നിയോം നഗരത്തിനായുള്ള ആദ്യ കരാര്‍ നല്‍കി സൗദി

നിയോം നഗരത്തിനായുള്ള ആദ്യ കരാര്‍ നല്‍കി സൗദി

റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിയോം സിറ്റി എന്ന പേരില്‍ ഉയരുന്ന മായിക നഗരത്തിന്റെ ഭാഗമായുള്ള ബിസിനസ് സോണ്‍ നിര്‍മിക്കുന്നതിനുള്ള ബൃഹത് പദ്ധതിക്കായി സര്‍ക്കാര്‍ കരാര്‍ നല്‍കാന്‍ തുടങ്ങി. തബുക് നഗരത്തില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ പടിഞ്ഞാറോട്ട് മാറി ചെങ്കടലിന്റെ തീരപ്രദേശത്ത് 26,000 സ്‌ക്വയര്‍ കിലോമീറ്റര്‍ സ്ഥലത്താണ് പ്രൊജക്റ്റ് യാഥാര്‍ത്ഥ്യമാകുക. രാജാവിനും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും രാജകുടുംബത്തിലെ മറ്റ് മുതിര്‍ന്ന അംഗങ്ങള്‍ക്കുമായി പദ്ധതി പ്രദേശത്ത് അഞ്ചു കൊട്ടാരം നിര്‍മിക്കുന്ന ആദ്യ കരാറിനായി പ്രാദേശിക നിര്‍മാണ കമ്പനികളെ തെരഞ്ഞെടുക്കാന്‍ ആരംഭിച്ചു കഴിഞ്ഞു. സൗദി സര്‍ക്കാരിന്റെ ഇന്റര്‍നാഷണല്‍ കമ്യൂണിക്കേഷന്‍ സെന്ററോ നിയോം മാനേജ്‌മെന്റ് ടീമോ ഇതേകുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ഒക്‌റ്റോബറില്‍ റിയാദില്‍ നടന്ന അന്താരാഷ്ട്ര നിക്ഷേപ ഉച്ചകോടിയിലാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിയോം പദ്ധതി പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ 500 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഈ മേഖലയിലേക്ക് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഈ മേഖലയിലെ സാമ്പത്തിക സേവനങ്ങള്‍ക്കായി ബാങ്ക് സൗകര്യവും ഇവിടെ ആരംഭിക്കും.

സ്വന്തമായി ഭരണ-നീതിന്യായ സംവിധാനമുള്ള നിയോം രാജ്യാന്തര നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് സഹായകരമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സൗദി അറേബ്യയുടെ കിരീട അവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനാണ് നിയോമിന്റെ അമരക്കാരന്‍. സിറ്റിക്കുള്ളിലെ രീതികളെ നിയന്ത്രിക്കുന്നതിനായി പുതിയ ആപ്ലിക്കേഷനും വികസിപ്പിക്കാനാണ് സൗദിയുടെ പദ്ധതി. നിയോം എന്ന് പേരിട്ടിരിക്കുന്ന ആപ്പിലൂടെയായിരിക്കും നഗരത്തിലെ ഓരോ ചലനവും വിഭാവനം ചെയ്യുക. നഗരവാസികള്‍ക്ക് സകലതും ഈ ആപ്പിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കുന്നത്.

സിറ്റിക്കുള്ളിലെങ്ങും സൂപ്പര്‍ മാര്‍ക്കറ്റ് സംവിധാനങ്ങളുണ്ടാകില്ല, പകരം ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വീട്ടിലെത്തിച്ചു കൊടുക്കാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുകയെന്ന് ഒരു അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചിരുന്നു. നിയോം ആപ്പ് വഴിയാകും ഇത് നിയന്ത്രിക്കുക. കൃത്രിമ ബുദ്ധി ഉപയോഗിച്ച് മെഡിക്കല്‍ ഫയലുകളെ വീടുമായും കാറുമായെല്ലാം ബന്ധിപ്പിക്കാനുള്ള സംവിധാനങ്ങളും നഗരത്തില്‍ ഒരുക്കും.

സകല സംവിധാനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകും. കാര്‍, വാച്ച് തുടങ്ങിയവയുമായി എല്ലാം ഒരാളുടെ മെഡിക്കല്‍ ഫയലുകള്‍ പോലും ബന്ധിപ്പിക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. പുതിയ നഗരത്തില്‍ ജീവിക്കുന്ന ഒരാള്‍ക്കും നിയോം ആപ്ലിക്കേഷന്‍ ഇല്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. പുതിയ ഭാവി എന്നതാണ് നിയോം എന്ന വാക്കിന്റെ അര്‍ത്ഥം.

2020 ആകുമ്പോഴേക്കും സിറ്റിയുടെ പണി ഏതാണ്ട് പൂര്‍ത്തിയാകും. ഈ വലിയ പദ്ധതിയുടെ ആദ്യഘട്ടമായ നിയോം ബേ പൂര്‍ത്തിയാകുമ്പോള്‍ ന്യൂയോര്‍ക്കിലെ ഹാംപ്ടണു തുല്ല്യമാകുമെന്നാണ് കണക്കുകൂട്ടല്‍. ചുവന്ന കടലിനു കുറുകെ ഈജിപ്തിലേക്കും ആഫ്രിക്കയിലേക്കും പാലം പണിയാനും ജോര്‍ദ്ദാനേയും ഈജിപ്തിനേയും ബന്ധിപ്പിക്കുന്ന വികസന നയങ്ങള്‍ രൂപീകരിക്കാനും ധാരണയായിട്ടുണ്ട്.

ആമസോണ്‍, എയര്‍ബസ്, ആലിബാബ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ ഭാവി നഗരത്തിന്റെ വികസനത്തില്‍ കാര്യമായ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ലോകത്തിലെ പല കമ്പനികളും നിയോമില്‍ പുതിയ സംഭരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കാത്തുനില്ക്കുകയാണ്. നിയോമിന്റെ വരവോടെ ദുബായ് അങ്കലാപ്പിലാണെങ്കിലും പുതിയ തുടക്കങ്ങള്‍ക്ക് അത് വഴിയൊരുക്കുമെന്നാണ് കഴിഞ്ഞ ദിവസം പ്രന്‍സ് സല്‍മാന്‍ അഭിപ്രായപ്പെട്ടത്.

ഹോങ്കോംഗും സിംഗപ്പൂരും എങ്ങനെയാണോ പരസ്പര പൂരകമായി വികസിച്ചു വന്നത് അതുപോലെ തന്നെയാണ് ഇതെന്നും പ്രിന്‍സ് സല്‍മാന്‍ ചൂണ്ടിക്കാട്ടി. ദുബായ് നഗരത്തിനും ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ക്കും നിയോം പദ്ധതി മികച്ച രീതിയില്‍ ഗുണം ചെയ്യുമെന്നാണ് നിക്ഷേപകരുടെ വിലയിരുത്തല്‍.

ഊര്‍ജം, ജലം, ബയോടെക്‌നോളജി, ഭക്ഷണം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ വ്യവസായങ്ങളിലാണ് നിയോം പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് ഉള്‍പ്പെടയുള്ള പല ആഗോള കമ്പനികളും നിയോമില്‍ നിക്ഷേപം നടത്താന്‍ ഇതിനകം താല്‍പര്യം അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: Arabia