രാഷ്ട്രീയമായി ഭിന്നിച്ച് പതിറ്റാണ്ടുകളോളം വൈരികളായി കഴിയുന്ന രാജ്യങ്ങള്‍ കായിക നയതന്ത്രത്തിലൂടെ ഒരുമിച്ച ചരിത്രം പറയാനുണ്ട്. കിഴക്കന്‍ ജര്‍മനിയും പടിഞ്ഞാറന്‍ ജര്‍മനിയുമാണ് ഉദാഹരണം. ഇപ്പോള്‍ ഇതാ പട്ടികയിലേക്ക് ഒരെണ്ണവും കൂടി ചേര്‍ക്കപ്പെട്ടിരിക്കുന്നു. അത് ഉത്തര, ദക്ഷിണ കൊറിയകളാണ്. ഇരു രാജ്യങ്ങളും തമ്മില്‍ ഏഴ് പതിറ്റാണ്ടുകളായി ശത്രുതയില്‍ കഴിയുകയാണ്. ഒളിംപിക്സ് അടക്കമുള്ള നിരവധി കായിക വേദിയില്‍ ഒരുമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് സാധിച്ചിരുന്നില്ല. എന്നാല്‍ 2018 ശീതകാല ഒളിംപിക്സില്‍ ഇരുരാജ്യങ്ങളും ഒരുമിച്ചിരിക്കുന്നു. ഇവിടെ ഒരു ചരിത്രം പിറവി കൊണ്ടിരിക്കുന്നു.
ലോകം ഉറ്റുനോക്കിയ ഒരു ചടങ്ങിന്റെ ഉദ്ഘാടനം ഇന്നലെ ദക്ഷിണ കൊറിയയില്‍ നടന്നു. കായിക മികവ് മാറ്റുരയ്ക്കുന്ന 23-ാമത് ശീതകാല ഒളിംപിക്സിനാണ് ഇന്നലെ ഗ്യാങ്വോണ് കൗണ്ടിയിലെ പ്യോങ്ചാങില്‍ കൊടിയേറിയത്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി അരങ്ങേറിയ ഘോഷയാത്രയില്‍ 93 രാജ്യങ്ങളില്‍നിന്നുള്ള കായിക താരങ്ങള്‍ അണിനിരന്നു. ഓരോ രാജ്യങ്ങളും അവരുടെ പ്രതാപവും, പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുകയുണ്ടായി. പ്യോങ്ചാങില്‍ ഇനി രണ്ടാഴ്ച അരങ്ങേറുന്നത് കായികമത്സരമാണെങ്കിലും ഈ മത്സരത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നതാണു മറ്റൊരു വസ്തുത.
ശീതകാലം എന്നാല്‍ തണുപ്പ് കാലമെന്നാണ്. ദക്ഷിണ കൊറിയയില്‍ ഇന്നലെ കൊടിയേറിയത് ശീതകാല ഒളിംപിക്സിനാണ്. കായികപരമായി 93 രാജ്യങ്ങളും അവരുടെ ശക്തി തെളിയിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും തണുപ്പ് അല്ല ഒരു ചൂട് അവിടെ പ്രതീക്ഷിക്കാം. ആ ചൂടിന് ഒരു ആവേശമുണ്ടാകും, അത് വൈകാരികമായിരിക്കുമെന്ന കാര്യത്തിലും സംശയമില്ല. പ്രത്യേകിച്ച് ഏഴ് പതിറ്റാണ്ട് നീണ്ട വൈരം മറന്ന് കായികവേദിയില്‍ ദക്ഷിണ, ഉത്തര കൊറിയകള്‍ തമ്മില്‍ ഒരുമിക്കുമ്പോള്‍ ഈ ശീതകാല ഒളിംപിക്സിന് മധുരമേറെയാണ്. അതിന്റെ ആവേശം ആകാശത്തോളമാണ്.
മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണു ശീതകാല ഒളിംപിക്സില്‍ ഉത്തര കൊറിയയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ദക്ഷിണ കൊറിയയ്ക്കു സാധിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉത്തര കൊറിയ, അമേരിക്കയെയും അയല്‍രാജ്യങ്ങളായ ദക്ഷിണകൊറിയ, ജപ്പാന് തുടങ്ങിയ രാജ്യങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് ആണവ പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു. ഇതേ തുടര്‍ന്നു കൊറിയന്‍ ഉപദ്വീപില്‍ ഒരു യുദ്ധത്തിനുള്ള സാധ്യത വരെ ഉരുണ്ടുകൂടുകയുണ്ടായി. ഇതാകട്ടെ ദക്ഷിണ കൊറിയയിലെ ഒളിംപിക്സ് തയാറെടുപ്പുകള്‍ക്കു മീതെ കരിനിഴല്‍ വീഴ്ത്തി. എന്നാല്‍ സംഘര്‍ഷ സാധ്യതയ്ക്ക് അയവ് വരുത്തി, ഉത്തര കൊറിയയുടെ സാന്നിധ്യം കായികവേദിയില്‍ ഉറപ്പാക്കിയതിലൂടെ ദക്ഷിണ കൊറിയയുടെ നയതന്ത്രം വിജയിച്ചെന്നു വേണം കരുതാന്‍. കായികവേദിയില്‍ ഉത്തരകൊറിയയെയും ദക്ഷിണ കൊറിയയെയും തമ്മില്‍ ഒരുമിപ്പിക്കാനുള്ള ശ്രമം പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ആരംഭിച്ചതാണ്. കൃത്യമായി പറഞ്ഞാല്‍ 1963-ല്‍. അന്നു ശത്രുതയില്‍ കഴിഞ്ഞിരുന്ന കിഴക്കന്‍ ജര്‍മനിയും പടിഞ്ഞാറന്‍ ജര്‍മനിയും സംയുക്ത ഒളിംപിക് സ്ക്വാഡ് രൂപീകരിച്ചിരുന്നു.
ഇതേ മാതൃകയില്‍ ഒരു സ്ക്വാഡ് രൂപീകരിക്കുന്നതിനു വേണ്ടിയായിരുന്നു അന്താരാഷ്ട്ര ഒളിംപ്ക് സമിതി (ഐഒസി) ശ്രമിച്ചത്. ഇതിനായി ഉത്തര, ദക്ഷിണ കൊറിയയിലെ കായിക അധികൃതരോട് ഐഒസി ചര്‍ച്ചകള്‍ നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ ശ്രമം വിജയിച്ചില്ല. 1984-ല്‍ ലോസ് ഏഞ്ചല്‍സ് ഒളിംപിക്സിനു മുന്നോടിയായി ഇരുരാജ്യങ്ങളും വീണ്ടും ചര്‍ച്ചകള്‍ നടത്തിയെങ്കിലും അന്നും രാഷ്ട്രീയ കാരണങ്ങളാല്‍ അനുരഞ്ജന ശ്രമം പരാജയപ്പെട്ടു. പിന്നീട് 1988-ല്‍ Summer Games ദക്ഷിണ കൊറിയയ്ക്ക് അനുവദിച്ച തീരുമാനത്തിനെതിരേ ഉത്തര കൊറിയ പ്രചാരണം നയിച്ചപ്പോള്‍, 1985-ല്‍ ഐഒസി സ്വിറ്റ്സര്‍ലാന്‍ഡിലെ ലുസെയ്നില്‍ ഉത്തര, ദക്ഷിണ കൊറിയയുടെ പ്രതിനിധികളെ വിളിച്ചുവരുത്തി പ്രശ്നപരിഹാരത്തിനുള്ള നീക്കങ്ങള്‍ നടത്തി. ഇതും പക്ഷേ പരാജയപ്പെട്ടു.
തുടര്‍ന്ന് 1988-ല്‍ സമ്മര്‍ ഗെയിംസ് ഉത്തര കൊറിയ ബഹിഷ്കരിച്ചു. ഉത്തര കൊറിയയ്ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്യൂബയും വിട്ടുനില്‍ക്കുകയുണ്ടായി. പിന്നീട് ശീതയുദ്ധം അവസാനിച്ചതിനു ശേഷം 1991-ലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് വഴിതെളിഞ്ഞത്. ജപ്പാനിലെ ചിബയില്‍ നടന്ന ലോക ടേബിള്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പുകളില്‍ സംയുക്ത ടീമിനെ അയയ്ക്കാന്‍ ഉത്തര, ദക്ഷിണ കൊറിയകള്‍ സമ്മതിച്ചു. പക്ഷേ ഈ സൗഹൃദത്തിന് ദീര്‍ഘായുസുണ്ടായില്ല. അതേ വര്‍ഷം തന്നെ സ്പെയ്നിലെ ബാഴ്സലോണയില്‍ നടന്ന ജൂഡോ ചാംപ്യന്‍ഷിപ്പില്‍ നോര്‍ത്ത് കൊറിയ തനിച്ച് പങ്കെടുത്തെന്നു മാത്രമല്ല, ദക്ഷിണ കൊറിയയെ മത്സരത്തില്‍ മലര്‍ത്തിയടിച്ച് മെഡല്‍ നേടുകയും ചെയ്തു.
1990-കളുടെ അവസാനത്തില്‍ കായിക സഹകരണം പുനരാരംഭിക്കാന്‍ ഉത്തര കൊറിയയ്ക്കു മേല്‍ ദക്ഷിണ കൊറിയ സമ്മര്‍ദ്ദം ചെലുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക സഹകരണത്തിനു ദക്ഷിണ കൊറിയയിലെ വ്യവസായ പ്രമുഖന് (ബിസിനസ് മാഗ്നെറ്റ്) ഹ്യൂണ്ടായിയുടെ സ്ഥാപകനായ ചുങ് ജു യങ് സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയുമുണ്ടായി. 1999-ല്‍ പ്യോംഗാങിലും സോളിലും ഇരുരാജ്യങ്ങളും തമ്മില്‍ സൗഹൃദ ബാസ്കറ്റ്ബോള്‍ മത്സരം അരങ്ങേറി. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക സഹകരണം മെച്ചപ്പെടുകയുണ്ടായി. ദക്ഷിണ കൊറിയയിലെ ഭരണകൂടം Sunshine Policy യിലൂടെ സാമ്പത്തികസഹായം ഉത്തര കൊറിയയ്ക്ക് ലഭ്യമാക്കി. 2000, 2004 വര്‍ഷങ്ങളില്‍ ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ നടന്ന ഘോഷയാത്രയില്‍ ഉത്തര,ദക്ഷിണ കൊറിയകള്‍ ഒരു പതാകയുടെ കീഴിലാണ് അണിനിരന്നത്. എങ്കിലും ഈ വര്‍ഷങ്ങളില്‍ ടീമുകള്‍ ഒരുമിച്ചിരുന്നില്ല. വ്യത്യസ്ത ടീമുകളായി തന്നെയാണ് അവര്‍ പങ്കെടുത്തത്.
ഒളിംപിക്സ് എന്ന പീസ് ഗെയിംസ്
ഒളിംപിക്സ് സമാധാനത്തിന്റെ കളിയെന്നാണ് (Peace Games) അറിയപ്പെടുന്നത്. ഇത്തരത്തില്‍ സമാധാനത്തിന്റെ കളിയെന്ന് അറിയപ്പെടുന്ന ഒളിംപിക്സിന്റെ വേദിയായി ലോകത്തിലെ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ അണിനിരത്തിയിരിക്കുന്ന അതിര്‍ത്തിയുള്ള രാജ്യത്ത് നടത്തുന്നതില്‍ ഐഒസി പ്രസിഡന്റ് തോമസ് ബാക്കിന് തീരെ താത്പര്യമില്ലായിരുന്നു. ജര്‍മനിയിലെ മ്യൂണിക്കില്‍ 2018 ശീതകാല ഒളിംപിക്സ് നടത്തണമെന്നായിരുന്നു തോമസ് ബാക്കിനു താത്പര്യം. പക്ഷേ എതിര്‍പ്പുകള്‍ മറികടന്ന് ദക്ഷിണ കൊറിയയ്ക്ക് വേദി അനുവദിക്കുകയായിരുന്നു. അതിലൂടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ ആയുധങ്ങളേന്തിയ അതിര്‍ത്തി മികച്ചൊരു വിപണന ഘടകമായി (selling point) മാറുകയും ചെയ്തു.
സംഘര്ഷഭരതിമായി നിലകൊണ്ടിരുന്ന കൊറിയന്‍ ഉപദ്വീപില്‍ (Korean Peninsula) പീസ് ഗെയിംസായ ഒളിംപിക്സിലൂടെ അനുരഞ്ജനം പ്രോത്സാഹിപ്പിക്കുകയെന്നതായിരുന്നു അന്താരാഷ്ട്ര ഒളിംപിക്് കമ്മിറ്റിയുടെ ലക്ഷ്യം. പുരാതന ഗ്രീസിലെ ഒരു പാരമ്പര്യമായിരുന്നു ഒളിംപിക് ട്രൂസ് (Olympic Truce) എന്നത്. തത്ക്കാല യുദ്ധവിരാമം എന്നും പറയാം. ഒളിംപിക് ഗെയിംസ് ആരംഭിക്കുന്നതിനു മുന്‍പും നടന്നുകൊണ്ടിരിക്കുമ്പോഴും ഒളിംപിക്സിന് ആതിഥ്യവഹിക്കുന്ന നഗരത്തെയോ പങ്കെടുക്കുന്ന കായികതാരങ്ങളെയോ ആക്രമിക്കില്ലെന്നും കായികതാരങ്ങള്‍ക്കും അവരുടെ പ്രകടനം വീക്ഷിക്കാനെത്തുന്നവര്‍ക്കും സുരക്ഷിതമായ യാത്രയൊരുക്കുമെന്നും വാഗ്ദാനം ചെയ്യുന്ന കീഴ്വഴക്കമാണ് ഒളിംപിക് ട്രൂസ്.
ചരിത്രമാകുന്ന 2018 ശീതകാല ഒളിംപിക്സ്
2018 ശീതകാല ഒളിംപിക്സ് നിരവധി കാരണങ്ങള്‍ കൊണ്ട് ചരിത്രമാവുകയാണ്. ഉത്തര, ദക്ഷിണ കൊറിയകളുടെ സംയുക്ത ടീം വനിതാ വിഭാഗം ഐസ് ഹോക്കി ടീമില്‍ പങ്കെടുക്കുന്നത് ഈ ഒളിംപിക്സിലെ ശ്രദ്ധേയ ഘടകമാണ്. ശീതകാല ഒളിംപിക്സില്‍ ആദ്യമായി നൈജീരിയ എന്ന ആഫ്രിക്കന്‍ രാജ്യത്തെ പ്രതിനിധീകരിച്ച് മൂന്ന് സ്ത്രീകള്‍ പങ്കെടുക്കുകയാണ്. ഇവര്‍ വനിതാ വിഭാഗം bobsleigh എന്ന ഇനത്തിലാണു പങ്കെടുക്കുന്നത്. രണ്ടോ അതിലധികമോ ആളുകള്‍ക്കു കയറാവുന്ന മഞ്ഞു വണ്ടിയാണ് bobsleigh. ഒളിംപിക്സില്‍ ഈ വിഭാഗത്തില്‍ ഇതുവരെ ഒരു ആഫ്രിക്കന്‍ രാജ്യം പോലും പങ്കെടുത്തിട്ടില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ശീതകാല ഒളിംപിക്സ് ഈ വിഭാഗത്തില്‍ പുതിയ ചരിത്രം രചിക്കുകയാണ്. കഴിഞ്ഞ രണ്ട് ശീതകാല ഒളിംപിക്സിലും ആതിഥേയത്യം വഹിച്ച രാജ്യങ്ങളായിരുന്നു മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. 2010-ല്‍ കാനഡയും, 2014-ല്‍ റഷ്യയും. എന്നാല്‍ ഇപ്രാവിശ്യം ചരിത്രം തിരുത്തിക്കുറിക്കുമെന്നാണ് പ്രവചനം. നോര്‍വേ ഒന്നാം സ്ഥാനത്തും, ജര്‍മനി രണ്ടാം സ്ഥാനത്തും എത്തുമെന്നും പ്രവചനമുണ്ട്.