ബ്രസീലിലെ ഏറ്റവും വലിയ ദിനപത്രം ഫേസ്ബുക്ക് പേജ് അപ്‌ഡേറ്റ് ചെയ്യുന്നത് അവസാനിപ്പിച്ചു

ബ്രസീലിലെ ഏറ്റവും വലിയ ദിനപത്രം ഫേസ്ബുക്ക് പേജ് അപ്‌ഡേറ്റ് ചെയ്യുന്നത് അവസാനിപ്പിച്ചു

റിയോ ഡി ജനീറോ: ബ്രസീലിലെ ഏറ്റവും വലിയ ദേശീയ ദിനപത്രം Folha de S.Paulo അവരുടെ ഫേസ്ബുക്ക് പേജില്‍ പത്രത്തിലെ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചു. പ്രഫഷണല്‍ ജേണലിസത്തെ ഫേസ്ബുക്ക് വിലമതിക്കുന്നില്ലെന്നു ബോദ്ധ്യമായതിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെന്ന് വ്യാഴാഴ്ച പത്രത്തിന്റെ അധികൃതര്‍ അറിയിച്ചു. പത്രത്തിന്റെ ഫേസ്ബുക്ക് പേജ് നിലനിറുത്തുമെങ്കിലും ലേഖനങ്ങളും വാര്‍ത്തകളും ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യുന്നത് നിര്‍ത്തിവയ്ക്കാനാണു തീരുമാനിച്ചിരിക്കുന്നത്.
കൂടുതല്‍ വായനക്കാരിലേക്ക് പത്രം എങ്ങനെ എത്തിക്കാമെന്ന് നടത്തിയ ആഭ്യന്തര ചര്‍ച്ചയിലാണു ഫേസ്ബുക്ക് പേജില്‍ ഉള്ളടക്കം പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്.

സാവോ പോളോ ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന പത്രം 1921-ലാണ് ആരംഭിച്ചത്. ഡിജിറ്റല്‍ സബ്‌സ്‌ക്രിപ്്ഷന്റെ കാര്യത്തില്‍ ഇന്ന് ബ്രസീലിലെ മറ്റേത് പത്രത്തേക്കാളും ഒരു പടി മുന്നിലാണ് Folha de S.Paulo. ഫേസ്ബുക്കിലും ഈ പത്രത്തിന്റെ പേജാണ് ഏറ്റവുമധികം പേര്‍ ഫോളോ ചെയ്യുന്നത്. 5,700 ദശലക്ഷത്തിലധികം പേര്‍ ഈ പത്രത്തിന്റെ പേജ് ഫോളോ ചെയ്യുന്നുണ്ട്.

അര്‍ഥവത്തായ സാമൂഹിക ഇടപെടലുകളുണ്ടാകണമെന്ന ആഗ്രഹിക്കുന്നതിനാല്‍ ബിസിനസ് സ്ഥാപനങ്ങള്‍, ബ്രാന്‍ഡുകള്‍, മീഡിയ തുടങ്ങിയവയില്‍നിന്നുള്ള ഉള്ളടക്കങ്ങള്‍ അവഗണിച്ചു കൊണ്ടു വ്യക്തിപരമായ പോസ്റ്റുകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നു ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് സമീപകാലത്ത് അറിയിച്ചിരുന്നു. എന്നാല്‍ ഫേസ്ബുക്കിന്റെ ഈ നീക്കം രാഷ്ട്രീയപരമായി തെറ്റിദ്ധരിപ്പിക്കുന്നതും, വ്യാജവുമായ വാര്‍ത്തകള്‍ പ്രചരിക്കാന്‍ മാത്രമായിരിക്കും ഉപകരിക്കുകയെന്ന് Folha പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സെര്‍ജിയോ ഡാവില പറഞ്ഞു. തങ്ങളുടെ പത്രത്തിന്റെ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാന്‍ ഫേസ്ബുക്കിലൂടെ സാധിക്കുന്നതായി Folha പത്രത്തിന്റെ അണിയറക്കാര്‍ വിശ്വസിക്കുന്നില്ല.

Comments

comments

Categories: World