട സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഡാറ്റാ എന്‍ട്രി, റീട്ടെയ്ല്‍ സെയില്‍സ് അസോസിയേറ്റ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്‍സ്, ടാലി തുടങ്ങി വിവിധ വിഭാഗങ്ങളില്‍ റീച്ച് പരിശീലനം നല്‍കിവരുന്നുണ്ട്. അടുത്ത ഘട്ടമായി ഡിസിഎ, പിജിഡിസിഎ, മുതലായ കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 1150 വിദ്യാര്‍ത്ഥിനികളാണ് റീച്ചില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയിറങ്ങിയത്.
ബോധവല്‍ക്കരണം
സംസ്ഥാനത്തെ എല്ലാവിധ മേഖലകളിലും മികച്ച ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കാന്‍ കോര്പ്പറേഷന് സാധിച്ചിട്ടുണ്ട്. വ്യക്തിത്വ വികസനത്തിലേക്കും ചിന്താതലങ്ങളിലേക്കും മറ്റും മികച്ച സ്വാധീനം ചെലുത്താന്‍ പ്രാപ്തമായ ഇത്തരം ബോധവല്‍ക്കരണങ്ങള്‍ മികച്ച രീതിയില്‍ ഫലം കാണുന്നുണ്ട്, വിദ്യാഭ്യാസ തലം മുതല്‍ക്കെ തന്നെ ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടത് അത്യാവശ്യമാണ്. അതിന്റെ ഭാഗമായിത്തന്നെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ 40 വനിതാ കോളെജുകളിലായി കോര്‍പ്പറേഷന്റെ കീഴില്‍ വനിതാ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കോര്പ്പറേഷന് സാധിക്കുന്നുണ്ട്.
ബോധവല്കരണ പരിപാടികള്‍, സെമിനാറുകള്‍, വിവിധ കര്‍മപദ്ധതികള്‍, കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം, കയ്യെഴുത്ത് മാസിക പ്രസിദ്ധീകരണം, തെരുവ് നാടകങ്ങള്‍, ജെന്‍ഡര്‍ അവയര്‍നെസ് പ്രോഗ്രാമുകള്‍ തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടത്തിവരുന്നുണ്ട്. യുവതലമുറയില്‍ നിന്ന് തന്നെ ബോധവല്‍ക്കരണം നടത്തേണ്ട ആവശ്യകതയെ സാധൂകരിക്കുന്ന നിലവാരത്തിലുള്ള പദ്ധതികളാണ് ഇതുവഴി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗിക പീഡനങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതിന് ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മിറ്റിയുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷിക്കുന്നതിനുള്ള ശില്പശാലയും അതിനൊപ്പം തന്നെ വനിതാ വികസന കോര്‍പ്പറേഷന്റെ വിവിധ പദ്ധതികളും ഈ സെല്ലുകള്‍ വഴി നടപ്പിലാക്കുന്നുണ്ട്.
സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഇന്നും വളരെ ദൂരെ മാറി നില്ക്കുന്ന വിഭാഗമാണ് ആദിവാസികള്‍. ലോകം അനുദിനം പുരോഗതിയിലേക്ക് മുന്നേറുമ്പോഴും ആദിവാസി വിഭാഗം നേരിടുന്നത് കടുത്ത അവഗണനയാണ്. അതിനാല്‍ തന്നെ ആദിവാസി വിഭാഗത്തിലെ സ്ത്രീകള്‍ക്കായി പുതിയ പദ്ധതിയും കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട് പേരാമ്പ്ര, ചക്കിട്ടപാറ പഞ്ചായത്തില്‍ മുതുകാട് ആദിവാസി സെറ്റില്‍മെന്റ് കോളനിയിലെ വനിതകള്‍ക്കായി തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിക്കാനാണ് പദ്ധതി. 18 മുതല്‍ 55 വയസ് വരെയുള്ള വനിതകള്‍ക്കായി തൊഴില്‍ പരിശീലനങ്ങളും മറ്റും നടത്താനാണ് ലക്ഷ്യം വെക്കുന്നത്. ഇതുവഴി അവരുടെ നിലവിലുള്ള കഴിവിനെ ഉയര്‍ത്തുന്നതിനും പുതിയ തൊഴില്‍ മേഖലകളെ പരിചയപ്പെടുത്തുന്നതിനും സാധിക്കും.
അതിന് പുറമെ പരിശീലനത്തിനെത്തുന്ന അമ്മമാരുടെ അഞ്ച് വയസില്‍ താഴെയുള്ള മക്കള്‍ക്കായി ക്രഷ് സൗകര്യവും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാര ലഭ്യതയും ഉറപ്പുവരുത്തുകയും ചെയ്യും. ഇതിന് പുറമെ ഇവര്‍ക്കായി ചെറുകിട ഉല്‍പ്പാദന കേന്ദ്രങ്ങള്‍ സജ്ജമാക്കുകയും വിപണന സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യും. അതുവഴി ആദിവാസി വനിതകള്‍ക്ക് മികച്ച വരുമാന മാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിനും അവരെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതിനും സാധിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ഈ മാതൃക, വിജയമാകുന്ന പക്ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി.
പരിശീലനം പോലീസിനും
സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ട വകുപ്പാണ് പോലീസിന്റേത്. എന്നാല്‍ പലപ്പോഴും പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റും നടപടികള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ട്. അതിനാല്‍ തന്നെയാണ് പോലീസിനെ കാണുമ്പോള്‍ ജനങ്ങള്‍ക്ക് സുരക്ഷയെക്കാള്‍ അധികമായി ഭയം തോന്നുന്നത്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥര്‍ക്ക് ലൈംഗികാവബോധ പരിശീലനം അടുത്ത മൂന്ന് വര്‍ഷം കൊണ്ട് നല്കാന് കോര്പ്പറേഷന് പദ്ധതിയിടുന്നുണ്ട്. ജനങ്ങളോട് നേരിട്ട് ഇടപെടേണ്ടിവരുന്ന കോണ്‍സ്റ്റബിള്‍, എഎസ്ഐ, എസ്ഐ തലങ്ങളിലുള്ളവര്ക്കായാണ് പ്രധാനമായും പരിശീലനം സജ്ജമാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു വര്‍ഷം കൊണ്ട് 40 ക്ലാസുകള്‍ നടത്താനാണ് പദ്ധതി.
പുത്തന്‍ പദ്ധതികള്‍
കാലികമായ മാറ്റങ്ങള്‍ എക്കാലവും നടപ്പിലാക്കിയ ചരിത്രമാണ് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റേത്. നിരവധി പഠനങ്ങള്‍ക്കും തയാറെടുപ്പുകള്‍ക്കും ശേഷം നടപ്പിലാക്കുന്ന ഈ പദ്ധതികള്‍ എല്ലാം തന്നെ ഉദ്ദേശിച്ച മികവ് പുലര്ത്തിയിട്ടുള്ളവയാണ്. സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ കോര്‍പ്പറേഷന്റെ, മിത്ര 181 പദ്ധതി കുറച്ച് കാലത്തിനകം തന്നെ ജനശ്രദ്ധയാകര്ഷിച്ചതാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയോജിത പ്രവര്‍ത്തനഫലമായുള്ള മിത്ര 181 വനിതകള്‍ക്കായുള്ള ഹെല്പ്ലൈന് ആയാണ് പ്രവര്‍ത്തിക്കുന്നത്. 2017 മാര്‍ച്ച് 27ന് പ്രവര്‍ത്തനമാരംഭിച്ച മിത്ര 181ല്‍ എണ്‍പതിനായിരത്തിലധികം കോളുകളാണ് ഇതുവരെ വന്നിട്ടുള്ളത്. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് വനിതകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം സൃഷ്ടിക്കാനാണ് ഇതുവഴി ശ്രമിക്കുന്നത്. അടുത്തപടിയായി സേവനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനായുള്ള പദ്ധതികളിലാണ് കോര്പ്പറേഷന്.
സ്ത്രീശാക്തീകരണത്തിനായി ബോധവല്‍ക്കരണത്തിനും തൊഴിലവസരങ്ങള്ക്കുമൊപ്പം പ്രാധാന്യമര്‍ഹിക്കുന്ന മേഖലയാണ് താമസസൗകര്യത്തിന്റെ ലഭ്യത. ജോലിക്കായി വീട് വിട്ടിറങ്ങുന്ന സ്ത്രീകള്‍ ഏറ്റവുമധികം ദുരിതമനുഭവിക്കേണ്ടിവരുന്നതും മതിയായ സജ്ജീകരണങ്ങളും സുരക്ഷയുമില്ലാത്ത ഹോസ്റ്റലുകള്‍ കൊണ്ട് തന്നെയാണ്. നിലവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 8 വര്‍ക്കിംഗ് വുമന്‍സ് ഹോസ്റ്റലുകള്‍ കോര്പ്പറേഷന് നടത്തുന്നുണ്ട്. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തുവരുന്നു.
ഇതിന് പുറമെ സ്ത്രീകള്‍ക്ക് യാത്രയ്ക്കിടെ തങ്ങാവുന്ന വിധത്തില്‍ ലോഡ്ജ് സൗകര്യം, ഹോസ്റ്റല്‍ അന്തേവാസികളായ സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ക്ക് ക്രഷ്, ഒറ്റപ്പെട്ടുപോയ സ്ത്രീകളെ താത്കാലികമായി താമസിപ്പിക്കാവുന്ന വിധത്തില്‍ ഷോര്‍ട്ട് സ്റ്റേ എന്നിവ ഒരേ കുടക്കീഴില് അവതരിപ്പിച്ചുകൊണ്ട് പുതിയ പദ്ധതി നടപ്പിലാക്കാനും കോര്പ്പറേഷന് തയാറെടുക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ഹോസ്റ്റല്‍ സമുച്ചയത്തിന്റെ ശിലാസ്ഥാപനകര്‍മം 2018 ജനുവരി 6ന് നടത്തപ്പെടും.
വനിതകളുടെ ആരോഗ്യകാര്യത്തിലും മികച്ച ഇടപെടല്‍ കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ഷീ പാഡ് പദ്ധതി തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. ശുചിത്വവും ഗുണമേന്യേറിയതുമായ സാനിറ്ററി നാപ്കിനുകള്‍, അവ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള അലമാരകള്‍, ഉപയോഗിച്ച പാഡുകള്‍ നശിപ്പിക്കുന്നതിനുള്ള ഇന്‍സിനറേറ്റര്‍ എന്നിവ വിദ്യാലയങ്ങളില്‍ വിതരണം ചെയ്യുന്നതാണ് ഷീ പാഡ് പദ്ധതിലൂടെ നടപ്പാക്കുന്നത്. സാംസ്കാരിക-മതപരമായ വിവിധ വിശ്വാസങ്ങളും ആചാരങ്ങളും ഇന്നും ആര്‍ത്തവ കാലഘട്ടത്തെ ചുറ്റിപ്പറ്റി പ്രചരിക്കുന്നതിനാല്‍ ഇത് സംബന്ധിച്ച ബോധവല്‍ക്കരണത്തിനും കോര്പ്പറേഷന് മുന്‍കൈയെടുക്കുന്നുണ്ട്.
പെണ്‍കുട്ടികളുടെ ആരോഗ്യത്തില്‍ ആര്‍ത്തവ കാലഘട്ടത്തിന് വളരെ പ്രാധാന്യമുള്ളതായതിനാല്‍ സാനിറ്ററി പാഡുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലേക്ക് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെയും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്ഡ്സിന്റെയും നിബന്ധനകള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും ആര്‍ത്തവ ശുചിത്വത്തെ പറ്റിയുള്ള ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.
യാത്രാവേളകളിലും മറ്റും സ്ത്രീകള്‍ അക്രമിക്കപ്പെടുന്നത് ഒറ്റപ്പെട്ട കാര്യമല്ലാതായ കാലഘട്ടത്തില്‍ ഷീ ടാക്സി എന്ന ആശയം ഏറ്റെടുത്തുകൊണ്ട് കോര്പ്പറേഷന് മികച്ച മാതൃകയാണ് സൃഷ്ടിച്ചത്. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് നടത്തിവന്ന സര്‍ക്കാര്‍ സംരംഭമായിരുന്നു ആദ്യകാലത്ത് ഷീ ടാക്സി. പിന്നീട് ചില പ്രതികൂല സാഹചര്യങ്ങളാല്‍ നഷ്ടത്തിലായ ഷീ ടാക്സിയെ വനിതാ വികസന കോര്പ്പറേഷന് എറ്റെടുക്കുകയായിരുന്നു. വാഹനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് മിത്ര 181ല്‍ ബന്ധപ്പെടുക വഴി സേവനം ലഭ്യമാകുന്നതാണ്. വാഹനത്തിന്റെ ചാര്‍ജും വാഹനത്തിന്റെ വിവരങ്ങളും മറ്റും എസ്എംഎസ് വഴി ഉപഭോക്താവിലേക്കും ഡ്രൈവറിലേക്കുമെത്തും.
വനിതകളാണ് വാഹനം ഓടിക്കുന്നത് എന്നതിനാല്‍ തന്നെ യാത്രക്കാരായ സ്ത്രീകള്‍ക്കും മികച്ച സൗഹാര്‍ദ്ദ അന്തരീക്ഷവും സുരക്ഷയും ഷീ ടാക്സികളുടെ പ്രത്യേകതയാണ്. ഇത്തരത്തില്‍ വിവിധങ്ങളായ വിഭാഗത്തില്‍പ്പെടുന്ന സേവനങ്ങളെ മികച്ച രീതിയില്‍ വിന്യസിച്ചുകൊണ്ടാണ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രയാണം തുടരുന്നത്. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് പിന്തള്ളപ്പെടുന്ന സ്ത്രീസമൂഹത്തിന് മികച്ച അവസരങ്ങളും സേവനങ്ങളും സജ്ജമാക്കിക്കൊണ്ട് വനിതാ വികസന കോര്പ്പറേഷന് പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.