ലോകം പ്രണമിച്ച ചിലങ്കകള്‍

ലോകം പ്രണമിച്ച ചിലങ്കകള്‍

ദേവദാസി കുടുംബത്തില്‍ ജനിച്ച് സംഗീത നൃത്ത സപര്യയിലൂടെ ലോകമെമ്പാടുമുള്ള ആസ്വാദകകരുടെ ഹൃദയം കവര്‍ന്ന കലാകാരിയാണ് ബാലസരസ്വതി. ഭരതനാട്യവിസ്മയം എന്നാണ് നൃത്തലോകം ഇന്നും അവരെ വിശേഷിപ്പിക്കുന്നത്. നര്‍ത്തകി, സംഗീതജ്ഞ, തുടങ്ങി കലയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം അവര്‍ തന്റെ പ്രാവീണ്യം തെളിയിച്ചു. ഒരേസമയം പാടിക്കൊണ്ട് ക്ലാസിക്കല്‍ നൃത്തം ചെയ്യാനുള്ള അവരുടെ കഴിവിനെ ലോകം പ്രണമിച്ചു. ഭരതനാട്യം പാശ്ചാത്യനാടുകളില്‍ എത്തിച്ച് വിദേശീയരുടെ പ്രശംസയ്ക്കു പാത്രമാക്കിയ നര്‍ത്തകരില്‍ പ്രമുഖയായിരുന്നു ബാലസരസ്വതി.

1958ലെ എഡിന്‍ബറോ ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ‘ കൃഷ്ണാ നീ ബേഗനേ ബാരോ’ എന്ന വരികള്‍ 27 തരത്തില്‍ ചിട്ടപ്പെടുത്തി കാണികളെ വിസ്മയിപ്പിച്ച നൃത്തസംവിധായിക കൂടിയാണവര്‍. ഇന്നും പല നൃത്ത സംവിധായകരും ആ ചിലങ്കകളുടെ പദചലനത്തെ മാതൃകയാക്കുന്നു. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച ബാലസരസ്വതി ചെറുപ്പത്തില്‍തന്നെ സംഗീതവും നൃത്തവും അഭ്യസിച്ചിരുന്നു. വീണാധനമ്മാള്‍ എന്ന് അറിയപ്പെടുന്ന പ്രശസ്ത സംഗീതജ്ഞ ബാലസരസ്വതിയുടെ മുത്തശ്ശിയാണ്. അമ്മയായ ജയമ്മാള്‍ പേരെടുത്ത ഗായികയായിരുന്നു. ഈ പാരമ്പര്യത്തിലും ചുറ്റുപാടിലുമാണ് ബാലസരസ്വതി വളര്‍ന്നുവന്നത്. ചെറുപ്പത്തില്‍ സംഗീതമഭ്യസിച്ച ബാല പിന്നീട് നൃത്തത്തിലേക്ക് മാറി. പാരമ്പര്യരീതിയില്‍ നിന്ന് വ്യതിചലിക്കാതെ തന്നെ മുദ്രകള്‍ പ്രയോഗിക്കുന്നതിലെ മിതത്വവും, മുഖത്തുനിന്ന് ഒഴുകിവരുന്ന ഭാവവും ബാലയുടെ അഭിനയത്തിന്റെ പ്രത്യേകതകളായിരുന്നു. 1984 ഫെബ്രുവരി ഒന്‍പതിന് ആ ചിലങ്കകള്‍ നിശ്ചലമായി.

Comments

comments

Categories: Women