മുത്തൂറ്റ് ഫിനാന്‍സ് ത്രൈമാസ അറ്റാദായം റെക്കോര്‍ഡ് നിലയില്‍

മുത്തൂറ്റ് ഫിനാന്‍സ് ത്രൈമാസ അറ്റാദായം റെക്കോര്‍ഡ് നിലയില്‍

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പിനു കീഴിലുള്ള ആകെ വായ്പാ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ പത്തു ശതമാനം വളര്‍ച്ച കൈവരിച്ച് 30,712 കോടി രൂപയെന്ന റെക്കോര്‍ഡ് നിലയിലെത്തി. കൈകാര്യം ചെയ്യുന്ന വായ്പകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ഈ വര്‍ഷം ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 464 കോടി രൂപ അറ്റാദായമുണ്ടാക്കി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 291 കോടി രൂപയെ അപേക്ഷിച്ച് 59 ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്.

പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി ആയ മുത്തൂറ്റ് ഹോം ഫിന്‍ അതിന്റെ വായ്പാ വിതരണം 270 കോടി രൂപ വര്‍ധനവോടെ 1100 കോടി രൂപയിലെത്തിച്ചിട്ടുമുണ്ട്. റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ സബ്‌സിഡിയറി കമ്പനി ബെല്‍ സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സ് ലിമിറ്റഡ് അതിന്റെ വായ്പാ വിതരണത്തില്‍ കഴിഞ്ഞ ത്രൈമാസത്തില്‍ 19 ശതമാനവും കഴിഞ്ഞ ഒന്‍പതു മാസങ്ങളില്‍ 64 ശതമാനവുമാണ് വളര്‍ച്ച കൈവരിച്ചത്. 945 കോടി രൂപയുടെ വായ്പകള്‍ നല്‍കിയ സ്ഥാപനം കഴിഞ്ഞ ഒന്‍പതു മാസങ്ങളില്‍ 22 കോടി രൂപ അറ്റാദായമുണ്ടാക്കി.

മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് കഴിഞ്ഞ ഒന്‍പതു മാസങ്ങളില്‍ 59 കോടി രൂപയുടെ ആദ്യ വര്‍ഷ പ്രീമിയം ശേഖരിക്കുകയുണ്ടായി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 44 കോടി രൂപയുടെ സ്ഥാനത്താണിത്. മുത്തൂറ്റ് ഫിനാന്‍സിന് 60 ശതമാനം ഓഹരികളുള്ള ശ്രീലങ്കന്‍ സബ്‌സിഡിയറിയായ ഏഷ്യ അസറ്റ് ഫിനാന്‍സും ഇക്കാലയളവില്‍ മികച്ച പ്രകടനമാണു കാഴ്ച വെച്ചത്. കഴിഞ്ഞ ഒന്‍പതു മാസങ്ങളില്‍ അതിന്റെ വായ്പകളില്‍ 13 ശതമാനം വര്‍ധനവു കൈവരിച്ച് 975 എല്‍കെആറില്‍ എത്തിയിട്ടുണ്ട്.

അറ്റാദായത്തില്‍ 59 ശതമാനം വര്‍ധനവോടെ 464 കോടി രൂപയിലെത്തിയ മറ്റൊരു റെക്കോര്‍ഡ് പ്രകടനമാണു കാഴ്ച വെച്ചിരിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ചെയര്‍മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒന്‍പതു മാസത്തെ പ്രകടനം കണക്കിലെടുത്ത് ഓഹരിയൊന്നിന് പത്തു രൂപ എന്ന നിലയില്‍ 100 ശതമാനം എന്ന ഏറ്റവും ഉയര്‍ന്ന നിലയിലെ ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

തങ്ങളുടെ സബ്‌സിഡിയറികള്‍ വീണ്ടും മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുകയാണെന്ന് ഈ അവസരത്തില്‍ സംസാരിക്കവെ മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. മുത്തൂറ്റ് ഹോംഫിന്‍ അതിന്റെ വായ്പാ വിതരണം ഒന്‍പതു മാസം കൊണ്ട് 270 കോടി രൂപ വളര്‍ച്ചയോടെ 1100 കോടി രൂപയിലെത്തിച്ചിരിക്കുകയാണ്. ശക്തമായ സ്വാശ്രയ സംഘങ്ങളുള്ള മൈക്രോ ഫിനാന്‍സ് സ്ബസിഡിയറി അതിന്റെ വായ്പാ വിതരണം ഒന്‍പതു മാസം കൊണ്ട് 64 ശതമാനം വര്‍ധിപ്പിച്ച് 945 കോടി രൂപയിലെത്തിയതായും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy