ജനിതക മാറ്റം വന്ന ചിന്തകള്‍

ജനിതക മാറ്റം വന്ന ചിന്തകള്‍

വികസിപ്പിച്ചെടുത്ത പുതിയ സങ്കരയിനങ്ങള്‍ കൃഷി ചെയ്യപ്പെട്ട സ്ഥലങ്ങള്‍ക്കടുത്ത് പഴയവയും കൃഷി ചെയ്യപ്പെട്ടിരുന്നു. അവ തമ്മില്‍ സ്വാഭാവിക പരപരാഗണം നടത്തി പഴയവയ്ക്കും പുതിയതിന്റെ ഗുണങ്ങള്‍ കുറെയേറെ ലഭിച്ചു തുടങ്ങി

‘ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ എതിര്‍ക്കുന്നത് അന്ധവിശ്വാസമാണ്. ജനിതകമാറ്റം വരുത്തിയ വിത്തിന്റെ ഉപയോഗം കാര്‍ഷികാദായം വര്‍ധിപ്പിക്കും. സ്ത്രീകളെ ബാധിക്കുന്ന വിളര്‍ച്ചയ്ക്കും കുട്ടികളുടെ ഭാരക്കുറവിനും ഇത് പരിഹാരമായേക്കും. എന്നാല്‍ ഇത്തരം വിത്തുകളുടെ ഉപയോഗത്തിന് മുമ്പ് എല്ലാവിധ സുരക്ഷാ പരിശോധനയും നടത്തണം’- സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞതായി 2011 ല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

1940- 50കളിലെ വിവിധ കാലഘട്ടങ്ങളില്‍ ലോകത്ത് പലയിടത്തും അതിഭീകരമായ ഭക്ഷ്യക്ഷാമം പൊട്ടിപ്പുറപ്പെട്ടു. നാല്‍പ്പതുകളില്‍ ബംഗാളിലാണെങ്കില്‍ അന്‍പതുകളില്‍ അത് ചൈന തുടങ്ങിയ മംഗോളിയന്‍ മേഖലയില്‍ ആകെ പടര്‍ന്നു. അതിനെത്തുടര്‍ന്നാണ് ഭക്ഷ്യക്ഷാമം എന്ന ശാപം ഇല്ലാതാക്കാന്‍ വിവിധ ഭക്ഷ്യവിളകള്‍ വര്‍ധിപ്പിക്കാനായി അവയില്‍ വളരെ ഗൗരവകരമായ ഗവേഷണം ആരംഭിച്ചത്.

ഫിലിപ്പീന്‍സിലെ ലോസ് ബനോസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം 1966ല്‍ പുതിയ ഒരിനം നെല്‍വിത്ത് വികസിപ്പിച്ചെടുത്തു. ഇന്തോനേഷ്യയിലെ നല്ല പ്രത്യുല്‍പ്പാദനശേഷിയുള്ള നെല്‍വിത്ത് ഇനം ചൈനയിലെ ഉയരം കുറഞ്ഞ നെല്ലിനവുമായി കൂട്ടിയിണക്കിയാണ് ഈ സങ്കരയിനം നെല്‍വിത്ത് ഐആര്‍ആര്‍ഐ നിര്‍മിച്ചത്. തണ്ട് വളര്‍ച്ച, മുള പൊട്ടല്‍, പൂവിടല്‍ തുടങ്ങി ചെടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെയും നിരവധി ഘടകങ്ങളെയും സ്വാധീനിക്കുന്ന ഗിബ്ബറെല്ലിന്‍ എന്ന സസ്യ ഹോര്‍മോണിന്റെ ഉല്‍പ്പാദനഘടകമായ ഒരു എന്‍സൈമിനെ സൃഷ്ടിക്കുന്ന Os01g0883800 എന്ന ജീന്‍ മാറ്റിസ്ഥാപിച്ചാണ് ചൈനയിലെ ഉയരം കുറഞ്ഞ നെല്‍ച്ചെടി ഫിലിപ്പീന്‍സിലെ ചെടിയുടെ പ്രത്യുല്‍പ്പാദനശേഷി കൈവരിച്ചത്. ഈ പുതിയ നെല്‍വിത്ത് ആ ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിക്കപ്പെട്ട എട്ടാമത്തെ ഇനമായിരുന്നു. ഈ കക്ഷിയെ നമുക്ക് നന്നായറിയാം: നെല്‍വിത്തെറിയുന്നവന്‍ മുതല്‍ ജാഥാമുദ്രാവാക്യങ്ങള്‍ എഴുതുന്നവര്‍ക്ക് വരെ സുപരിചിതമായ ഐആര്‍8. ഏകദേശം അതേ സമയം തന്നെയാണ് ഇന്ത്യയും സമാനമായ ഒരു നെല്‍വിത്ത് വികസിപ്പിച്ചത്: ‘ജയ’. രണ്ടും കേരളത്തിലെ നെല്‍ക്കൃഷിക്കാര്‍ക്കിടയില്‍ പ്രിയമേറിയതായി.

സസ്യങ്ങളുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ജീനുകളില്‍ മാറ്റം നടത്തി അവയില്‍ ഗുണപരമായ വ്യതിയാനം വരുത്തുന്നതിനെയാണ് ജനിതകമാറ്റം എന്ന് പറയുന്നത്. അതായത് ‘ഐആര്‍8’ ഉം ‘ജയ’യും എല്ലാം ജനിതകമാറ്റം വരുത്തിയ ഇനങ്ങളാണ്. സമാനമായ മാറ്റങ്ങള്‍ വരുത്തി ഗോതമ്പ്, ചോളം തുടങ്ങിയ മറ്റ് ഭക്ഷ്യവിളകളിലും തെങ്ങ്, കശുമാവ്, കുരുമുളക്, റബ്ബര്‍ തുടങ്ങിയ നാണ്യ-അര്‍ധനാണ്യ വിളകളിലും അത്യുല്‍പ്പാദനശേഷിയുള്ള സങ്കരയിനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്

ഇവ രണ്ടിലും നടത്തിയത് ജീനുകളില്‍ വരുത്തുന്ന മാറ്റമാണ്. സസ്യങ്ങളുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ജീനുകളില്‍ മാറ്റം നടത്തി അവയില്‍ ഗുണപരമായ വ്യതിയാനം വരുത്തുന്നതിനെയാണ് ജനിതകമാറ്റം എന്ന് പറയുന്നത്. അതായത് ‘ഐആര്‍8’ ഉം ‘ജയ’യും എല്ലാം ജനിതകമാറ്റം വരുത്തിയ ഇനങ്ങളാണ്. സമാനമായ മാറ്റങ്ങള്‍ വരുത്തി ഗോതമ്പ്, ചോളം തുടങ്ങിയ മറ്റ് ഭക്ഷ്യവിളകളിലും തെങ്ങ്, കശുമാവ്, കുരുമുളക്, റബ്ബര്‍ തുടങ്ങിയ നാണ്യ-അര്‍ധനാണ്യ വിളകളിലും അത്യുല്‍പ്പാദനശേഷിയുള്ള സങ്കരയിനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

വികസിപ്പിച്ചെടുത്ത പുതിയ സങ്കരയിനങ്ങള്‍ കൃഷി ചെയ്യപ്പെട്ട സ്ഥലങ്ങള്‍ക്കടുത്ത് പഴയവയും കൃഷി ചെയ്യപ്പെട്ടിരുന്നു. അവ തമ്മില്‍ സ്വാഭാവിക പരപരാഗണം നടത്തി പഴയവയ്ക്കും പുതിയതിന്റെ ഗുണങ്ങള്‍ കുറെയേറെ ലഭിച്ചു തുടങ്ങി. അതായത്, പരമ്പരാഗത ഇനങ്ങള്‍ക്കും വലിയ മോശമല്ലാത്ത പ്രത്യുല്‍പ്പാദനശേഷി കൈവന്നു; അത്യുല്‍പ്പാദനശേഷി എന്ന് പറയുവാനാവതില്ലെങ്കിലും. പഴയ ഇനങ്ങള്‍ അതിന്റെ പരിണാമവഴികളില്‍ വേണ്ടത്ര രോഗപ്രതിരോധശക്തി സ്വയം ആര്‍ജ്ജിച്ചവയാണ്. പ്രകൃതിയിലെ ജൈവവൈവിധ്യവും കൂട്ടായ ആവാസവ്യവസ്ഥയും കളകീടങ്ങളില്‍ നിന്ന് അവയെ രക്ഷിച്ചുവന്നു. ചെടികളും തവളകളും കാക്കകളും കിളികളും എല്ലാം പരസ്പര സഹായ സഹകരണ സംഘങ്ങളായി വര്‍ത്തിച്ചു. എന്നാല്‍ ജനിതകമാറ്റം വന്ന ഇനങ്ങള്‍ക്ക് സ്വാഭാവിക രോഗപ്രതിരോധശക്തി ആര്‍ജ്ജിക്കാനാവശ്യമായ കാലം ആയിട്ടില്ല. അതിനാല്‍ അവയ്ക്ക് രോഗങ്ങളെ നേരിടാനും ഒരു കൈ മനുഷ്യന്‍ സഹായിക്കേണ്ടിവന്നു. നെല്ലിന് മുഞ്ഞയും തെങ്ങിന് മണ്ടരിയും കശുമാവിന് പിങ്ക് രോഗവും ബാധിച്ചു. അവയില്‍ നിന്ന് രക്ഷ നല്‍കുവാന്‍ കീടനാശിനി ഉപയോഗിക്കുവാന്‍ തുടങ്ങി.

ഫലഭൂയിഷ്ഠമായ കരഭൂമിയുടെ കുറവ് വലിയതോതില്‍ മലയിടിക്കുവാനും കുറെയൊക്കെ നിലം നികത്തുന്നതിലും കുറച്ചൊക്കെ നദീതീരം, കുളം എന്നിവ കരയാക്കുന്നതിലും കലാശിച്ചു. മലയിടിക്കുമ്പോള്‍ മേല്‍മണ്ണിലല്ലാതെ അടിത്തട്ടിലെ മണ്ണിന് പശിമ ഉണ്ടാവില്ല. അതുപോലെ തന്നെയാണ്, ജലാശയങ്ങള്‍ നികത്തിയ ഇടങ്ങളിലും. വേര് തീണ്ടിച്ചെന്ന മണ്ണിലെല്ലാം നൈസര്‍ഗിക വളങ്ങള്‍ ഇല്ലെങ്കില്‍, അവിടെ കൃത്രിമ വളങ്ങള്‍ എത്തിക്കേണ്ടിവരും. കേരളത്തിന് കണികണ്ടുണരാന്‍ പ്ലാസ്റ്റിക് പാക്കറ്റ് നന്മ ആയപ്പോള്‍, തമിഴ്‌നാട്ടിലെ ഗോമാതാവിന്റെ പാല് ടാങ്കര്‍ ലോറിയില്‍ എത്തിയപ്പോള്‍, കാലി വളര്‍ത്ത് ഇല്ലാതായി. ഉള്ള കാലികള്‍ ‘കാലിഫാമുകള്‍’ എന്ന സദനങ്ങളില്‍ വാര്‍ധക്യം സ്വപ്‌നം കണ്ട് കഴിഞ്ഞു; നൈസര്‍ഗികമായ ഒരു പ്രജനനത്തിന് പോലും ഭാഗ്യമില്ലാതെ. ചാണകം എന്ന സ്വാഭാവിക വളം കിട്ടാതായി. ഗ്യാസ്
അടുപ്പുകള്‍ ചാരവും ഇല്ലാതാക്കി. അവിടെ രാസവളം വേണ്ടിവന്നു.

കച്ചവടക്കാരന്റെ കണ്ണ് കൃഷിയിലേക്ക് തിരിഞ്ഞ നേരമാണിത്. കച്ചവട വിജയത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ആവശ്യവര്‍ധന. സ്‌കേഴ്‌സിറ്റി ഓഫ് എ കമ്മോഡിറ്റി ഇന്‍ക്രീസെസ് ഇറ്റ്‌സ് ഡിമാന്‍ഡ് എന്ന് ശ്രീനിവാസന്‍ വെറുതെ പറഞ്ഞതല്ല; ധനതത്വശാസ്ത്ര നിയമമാണ്. ക്ഷാമം ഉണ്ടായില്ലെങ്കിലോ? കൃത്രിമമായി ക്ഷാമം ഉണ്ടാക്കുക തന്നെ. വാണിജ്യവല്‍ക്കരിക്കപ്പെട്ട കൃഷി ആദ്യം കണ്ണുവച്ചത് പുതിയ സങ്കരയിനങ്ങള്‍ക്ക് പേറ്റന്റ് വില കൊടുത്ത് വാങ്ങി ഉല്‍പ്പാദനകുത്തകാവകാശം സ്വന്തമാക്കുക എന്നതിലാണ്. ബിടി വഴുതനങ്ങയും ബിടി പരുത്തിയും എല്ലാം രംഗത്ത് വന്നു. എന്നാല്‍ ലോകമാകമാനം സമൂലമായി പ്രതിഷേധമുയരുകയും രാഷ്ട്രങ്ങള്‍ എതിര്‍പ്പുയര്‍ത്തുകയും ചെയ്തതോടെ ആ ആശയത്തിന്റെ കച്ചവടവിജയം സംശയാസ്പദമായി. അപ്പോഴാണ് അവരുടെ ശ്രദ്ധ പരമ്പരാഗത വിത്തുകളിലേക്കും കൃഷിരീതികളിലേക്കും തിരിഞ്ഞത്. എന്നാല്‍, അവിടെ കാല്‍ചുവടിനുള്ള ഇടം ഉണ്ടായിരുന്നില്ല.

ആധുനിക കൃഷിരീതികള്‍ ഉപയോഗിക്കുന്ന പരമ്പരാഗത കൃഷിക്കാരുമായി ഒരു ഉല്‍പ്പന്ന മത്സരം സാധ്യമായിരുന്നില്ല. എസ്റ്റാബ്ലിഷ്‌മെന്റ് ചെലവുകള്‍ ഇല്ലാത്ത സാധാരണകൃഷിക്കാരന്റെ ഉല്‍പ്പന്ന വിലക്കൊപ്പം വിറ്റാല്‍, അതുള്ള സംഘടിതകൃഷിമുതലാളിക്ക് ലാഭം നേടാനാവില്ല. അവിടെ പരമ്പരാഗത കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മാത്രമായി ഒരു വിപണി സൃഷ്ടിക്കേണ്ടിയിരുന്നു, അവര്‍ക്ക്. അത് അത്ര എളുപ്പമായിരുന്നില്ല. മനഃശാസ്ത്രപരമായ ഒരു സമീപനം ആണ് ആ വിപണി സൃഷ്ടിക്കാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗം. അങ്ങനെയാണ്, ‘ജൈവപച്ചക്കറി’ ഒരു മുദ്രാവാക്യം ആയത്. ഇവിടെ ‘മുദ്രാവാക്യം’ എന്ന പദം ഉപയോഗിക്കുന്നത് മനഃപൂര്‍വമാണ്. കാരണം, യഥാര്‍ത്ഥത്തില്‍ അതില്‍, മുദ്രാവാക്യത്തിനപ്പുറം മറ്റൊന്നുമില്ല. എല്ലാ പച്ചക്കറികളും ജൈവമാണ്. തനിയെ മുളച്ച്, തനിയെ കായ്ച്ച് തനിയെ കൊഴിയുന്നതൊഴിച്ചെല്ലാം അജൈവകൃഷിയുമാണ്. നൂറ് കണക്കിന് ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് (ഭൂ ഉടമസ്ഥതയെ മാത്രമേ ഭൂപരിഷ്‌കരണ നിയമം ബാധിക്കുന്നുള്ളൂ; പാട്ടത്തിന് എത്ര വേണമെങ്കിലും ഒരാള്‍ക്ക് എടുക്കാം) ‘ഓര്‍ഗാനിക് ഫാം’ എന്നൊരു ബോര്‍ഡ് വച്ച്, അവയില്‍ കൃഷി നടത്തി, ‘ജൈവ പച്ചക്കറി’ എന്ന പേരില്‍ വലിയ വിലയ്ക്ക് വില്‍ക്കുക. അത് വാങ്ങാന്‍ പാകത്തിന് മനുഷ്യമനസുകളെ മാറ്റിയെടുക്കുക. പ്രധാനമായും നാല് മിഥ്യാധാരണകളാണ് നമ്മള്‍ ‘ജൈവ’ കൃഷിയെപ്പറ്റി വച്ച് പുലര്‍ത്തുന്നത്.

ഒന്ന്: പ്രകൃതി വിഭവങ്ങളെ സംരക്ഷിച്ചുകൊണ്ട്, ജൈവവൈവിധ്യത്തെ നിലനിര്‍ത്തി, അവിടെ സ്വാഭാവികമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നടത്തുന്ന കൃഷിയാണ് ജൈവകൃഷി. അത്തരം കൃഷിയിടങ്ങള്‍ കൃഷിക്ക് മുന്‍പുള്ള മൂന്ന് വര്‍ഷമായെങ്കിലും യാതൊരുവിധത്തിലെ കളനാശിനിയോ കീടനാശിനിയോ രാസവളമോ ഉപയോഗിക്കാതിരുന്നത് ആവണം. പഠനങ്ങള്‍ പറയുന്നത്, ജൈവപച്ചക്കറിയുടെ ഉപയോക്താക്കളില്‍ 70 ശതമാനം പേരും അത് വാങ്ങുന്നത് കീടനാശിനികളില്‍ നിന്ന് അവ മുക്തമാണ് എന്ന വിശ്വാസത്താല്‍ മാത്രമാണ്. കീടനാശിനികളില്‍ നിന്നും രാസവളങ്ങളില്‍ നിന്നുമുള്ള മുക്തി ഒരു സാങ്കല്‍പ്പിക അവസ്ഥ മാത്രമാണ്. അമേരിക്കയില്‍ 2011ല്‍ 571 ജൈവകാര്‍ഷികോല്‍പ്പന്ന സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍, അതില്‍ 39 ശതമാനത്തിലും അധികരിച്ച കീടനാശിനിസാന്നിധ്യം കണ്ടെത്തിയിരുന്നു.

രണ്ട്: ജൈവ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കൂടുതല്‍ ആരോഗ്യകരമാണ് എന്നതാണ് മറ്റൊരു അബദ്ധധാരണ. ആരോഗ്യം എന്നാല്‍ രോഗമില്ലാത്ത അവസ്ഥ എന്നാണ് നമ്മള്‍ പഠിച്ചിട്ടുള്ളത്. അപ്പോള്‍, ജൈവ ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുന്നവര്‍ക്ക് അസുഖങ്ങള്‍ വരരുത്. 240 ഓളം പഠനങ്ങളെ ക്രോഡീകരിച്ച്, അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ 2012ല്‍ പ്രസിദ്ധീകരിച്ച ഒരു അവലോകനം പറയുന്നത്, ജൈവഉല്‍പ്പന്നങ്ങള്‍ക്ക് അല്ലാത്തവയെക്കാള്‍ പോഷകഗുണമുണ്ടെന്ന് വിശ്വസിക്കാന്‍ ആവശ്യമായ ശക്തമായ തെളിവുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ്.

മൂന്ന്: ജനിതകമാറ്റം വരുത്തിയ സസ്യങ്ങളുടെ ഫലം ഭക്ഷിക്കുന്നത് ഭയങ്കര അപകടമാണ് എന്നാണ് നമ്മള്‍ വിശ്വസിക്കുന്നത്. നമ്മുടെ ഒട്ടുമാവ് ഒരു തരത്തില്‍ ജനിതകമാറ്റം വരുത്തിയതാണ്. നമ്മളാരും ഒട്ടുമാങ്ങ തിന്നാതിരിക്കാറില്ലല്ലോ. ഐആര്‍8 ഉം ജയ അരിയും വേകിച്ച ചോറുണ്ണാതെയല്ല നമ്മില്‍ മിക്കവരും വളര്‍ന്നത്. ജൈവ പരീക്ഷണശാലകളില്‍ ജെനെറ്റിക് എന്‍ജിനീയറിംഗില്‍ ശാസ്ത്രജ്ഞര്‍ ചെയ്യുന്നത്, ജീനുകളെ പുനര്‍വിന്യസിപ്പിച്ച്, ചിലവ എടുത്ത് കളഞ്ഞ്, അനുഭാവപൂര്‍ണമായ ഗുണങ്ങള്‍ ഒന്നിച്ച് ചേര്‍ത്ത്, ദോഷകരമായവ എടുത്ത് മാറ്റുക എന്നതാണ്. ഇപ്പോള്‍ ശാസ്ത്രീയമായി ജനിതകമാറ്റം വരുത്തുന്ന വിത്തുകള്‍, രോഗപ്രതിരോധശക്തിയും കീടാണുബാധയെ ചെറുക്കുവാനുള്ള ശക്തിയും ചേര്‍ത്താണ് വികസിപ്പിച്ചെടുക്കുന്നത്. അതുകൊണ്ട് തന്നെ കൃഷി ചെയ്യുന്ന ഇടങ്ങളിലെ ജോലിക്കാര്‍ക്കും ഭക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്കും കൂടുതല്‍ ആരോഗ്യപ്രദമാണ് അവ.

നാല്: സസ്യങ്ങളില്‍ ജനിതക മാറ്റം വരുത്തുന്നത് പരിസ്ഥിതിയില്‍ ആഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നാം ഭയക്കുന്നു. ജനിതകമാറ്റം വരുത്തിയ സസ്യങ്ങള്‍ കൃഷി ചെയ്യുന്ന ഇടങ്ങളിലെ ജൈവവൈവിധ്യം നഷ്ടപ്പെടുമെന്ന് ചിലരെങ്കിലും നമ്മെ ഭയപ്പെടുത്തുന്നുണ്ട്. സത്യത്തില്‍ മറിച്ചാണ് സംഭവിക്കുന്നത്. രോഗപ്രതിരോധശക്തിയുള്ള ജനിതക വിത്തിനങ്ങള്‍ കൃഷി ചെയ്യുമ്പോള്‍, കീടകളനാശിനികള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. അവയാണ് ബിടി വിത്തിനങ്ങള്‍. Bacillus thuringiensis എന്നതിന്റെ ചുരുക്കെഴുത്താണ് ബിടി. ഇതൊരു ബാക്റ്റീരിയയുടെ പേരാണ്. ആക്രമിക്കുന്ന കീടങ്ങളില്‍ ഒരുതരം മന്ദത സൃഷ്ടിക്കുന്ന വസ്തു ഈ ബാക്റ്റീരിയ പുറപ്പെടുവിക്കും. ഈ ബാക്റ്റീരിയയുടെ പ്രവര്‍ത്തനപ്രക്രിയ ഓരോ കോശത്തിലും ഇംപ്ലാന്റ് ചെയ്യപ്പെട്ട വിത്തിനങ്ങളാണ് ബിടി വിത്തിനങ്ങള്‍. ആയതിനാല്‍, ജൈവവൈവിധ്യം കൂടുതല്‍ സുദൃഢമാക്കാനാണ് ബിടി വിത്തിനങ്ങള്‍ സഹായിക്കുക.

കച്ചവടക്കാര്‍ അവരുടെ കച്ചവടം വളര്‍ത്താന്‍ എന്നും നമ്മുടെ ചിന്തകളെ സ്വാധീനിച്ചിട്ടേ ഉള്ളൂ. അക്ഷയതൃതീയ ആയാലും വാലന്റൈന്‍സ് ഡേ ആയാലും നമ്മില്‍ ആവശ്യം ജനിപ്പിച്ച് ഉല്‍പ്പന്നത്തിന് ഡിമാന്റ് കൂട്ടി, വില ഉയര്‍ത്തി, ആവശ്യത്തിലധികം വില്‍പ്പന നടത്തുക എന്നതാണ് വന്‍കച്ചവടക്കാരുടെ മനഃശാസ്ത്രപരമായ വിജയപദ്ധതി. അതിനവര്‍ നമ്മുടെ ചിന്തകളില്‍ ജനിതകപരമായി മാറ്റം വരുത്തുന്നു. ആ കുഴികളില്‍ നമ്മള്‍, വിശിഷ്യാ മലയാളികള്‍, എളുപ്പം വീഴുന്നു. അതിലൊന്നായി ഇതിനെയും കണ്ടാല്‍ മതി. ഏതു തരം പച്ചക്കറികളും പഴവര്‍ഗങ്ങളും ആണ് കഴിക്കുന്നത് എന്നതിലല്ല, ഏതെങ്കിലും പച്ചക്കറികളും പഴവര്‍ഗങ്ങളും എല്ലാവരും കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിലാകണം നമ്മുടെ ശ്രദ്ധ.

 

Comments

comments

Categories: Slider, Top Stories