സുസുകി ബര്‍ഗ്മാന്‍ അനാവരണം ചെയ്തു

സുസുകി ബര്‍ഗ്മാന്‍ അനാവരണം ചെയ്തു

പുതിയ 125 സിസി എന്‍ജിനില്‍ മാത്രമേ ബര്‍ഗ്മാന്‍ ഇന്ത്യയില്‍ പുറത്തിറക്കൂ

ഗ്രേറ്റര്‍ നോയ്ഡ : ബര്‍ഗ്മാന്‍ എന്ന മാക്‌സി സ്‌കൂട്ടര്‍ സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ അനാവരണം ചെയ്തു. ആഗോളതലത്തില്‍ 125 സിസി മുതല്‍ 638 സിസി വരെയുള്ള എന്‍ജിനുകളിലാണ് സുസുകി ബര്‍ഗ്മാന്‍ ലഭിക്കുന്നത്. എന്നാല്‍ സുസുകി ആക്‌സസ് 125 സ്‌കൂട്ടറിലുള്ള പുതിയ 125 സിസി എന്‍ജിനില്‍ മാത്രമേ ബര്‍ഗ്മാന്‍ ഇന്ത്യയില്‍ പുറത്തിറക്കൂ.

കൂടുതല്‍ വലുപ്പവും 14 ഇഞ്ച് വീലുകളുമുള്ള സുസുകി ബര്‍ഗ്മാന്‍ എന്ന മാക്‌സി സ്‌കൂട്ടറാണ് അനാവരണം ചെയ്തത്. നിരവധി ഫീച്ചറുകളും കാണാം. ഈ വര്‍ഷം അവസാനത്തോടെ സുസുകി ബര്‍ഗ്മാന്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 70,000-75,000 രൂപയായിരിക്കും എക്‌സ് ഷോറൂം വില.

ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെന്‍ഷന്‍, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, റിയര്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍, വിന്‍ഡ്ഷീല്‍ഡ്, സീറ്റിനടിയില്‍ കൂടുതല്‍ സ്റ്റോറേജ് സൗകര്യം, ഭാരം കുറഞ്ഞ ഷാസി എന്നിവ സുസുകി ബര്‍ഗ്മാന്റെ സവിശേഷതകളാണ്. മുന്നില്‍ ഏഴ് ലിറ്റര്‍ ശേഷിയുള്ള രണ്ട് സ്റ്റോറേജ് കംപാര്‍ട്ട്‌മെന്റുകള്‍ നല്‍കിയിട്ടുണ്ട്. ഇവയില്‍ ഒരു കംപാര്‍ട്ട്‌മെന്റ് ഇഗ്നിഷന്‍ കീ ഉപയോഗിച്ച് മാത്രമേ തുറക്കാനും അടയ്ക്കാനും കഴിയൂ. മറ്റേ സ്‌റ്റോറേജ് കംപാര്‍ട്ട്‌മെന്റ് പുഷ്-ഓപ്പണ്‍ സൗകര്യമുള്ളതാണ്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് 12 വോള്‍ട്ട് ഡിസി ഔട്ട്‌ലെറ്റ് കാണാം.

ഈ വര്‍ഷം അവസാനത്തോടെ സുസുകി ബര്‍ഗ്മാന്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

10.5 ലിറ്ററാണ് സുസുകി ബര്‍ഗ്മാനിലെ ഇന്ധന ടാങ്കിന്റെ ശേഷി. 162 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്. സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, 125 സിസി എന്‍ജിനാണ് ബര്‍ഗ്മാന്‍ 125 സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഈ എന്‍ജിന്‍ 8,000 ആര്‍പിഎമ്മില്‍ 10.7 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 10 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 40 കിലോമീറ്ററാണ് അവകാശപ്പെടുന്ന ഇന്ധനക്ഷമത.

Comments

comments

Categories: Auto