കാന്താരി സ്‌പെഷല്‍ വിഭവുമായി ഗ്രാമിക

കാന്താരി സ്‌പെഷല്‍ വിഭവുമായി ഗ്രാമിക

നാട്ടിന്‍ പുറങ്ങളിലെ തനതു രുചികള്‍ സ്‌ക്വാഷാക്കി മാറ്റി ‘ഗ്രാമിക’ എന്ന പേരില്‍ ഒരു ചെറു സംരംഭം പടുത്തുയര്‍ത്തിയിരിക്കുയാണ് അജി സാബു

കാന്താരി മുളകിന്റെ നാട്ടുരുചിയും ഔഷധഗുണവും എക്കാലവും ആളുകളെ ആകര്‍ഷിക്കുന്ന ഒന്നാണ്. നാട്ടിന്‍ പുറങ്ങളില്‍ ഏറെ പരിചിതമായ കാന്താരി മുളകിന്റെ എരിവും സ്വാദും വൃത്യസ്ത ഉല്‍പ്പന്നങ്ങളായി വിപണിയില്‍ എത്തിച്ചാണ് ഗ്രാമിക ഫുഡ്‌സ് എന്ന ചെറു സംരംഭം ശ്രദ്ധേയമാകുന്നത്. വിവിധ സ്‌ക്വാഷുകള്‍ ഗ്രാമികയില്‍ പിറവിയെടുക്കുന്നുണ്ടെങ്കിലും അജി സാബുവിന്റെ നെല്ലിക്ക- കാന്താരി എന്ന സ്‌പെഷല്‍ സ്‌ക്വാഷിനാണ് ഏറെ ഡിമാന്‍ഡ്.

വളരെ ചെറിയ ഒരു സംരംഭമായി തുടങ്ങിയ ഗ്രാമികയ്ക്ക് ഇന്ന് വിദേശങ്ങളില്‍ വരെ ആവശ്യക്കാര്‍ ഏറെയാണ്. വലിയ കെട്ടിടങ്ങളോ ഓഫീസുകളോ ഒന്നുതന്നെ ഗ്രാമികയ്ക്ക് ഇല്ല. തൃശൂര്‍ ജില്ലയില്‍ മരത്തക്കരയിലെ വാടക വീട്ടില്‍ ഇരുന്ന് അജി സാബു ഒറ്റയ്ക്ക് നിര്‍മിക്കുന്നവയാണ് ഇവിടുത്തെ ഓരോ ഉല്‍പ്പന്നങ്ങളും. കഴിഞ്ഞ നാല് വര്‍ഷക്കാലങ്ങളായി തൃശൂര്‍, കോഴിക്കോട്, പാലക്കാട് തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന എക്‌സിബിഷന്‍ വഴിയാണ് ഗ്രാമികയിലെ ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നത്. കടകള്‍ വഴിയുള്ള വിപണനം ഇതുവരെ തുടങ്ങിയിട്ടില്ല.

ലെമണ്‍ നറുനീണ്ടി സ്‌ക്വാഷ്, ബീറ്റ്‌റൂട്ട് സ്‌ക്വാഷ്, പച്ചമാങ്ങ സ്‌ക്വാഷ് തുടങ്ങി സ്‌ക്വാഷ് ഇനങ്ങളില്‍ മാത്രമായി ഏഴോളം വിവിധതരം ഉല്‍പ്പന്നങ്ങളാണ് ഇന്ന് ഗ്രാമിക വിപണിയില്‍ എത്തിക്കുന്നത്. സീസണ്‍ സമയങ്ങളില്‍ വാഴപ്പിണ്ടി, വെള്ളരി, കുമ്പളങ്ങ തുടങ്ങിയ സ്‌ക്വാഷുകളും നിര്‍മിക്കാറുണ്ട്

ഗ്രാമിക എന്ന പേരില്‍ ഒരു ചെറിയ ഷോപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അത് നീണ്ടു പോവുകയാണെന്ന് അജി പറയുന്നു. ഗ്രാമികയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള നെല്ലിക്ക-കാന്താരി സ്‌ക്വാഷിന്റെ രുചി ഒന്നു വേറെ തന്നെ. വീട്ടമ്മ കൂടിയായ അജി സാബു സ്വയം പരീക്ഷിച്ച് വിജയിപ്പിച്ചെടുത്തതാണ് ഈ ഉല്‍പ്പന്നം. നാട്ടിന്‍ പുറങ്ങളില്‍ പലയിടങ്ങളിലും ഇതു പരിചിതമാണെങ്കിലും വിപണി സാധ്യതകള്‍ കണ്ടറിഞ്ഞ് ഒരു മികച്ച ബിസിനസ് ആശയമായി ഇതു മാറ്റിയെടുത്തെടുത്താണ് അജി സാബു എന്ന സംരംഭകയുടെ വിജയം. ഈ വിജയത്തിനു കാരണം പാലക്കാട് പീപ്പിള്‍ സര്‍വീസ് സൊസൈറ്റിയില്‍ നിന്നു ലഭിച്ച പരിശീലനമാണെന്ന് അജി ആഭിപ്രായപ്പെടുന്നത്. പൊതുവെ വിപണിയില്‍ ഇന്ന് സര്‍വസാധാരണമായി ലഭ്യമാകാത്ത ഉല്‍പ്പന്നമാണ് ഈ സ്‌ക്വാഷ്.

ലെമണ്‍ നറുനീണ്ടി സ്‌ക്വാഷ്, ബീറ്റ്‌റൂട്ട് സ്‌ക്വാഷ്, പച്ചമാങ്ങ സ്‌ക്വാഷ് തുടങ്ങി സ്‌ക്വാഷ് ഇനങ്ങളില്‍ മാത്രമായി ഏഴോളം വിവിധതരം ഉല്‍പ്പന്നങ്ങളാണ് ഇന്ന് ഗ്രാമിക വിപണിയില്‍ എത്തിക്കുന്നത്. സീസണ്‍ സമയങ്ങളില്‍ വാഴപ്പിണ്ടി, വെള്ളരി, കുമ്പളങ്ങ തുടങ്ങിയ സ്‌ക്വാഷുകളും നിര്‍മിക്കാറുണ്ട്. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയുടെ രോഗികള്‍ക്ക് നെല്ലിക്ക- കാന്താരി പോലുള്ള സ്‌ക്വാഷുകള്‍ ഉത്തമ ഔഷധമായും ഉപയോഗിക്കാമെന്ന് അജി പറയുന്നു. 120 രൂപ മുതലാണ് ഓരോ സ്‌ക്വാഷിന്റെയും വില തുടങ്ങുന്നത്. നെല്ലിക്ക- കാന്താരിക്ക് എക്‌സ്ബിഷന്‍ മാര്‍ക്കറ്റില്‍ 160 രൂപ വിലയുള്ളപ്പോള്‍, നേരിട്ട് വീട്ടിലേക്ക് എത്തുന്ന ആവശ്യക്കാര്‍ക്ക് 120 രൂപയ്ക്ക് ഇപ്പോള്‍ ലഭ്യമാകുന്നുണ്ട്. സ്‌ക്വാഷുകള്‍ക്കു പുറമെ വിവിധ തരം ജാമുകള്‍, അച്ചാറുകള്‍ എന്നിവയും ഗ്രാമികയിലുണ്ട്.

ചെറുപ്പം മുതല്‍ക്കെ പാചകത്തോടും പുതിയ വിഭവങ്ങള്‍ കണ്ടെത്തുന്നതിലും വളരെയധികം താല്‍പര്യമുണ്ടായിരുന്ന അജി നാല് വര്‍ഷം മുമ്പാണ് ഗ്രാമിക എന്ന ചെറു സംരംഭത്തിന് തുടക്കം കുറിച്ചത്. ഇന്ന് 15000 രൂപ പ്രതിമാസ വരുമാനം ലഭ്യമാകുന്ന ഒരു ബിസിനസ് ആയി ഗ്രാമിക ഇതിനോടകം മാറിക്കഴിഞ്ഞു. മൂലധന നിക്ഷേപം ഒന്നുംതന്നെ ഇല്ലാതെയാണ് അജി സംരംഭം തുടങ്ങിയത്. തുടക്കം വീട്ടില്‍ നിന്നായതുകൊണ്ടു തന്നെ വീട്ടുസാധനങ്ങള്‍ തന്നെ ഉപയോഗിച്ചു. സംരംഭം തുടങ്ങുന്നതിനു മുന്നോടിയായി ആകെ വാങ്ങിയിരുന്നത് ഒരു മിക്‌സിയാണ്. അതുകൊണ്ടുതന്നെ ഗ്രാമികയുടെ അടിസ്ഥാന നിക്ഷേപം ആ മിക്‌സി മാത്രമാണെന്നും അജി അഭിപ്രായപ്പെടുന്നു.

നാല് വര്‍ഷങ്ങളായി ബിസിനസ് രംഗത്തെ ഒരു ചെറുസംരഭക എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന അജി സാബു മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്കായി ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍ പ്രോസസിംഗ് പ്രിസര്‍വേഷനില്‍ പരിശീലനവും നല്‍കി വരുന്നു.

 

Comments

comments

Categories: Branding, Slider, Women