ആര്‍ബിഎല്‍ ബാങ്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി കൈകോര്‍ക്കുന്നു

ആര്‍ബിഎല്‍ ബാങ്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി കൈകോര്‍ക്കുന്നു

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹന പദ്ധതിയായ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി കൈകോര്‍ത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കാനൊരുങ്ങുകയാണ് ആര്‍ബിഎല്‍ ബാങ്ക്. ഇന്‍ഫിന്‍ഐടി20 എന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാം വഴി 20 ഇന്നൊവേറ്റീവ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് നല്‍കാനാണ് പദ്ധതി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, ഡിജിറ്റല്‍ പേമെന്റ്, ഡിജിറ്റല്‍ കോണ്‍ട്രാക്റ്റ്, ഡിജിറ്റല്‍ ലെന്‍ഡിംഗ്, ബ്ലോക്ക്‌ചെയ്ന്‍ തുടങ്ങിയ മേഖലകളിലെ വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ശക്തി പകരുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.

‘ഫണ്ട് നേടിയ 55 ശതമാനം സ്റ്റാര്‍ട്ടപ്പുകളും കഴിഞ്ഞ വര്‍ഷം പരാജയപ്പെട്ടതായിട്ടാണ് കാണുന്നത്. നിക്ഷേപം ബിസിനസ് വിജയത്തിനുള്ള പ്രഥമ ഘടകമല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മെന്റര്‍ഷിപ്പും മികച്ച ബിസിനസ് തന്ത്രങ്ങളും ഇക്കാര്യത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സ്റ്റാര്‍ട്ടപ്പ് ടീം നേരിടുന്ന വെല്ലുവിൡളെ അതിജീവിക്കാന്‍ സഹായം നല്‍കാന്‍ അനുഭവ സമ്പത്തുള്ള മെന്റര്‍മാര്‍ക്ക് കഴിയും. ആര്‍ബിഎല്‍ ബാങ്ക് ഒരു യുവ ബാങ്കാണ്. സ്ഥാപനത്തിന്റെ വളര്‍ച്ചയുടേയും വികസനത്തിന്റേയും ഒരു പ്രധാന കാരണം ബാങ്കിന്റെ സ്റ്റാര്‍ട്ടപ്പ് മനോഭാവമാണ് ‘ – ആര്‍ബിഎല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ രാജീവ് അഹൂജ പറഞ്ഞു.

പ്രോഗ്രാമിനു കീഴില്‍ ഏഴു വര്‍ഷ കാലത്തേക്ക് ബാങ്ക് സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് അവരുടെ ബിസിനസ് വളര്‍ച്ചയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കും. ആര്‍ബിഎല്‍ നിലവില്‍ രാജ്യത്തെ ഏകദേശം 1,000 സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകളെ ഫിന്‍ടെക് മേഖലയിലെ പരിചയസമ്പത്തുള്ള പ്രൊഫഷണലുകളില്‍ നിന്ന് മാര്‍ഗനിര്‍ദ്ദേശം നേടാനും അര്‍ത്ഥവത്തായ നയങ്ങള്‍ ആവിഷ്‌കരിക്കാനും ബിസനസ് വിജയവും കൈവരിക്കാനും സഹായിക്കുകയാണ് ഇന്‍ഫിന്‍ഐടി20 പ്രോഗ്രാമിന്റെ ലക്ഷ്യമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമേഷന്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ജോയിന്റ് സെക്രട്ടറി അനില്‍ അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. ഈ മാസം 28 വരെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്.

Comments

comments

Categories: Business & Economy