വെസ്പ ഇലട്ട്രിക്ക ഇന്ത്യയില്‍ അനാവരണം ചെയ്തു

വെസ്പ ഇലട്ട്രിക്ക ഇന്ത്യയില്‍ അനാവരണം ചെയ്തു

സ്റ്റാന്‍ഡേഡ്, ഇലട്ട്രിക്ക എക്‌സ് എന്നീ രണ്ട് വേരിയന്റുകളില്‍ പിയാജിയോയുടെ ‘വെസ്പ ഇലട്ട്രിക്ക’ ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭിക്കും

ഗ്രേറ്റര്‍ നോയ്ഡ :പിയാജിയോ ഇന്ത്യയില്‍ ‘വെസ്പ ഇലട്ട്രിക്ക’ ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റ് അനാവരണം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ആഗോള അരങ്ങേറ്റം നടത്തിയതാണ് വെസ്പ ഇലട്ട്രിക്ക. ഗ്രേറ്റര്‍ നോയ്ഡയില്‍ നടന്നുവരുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഇപ്പോള്‍ ഇന്ത്യയിലും അരങ്ങേറി. ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ ഇതാദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ ഒരു ഇലക്ട്രിക് വാഹനമെത്തിക്കുന്നത്. എന്നാല്‍ വെസ്പ ഇലട്ട്രിക്ക ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുമോയെന്ന് കമ്പനി വ്യക്തമാക്കിയില്ല. അതേസമയം യൂറോപ്പില്‍ ഈ വര്‍ഷം സ്‌കൂട്ടര്‍ വില്‍പ്പനയ്‌ക്കെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് അതിവേഗം പരിവര്‍ത്തനപ്പെടുന്ന ഇന്ത്യന്‍ വിപണിയില്‍ വെസ്പ ഇലട്ട്രിക്ക മിക്കവാറും എത്തുമായിരിക്കും.

രണ്ട് വേരിയന്റുകളില്‍ വെസ്പ ഇലട്ട്രിക്ക ലഭിക്കും. സ്റ്റാന്‍ഡേഡ് വേര്‍ഷന് 100 കിലോമീറ്ററാണ് റേഞ്ച്. അതേസമയം ഇലട്ട്രിക്ക എക്‌സ് എന്ന വേരിയന്റിന് 200 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കും. 4.2 കിലോവാട്ട്അവര്‍ ലിഥിയം-അയണ്‍ ബാറ്ററിയാണ് ഇലക്ട്രിക് മോട്ടോറിന് കരുത്ത് പകരുന്നത്. പരമാവധി 4 കിലോവാട്ട്അവര്‍ (5.4 ബിഎച്ച്പി) കരുത്തും പരമാവധി 200 എന്‍എം ടോര്‍ക്കും ഈ മോട്ടോര്‍ സൃഷ്ടിക്കും. ആയിരം ചാര്‍ജ് സൈക്കിളാണ് ലൈറ്റ്‌വെയ്റ്റ് ലിഥിയം-അയണ്‍ ബാറ്ററിയുടെ സവിശേഷത. 50,000 മുതല്‍ 70,000 കിലോമീറ്റര്‍ ഉപയോഗിച്ചശേഷം ബാറ്ററി മാറ്റിയാല്‍ മതിയാകും. ഇക്കോ, പവര്‍ എന്നിവയാണ് റൈഡിംഗ് മോഡുകള്‍. ഇക്കോ മോഡില്‍ സ്‌കൂട്ടറിന്റെ ടോപ് സ്പീഡ് മണിക്കൂറില്‍ 30 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

4.3 ഇഞ്ച് ടിഎഫ്ടി ഡാഷ് വെസ്പ ഇലട്ട്രിക്കയുടെ സവിശേഷതയാണ്. ഇതുമായി ഫോണ്‍ കണക്റ്റ് ചെയ്യാം. മള്‍ട്ടിമീഡിയ സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നതിന് ഹാന്‍ഡില്‍ബാറിന്റെ വലതുവശത്ത് ജോയ്‌സ്റ്റിക് നല്‍കി

4.3 ഇഞ്ച് ടിഎഫ്ടി (തിന്‍ ഫിലിം ട്രാന്‍സിസ്റ്റര്‍) ഡാഷ്‌ബോര്‍ഡാണ് പിയാജിയോ വെസ്പ ഇലട്ട്രിക്കയുടെ ഒരു ഫീച്ചര്‍. ഇതുമായി നിങ്ങളുടെ ഫോണ്‍ കണക്റ്റ് ചെയ്യാം. ഇന്‍കമിംഗ് കോള്‍, മെസ്സേജ് എന്നിവ സംബന്ധിച്ച നോട്ടിഫിക്കേഷനുകളും സ്‌കൂട്ടറിന്റെ വേഗം, നിലവിലെ ബാറ്ററി ചാര്‍ജില്‍ ഇനിയെത്ര ദൂരം ഓടിക്കാന്‍ കഴിയും, ബാറ്ററിയുടെ ചാര്‍ജ് നില എന്നീ വിവരങ്ങളും ഡാഷില്‍ തെളിയും. മള്‍ട്ടിമീഡിയ സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നതിന് ഹാന്‍ഡില്‍ബാറിന്റെ വലതുവശത്ത് ജോയ്‌സ്റ്റിക് കാണാം. ഹെഡ്‌സെറ്റ് ധരിച്ചാല്‍ റൈഡര്‍ക്ക് വോയ്‌സ് കമാന്‍ഡുകളിലൂടെ ഫോണ്‍ ഉപയോഗിക്കാം.

Comments

comments

Categories: Auto