ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വര്‍ക്‌സ് ഇന്ത്യയില്‍

ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വര്‍ക്‌സ് ഇന്ത്യയില്‍

ഏസ്, മിസ്ഫിറ്റ് എന്നീ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിച്ചു

ഗ്രേറ്റര്‍ നോയ്ഡ : അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വര്‍ക്‌സ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. ഓട്ടോ എക്‌സ്‌പോയില്‍ ഏസ്, മിസ്ഫിറ്റ് എന്നീ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിച്ചാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. യുഎസ്സില്‍ 2009 ലാണ് ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വര്‍ക്‌സ് പ്രവര്‍ത്തനമാരംഭിച്ചത്. പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിപണിയിലെ സാധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താനാണ് കമ്പനി ഇന്ത്യയിലെത്തുന്നത്.

സ്‌ക്രാംബ്ലര്‍, ഡീലക്‌സ്, കഫേ റേസര്‍ എന്നീ മൂന്ന് ഓപ്ഷനുകളില്‍ ക്ലീവ്‌ലാന്‍ഡ് ഏസ് ലഭിക്കും. അതേസമയം റെട്രോ സ്‌റ്റൈലിലുള്ള ക്രൂസര്‍ മോട്ടോര്‍സൈക്കിളാണ് മിസ്ഫിറ്റ് ജെന്‍ 2. എല്ലാ മോട്ടോര്‍സൈക്കിളുകള്‍ക്കും 229 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക്, എയര്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്ത് പകരുന്നത്. ഈ എന്‍ജിന്‍ 15.2 ബിഎച്ച്പി കരുത്തും പരമാവധി 16 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

സ്‌ക്രാംബ്ലര്‍, ഡീലക്‌സ്, കഫേ റേസര്‍ എന്നീ മൂന്ന് ഓപ്ഷനുകളില്‍ ക്ലീവ്‌ലാന്‍ഡ് ഏസ് ലഭിക്കും. റെട്രോ സ്‌റ്റൈലിലുള്ള ക്രൂസര്‍ മോട്ടോര്‍സൈക്കിളാണ് മിസ്ഫിറ്റ് ജെന്‍ 2

കസ്റ്റം ബൈക്ക് എന്ന ഫീല്‍ തരുന്നവിധമാണ് ബൈക്കുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വര്‍ക്‌സ് അറിയിച്ചു. അലുമിനിയം വീലുകള്‍, ഇന്‍വെര്‍ട്ടഡ് ഫ്രണ്ട് ഫോര്‍ക്കുകള്‍, ട്വിന്‍ ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബര്‍ എന്നിവയാണ് ക്ലീവ്‌ലാന്‍ഡ് ഏസ് ഡീലക്‌സ്, ഏസ് കഫേ റേസര്‍ വേരിയന്റുകളുടെ സവിശേഷത.

മുന്‍ ചക്രത്തില്‍ 320 എംഎം സിംഗിള്‍ ഡിസ്‌കും പിന്‍ ചക്രത്തില്‍ 220 എംഎം ഡിസ്‌കുമാണ് ബ്രേക്കിംഗ് ജോലി നിര്‍വ്വഹിക്കുന്നത്. എബിഎസ് ഇല്ല. സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള യുഎസ്ഡി ഫോര്‍ക്കുകളാണ് ക്ലീവ്‌ലാന്‍ഡ് മിസ്ഫിറ്റ് ജെന്‍ 2 ഉപയോഗിക്കുന്നത്. കംപ്രഷന്‍, റീബൗണ്ട് ആവശ്യങ്ങള്‍ക്കായി ഈ ഫോര്‍ക്കുകള്‍ ക്രമീകരിക്കാം.

പുണെ പ്ലാന്റിലാണ് മോട്ടോര്‍സൈക്കിളുകള്‍ അസ്സംബ്ള്‍ ചെയ്യുന്നത്. ഈ വര്‍ഷം അവസാനത്തോടെ മുപ്പത് നഗരങ്ങളില്‍ ഷോറൂം ആരംഭിക്കും

പുണെ പ്ലാന്റിലാണ് ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വര്‍ക്‌സ് പ്രാദേശികമായി മോട്ടോര്‍സൈക്കിളുകള്‍ അസ്സംബ്ള്‍ ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം 5,000 മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കാന്‍ മാത്രമാണ് പ്ലാന്റിന് ശേഷി. പിന്നീട് 35,000 യൂണിറ്റായി പ്ലാന്റിന്റെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കും. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ മുപ്പത് നഗരങ്ങളില്‍ ഷോറൂം ആരംഭിക്കുമെന്ന് ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വര്‍ക്‌സ് അറിയിച്ചു.

Comments

comments

Categories: Auto