ചലനാത്മകമായ നയതന്ത്രം

ചലനാത്മകമായ നയതന്ത്രം

തീവ്രവലതുപക്ഷത്തിന്റെയും വര്‍ഗീയതയുടെയും പ്രതിബിംബമായി മാധ്യമങ്ങളുടെ ‘മാസ് കാംപെയ്‌നിംഗി’ന് വിധേയനായ ഒരു രാഷ്ട്രീയ നേതാവിന് ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നം തീര്‍ക്കാന്‍ സാധിക്കുമെന്ന് പലസ്തീന്‍ കരുതുന്നത് തന്നെയാണ് ഇവിടത്തെ പല അഭിനവ ബുദ്ധിജീവികളും പുരോഗമനക്കാര്‍ എന്ന് നടിക്കുന്നവരും നടത്തുന്ന അപക്വമായ വിമര്‍ശനങ്ങള്‍ക്കുള്ള ഏറ്റവും മികച്ച മറുപടി

ഇസ്രയേലി ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെ ജോര്‍ദാന്‍ രാജാവിന്റെ ഹെലികോപ്റ്ററില്‍ റാമള്ളയിലെത്താന്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്, അതും തീവ്രവര്‍ഗീയവാദിയെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടവും ‘മാധ്യമ’പിന്തുണയോടെ തന്നെ പലരും മുദ്രകുത്തുന്ന ഒരു രാഷ്ട്രീയ നേതാവിന് കഴിഞ്ഞെങ്കില്‍ അത് വലിയ നയതന്ത്ര വിജയം തന്നെയാണ്, സംശയമൊന്നും വേണ്ട. നരേന്ദ്ര മോദിയെന്ന ഭരണാധികാരിയെ എത്ര തന്നെ വിമര്‍ശിച്ചാലും കുറ്റപ്പെടുത്തിയാലും ശരി, നയതന്ത്രതലത്തില്‍ ഭാരതത്തിന് മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള സ്വാധീനം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതംഗീകരിച്ചേ മതിയാകൂ.

ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ത്ത് സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ മോദിക്ക് സാധിക്കുമെന്നാണ് പലസ്തീന്‍ കരുതുന്നത്. ഇതിലും വലിയ അംഗീകാരം അദ്ദേഹത്തിന് കിട്ടാനുണ്ടോ. പ്രത്യേകിച്ചും മോദി ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയതിനെയും ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചതിനെയും അതിരൂക്ഷമായി, രാഷ്ട്രീയ ലാക്കോടെ ഇവിടത്തെ ചിലര്‍ വിമര്‍ശിച്ച സാഹചര്യം നിലനില്‍ക്കുമ്പോള്‍. മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ വന്ന ഏറ്റവും വലിയ വിമര്‍ശനം തൊട്ടപ്പുറത്തുള്ള പലസ്തീനിലേക്ക് അദ്ദേഹം കടക്കാഞ്ഞത് വളരെ മോശമായിപ്പോയി എന്ന് പറഞ്ഞായിരുന്നു. എന്നാല്‍ പലസ്തീനിലേക്കായി തന്നെ നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയപ്പോള്‍, ആ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് പറഞ്ഞപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് നല്‍കിയ ഏറ്റവും നല്ല മറുപടിയായി മാറി അത്. ഇത്രയും വര്‍ഷമായിട്ടും എന്തുകൊണ്ട് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും പലസ്തീനിലേക്ക് സന്ദര്‍ശനം നടത്തിയില്ലെന്നുള്ളതിന് ഉത്തരം പറയാന്‍ ഇവിടത്തെ വിമര്‍ശകര്‍ക്ക് സാധിക്കില്ല.

എന്നാല്‍ ഇന്ത്യയുടെ താല്‍പ്പര്യം മുന്നില്‍ക്കണ്ടുള്ള നയതന്ത്രത്തിന്റെ ഫലമായിട്ടാണ് ആദ്യമായി ഇസ്രയേലും പലസ്തീനും സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന അപൂര്‍വത നരേന്ദ്രമോദിക്ക് സ്വന്തമാക്കാന്‍ സാധിച്ചത്. നയതന്ത്രത്തിലെ ചലനാത്മകതയാണിത്. അല്ലാതെ നിര്‍ജീവതയല്ല. ഒരേ സ്ഫടികത്തിലൂടെ ഇസ്രയേലും പലസ്തീനുമായുള്ള ബന്ധം നോക്കിക്കാണാനല്ല ഇന്ത്യ ആഗ്രഹിക്കുന്നത്. ആരോഗ്യരംഗത്ത് 30 ദശലക്ഷം ഡോളറിന്റെ സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ ആരംഭിക്കുന്നതടക്കം 50 ദശലക്ഷം ഡോളറിന്റെ ആറ് കരാറുകളിലാണ് ഇന്ത്യയും പലസ്തീനും ഒപ്പുവെച്ചത്.

തീര്‍ത്തും സ്വതന്ത്രമായി ഇരു രാജ്യങ്ങളുമായുള്ള ബന്ധം വളര്‍ത്തുകയാണ് ഉദ്ദേശ്യം. അതാണ് വേണ്ടതും. ഇന്ത്യയുടെ കോണില്‍ നിന്നാണ് പ്രധാനമന്ത്രി അതിനെ നോക്കിക്കാണുന്നതെന്നത് വ്യക്തം. ഇസ്രയേലുമായുള്ള ബന്ധം വളരും. അതേസമയം പലസ്തീനുള്ള പിന്തുണ ഇന്ത്യ തുടരും, കൂടുതല്‍ ശക്തമായി തന്നെ. സ്വതന്ത്ര പലസ്തീനെക്കുറിച്ചാണ് മോദി റാമള്ളയില്‍ സംസാരിച്ചത്. പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ ഇനി ആര്‍ക്കും ശങ്കയുണ്ടാകുമെന്ന് തോന്നുന്നില്ല. ഡൊണാള്‍ഡ് ട്രംപല്ല മോദിയെന്ന് ഒരിക്കല്‍ കൂടി വ്യക്തമാവുകയാണ്. കൂടുതല്‍ ഉദാരമൂല്യങ്ങള്‍ വെച്ചു പുലര്‍ത്തുന്ന യഥാര്‍ത്ഥ ലോകനേതാവാകാനുള്ള ശ്രമത്തിലാണോ നരേന്ദ്ര മോദിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. പ്രസ്താവനകള്‍ക്കപ്പുറം യഥാര്‍ത്ഥത്തില്‍ ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മോദിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോയെന്നത് കണ്ടറിയേണ്ടതുണ്ട്. കാരണം അത്രമേല്‍ സങ്കീര്‍ണമാണ് ആ പ്രശ്‌നമെന്നതു തന്നെ.

Comments

comments

Categories: Editorial