സൗദിയുടെ നടപടി സ്വാഗതാര്‍ഹം

സൗദിയുടെ നടപടി സ്വാഗതാര്‍ഹം

ടെല്‍ അവീവിലേക്ക് പറക്കുന്ന വിമാനങ്ങള്‍ക്കായി ആകാശപാത ഉപയോഗിക്കാന്‍ എയര്‍ ഇന്ത്യക്ക് സൗദി അനുമതി നല്‍കിയ വാര്‍ത്ത സ്വാഗതാര്‍ഹമാണ്. സൗദിയുടെ മാറുന്ന നിലപാടുകളുടെ ഭാഗമായി തന്നെ ഇതിനെയും കാണാവുന്നതാണ്

കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ ദീര്‍ഘവീക്ഷണത്തില്‍ അധിഷ്ഠിതമായ നടപടികളിലൂടെ സൗദി അറേബ്യയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു പരുക്കന്‍ രാജ്യമെന്നുള്ള സൗദിയുടെ പ്രചിച്ഛായ പയ്യെ പയ്യെ മാറിക്കൊണ്ടിരിക്കുകയാണ്. ആധുനികമായ ഒരു സമൂഹമായി സൗദിയെ മാറ്റുകയെന്നതാണ് പുതിയ പരിഷ്‌കരണങ്ങളിലൂടെ പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ ഉദ്ദേശിക്കുന്നത് എന്ന് വേണം കരുതാന്‍.

എണ്ണ അധിഷ്ഠിത സമ്പദ് വ്യവസ്ഥയില്‍ നിന്ന് മാറി വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ വേണ്ടിയാണ് വിഷന്‍ 2030 എന്ന വമ്പന്‍ പദ്ധതി 32കരാനായ കിരീടാവകാശി തയാറാക്കിയത്. വലിയ സാമ്പത്തിക, സാമൂഹ്യ പരിഷ്‌കരണമാണ് പദ്ധതിയിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നതും നടപ്പാക്കി തുടങ്ങിയതും.

സിനിമയ്ക്കുള്ള വിലക്ക് നീങ്ങി തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുക, ടൂറിസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക, സ്ത്രീകള്‍ക്ക് ഡ്രൈവിംഗിനുള്ള വിലക്ക് നീക്കുക, അവരെ കൂടുതല്‍ മുഖ്യധാരയിലേക്ക് എത്തിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ പ്രാവര്‍ത്തികമായിത്തുടങ്ങി. ഇതിന്റെ ഭാഗമായാണ് ലോകത്തെ മുഴുവന്‍ അല്‍ഭുതപ്പെടുത്തുന്ന മായിക നഗരം നിയോം എന്ന പേരില്‍ വികസിപ്പിക്കുന്ന കാര്യവും അദ്ദേഹം പ്രഖ്യാപിച്ചത്.

ആധുനികത സാങ്കേതികവിദ്യയുടെ എല്ലാവിധ സാധ്യതകളും ഉപയോഗപ്പെടുത്തി, പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായിട്ടായിരിക്കും ഈ നഗരം പ്രവര്‍ത്തിക്കുകയെന്ന് പ്രിന്‍സ് സല്‍മാന്‍ ബിന്‍ മൊഹമ്മദ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 500 ബില്ല്യണ്‍ ഡോളറിന്റെ ഈ വമ്പന്‍ പദ്ധതിയില്‍ സോഫ്റ്റ് ബാങ്ക് പോലുള്ള ഭീമന്മാര്‍ നിക്ഷേപവും പ്രഖ്യാപിച്ചു കഴിഞ്ഞു. പറഞ്ഞുവന്നത് സൗദിയുടെ മാറ്റത്തെകുറിച്ചാണ്. അറബ് ലോകത്തെ ഈ ശക്ത രാഷ്ട്രം കൂടുതല്‍ ഉദാരമായ നിലപാടുകളാണ് പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് പോരുന്നത്. നയതന്ത്രത്തിലും അത് പ്രകടമാണ് താനും. അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും ശക്തിപ്പെടുത്താനും പ്രത്യേക താല്‍പ്പര്യം തന്നെ എടുത്തിരുന്നു മൊഹമ്മദ് ബിന്‍ സല്‍മാന്‍. ഈ പശ്ചാത്തലത്തിലാണ് ഇസ്രയേലിലേക്ക് പറക്കുന്ന വിമാനങ്ങള്‍ക്ക് സൗദിയുടെ ആകാശപാത ഉപയോഗപ്പെടുത്താന്‍ എയര്‍ ഇന്ത്യക്ക് അവര്‍ അനുമതി നല്‍കിയെന്ന വാര്‍ത്തയും ശ്രദ്ധേയമാകുന്നത്.

ഇസ്രയേലിനെ ഒരു രാഷ്ട്രമായി ഇതുവരെ ഒരു പ്രധാന അറബ് രാജ്യവും അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെയാണ് ജൂതരാഷ്ട്രത്തിലേക്കുള്ള യാത്രയ്ക്കായി അവരുടെ വ്യോമപാത ആരും തുറന്നു നല്‍കാതിരുന്നതും. എയര്‍ ഇന്ത്യക്കായി സൗദി ഇങ്ങനെയൊരു തീരുമാനമെടുത്താല്‍ അത് സുപ്രധാനമായ മാറ്റമായിരിക്കും ഉണ്ടാക്കുക. ഇസ്രയേലിലെ ടെല്‍ അവീവിലേക്കാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്താന്‍ അനുമതി തേടിയിരിക്കുന്നത്.

സൗദിയിലെ നിലവിലെ ഭരണ നേതൃത്വത്തിന്, പ്രത്യേകിച്ചും പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന് ഇസ്രയേലിനോടുള്ള നിലപാടില്‍ വ്യത്യസ്ത സമീപനമാണുള്ളതെന്ന് വേണം മനസിലാക്കാന്‍. ഇസ്രയേലുമായി സൗദിയുടെ ഉന്നത ഭരണ നേതൃത്വം രഹസ്യ നയതന്ത്ര ചര്‍ച്ച നടത്തിയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇറാനെന്ന വലിയ ശത്രുവിനെ നേരിടാന്‍ ഇറാന്റെ ഒന്നാം നമ്പര്‍ ശത്രുവായ ഇസ്രയേലുമായി ധാരണയിലെത്തുന്നത് സൗദിക്ക് ഗുണം ചെയ്യുമെന്നാണ് ഒരു വിഭാഗം നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ടു തന്നെ ഇസ്രയേലുമായി സാധാരണ നിലയിലുള്ള നയതന്ത്ര ബന്ധം സാധിക്കുകയെന്ന വിപ്ലവാത്മകമായ നിലപാടിലേക്കെങ്ങാനും സൗദി എത്തുകയാണെങ്കില്‍ മേഖലയില്‍ വലിയ പോസിറ്റിവ് മാറ്റത്തിനാകും കാരണമായി തീരുക. ടെല്‍ അവീവിലേക്ക് വിമാനങ്ങള്‍ പറക്കാന്‍ തങ്ങളുടെ ആകാശപാത തുറന്നു കൊടുക്കുമെന്നുള്ള തീരുമാനത്തെ അതിന്റെ ഭാഗമായി കാണാമോ എന്ന കാര്യം വ്യക്തമല്ല. എങ്കിലും തീര്‍ത്തും പോസിറ്റീവായ നടപടി തന്നെയാണത്.

Comments

comments

Categories: Editorial