കൊട്ടാരങ്ങള്‍ പണിയുന്ന കോഴിക്കോടുകാരന്‍

കൊട്ടാരങ്ങള്‍ പണിയുന്ന കോഴിക്കോടുകാരന്‍

രാജവാഴ്ചയുടെ കാലം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കഴിഞ്ഞെങ്കിലും കൊട്ടാരങ്ങള്‍ നമ്മെ മോഹിപ്പിച്ചു കൊണ്ടിരിക്കുന്നു. കുടിലില്‍ കഴിയുന്നവരുടെ സ്വപ്‌നങ്ങളില്‍ പോലും കൊട്ടാരത്തിലെ രാജകീയ ജീവിതമുണ്ടാകും. സ്വപ്‌നം കാണുന്ന ആളുകളെ മാളികയിലെ മന്നനാക്കുന്ന മാന്ത്രിക വിദ്യ കൈവശമുള്ള കോഴിക്കോടുകാരന്‍ അബ്ദുള്‍ ജാബര്‍ അഹമ്മദിനെ പരിചയപ്പെടുത്തുകയാണിവിടെ. ജാബര്‍ രൂപകല്‍പന ചെയ്ത് ഇന്റീരിയര്‍ ഡിസൈനിംഗും നിര്‍വഹിച്ച രാജഭവനങ്ങള്‍ രാജ്യാന്തര പ്രശസ്തി നേടിയിരിക്കുന്നു.

നിയോഗം വരുന്നത് എങ്ങനെയാണെന്ന് ആര്‍ക്കുമറിയില്ല. ചിലപ്പോഴത് തോളെല്ലിന്റെ സ്ഥാനഭ്രംശമായും വരാം. താമരശേരിയില്‍ നിന്നും ഇന്ത്യന്‍ വോളിബോളിന്റെ അമരത്തേക്ക് എത്തുമായിരുന്ന ഒരു പയ്യന്റെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞത് അപ്രകാരമാണ്. അര്‍ജുന അവാര്‍ഡ് ജേതാവ്് ടോം ജോസഫിനും കിഷോര്‍ കുമാറിനുമൊപ്പം അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ സ്മാഷുകളടിക്കേണ്ടിയിരുന്ന അബ്ദുള്‍ ജാബര്‍ അഹമ്മദ് കായികരംഗത്തിന്റെ നഷ്ടമാണ്. കുട്ടിക്കാലത്ത് ഇവരോടൊപ്പം സായ് സെലക്ഷന്‍ കിട്ടിയ ജാബര്‍ തോളിനുണ്ടായ പരിക്ക് മൂലം വേദനയോടെ കളിക്കളം വിടുകയായിരുന്നു. എന്നാല്‍ ലോകമെങ്ങും സ്വന്തം പേരും നാടിന്റെ പെരുമയും എത്തിക്കാനുള്ള നിയോഗം മറ്റൊരു തരത്തില്‍ അദ്ദേഹത്തെ കാത്തിരിപ്പുണ്ടായിരുന്നു.

രാജകീയ ഭവനങ്ങള്‍ നിര്‍മിച്ച് രാജ്യാന്തര തലത്തില്‍ പ്രശസ്തനായിരിക്കുകയാണ് ഇന്ന് അബ്ദുള്‍ ജാബര്‍ അഹമ്മദെന്ന താമരശേരിക്കാരന്‍ ഡിസൈനര്‍. ജാബറിന്റെ കലാബോധത്തിന്റെയും കണക്കു കൂട്ടലുകളുടെയും സൂക്ഷ്മ നിരീക്ഷണത്തിന്റെയും കൈയൊപ്പ് പതിഞ്ഞ സുന്ദര സൗധങ്ങള്‍ കേരളത്തില്‍, പ്രത്യേകിച്ച് മലബാറില്‍ ഒന്നിനു പിറകെ ഒന്നായി ഉയര്‍ന്നു വരികയാണ്. കൊളോണിയല്‍, അറബിക് ശൈലികള്‍ സംയമിപ്പിച്ച ഒന്നാന്തരം കൊട്ടാരക്കെട്ടുകള്‍. ഒരേ കോംപൗണ്ടില്‍ സഹോദരമാര്‍ക്കായൊരുക്കിയ ഒന്നിനൊന്ന് മെച്ചപ്പെട്ട രാജകീയ ഭവനങ്ങളിലൂടെ കേരളത്തിന്റെ നൊസ്റ്റാള്‍ജിയയായ കൂട്ടുകുടുംബങ്ങളിലെ നന്‍മക്കാഴ്ചകളും തിരികെപ്പിടിക്കുകയാണ് അദ്ദേഹം. ജാബറിന്റെ കിസ്സ അദ്ദേഹത്തില്‍ നിന്നു തന്നെ കേള്‍ക്കാം…

അണുകുടുംബങ്ങളിലേക്ക് മലയാളി ചുരുങ്ങുന്ന കാലത്ത് വിശാലമായ ആഡംബര ഭവനങ്ങളുടെ പ്രസക്തി കണ്ടെത്തുന്നതില്‍ വിജയിച്ചതെങ്ങനെയാണ് ?

അടിസ്ഥാനപരമായി മലയാളികള്‍ക്ക് താത്പര്യം വിശാലമായ വീടുകളും ചുറ്റുപാടുമാണ്. ഇപ്പോഴത്തെ തലമുറ മാത്രമാണ് ഫഌറ്റുകളിലേക്കും ചെറിയ വീടുകളിലേക്കും ചുരുങ്ങുന്നത്. നഗരങ്ങളിലെ മാത്രം ട്രെന്‍ഡാണത്. കൂട്ടുകുടുംബങ്ങളില്‍ കുട്ടിക്കാലം ചെലവിട്ടവരുടെ ഉള്ളില്‍ കിടക്കുന്ന ഒരു നൊസ്റ്റാള്‍ജിയയാണ് ഒരേ കോംപൗണ്ടില്‍, ലാന്‍ഡ്‌സ്‌കേപില്‍ നിര്‍മിക്കുന്ന വീടുകളിലൂടെ യാഥാര്‍ഥ്യമാകുന്നത്. വ്യത്യസ്തമായ ആഡംബര ഭവനങ്ങള്‍ ആണെങ്കിലും മുതിര്‍ന്നവര്‍ക്ക് ഒരുമിച്ചു കൂടാനും കുട്ടികള്‍ക്ക് ഒരുമിച്ചു വളരാനും സാഹര്യമുണ്ടാവും. അത്തരമൊരു കൂട്ടുകുടുംബ സങ്കല്‍പമാണ് തിരികെയെത്തുന്നത്. വാസ്തവത്തില്‍ ഓരോ വീടും ഒരു സ്വപ്‌നമാണ്. ജീവിതത്തിന്റെയും സ്വത്തിന്റെയും ആരോഗ്യത്തിന്റെയും നല്ലൊരു പങ്കാണ് ഓരോരുത്തരും വീടിനു വേണ്ടി ചെലവഴിക്കുന്നത്. അപ്പോള്‍ എത്രകാലം കണ്ടുനിന്നാലും മടുപ്പുളവാക്കാതെ ഈ സൃഷ്ടി നിലനില്‍ക്കുക എന്നാണ് ആഗ്രഹിക്കുക. ഒരു മാസ്റ്റര്‍ ക്രാ ഫ്റ്റര്‍ അല്ലെങ്കില്‍ ഒരു ഡയറക്റ്റര്‍ ചെയ്യേണ്ടത് അതാണ്. എത്ര കണ്ടാലും മടുക്കാത്ത ചില സിനിമകളില്ലേ? അതുപോലെ ഒന്നു ചെന്നിരുന്നാല്‍, പോയി കണ്ടാല്‍ മനസിന് പോസിറ്റീവ് ഫീലിംഗ് തരുന്ന വീടുകളുമുണ്ടാക്കാം.

ശൂന്യവും വിശാലവുമായ ഒരു ക്യാന്‍വാസിലെഴുതിയ മനോഹരമായ കാവ്യം പോലെയാണ് ഈ നിര്‍മിതികളെന്ന് നിസംശയം പറയാം. എത്രമാത്രം തയാറെടുപ്പുകളാണ് ഇതിനായി നടത്തുന്നത്?

ഒരു സൈറ്റിലേക്ക് കയറി ചെല്ലുമ്പോള്‍ തന്നെ മനസില്‍ ആശയം ഉടലെടുക്കാറുണ്ട്. വലിയ ലാന്‍ഡ്‌സ്‌കേപ്പ് ആണെങ്കില്‍ പരിധിയില്ലാതെ ഏതു ഡിസൈനും സ്വപ്‌നം കണ്ട് പ്രവര്‍ത്തനം ആരംഭിക്കാം. ഇത്തരം പദ്ധതികള്‍ നടപ്പാക്കാനാണ് കൂടുതല്‍ താത്പര്യം. മനസില്‍ ആദ്യം ഒരു റഫ് സ്‌കെച്ച് വരക്കും. പിന്നീട് സ്‌പേസ് പഌന്‍ വരക്കുന്നത് ഓഫീസിലെ ടീം ആണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അംഗീകാരം നേടിയെടുക്കുന്നതും മറ്റും ഇതിനൊപ്പം നടക്കും. അതിനായി പ്രത്യേകം വിഭാഗം കമ്പനിക്കുണ്ട്. നിയമങ്ങള്‍ പരിശോധിച്ച് അത് ലംഘിക്കാത്ത ഡിസൈനാവും അന്തിമമായി കൊണ്ടുവരിക. ഈ ഘട്ടത്തില്‍ തന്നെ ഇന്റീരിയറിന്റെ ആശയവും മനസില്‍ രൂപപ്പെടാനാരംഭിക്കും. ഫ്‌ളോറിംഗ്, സീലിംഗ് തുടങ്ങി എന്തൊക്കെ നിര്‍മിക്കണമെന്നും ഫര്‍ണിച്ചറുകളും വൈദ്യുതോപകരണങ്ങളും അടക്കം എന്തൊക്കെ പുറത്തുനിന്ന് വാങ്ങി വെക്കണമെന്നും കുറിച്ചിടും. ഓരോ വസ്തുവിന്റെയും നിറങ്ങള്‍ വരെ നിര്‍ണയിക്കേണ്ടതുണ്ട്. 90 ശതമാനമെങ്കിലും സമാനമായ വസ്തുക്കള്‍ ലഭിക്കുന്നതു വരെ യാത്ര തുടരും. റിസര്‍ച്ചിന് പ്രത്യേക വിഭാഗം തന്നെയുണ്ട് ഞങ്ങള്‍ക്ക്. ഓരോ സൈറ്റിനും വേണ്ടി പ്രത്യേകതകള്‍ വിലയിരുത്തി ഇന്റീരിയര്‍ പ്രത്യേകമായി തന്നെ തയാറാക്കും. ഡിസൈനര്‍മാര്‍ക്ക് പുറമെയാണ് ഇതിനുള്ള റിസര്‍ച്ച് വിങ്ങ്. ഡിസൈന്‍ അന്തിമായി അംഗീകരിച്ചാല്‍ പ്രഫഷണലായ കോണ്‍ട്രാക്റ്റര്‍മാരെ കണ്ടെത്തി പണി എല്‍പിക്കും. സിവില്‍, ഇലക്ട്രിക്കല്‍, ഇന്റീരിയര്‍ വര്‍ക്കുകള്‍ എല്ലാം ചെയ്യാന്‍ പ്രത്യേകം ടീം ഒപ്പമുണ്ട്. കൃത്യമായ ടൈംലൈനിലാണെങ്കില്‍ 2-3 വര്‍ഷത്തെ കാലയളവില്‍ പണി തീര്‍ക്കാം.

ഇന്റീരിയറിലുപയോഗിച്ചിരിക്കുന്ന വസ്തുക്കള്‍ക്ക് ഒരേ സമയം ക്വാളിറ്റിയും ആകര്‍ഷണീയതയും വേണമല്ലോ. സാധനങ്ങള്‍ എവിടെ നിന്നാണ് തെരഞ്ഞെടുത്ത് എത്തിക്കുക?

ഞാന്‍ തന്നെ നേരിട്ട് പോയാണ് സാധനങ്ങള്‍ വാങ്ങുക. ഉണ്ടാക്കിയെടുക്കേണ്ടതും വിദേശത്ത് നിന്ന് വാങ്ങേണ്ടതുമായ സാധനങ്ങള്‍ ഉണ്ടാവും. ഇന്ത്യന്‍ സാധനങ്ങള്‍ ഡല്‍ഹി, മുംൈബ, ബംഗലൂരു നഗരങ്ങളില്‍ നിന്നാണ് വാങ്ങുക. ചൈനയിലെ ഫോഷാന്‍, ഗ്വാങ്ഷു തുടങ്ങിയ നഗരങ്ങള്‍, തുര്‍ക്കി, സ്‌പെയിന്‍, ദുബായ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ പല മാര്‍ക്കറ്റുകളില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങി എത്തിക്കുക. പല രാജ്യങ്ങളില്‍ നിന്നുള്ള വസ്തുക്കളും ഇവിടെ ഉണ്ടാക്കുന്ന ഡിസൈനും ഒരുമിച്ച് ബ്‌ളെന്‍ഡ് ചെയ്ത് കൊണ്ടുവരിക എന്നത് ഏറെ റിസ്‌കുള്ള ജോലിയാണ്. ഒരു കിടപ്പു മുറി തന്നെ ആയിരം ചതുരശ്ര അടിയിലേറെ ഉണ്ടാവും. നാലഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള വസ്തുക്കളാണ് ഈ മുറിയില്‍ സ്ഥാപിക്കേണ്ടത്. ഫര്‍ണിച്ചര്‍ ഒരു രാജ്യത്തു നിന്നും ഭിത്തിയില്‍ സ്ഥാപിക്കേണ്ട വസ്തുക്കള്‍ മറ്റൊരിടത്തു നിന്നും വൈദ്യുതോപകരണങ്ങള്‍ വെറെയിടത്തു നിന്നും ആയിരിക്കും. ഫ്‌ളോറിംഗിലും സാനിറ്ററിയിലും ഇതേ വ്യത്യസ്തത കൊണ്ടുവരണം. ഏറ്റവും പ്രീമിയം ബ്രാന്‍ഡുകളേ അതിനൊക്കെ ഉപയോഗിക്കൂ.

ഒരേ കോംപൗണ്ടില്‍ സമാനമായ കാലയളവില്‍ ഇങ്ങനെ മൂന്നും നാലും ആഡംബര വീടുകള്‍ നിര്‍മിക്കുമ്പോള്‍ വ്യത്യസ്തത കൊണ്ടുവരുന്നത് അതികഠിനമല്ലേ?

ഒരേ കോംപൗണ്ടില്‍ വീടുകള്‍ പണിയിക്കുന്നത് മിക്കവാറും സഹോദരങ്ങളാണ്. അവര്‍ തമ്മില്‍ കാഴ്ചയില്‍ സമാനതയുണ്ടെങ്കിലും വ്യത്യസ്ത സ്വഭാവങ്ങളായിരിക്കും. വീടുകളിലും ഇതേ സമാനതയും, സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ വ്യത്യസ്തതയും ഒരേസമയം കൊണ്ടു വരണം. സഹോദരങ്ങളാണെങ്കിലും അല്‍പം ഈഗോ ഒക്കെ ഉണ്ടാകാം. ഒരാളുടെ വീടിന്റെ ഭംഗി കൂടാനും മറ്റേത് കുറയാനും പാടില്ല. ഡിസൈനറെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയാണ്. മങ്കടയിലെ പിടി ബംഗഌവ് അവസാന 3 മാസം ക്യാംപ് ചെയ്താണ് പൂര്‍ത്തിയാക്കിയത്. പണിയുടെ അവസാന ഘട്ടത്തില്‍ ഏറെ ശ്രദ്ധിക്കണം. അഞ്ചാറ് രാജ്യങ്ങില്‍ നിന്നുള്ള കണ്ടെയ്‌നറുകളാവും ഒരേ സമയം വന്ന് കാത്തിരിക്കുക. ഇതെല്ലാം കൃത്യ സ്ഥലങ്ങളിലെത്തിച്ച് സ്ഥാപിക്കണം. പരാതികള്‍ പറയാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കണം.

മങ്കടയിലെ പിടി ബംഗ്‌ളോസ് ജാബറിന്റെ ഏറ്റവും ശ്രദ്ധേയമായ വര്‍ക്കുകളിലൊന്നാണല്ലോ?

പിടി ഗ്രൂപ്പിന് പരമാവധി ആഡംബരമായിരുന്നു വേണ്ടിയിരുന്നത്. പരമ്പരാഗത ശൈലിയില്‍ ലക്ഷ്വറി അത്രക്ക് കൊണ്ടുവരാനാവില്ല. മോഡേണ്‍ അല്ലെങ്കില്‍ കണ്ടംപ്രററി ശൈലിക്ക് ഒരു പരിധിയുണ്ട്. അതില്‍ എല്ലാം നേര്‍രേഖയിലുള്ള ഡിസൈനുകള്‍ ആയിരിക്കും. അതിനാല്‍ കൊളോണിയല്‍ ശെലിയും അറബിക് ശൈലിയും കൂട്ടിയിണക്കിയ ഡിസൈനാണ് തെരഞ്ഞെടുത്തത്ത്. വളവുകളുള്ള ഇതില്‍ സാധ്യതകള്‍ ഏറെയാണ്.

ആര്‍ക്കിടെക്റ്റുകള്‍ക്കും ഡിസൈനര്‍മാര്‍ക്കും പഞ്ഞമില്ലാത്ത നാടാണ് കേരളം. രാജ്യാന്തര ശ്രദ്ധ പിടിച്ചു പറ്റുന്ന സ്വന്തമായൊരു ശൈലി രൂപീകരിച്ചെടുക്കാന്‍ എത്ര കഷ്ടപ്പെട്ടിട്ടുണ്ട് ?

ഓരോ ദിവസവും പുതിയ ടെക്‌നോളജി വന്നു കൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് ആര്‍ക്കിടെക്റ്റുകള്‍, ഡിസൈനര്‍മാര്‍ ഓരോ വര്‍ഷവും പുതിയതായി എത്തുന്നുമുണ്ട്. എന്നെ സംബന്ധിച്ച് നിരന്തരമായ പഠനവും പ്രാക്ടീസുമാണ് ഗുണം ചെയ്തത്. കോഴിക്കോട് ബിആര്‍ക്ക് പഠനം കഴിഞ്ഞ് പ്രശസ്ത ആര്‍ക്കിടെക്റ്റ് ആര്‍ കെ രമേഷിനൊപ്പം അസോസിയേറ്റ് ചെയ്യാനാരംഭിച്ചു. ആദ്യകാലത്ത് കിട്ടിയ തുച്ഛമായ ശമ്പളം വലിയ ക്യാന്‍വാസുകളിലെ ഡിസൈനുകള്‍ പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍ വാങ്ങി വായിക്കാനാണ് ചെലവാക്കിയത്. തുടക്കത്തില്‍ മറ്റ് ആര്‍ക്കിടെക്റ്റുകളുടെ എലിവേഷന്‍ ഡിസെന്‍ ചെയ്തപ്പോഴും കുറെ ഡ്രോയിംഗ്‌സ് പഠിക്കാന്‍ പറ്റി. 2004ലാണ് സ്വന്തമായി ‘ജാബര്‍ ബിന്‍ അഹമ്മദ്’ ഗ്രൂപ്പിന് തുടക്കം കുറിക്കുന്നത്. വലിയ വീടുകളും കൊട്ടാരങ്ങളുമാണ് എന്നും മനസിലുണ്ടായിരുന്നത്. ഓരോ സൈറ്റും സോള്‍വ് ചെയ്യേണ്ട ഒരു ഗണിത പ്രശ്‌നമായാണ് ഞാന്‍ കാണുന്നത്. നൂറ് ശതമാനം ആത്മാര്‍ഥതയോടെ ഡിസൈന്‍ ചെയ്യാനും നിര്‍മിക്കുമ്പോള്‍ അതിനും മുകളില്‍ പെര്‍ഫോം ചെയ്യാനും ശ്രമിക്കും. ആവശ്യപ്പെട്ട കാര്യം മാത്രം ചെയ്യാതെ അതിലുപരിയായി അധ്വാനിച്ച് കൂടുതല്‍ റിസല്‍റ്റുണ്ടാക്കുന്ന പെര്‍ഫോമര്‍ ആകാനാണ് ഞാന്‍ എന്നും ശ്രമിച്ചത്. വിര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാറുണ്ട് എന്നതും വിജയ രഹസ്യമാണ്. എത്ര ചെറിയ ആള്‍ പറഞ്ഞാവും തിരികെ ചോദ്യം ചെയ്യാതെ അത് വിശദമായി പരിശോധിക്കും.

ഇത്തരമൊരു പാരമ്പര്യത്തില്‍ നിന്നേയല്ല വന്നതെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. കുട്ടിക്കാലത്തു തന്നെ ഈ മേഖലയോട് താത്പര്യമുണ്ടായിരുന്നോ?

താമരശേരിയിലാണ് ജനനം. പരമ്പരാഗത മുസ്ലിം കുടുംബമായിരുന്നു. പിതാവ് അഹമ്മദ് കുട്ടി ഹാജി, കൃഷിക്കാരനായിരുന്നു. മാതാവ് കദീജ. 3 പെങ്ങന്‍മാരടക്കം 9 സഹോദരങ്ങളുണ്ട്. ഏറ്റവും ഇളയ ആളാണ് ഞാന്‍. നന്നായി സ്ട്രഗിള്‍ ചെയ്താണ് വളര്‍ന്നു വന്നത്. 10 മക്കള്‍ക്കും പണം കൊടുക്കേണ്ടതിനാല്‍ വാപ്പക്ക് പരിമിതികളുണ്ടായിരുന്നു. ഉമ്മയുടെ സഹായമാണ് പിന്നെ തേടുക. ഉമ്മ പുസ്തകത്തിനകത്ത് മടക്കി വെച്ചു തരുന്ന റബ്ബര്‍ ഷീറ്റ് കടയില്‍ രഹസ്യമായി വിറ്റൊക്കെയാണ് പണം കണ്ടെത്തിയിരുന്നത്. കുറെ കഴിയുമ്പോള്‍ വാപ്പ കളവ് കണ്ടു പിടിക്കും. പണത്തിന് ആവശ്യം വര്‍ധിച്ചപ്പോഴാണ് പുറത്ത് തടി കടയുന്ന ഒരു വര്‍ക്ക് ഷോപ്പില്‍ പണിക്ക് പോയിത്തുടങ്ങിയത്. പകല്‍ പഠനം കഴിഞ്ഞ് എത്തിയശേഷം രാത്രിയിലാണ് പണിക്ക് പോവുക. കലാപരമായ ജോലിയായതിനാല്‍ ഏറെ താത്പര്യമായിരുന്നു. രാത്രി രണ്ട് മൂന്ന് മണിക്കൂര്‍ ഇവിടെ ജോലി ചെയ്യുമായിരുന്നു. ഇവിടെ നിന്നാണ് പലവിധം തടികളെക്കുറിച്ചും അവയുടെ കടുപ്പത്തെയും ഉപയോഗത്തെക്കുറിച്ചുമൊക്കെ പഠിച്ചത്. ഇത് പിന്നീട് ഏറെ ഗുണം ചെയ്തു. മൂന്ന് നാല് വര്‍ഷത്തോളം ഇവിടെ ജോലി ചെയ്ത് തടി കൊണ്ടുള്ള ഡിസൈനിംഗ് മുഴുവന്‍ പഠിച്ചു.

സ്വാധീനിച്ച വ്യക്തികള്‍ ആരൊക്കെയാണ്?

റോള്‍മോഡലായി കാണുന്നത് ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ഡിസൈനറായ ഹഫീസ് കോണ്‍ട്രാക്റ്ററെയാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങളും അദ്ദേഹത്തെക്കുറിച്ചും വായിക്കുകയായിരുന്നു തുടക്കത്തിലെ പരിപാടികള്‍. ഈജിപ്ഷ്യന്‍ ആര്‍ക്കിടെക്റ്റായ സാഹാ ഹദീതാണ് മറ്റൊരാള്‍. ഭാവിയുടെ ആര്‍ക്കിടെക്ച്ചറായ ഫോം സ്ട്രക്ച്ചര്‍ അഥവാ ലോഹങ്ങള്‍ ഫ്രെയിമാക്കിയ ഭാരം കുറഞ്ഞ വലിയ കെട്ടിടങ്ങള്‍ സംബന്ധിച്ച് മികച്ച പ്രൊജക്ടുകള്‍ ചെയ്ത വ്യക്തിയാണദ്ദേഹം.

വലിയ വീടുകള്‍ ചെയ്യുമ്പോള്‍ വാസ്തുവും മറ്റും ശ്രദ്ധിക്കാന്‍ സാധിക്കുന്നുണ്ടോ? എത്ര പ്രാധാന്യം നല്‍കുന്നുണ്ട് വാസ്തുവിന്?

വാസ്തു 10 ശതമാനം നോക്കുന്നതില്‍ തെറ്റില്ല. കൂടുതലായാല്‍ പിന്നെ വീട് വാസ്തുവിന് വേണ്ടി ആയിപ്പോകും. നൂറ് ശതമാനം വാസ്തു നോക്കുന്ന തമിഴ്‌നാട്ടിലും കര്‍ണാടകയിലും മറ്റും ആര്‍ക്കിടെക്റ്റിന് യാതൊരു സാധ്യതയുമില്ല. എല്ലാ സ്ഥലവും വീടു വെക്കാന്‍ അനുയോജ്യമാണെന്നാണ് എന്റെ പക്ഷം. ഭൂമി സൃഷിക്കപ്പെട്ടിരിക്കുന്നത് മനുഷ്യന് ഗുണകരമായി തന്നെയാണ്. എല്ലാം നല്ലത് എന്ന് ചിന്തിച്ചാല്‍ പ്രശ്‌നമില്ല. തെക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ വായു സഞ്ചാരത്തിന് ജനാലകളും മറ്റും കൂടുതല്‍ നല്‍കാറുണ്ട്. പ്രഭാതത്തിലെ സൂര്യപ്രകാശം നന്നായി ലഭിക്കുവാന്‍ പാകത്തില്‍ വീടുകള്‍ ചെയ്യാറുണ്ട്. പക്ഷേ ഇതൊന്നും നിര്‍ബന്ധമുള്ള കാര്യമല്ല.

കേരളത്തിന്റെ പരമ്പരാഗത വാസ്തുവിദ്യാ ശൈലി ഉപയോഗിക്കുന്നത് തീരെ കുറവാണല്ലോ?

കേരളത്തിലെ പരമ്പരാഗത ശൈലിയില്‍ മാത്രം ചെയ്താല്‍ ആഡംബരം കാണാനാവില്ല. മൂന്നോ നാലോ ശൈലികള്‍ ഒരുമിപ്പിച്ചാലേ ആഗ്രഹിക്കുന്ന റിസള്‍ട്ട് ലഭിക്കൂ. നാലുകെട്ടും മറ്റും ചെയ്യുമ്പോള്‍, മെറ്റീരിയല്‍സിലാണ് പരീക്ഷണങ്ങള്‍ നടത്തുക. ലോഹങ്ങളും മറ്റും തടിയുടെ ഒപ്പം ഉപയോഗിച്ചാണ് ലക്ഷ്വറി ആക്കുക. തടിയില്‍ തന്നെ ആന്റിക് ഗോള്‍ഡ്, മെറ്റാലിക് ഗോള്‍ഡ് ഒക്കെ ചെയ്യും. സാധാരണയായി സ്‌റ്റെയര്‍കേസിന് ഉപയോഗിക്കുന്നത് സിങ്ക് അലോയ് ആണ്. ലോഹ സങ്കരമാണത്. ബക്കിംഗ്ഹാം പാലസിലും മറ്റും ഉപയോഗിച്ചിട്ടുണ്ട്. അതു തന്നെയാണ് ഞാനും ഉപയോഗിക്കുന്നത്.

കൊട്ടാരങ്ങള്‍ രൂപകല്‍പന ചെയ്യുന്നയാള്‍ക്ക് ചെറിയ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് വിമുഖതയുണ്ടോ?

ഇല്ല. നിയോഗമായാണ് ഇതിനെ കാണുന്നത്. ദൈവം എന്നെ സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യര്‍ക്ക് അവരാഗ്രഹിക്കുന്ന വാസസ്ഥലങ്ങളൊരുക്കാനാണെന്ന് ഞാന്‍ കരുതുന്നു. ആരെങ്കിലും വീട് വേണം എന്നാവശ്യപ്പെട്ട് വരുമ്പോള്‍ അത് എനിക്ക് പറ്റുന്നതല്ലെന്ന് കയ്യൊഴിയുന്നത് ശരിയല്ല. അത് പടച്ചോനോട് ചെയ്യുന്ന തെറ്റാണ്. എത്ര ചെറുതായാവും വരുന്നയാളിന്റെ പരിധിയില്‍ നിന്ന് അത് ചെയ്ത് കൊടുക്കണം. പക്ഷേ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സംഗതി അതല്ലെന്ന് ഓര്‍മിക്കുകയും വേണം.

നിലവില്‍ ചെയ്തു വരുന്ന പ്രൊജക്ടുകള്‍ ഏതൊക്കെയാണ്?

പതിയായിരം മുതല്‍ ഒന്നര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രൊജക്ടുകളാണ് ചെയ്തു വരുന്നത്. കേരളത്തിലുടനീളം പ്രോജക്ട്‌സ് നടക്കുന്നുണ്ട്. ഒപ്പം തമിഴ്‌നാട്ടിലും ഖത്തറിലും. ആഫ്രിക്കയിലെ കോംഗോയില്‍ ഒരു പട്ടാള മേധാവിയുടെ 1 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് പൂര്‍ത്തിയായി വരുന്നു. സേലത്ത് 500 വില്ലകള്‍, 3 അപ്പാര്‍ട്ട്‌മെന്റുകള്‍, മസ്ജിദ്, ഇന്റന്‍നാഷണല്‍ സ്‌കൂള്‍ എന്നിവയടങ്ങിയ ടൗണ്‍ഷിപ്പ് ചെയ്യുന്നുണ്ട്. നിലമ്പൂരില്‍ നാല് ഏക്കര്‍ പ്‌ളോട്ടില്‍ ഓഡിറ്റോറിയം, ഷോപ്പിംഗ് മാള്‍, ഹോട്ടല്‍, അപ്പാര്‍ട്ട്‌മെന്റ് എന്നിവയെല്ലാമുള്ള ടൗണ്‍ഷിപ്പാണ്. സൗദി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുഡൂസ് ഗ്രൂപ്പിന് വേണ്ടി പാലക്കാട് മണ്ണാര്‍ക്കാട് 1.3 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് വീടുകള്‍ ചെയ്യുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ പ്രൊജക്ടാണിത്. പിടി ഗ്രൂപ്പിന്റേതിന് സമാനമായി സഹോദരങ്ങളുടെ 4 വില്ല പ്രോജക്ട്‌സ് ചേളാരിയിലും മമ്പറത്തും പൂര്‍ത്തിയാവുന്നു. വടകര, നാദാപുരം, ബാലുശേരി ഭാഗങ്ങളില്‍ കെട്ടിടങ്ങളുടെ നിര്‍മാണം നടന്നു വരുന്നു. പത്തോളം പള്ളികളും ചെയ്യുന്നുണ്ട്.

കമ്പനിയുടെ വളര്‍ച്ചാ ലക്ഷ്യമായി എന്താണ് നിശ്ചയിച്ചിട്ടുള്ളത്?

കേരളത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ ഐക്കണിക് പ്രോജക്ടുകളുടെ നിര്‍മാണം വരുമ്പോള്‍ ജാബര്‍ ബിന്‍ അഹമ്മദ് ഗ്രൂപ്പിനെയും പരിഗണിക്കപ്പെടുന്ന ഒരു സാഹചര്യത്തിലേക്ക് എത്തണമെന്നാണ് ലക്ഷ്യം. ഞാന്‍ തുടങ്ങിയപ്പോള്‍ കോഴിക്കോട് പ്രഗല്‍ഭരായ ആര്‍ക്കിടെക്റ്റുകള്‍ക്ക് പഞ്ഞമില്ലായിരുന്നു. ഇവരുടെ അടുത്തെങ്ങും താമരശേരിക്കാരനായ ഞാന്‍ ഉണ്ടായിരുന്നില്ല. പക്ഷേ അപ്പോഴും എന്റെ നോട്ടവും ലക്ഷ്യവും ഇവരൊക്ക എത്തിപ്പെട്ടതിന് മുകളിലേക്കായിരുന്നു.

ഭൂമിയും വിഭവങ്ങളും ചുരുങ്ങുന്ന കാലത്ത് ഇത്തരം വലിയ വീടുകള്‍ വേണോയെന്ന വിമര്‍ശനങ്ങള്‍ കേട്ടിട്ടില്ലേ? സമ്പത്ത് ധൂര്‍ത്തടിക്കുന്നെന്ന കുറ്റപ്പെടുത്തലുകളും ഉയരാറുണ്ട്.

സ്വന്തം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും കഴിയുന്നതും ആള്‍ക്കാരെ സഹായിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് വലിയൊരു വീട് വെച്ചു താമസിക്കണമെന്ന് ആഗ്രഹം തോന്നിയാല്‍ കുറ്റം പറയാനാവുമോ? നിയമം അതിന് എതിരുമല്ല. എല്ലാവര്‍ക്കും സന്തോഷം കൊടുക്കുക എന്നാണ് ഞാന്‍ ചിന്തിക്കാറ്. വലിയ വീടുണ്ടാക്കാനാഗ്രഹിക്കുന്നവര്‍ക്ക് അത് ഉണ്ടാക്കിക്കൊടുത്ത് സന്തോഷം നല്‍കുക. പിന്നെ ഒരാള്‍ കൈവശമുള്ള സമ്പത്ത് പുറത്തെടുക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് വീട്. 10 കോടി രൂപ ഒരാള്‍ മുടക്കിയാല്‍ അത് സമൂഹത്തിലേക്ക് വിഭജിച്ച് പോകുകയാണ് എന്നോര്‍ക്കണം. വീടിന്റെ നിര്‍മാണം നടക്കുമ്പോള്‍ എത്ര ആള്‍ക്കാര്‍ക്കാണ് തൊഴിലും കൂലിയും ലഭിക്കുന്നത്. എത്ര കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. സര്‍ക്കാരിനും നികുതി ലഭിക്കുന്നുണ്ട്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലേക്കും പണം എത്തും. ചുരുക്കത്തില്‍ എല്ലാ തലങ്ങളിലേക്കും ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്നുണ്ട്. പണത്തിന്റെ വിതരണം കൂടിയാണിത്.

സുഹൃത്തുക്കള്‍ക്ക് ജാബിറിലെ കലാകാരനെക്കുറിച്ചും കായികതാരത്തെക്കുറിച്ചുമൊക്കെ പറയാന്‍ നൂറു നാവാണല്ലോ?

നാം ഇവിടെ ജീവിച്ചു എന്നതിന് ചില അടയാളങ്ങള്‍ ബാക്കി വെച്ചിട്ട് വേണം പോകാന്‍. ഇപ്പോഴുള്ള മേജര്‍ പ്രോജക്ട്‌സ് തീര്‍ത്ത് ഒന്നു സ്വതന്ത്രനായിട്ട് വേണം സിനിമ സംവിധാനം ചെയ്യാന്‍. സിനിമ സംവിധാനം പഠിക്കാന്‍ ആഴ്ചാവസാനങ്ങളില്‍ ചെന്നൈക്ക് പോകുമായിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. പിന്നെ അല്‍പം ചിത്രം വരക്കും, പാട്ടുപാടും, വോളിബോള്‍ കളിക്കും. എല്ലാറ്റിനോടും ഒരു പാഷനുണ്ട്. ആസ്വദിക്കാനുള്ളതാണ് ജീവിതം. എറണാകുളത്തുള്ള ഒരു ട്രൂപ്പിന്റെ ഭാഗമായി നൂറിലേറെ സ്റ്റേജുകളില്‍ പാടിയിട്ടുണ്ട്. ജൂനിയര്‍ തലത്തില്‍ സംസ്ഥാന വോളിബോള്‍ താരമായിരുന്നു. ടോം ജോസഫ്, കിഷോര്‍ അടക്കമുള്ളവരോടൊപ്പം സായി സെലക്ഷന്‍ കിട്ടിയെങ്കിലും തോളെല്ല് ഇറങ്ങിപ്പോയി പരിക്ക് പറ്റിയതോടെ പിന്‍മാറി. ഭാര്യ ഡോ. ഷെമീനക്കും മക്കളായ അഹമ്മദിനും കദീജക്കും വേണ്ടി തിരക്കിനിടയില്‍ സമയം മാറ്റിവെക്കാനാവുന്നില്ലെന്നതാണ് ഇപ്പോഴത്തെ വിഷമം.

Comments

comments

Categories: Branding, Slider