അടുത്ത വിപ്ലവം 5ജി

അടുത്ത വിപ്ലവം 5ജി

അള്‍ട്രാ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് വേഗത കൂടാതെ സ്മാര്‍ട്ട് സിറ്റി, റോബോട്ടിക്‌സ്, സെല്‍ഫ് ഡ്രൈവിങ് കാറുകള്‍, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ മേഖലകളില്‍ വലിയ സ്വാധീനം ചെലുത്താന്‍ പോവുകയാണ് 5 ജി.

ലോകവുമായി ബന്ധപ്പെട്ടിരിക്കുക എന്നത് മനുഷ്യന്റെ ആവശ്യമാണ്. ഡിജിറ്റല്‍വല്‍ക്കരണത്തിന്റെയും സാങ്കേതികവിദ്യയുടെയും യുഗം ഈ ആവശ്യത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ്. ഇവിടെയാണു ടെലികമ്യൂണിക്കേഷന്റെ പ്രസക്തി. ടെലികോം മേഖലയില്‍ സാങ്കേതികമായി മികച്ച ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ആവശ്യകത ഇന്നു വര്‍ധിച്ചുവരികയാണ്. ഇതാകട്ടെ അഞ്ചാം തലമുറ വയര്‍ലെസ് ടെക്‌നോളജിയെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ടെലികോം മേഖലയെ പ്രാപ്തമാക്കുകയും ചെയ്തു. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച 2018 കേന്ദ്ര ബജറ്റില്‍ 5ജിയെ കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി. ഐഐടി ചെന്നൈയുടെ സഹായത്തോടെ രാജ്യത്ത് 5ജി കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണെന്ന് അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. ഇതിലൂടെ സാങ്കേതികവിദ്യയുടെ പ്രയോഗം കൂടുതല്‍ വ്യാപിപ്പിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു വ്യക്തം. 2020-ാടെ ഇന്ത്യയിലുടനീളം 5ജി സേവനങ്ങള്‍ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ മഹത്തായ പദ്ധതിയുടെ ഭാഗം കൂടിയാണ് ഈ നീക്കം. 5ജിയുമായി ബന്ധപ്പെട്ടു നടക്കുന്ന പുരോഗതി വിലയിരുത്തുമ്പോള്‍ 5ജി സേവനം ഉടന്‍ വിപണിയിലെത്തുമെന്നു (commercial roll-out) തന്നെയാണ് പ്രതീക്ഷിക്കുന്നത്. അസൂസ്, സിയോമി, എല്‍ജി, സോണി മൊബൈല്‍ തുടങ്ങിയവരുമായി സഹകരിച്ചു 2019-ല്‍ 5ജി സേവനം ലഭ്യമാകുന്ന ഫോണുകള്‍ (5G-enabled phones) പുറത്തിറക്കുമെന്നു സമീപകാലത്തു ചിപ്‌സെറ്റ് കമ്പനിയായ ക്വാല്‍കോം പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയില്‍ 2020-ാടെ 5 ജി സേവനം ലഭ്യമാകുമെന്നാണു കരുതുന്നത്. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ടെലികോം കമ്പനികളായ എയര്‍ടെല്‍, ബിഎസ്എന്‍എല്‍, റിലയന്‍സ് ജിയോ തുടങ്ങിയവര്‍ അവരുടെ ശൃംഖലകളില്‍ 5 ജി സേവനം ലഭ്യമാക്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു.

എന്താണ് 5ജി ?

4G LTE നിലവാരത്തെ പിന്തുടര്‍ന്നു വരുന്ന പുതുതലമുറ വയര്‍ലെസ് ടെക്‌നോളജിയാണ് 5ജി. സ്മാര്‍ട്ട്‌ഫോണുകള്‍ക്കപ്പുറമുള്ള ഉപകരണങ്ങളിലേക്ക് പ്രയോഗിക്കാന്‍ സാധിക്കുന്ന ടെക്‌നോളജിയാണ് 5ജി. 2ജി, 3ജി, 4ജി തുടങ്ങിയവ, മൊബൈല്‍ റേഡിയോ ഫ്രീക്വന്‍സിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെങ്കില്‍, 5ജി ഇവയെല്ലാം ചേര്‍ന്ന സംവിധാനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. റേഡിയോ ഫ്രീക്വന്‍സികള്‍ അടിസ്ഥാനമാക്കിയുള്ള വയര്‍ലെസ്സ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റങ്ങളും ഉപകരണങ്ങളുമാണ് മൊബൈല്‍ റേഡിയോ എന്നു വിശേഷിപ്പിക്കുന്നത്. ഈ സംവിധാനം അനുസരിച്ച് രണ്ട് അറ്റങ്ങളിലും ചലിച്ചു കൊണ്ട് ആശയവിനിമയം ചെയ്യാന്‍ സാധിക്കും.

ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, വെര്‍ച്വല്‍ റിയല്‍റ്റി, ഓഗ്‌മെന്റഡ് റിയല്‍റ്റി തുടങ്ങിയ വളര്‍ന്നുവരുന്ന ടെക്‌നോളജിയെ(emerging technology) നയിക്കാന്‍ പോകുന്നത് 5ജിയായിരിക്കും. മൊബൈല്‍ ബ്രോഡ്ബാന്‍ഡിനപ്പുറം സ്മാര്‍ട്ട് സിറ്റികള്‍, റോബോട്ടിക്‌സ്, സ്വയം ഓടിക്കാന്‍ പ്രാപ്തിയുള്ള കാറുകള്‍, ആരോഗ്യരംഗം, കാര്‍ഷിക, വിദ്യാഭ്യാസ രംഗം തുടങ്ങിയ മേഖലകളില്‍ വന്‍ സ്വാധീനം ചെലുത്താന്‍ ശക്തിയുള്ളതാണ് 5ജി. 4ജിയെ അപേക്ഷിച്ച് 5ജിക്ക് പത്ത് മടങ്ങ് വേഗതയുണ്ടെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.4K,8K സിനിമകള്‍ വെറും 30 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാനും 5ജിക്ക് സാധിക്കും. നെറ്റ്‌വര്‍ക്ക് ഫ്‌ളെക്‌സിബിലിറ്റി, കുറഞ്ഞ ഊര്‍ജ ഉപഭോഗം, മികച്ച സുരക്ഷ, വിശ്വാസ്യത എന്നിവ 5ജിയുടെ പ്രത്യേകതകളാണ്.

ഇന്ത്യയില്‍ 5 ജി

2020-ാടെ ഇന്ത്യയില്‍ 5 ജി സേവനം ലഭ്യമാകുമെന്നാണു കരുതുന്നത്. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ടെലികോം കമ്പനികളായ എയര്‍ടെല്‍, ബിഎസ്എന്‍എല്‍, റിലയന്‍സ് ജിയോ തുടങ്ങിയവര്‍ അവരുടെ ശൃംഖലകളില്‍ 5 ജി സേവനം ലഭ്യമാക്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ 5 ജി സേവനങ്ങള്‍ പരിചയപ്പെടുത്തുന്നതിനുള്ള പ്രൈമറി ബാന്‍ഡുകളായി 3.3-3.6 ജിഗാ ഹെര്‍ട്‌സ് ബാന്‍ഡിനെ, തിരിച്ചറിഞ്ഞിട്ടുണ്ട്. 4 ജി ശൃംഖലകളുമായി സഹകരിച്ചായിരിക്കും 5 ജി സേവനവും ലഭ്യമാക്കുക. 5 ജി സേവനം ലഭ്യമാകുന്നതോടെ 4 ജിയുടെ വേഗത വര്‍ധിക്കുമെന്നതും മറ്റൊരു വസ്തുതയാണ്. 5 ജി സേവനം 2020-ാടെ ആരംഭിക്കുമെങ്കിലും ഇപ്പോള്‍ പറയപ്പെടുന്ന വേഗത 2020-ല്‍ ലഭിക്കുമെന്ന് ഉറപ്പാക്കാനുമാവില്ല. ഇന്റര്‍നെറ്റ് ഏറ്റവുമധികം ഉപയോഗിക്കുന്ന അമേരിക്കയില്‍ 4 ജി സേവനം എളുപ്പം ലഭ്യമായെങ്കിലും അവകാശപ്പെട്ടിരുന്ന വേഗം ഇപ്പോഴും ലഭിക്കുന്നില്ലെന്ന് പറയപ്പെടുന്നുണ്ട്.

800, 900, 1800 എന്നീ മെഗാ ഹെര്‍ട്ട്‌സിലാണ് (MHz) ഇന്ത്യയില്‍ മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. GSM, CDMA എന്നീ രണ്ട് ടെക്‌നോളജിയിലാണ് ഇവിടെ 2G മൊബൈല്‍ സേവനം നല്‍കി വരുന്നത്. 1ജി എന്നത് അനലോഗ് സമ്പ്രദായവും 2G എന്നത് ഡിജിറ്റല്‍ രൂപവുമാണ്. 3ജിയില്‍ വീഡിയോ കോള്‍, അതിവേഗ ഇന്റര്‍നെറ്റ് ബ്രൗസിംഗ് ഒക്കെ സാധ്യമാണ്. 2ജി ടെക്‌നോളജിയാണ് രാജ്യത്ത് എല്ലാവര്‍ക്കും ചെലവ് കുറഞ്ഞ രീതിയില്‍ ആശയവിനിമയം നടത്താന്‍, പ്രത്യേകിച്ച് ടെലഫോണ്‍ വിളി സാധ്യമാക്കിയത് എങ്കിലും അടുത്ത രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ 2ജി പൂര്‍ണമായും കാലഹരണപ്പെടുമെന്നാണു കരുതപ്പെടുന്നത്. 3 ജി പൂര്‍ണമായി നടപ്പിലായാലും 3ജി സംവിധാനത്തില്‍ 2ജിയും ഉപയോഗിക്കാമെന്നുള്ളതു കൊണ്ട് 3ജി ഫോണോ സിം കാര്‍ഡോ ഇല്ലാത്തവര്‍ക്കും പ്രശ്‌നമില്ല. GSM 900, 1800 എന്നീ മെഗാഹെര്‍ട്ട്‌സ് ഫ്രീക്വന്‍സി ബാന്‍ഡിലും CDMA 800 മെഗാഹെര്‍ട്ട്‌സ് ഫ്രീക്വന്‍സി ബാന്‍ഡിലുമാണ് പ്രവര്‍ത്തിക്കുന്നത്. 3ജി 2100 MHz ഫ്രീക്വന്‍സി ബാന്‍ഡിലും, 4G LTE 2300 to 2400 MHz ലുമാണ് പ്രവര്‍ത്തിക്കുക.

 

Comments

comments

Categories: Slider, Tech
Tags: 5G, 5g revolution