സ്വിഗ്ഗി 100 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു

സ്വിഗ്ഗി 100 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു

ബെംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി ആഗോള ഇന്റര്‍നെറ്റ്, എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പായ നാസ്പറിന്റെ നേതൃത്വത്തില്‍ നടന്ന നിക്ഷേപ ഇടപാടിലൂടെ 100 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. ചൈനയിലെ ഏറ്റവും വലിയ ബയിംഗ് ആന്‍ഡ് റെസ്റ്റോറന്റ് റിവ്യു സേവനദാതാക്കളായ മെയ്തുവാന്‍-ഡയാപിംഗും ആദ്യമായി സ്വിഗ്ഗിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

പുതിയ നിക്ഷേപത്തിലൂടെ ആധുനികവും അദ്വിതീയവുമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ചുകൊണ്ട് വിപണിയിലെ മുന്‍നിര സ്ഥാനം കൂടുതല്‍ ഊട്ടിയുറപ്പിക്കുമെന്ന് സ്വിഗ്ഗി അറിയിച്ചു. കൂടാതെ നിലവിലെ വിതരണ സൗകര്യത്തിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനായി കമ്പനിയുടെ പുതിയ വിതരണ ബിസിനസ് വിഭാഗത്തില്‍ നിക്ഷേപം നടത്താനും പദ്ധതിയുണ്ട്.

സ്വിഗ്ഗിയുടെ അടിസ്ഥാന ടെക്‌നോളജി പ്ലാറ്റ്‌ഫോമില്‍, പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് ടെക്‌നോളജികളെ പരമാവധി ഉപയോഗപ്പെടുക്കാന്‍ കഴിയുന്ന ഡാറ്റാ അധിഷ്ഠിത സെല്‍ഫ്-ലേണിംഗ് സംവിധാനത്തില്‍ ഇന്നൊവേഷന്‍ നടത്തുന്നത് തുടരും. കൂടാതെ തല്‍സമയ പ്രഡിക്ഷന്‍ ആന്‍ഡ് ഒപ്റ്റിമൈസേഷന്‍ സംവിധാനവും സ്വിഗ്ഗി നിര്‍മിക്കും. ഇത് ഉപഭോക്താക്കള്‍ക്ക് അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വേഗത്തില്‍ കാര്യക്ഷമമായ ഡെലിവറികള്‍ നല്‍കുന്നതിന് സഹായകമാകുമെന്നും കമ്പനി അഭിപ്രായപ്പെട്ടു. ഇപ്പോള്‍ 35 മിനിറ്റിനുള്ളിലാണ് സ്വിഗ്ഗി ഡെലിവറികള്‍ പൂര്‍ത്തിയാക്കാമെന്ന് വാഗ്ദാനം ചെയ്യുന്നത്.

അവസാന ഘട്ട നിക്ഷേപ സമാഹരണത്തിനുശേഷം ദീര്‍ഘദൂര ഡെലിവറി സേവനമായ സ്വിഗ്ഗി അക്‌സസ്, ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാന്‍ റെസ്റ്റൊറന്റുകളെ സഹായിക്കുന്ന കാപ്പിറ്റല്‍ അസിസ്റ്റ് തുടങ്ങിയ പുതിയ സംരംഭങ്ങള്‍ സ്വിഗ്ഗി ആരംഭിച്ചിരുന്നു. കൂടാതെ പല പുതിയ നിയമനങ്ങളും വഴി നേതൃനിരയും കമ്പനി ശക്തമാക്കിയിരുന്നു.

Comments

comments

Categories: Business & Economy