തമിഴ്‌സെല്‍വിയുടെ തനതു വഴി

തമിഴ്‌സെല്‍വിയുടെ തനതു വഴി

പി തമിള്‍സെല്‍വി എന്ന ഗ്രാമീണ കര്‍ഷക, വിലപേശലും വിപണനതന്ത്രങ്ങളും കൈമുതലാക്കിയ, ഇന്നത്തെ കാലത്തിനിണങ്ങിയ കാര്‍ഷിക സംരംഭകരുടെ പ്രതിനിധിയാണ്. വിപണനത്തിന്, കാര്‍ഷികരംഗത്തു സുപ്രധാന പങ്കാണുള്ളത്. പരമ്പരാഗതമായി കാര്‍ഷികരംഗം ഇടനിലക്കാരെ ആശ്രയിച്ചാണ് വിപണനം നടത്തിയിരുന്നത്. പലപ്പോഴും ഇടനിലക്കാരുടെ ചൂഷണത്തിനും താല്‍പര്യങ്ങള്‍ക്കും വിധേയരാകാനായിരുന്നു കര്‍ഷകരുടെ വിധി. എന്നാല്‍ ഇടനിലക്കാരുടെ നേതൃത്വത്തില്‍ നടക്കുന്ന വിപണനത്തിന്റെ ഉള്ളുകള്ളികള്‍ കാലക്രമേണ വ്യക്തമായതോടെ കര്‍ഷകര്‍ നേരിട്ട് വിപണിയിലേക്കിറങ്ങാന്‍ തുടങ്ങി.

ഇടനിലക്കാരെ ഒഴിവാക്കാനും ലാഭം മുഴുവന്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കാനും ഇതിലൂടെ കഴിഞ്ഞു. എങ്കിലും രാജ്യത്തെ ബഹുഭൂരിപക്ഷം കര്‍ഷകരും തങ്ങളുടെ ഉല്‍പ്പന്നം നേരിട്ടു വിപണനം ചെയ്യുന്നതിനു താല്‍പര്യപ്പെടുന്നില്ല. വിളവെടുപ്പോടെ തങ്ങളുടെ ജോലി കഴിഞ്ഞുവെന്ന ചിന്തയാണ് ഇന്നും ഇവരെ നയിക്കുന്നത്. ഇതില്‍ നിന്നു പുരോഗമനപരമായി ചിന്തിച്ചതാണ് തമിള്‍സെല്‍വിയുടെ വിജയം. കഠിനാധ്വാനവും ആവശ്യം മനസിലാക്കിയുള്ള വിപണനവും കൊണ്ട് കൃഷി എങ്ങനെ മികച്ച വരുമാനമാര്‍ഗമാക്കാമെന്ന കഥയാണ് സാധാരണ കര്‍ഷക കുടുംബപശ്ചാത്തലത്തില്‍ നിന്ന് ഉയര്‍ന്നു വന്ന്, തമിഴ്‌നാടിന്റെ കൂണ്‍ വനിത എന്ന പേരില്‍ പ്രശസ്തയായ, തമിള്‍സെല്‍വിക്കു പറയാനുള്ളത്.

പത്തു വര്‍ഷം മുമ്പാണ് ഈറോഡ് സ്വദേശിയായ തമിള്‍സെല്‍വി കൂണിന്റെ വിരിപ്പു കൃഷി തുടങ്ങിയത്. 15 ഫാം ബെഡുകളില്‍ പരിമിതമായ രീതിയിലായിരുന്നു തുടക്കത്തില്‍ കൃഷിചെയ്തിരുന്നത്. മികച്ച വരുമാനവും വന്‍തോതിലുള്ള അവശ്യകതയും കൂണ്‍കൃഷിക്ക് പ്രോല്‍സാഹനജനകമാണെന്ന് മനസിലായതോടെ കൃഷി വ്യാപകമാക്കാന്‍ തീരുമാനിച്ചു. 100 ഫാം ബെഡുകളിലേക്ക് തമിള്‍സെല്‍വിയുടെ കൂണ്‍കൃഷി വളര്‍ന്നു. കുറച്ച് കൂടി പരിശ്രമിക്കുകയും വിവിധ വിപണനമേഖലകളില്‍ പര്യവേഷണം നടത്തുകയും ചെയ്യുന്നതിലൂടെ കര്‍ഷകര്‍ക്ക് അവരുടെ വരുമാനം വര്‍ധിപ്പിക്കാനാകുമെന്നതാണ് വാസ്തവം. ഇതിന് മുന്‍കൈയെടുക്കാനുള്ള സന്നദ്ധതയും ഉചിതമായ അന്തരീക്ഷവുമാണ് ആവശ്യം.

ഒരു കര്‍ഷകനോ കര്‍ഷകസംഘത്തിനോ മുന്‍കൈയെടുക്കാന്‍ ധൈര്യമുണ്ടാകാറില്ല. വിപണനത്തിനും അവര്‍ സമയം കണ്ടെത്തുന്നില്ല. എന്നാല്‍ ഇതിനു വേണ്ടി ശ്രമിക്കുന്നവര്‍ക്കു വിജയം ഉറപ്പാണ്. മറ്റുള്ളവര്‍ക്കു പ്രേരണയാകാനും അവര്‍ക്കു കഴിയും. തുടക്കത്തില്‍ തമിള്‍സെല്‍വി ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്നത് പ്രാദേശിക വൃത്തത്തില്‍ ഒതുങ്ങിയാണ്. പിന്നീട് വിപണി ക്രമാനുഗതമായി വ്യാപിപ്പിക്കുകയായിരുന്നു. തുടക്കത്തില്‍ പ്രതിദിനം 400 രൂപ ആയിരുന്ന വരുമാനം 3,500 രൂപയിലേക്ക് ഉയര്‍ത്താന്‍ അവര്‍ക്കായി. 12,75, 835 രൂപയാണ് അവരുടെ ഇന്നത്തെ വാര്‍ഷികവരുമാനം. ഈ നേട്ടത്തിന് മൈസൂര്‍ റീസെറ്റില്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സിക്കു കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നു ലഭിച്ച നൈപുണ്യവികസന പരിശീലനത്തിനാണ് തമിള്‍സെല്‍വി നന്ദി പറയുന്നത്.

കൂണില്‍ മാത്രം ഒതുങ്ങാതെ മറ്റു കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനത്തിലേക്കും അവര്‍ ശ്രദ്ധ കൊടുക്കാനാരംഭിച്ചു. നാളികേരം, ചെങ്കദളി തുടങ്ങിയവ കൂടി തന്റെ മൂന്നേക്കര്‍ കൃഷിയിടത്തില്‍ നട്ടു വളര്‍ത്താനാരംഭിച്ചു. ഒരു പഴത്തിന് ഇടനിലക്കാര്‍ രണ്ടു രൂപയാണു തന്നിരുന്നത്. എന്നാല്‍ നേരിട്ടു വിറ്റതിലൂടെ എട്ടു മുതല്‍ 10 രൂപ വരെയാണ് ഒരു പഴത്തിനു വില ലഭിക്കുന്നതെന്ന് തമിള്‍സെല്‍വി പറയുന്നു. മികച്ച രീതിയില്‍ ആസൂത്രണം നടത്തുകയും ഉല്‍പ്പന്നങ്ങള്‍ നേരിട്ടു വില്‍ക്കുകയും ചെയ്താല്‍ കൃഷിയാണ് ഏറ്റവും ലാഭകരമായ സംരംഭമെന്ന് മനസിലാക്കാനായെന്നാണ് സെല്‍വിയുടെ തിരിച്ചറിവ്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ തുച്ഛവിലയ്ക്ക് ഇടനിലക്കാര്‍ക്കു വിറ്റിരുന്നതില്‍ നിന്നു വ്യത്യസ്തമായി ഇപ്പോള്‍ നേരിട്ടുള്ള വില്‍പ്പന വഴി കുടുംബത്തിന് കൂടുതല്‍ സമ്പാദിക്കാനാകുന്നതിന്റെ സന്തോഷം അവര്‍ മറച്ചുവെക്കുന്നില്ല.

സംയോജിത കൃഷി രീതിയാണ് തമിള്‍സെല്‍വി പിന്തുടരുന്നത്. കന്നുകാലി വളര്‍ത്തല്‍, കോഴിക്കൃഷി, ആടുവളര്‍ത്തല്‍, താറാക്കൃഷി എന്നിവയും ഇതോടൊപ്പം മുമ്പോട്ടു കൊണ്ടു പോകുന്നു. കൂണ്‍ കൃഷിയില്‍ നിന്നുല്‍പ്പാദിപ്പിക്കപ്പെടുന്നവയടക്കം കൃഷിയിടത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളാണ് മണ്ണിനെ വളക്കൂറുള്ളതാക്കുന്നത്. 2011-ലെ 15 ബെഡ് കൃഷിയില്‍ നിന്ന് 600 ബെഡിലേക്ക് കൂണ്‍കൃഷി വ്യാപിച്ചിരിക്കുന്നു. ഇത് ആയിരം ബെഡിലേക്ക് ഉയര്‍ത്താനാണ് സെല്‍വി ലക്ഷ്യമിടുന്നത്. വളരെ ചെലവു കുറഞ്ഞ സംരംഭമാണ് കൃഷിയെന്ന പക്ഷക്കാരിയാണവര്‍. മൂന്നു പ്രധാന നിക്ഷേപങ്ങളാണ് കൃഷിക്കു വേണ്ടിവരുന്നതെന്ന് അവര്‍ പറയുന്നു- വിത്തിന്, വളത്തിന്, പണിക്കാര്‍ക്ക്.

ജൈവരീതിയില്‍ സംയോജിത കൃഷി പിന്തുടരുന്നുവെങ്കില്‍ വളം വിപണിയില്‍ നിന്നു വാങ്ങാതെ കഴിക്കാം. ചിലയിനം വിളകള്‍ക്ക് തൊഴിലാളികളെ ഏര്‍പ്പാടാക്കണമെന്നില്ല. കൂണ്‍കൃഷി തന്നെ ഉദാഹരണം. സ്വന്തമായി വിളവെടുക്കാവുന്ന കൃഷിയാണിത്. മിക്കവാറും കൃഷിപ്പണികളെല്ലാം ചെയ്യുന്നത് ഭര്‍ത്താവാണെന്നും സെല്‍വി അറിയിക്കുന്നു. ഒറ്റവിളക്കൃഷിയിലൂടെ വാര്‍ഷിക വിളവെടുപ്പു നടത്തുന്നതിനു പകരം സെല്‍വി നടത്തുന്നതു പോലെ സംയോജിത കൃഷി ചെയ്യുന്നതാവും കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ലഭിക്കാന്‍ ഉചിതമെന്നു മുതിര്‍ന്ന കൃഷിശാസ്ത്രജ്ഞനും മൈസൂര്‍ റീസെറ്റില്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സി കൃഷിവിജ്ഞാന കേന്ദ്രം മേധാവിയുമായ പി അളഗേശന്‍ അഭിപ്രായപ്പെടുന്നു. ഇത്തരത്തില്‍ കാര്‍ഷികോല്‍പ്പന്ന വിപണനത്തിന് സഹായകമായ വിധത്തില്‍ ആസൂത്രണ മികവും നൈപുണ്യപരിശീലനവും നല്‍കാന്‍ ഏജന്‍സി സദാ സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Slider, Women