ഫിലിം റിവ്യു: പാഡ്മാന്‍

ഫിലിം റിവ്യു: പാഡ്മാന്‍

സംവിധാനം: ആര്‍. ബാല്‍കി
അഭിനേതാക്കള്‍: അക്ഷയ്കുമാര്‍, സോനം കപൂര്‍, രാധിക ആപ്‌തേ
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 20 മിനിറ്റ്

‘ ഔരത്തോം കേ ലിയേ സബ്‌സേ ബഡി ബീമാരി ഹേ ഷരം ‘
(സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ രോഗമാണ്
നാണക്കേട്),

സമൂഹത്തില്‍ ഒരിക്കലും നീക്കം ചെയ്യാന്‍ സാധിക്കാത്ത മൂടുപടം അണിയേണ്ടവരാണ് തങ്ങളെന്നു സ്ത്രീകള്‍ പലപ്പോഴും വിശ്വസിക്കാന്‍ നിര്‍ബന്ധിതരാകുന്നത് എങ്ങനെയാണെന്ന് അക്ഷയ് കുമാര്‍ അഭിനയിച്ച പാഡ്മാന്‍ എന്ന ചിത്രത്തിലെ ഈ വരി നമ്മളെ ഓര്‍മിപ്പിക്കുന്നു. പാഡ്മാന്‍ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ആര്‍. ബാല്‍കി, ആര്‍ത്തവത്തെ സംബന്ധിച്ചു സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരേയും അനാചാരങ്ങള്‍ക്കെതിരേയും ആഞ്ഞടിക്കുകയാണ്.

ലക്ഷ്മികാന്ത് ചൗഹാന്‍ (അക്ഷയ്കുമാര്‍) സ്‌നേഹനിധിയായൊരു ഭര്‍ത്താവാണ്. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നം തന്റെ ഭാര്യ ഗായത്രിയെ(രാധിക ആപ്‌തേ) അലട്ടുന്നത് കാണുവാനുള്ള ശേഷി ലക്ഷ്മികാന്തിനില്ല. തന്റെ ഭാര്യയുടെ സന്തോഷമാണ് ലക്ഷ്മികാന്തിന് പ്രധാനം. കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഏതറ്റം വരെയും പോകും ലക്ഷ്മികാന്ത്. ആര്‍ത്തവ സമയത്ത് തന്റെ ഭാര്യ ഒറ്റപ്പെടുന്നത് ഒരിക്കല്‍ ലക്ഷ്മികാന്തിന്റെ ശ്രദ്ധയില്‍പ്പെടുന്നു. ആര്‍ത്തവ രക്തത്തെ വൃത്തിയാക്കാന്‍ ഗായത്രി ഒരു മോശം തുണി ഉപയോഗിക്കുന്നതു കൂടി കാണുന്നതോടെ ഗായത്രിയിലുള്ള ലക്ഷ്മികാന്തിന്റെ ഉത്കണ്ഠകള്‍ വര്‍ധിക്കുന്നു.

ഈ സംഭവത്തോടെ, തന്റെ ഭാര്യയ്ക്ക് ഈ ദുര്‍ഗതി വരുത്തില്ലെന്ന് ലക്ഷ്മികാന്ത് സ്വയം പ്രതിജ്ഞയെടുക്കുകയാണ്. ഭാര്യയ്ക്കായി അയാള്‍ ഒരു ഡിസ്‌പോസബിള്‍ സാനിട്ടറി നാപ്കിന്‍ സമ്മാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ഗായത്രിയാകട്ടെ, നാപ്കിന്‍ ഉപയോഗിക്കുന്നതിന് എതിരാണ്. അത് ചെലവേറിയതാണെന്ന കാരണമാണു ഗായത്രി പറയുന്നത്.പിന്നീട് സംഭവിക്കുന്നത് ലക്ഷ്മികാന്തിന്റെ പ്രചോദനാത്മകമായ യാത്രയാണ്. സംവിധായകന്‍ ബാല്‍കി പാഡ്മാന്‍ എന്ന സിനിമയില്‍ കോയമ്പത്തൂരില്‍നിന്നുള്ള അരുണാചലം മുരുഗാനന്ദത്തിന്റെ ജീവിതകഥയാണു ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ചെലവ് കുറഞ്ഞ സാനിട്ടറി നാപ്കിന്‍ നിര്‍മിച്ചു വ്യാപകമാക്കിയ വ്യക്തിയാണ് മുരുഗാനന്ദന്‍. നിരവധി എതിര്‍പ്പുകളെ അവഗണിച്ചു കൊണ്ടായിരുന്നു മുരുഗാനന്ദന്‍ ഇതു യാഥാര്‍ഥ്യമാക്കിയത്. സിനിമയില്‍ പക്ഷേ കോയമ്പത്തൂരല്ല പശ്ചാത്തലമാക്കിയിരിക്കുന്നത്. മധ്യപ്രദേശിലെ മഹേശ്വറാണ്.

ഇന്ത്യയില്‍ സാനിട്ടറി നാപ്കിന്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം കുറവാണെന്നു ബോദ്ധ്യപ്പെടുത്താന്‍ വേണ്ടി ശതമാന കണക്കുകളെ കുറിച്ച് നിരന്തരമായ പരാമര്‍ശിക്കുന്നതും, സിനിമയുടെ സാമൂഹിക ലക്ഷ്യത്തെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്നതും ‘ പാഡ്മാനെ ‘ ചില ഘട്ടങ്ങളില്‍ ഒരു പബ്ലിക് സര്‍വീസ് അഡ്‌വര്‍ട്ടൈസ്‌മെന്റ് പോലെ തോന്നിപ്പിക്കുന്നുണ്ട്. സിനിമയുടെ മറ്റൊരു പോരായ്മയായി തോന്നുന്നത് കാര്യങ്ങള്‍ അമിതമായി വിശദീകരിക്കുന്നുണ്ടെന്നതാണ്. ഇത് കഥ പറച്ചലിന്റെ സുഗമമായ ഒഴുക്കിന് തടസമാകുന്നുണ്ട്.

എന്നിരുന്നാലും, ഒരു മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും സാനിറ്ററി പാഡുകള്‍ വാങ്ങുവാന്‍ സ്ത്രീകള്‍ ഇന്നും വിഷമിക്കുന്ന അവസ്ഥയെപ്പറ്റി ചിത്രം വിശദീകരിക്കുമ്പോള്‍ തീര്‍ച്ചയായും പാഡ്മാന്‍ കണ്ടിരിക്കേണ്ട ഒരു ചിത്രമായി മാറുന്നു. സംവിധായകന്‍ ബാല്‍കിയും എഴുത്തുകാരന്‍ സ്വാനന്ദ് കിര്‍കിറെയും ചേര്‍ന്നു സമൂഹത്തില്‍ വെളിപ്പെടുത്താനാവാത്ത കാര്യങ്ങളെ ഹാസ്യത്തിലൂടെ അവതരിപ്പിച്ചിരിക്കുന്ന രീതി പ്രശംസനീയമാണ്. ചിത്രം ചില ഘട്ടങ്ങളില്‍ ആവര്‍ത്തനവിരസതയുളവാക്കുന്നുണ്ട്. പക്ഷേ അത് സമൂഹത്തില്‍ മാറ്റം വളരെ എളുപ്പത്തില്‍ സംഭവിക്കുന്നതല്ലെന്നു പ്രേക്ഷകനെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ്.

ആര്‍ത്തവത്തെ സംബന്ധിച്ച് ഇന്നും നിലനില്‍ക്കുന്ന കുറ്റകരമായ മൗനത്തെ കുറിച്ച് ഒന്നും പറയാതെയല്ല ചിത്രം അവസാനിക്കുന്നത്. പകരം സമൂഹം വിലക്കിയ വിഷയങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യണമെന്നു പാഡ്മാന്‍ ഓര്‍മിപ്പിക്കുന്നു. ‘ഏക് ഔരത്ത് കി ഹിഫാസത്ത് കര്‍നേ മേം ന കാംയാബ് ഇന്‍സാന്‍ ആപ്‌നേ ആപ്‌കോ മര്‍ദ് കൈസേ കെഹ് സക്താ ഹേ’ ? (ഒരു സ്ത്രീയെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ നിങ്ങള്‍ എങ്ങനെ ഒരു പുരുഷന്‍ ആണെന്ന് പറയാന്‍ സാധിക്കും ? ) എന്ന് അക്ഷയ് കുമാറിന്റെ കഥാപാത്രം ചോദിക്കുന്ന ചോദ്യം സമൂഹത്തിലെ ആണ്‍കോയ്മയ്‌ക്കെതിരേയുള്ള ചോദ്യം കൂടിയാണ്. ചിത്രത്തിന്റെ ആദ്യപകുതിയില്‍ രാധിക ആപ്‌തേ ഗായത്രി എന്ന കഥാപാത്രത്തിലൂടെയും രണ്ടാം പകുതിയില്‍ പരി എന്ന കഥാപാത്രത്തിലൂടെ സോനം കപൂറും അവിശ്വസനീയമായ പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ലക്ഷ്മികാന്തിനെ, അക്ഷയ്കുമാര്‍ അനശ്വരമാക്കിയിരിക്കുന്നു.

 

Comments

comments

Categories: Movies