നികുതിവകുപ്പിന്റെ പേരിലും വ്യാജന്മാര്‍

നികുതിവകുപ്പിന്റെ പേരിലും വ്യാജന്മാര്‍

പണം തിരികെ നല്‍കാമെന്നറിയിച്ച് നികുതി വകുപ്പിന്റെ പേരില്‍ ഇ- മെയിലും എസ്എംഎസുകളും അയച്ച് എക്കൗണ്ട് ഉടമകളെ കെണിയിലാക്കുന്നു

ടാക്‌സ് റിട്ടേണ്‍ നല്‍കിയ ശേഷം നിങ്ങള്‍ക്കു വരുന്ന ഇ- മെയിലുകളെ സൂക്ഷിക്കുക. നിങ്ങള്‍ക്ക് പണം തിരികെ ലഭിക്കാനുണ്ടെന്നാണ് അതില്‍ പറഞ്ഞിരിക്കുന്നതെങ്കില്‍ പ്രത്യേകിച്ചും. ആദായവകുപ്പ് അയയ്ക്കുന്നതു പോലുള്ള ഇത്തരം സന്ദേശങ്ങളിലൂടെ നികുതിദായകരെ ലക്ഷ്യമിടുകയാണ് തട്ടിപ്പുകാര്‍. ബ്രിട്ടീഷ് ആദായ- നികുതി വകുപ്പ് (എച്ച്എംആര്‍സി) തയാറാക്കിയതു പോലുള്ള ഇ- മെയിലില്‍ ട്രാന്‍സാക്ഷന്‍ കണ്‍ഫര്‍മേഷന്‍ നമ്പറും സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ഗവണ്‍മെന്റ് ഗേറ്റ് വേയുടെ ലിങ്കും നല്‍കിയിരിക്കുന്നു. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കാന്‍ സാധ്യത തുറന്നിടുകയാണു ചെയ്യുന്നത്. ഇതിലൂടെ പണം പിന്‍വലിക്കാന്‍ അവര്‍ക്കാകും.

വിദഗ്ധമായി കബളിപ്പിക്കാന്‍ പറ്റുന്ന രീതിയിലുള്ള ഇ- മെയിലുകളാണ് തട്ടിപ്പുകാര്‍ അയയ്ക്കുന്നത്. സ്‌പെല്ലിംഗ്, വ്യാകരണം എന്നിവയില്‍ ഒരു പിഴവും തോന്നിക്കില്ല. വെബ് ലിങ്കുകളും റെഫറന്‍സായി നല്‍കുന്ന ഫോണ്‍ നമ്പറുകളും വളരെയധികം സ്വാഭാവികത തോന്നിപ്പിക്കുന്നവയുമായിരിക്കും. വെബ്‌സൈറ്റുകളിലെ ആര്‍ട്ടിക്കിളുകളും ഒറ്റനോട്ടത്തില്‍ അസ്വാഭാവികത തോന്നിപ്പിക്കാത്തവയായിരിക്കും. എക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ചോര്‍ത്താനുള്ള ഫിഷിംഗ് ഇ- മെയിലുകളാണിവ. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടെ പണം അടിച്ചു മാറ്റുകയാണ് പ്രധാനരീതി.

ആയിരക്കണക്കിന് വ്യാജ സന്ദേശങ്ങള്‍ തടയാനായിട്ടുണ്ടെന്ന് എച്ച്എംആര്‍സി അവകാശപ്പെട്ടു. 90 ശതമാനം വ്യാജ സന്ദേശങ്ങളും ഫോണിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ എച്ച്എംആര്‍സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നു. എക്കൗണ്ട് ഉടമകളെയും ബാങ്കുകളെയും സംരക്ഷിക്കാന്‍ നിരവധി മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്

ടെക്‌സ്റ്റ് മെസേജുകളും ഇക്കൂട്ടര്‍ അയയ്ക്കാറുണ്ട്. മെസേജുകളാല്‍ വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം മറ്റുവിധത്തില്‍ ചതിക്കപ്പെടുന്നവരേക്കാള്‍ ഒമ്പതു മടങ്ങു കൂടുതലാണെന്ന് എച്ച്എംആര്‍സി വ്യക്തമാക്കുന്നു. ടെക്സ്റ്റ് മെസേജുകള്‍ക്ക് ലഭിക്കുന്ന വിശ്വാസ്യതയും സ്വീകാര്യതയുമാണ് ഇതിനു കാരണം. എച്ച്എംആര്‍സിയുടെ പേരിലാണ് വ്യാജ എസ്എംഎസുകള്‍ പരക്കുന്നത് എന്നതിനാല്‍ വിശ്വാസ്യത ഏറെയാണു താനും. ഒരു ഫോണ്‍ നമ്പര്‍ നല്‍കുന്നതിനേക്കാള്‍ വിശ്വാസ്യത സര്‍ക്കാര്‍ സംവിധാനത്തിന്റെ ലോഗോ വെച്ചുള്ള പരസ്യത്തിനുണ്ടാകുമെന്ന വിശ്വാസമാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്.

ആയിരക്കണക്കിന് വ്യാജ സന്ദേശങ്ങള്‍ തടയാനായിട്ടുണ്ടെന്ന് എച്ച്എംആര്‍സി അവകാശപ്പെട്ടു. 90 ശതമാനം വ്യാജ സന്ദേശങ്ങളും ഫോണിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ എച്ച്എംആര്‍സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നു. എക്കൗണ്ട് ഉടമകളെയും ബാങ്കുകളെയും സംരക്ഷിക്കാന്‍ നിരവധി മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ വ്യാജ എസ്എംഎസ് സന്ദേശങ്ങളും ഇ- മെയിലുകളും തിരിച്ചറിയാനാകും.

മുന്നറിയിപ്പുകള്‍

ആദ്യം തന്നെ മനസിലാക്കിയിരിക്കേണ്ട കാര്യം, എച്ച്എംആര്‍സി ഒരിക്കലും നികുതി തിരിച്ചടവു (റിബേറ്റ്) സംബന്ധിച്ച് ഉപഭോക്താവിനെ ഇ- മെയിലോ എസ്എംഎസോ വഴി അറിയിക്കാറില്ലയെന്നതാണ്. സ്വകാര്യ പണമിടപാടുകളെ സംബന്ധിച്ച വിവരങ്ങളും തിരക്കാറില്ല. താഴെപ്പറയുന്ന ഒരു കാര്യവും എച്ച്എംആര്‍സി ഇത്തരത്തില്‍ ആവശ്യപ്പെടാറില്ലെന്ന് അറിയിച്ചിരിക്കുന്നു

ടാക്‌സ് റിബേറ്റ് അറിയിപ്പുകള്‍ നല്‍കാറില്ല. പണം തിരിച്ചു നല്‍കാമെന്ന വാഗ്ദാനം നടത്താറില്ല. സ്വകാര്യവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് അറിയിക്കാറില്ല. മേല്‍വിലാസം, പോസ്റ്റല്‍ പിന്‍കോഡ്, ബാങ്ക് എക്കൗണ്ടിന്റെ വിശദാംശങ്ങള്‍, ഏകീകൃത കരമടയ്ക്കല്‍ ബില്‍ എന്നിവ ഒരിക്കലും അറിയിക്കാന്‍ എച്ച്എംആര്‍സി നിര്‍ദേശിക്കാറില്ല. പ്രതികരണമാരായാന്‍ എച്ച്എംആര്‍സി ഒരിക്കലും സ്വകാര്യ ഇ- മെയില്‍ വിലാസം ഉപയോഗിക്കില്ല. ഉപഭോക്താവിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ നികുതി കണക്കുകളും കൃത്യമായ സംഖ്യയും ചോദിക്കുന്ന പതിവും എച്ച്എംആര്‍സിക്കില്ല

ജപ്തി സംബന്ധിച്ച് വ്യക്തമായ അറിയിപ്പു നല്‍കിയ ശേഷം മാത്രമേ നടപടികളിലേക്കു കടക്കാറുള്ളൂ. മുന്‍കൂര്‍ അനുമതി നല്‍കാതിരിക്കുകയും അപകടസാധ്യതകളേറ്റെടുക്കാന്‍ തയാറാകാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് ഇത്തരമൊരു ചുവടുവെപ്പ് നടത്താറുള്ളത്. സുരക്ഷിതമായ ലോഗ് പേജിലേക്കോ വിവരങ്ങള്‍ ആവശ്യപ്പെടുന്ന രൂപത്തിലോ ലിങ്ക് നല്‍കുന്ന പതിവില്ല. ഉപഭോക്താവിന്റെ ഓണ്‍ലൈന്‍ എക്കൗണ്ടില്‍ ചെന്ന് വിവരങ്ങള്‍ പരിശോധിക്കാനാണ് ആവശ്യപ്പെടുക

ഇ-മെയില്‍ അയച്ചിരിക്കുന്ന ഉറവിടത്തെപ്പറ്റി വ്യക്തമായി പരിശോധിച്ച് ആധികാരിത ഉറപ്പാക്കുകയാണ് അടുത്ത ചുവട്. അയച്ചിരിക്കുന്ന ഇ-മെയില്‍ വിലാസം വ്യക്തമായി നോക്കിയാല്‍ മനസിലാകും, അത് എച്ച്എംആര്‍സിയുടേതല്ലെന്ന്. ഒരു പക്ഷേ സമാനമായിരിക്കും. വ്യാജ സന്ദേശങ്ങള്‍ അയയ്ക്കുന്നത് അതില്‍ നിന്നുള്ള വരുമാനത്തിനു മുന്‍തൂക്കം കൊടുത്തായിരിക്കും. അതായത്, റീഫണ്ട്‌സ് അറ്റ് ദ് റേറ്റ് എച്ച്എംആര്‍സി എന്നും മറ്റമുള്ള വിലാസത്തില്‍ നിന്നു വരുന്നവ. ഇത് നിങ്ങളെ തെറ്റിദ്ധരിപ്പിക്കും. എച്ച്എംആര്‍സിയുടേതിന്റേത് തന്നെയെന്ന് തോന്നിപ്പിക്കുന്ന അറ്റ് ദ് റേറ്റ് എച്ച്എംആര്‍സി ഡോട്ട് ഗവണ്‍മെന്റ് ഡോട്ട് യുകെ പോലുള്ള അഡ്രസ് പോലുള്ളവ ആയിരിക്കുമത്.

ഇത്തരം സന്ദേശങ്ങള്‍ എച്ച്എംആര്‍സിയില്‍ നിന്നു വരുന്നതാണെന്ന് നൂറു ശതമാനം ഉറപ്പിക്കാനായില്ലെങ്കില്‍ അത് തുറന്നു നോക്കരുതെന്ന് വകുപ്പ് അറിയിക്കുന്നു. മെയില്‍ തുറന്നുവെന്നു തന്നെയിരിക്കട്ടെ, സംശയമുണ്ടെങ്കില്‍ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ അരുത്. ഇവയില്‍ മിക്കവാറും വൈറസുകള്‍ അടങ്ങിയിട്ടുണ്ടാകും. ഇത് നിങ്ങളുടെ വ്യക്തിവിവരം ചോര്‍ത്തിയേക്കാം. മെയില്‍ അറ്റാച്ച്‌മെന്റുകളിലും ലിങ്കുകളിലും ക്ലിക്ക് ചെയ്യുക വഴി പെട്ടെന്നു പരക്കുന്ന വൈറസുകളും ബഗ്ഗുകളും ഇന്ന് ഇന്റര്‍നെറ്റ് ലോകത്തെ വലിയ ഭീഷണികളാണ്.

ശ്രദ്ധിക്കേണ്ടത് പണം തിരിച്ചടവ് വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങളെ മാത്രമല്ല, വായ്പ തിരിച്ചടയ്ക്കാമെന്നും നികുതികളടച്ചു സഹായിക്കാമെന്നും വാഗ്ദാനം നല്‍കുന്ന നിരവധി വ്യാജന്മാര്‍ ഈരംഗത്തു വിലസുന്നുണ്ട്. ഇത്തരക്കാര്‍ ഇടപാടുകാരെ ബന്ധപ്പെടാനും വ്യത്യസ്ത മാര്‍ഗങ്ങള്‍ അവലംബിക്കാറുണ്ട്. വ്യാജ ഫോണ്‍വിളികള്‍, വോയിസ് മെയിലുകള്‍, എസ്എംഎസുകള്‍ എന്നിങ്ങനെ എല്ലാ ആധുനിക മാര്‍ഗങ്ങളും അവര്‍ ഉപയോഗിക്കും. എന്തിന്, മൊബീലുകളില്‍ ഐട്യൂണ്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ക്കു പോലും പണം ആവശ്യപ്പെടുന്നവരുണ്ട്.

നികുതിയിളവ്, ഫൈന്‍ എന്നിവസംബന്ധിച്ച് എസ്എംഎസ് വഴി പണമടയ്ക്കാന്‍ ആവശ്യപ്പെടുന്ന രീതി എച്ച്എംആര്‍സിക്ക് ഇല്ല. ഐ ട്യൂണ്‍ വൗച്ചറുകളുടെ രൂപത്തിലും പണം സ്വീകരിക്കാറില്ലെന്ന് വകുപ്പ് വ്യക്തമാക്കുന്നു. അതിനാല്‍ ഇത്തരം സന്ദേശങ്ങളെ സംശയത്തോടെ മാത്രമേ സമീപിക്കാവൂ എന്നാണ് മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങള്‍ വന്നാല്‍ അത്, 60599 എന്ന നമ്പറിലേക്ക് അയയ്ക്കണം. വ്യാജ സന്ദേശങ്ങളയയ്ക്കുന്ന ഇ- മെയിലുകളാണെങ്കില്‍ എച്ച്എംആര്‍സി ഡോട്ട് ജിഎസ്‌ഐ ഡോട്ട് ഗവണ്‍മെന്റ് ഡോട്ട് യുകെ എന്നവിലാസത്തിലേക്ക് ഫോര്‍വേഡ് ചെയ്യണം.

Comments

comments

Categories: Slider, Top Stories